Image

നല്ല നാളെ (ഫൈസൽ മാറഞ്ചേരി)

Published on 06 December, 2025
നല്ല നാളെ (ഫൈസൽ മാറഞ്ചേരി)

നാളുകൾ കൊഴിഞ്ഞു വീഴുമ്പോൾ ആരവങ്ങൾ അരങ്ങൊഴിയുമ്പോൾ ഉത്സവാന്തരീക്ഷം മറഞ്ഞില്ലാതാവുമ്പോൾ സാധു സാധു തന്നെയായി നിലനിൽക്കും കുബേരൻ കുബേരനായും പുതിയ സ്ഥാനമാനങ്ങൾ കിട്ടിയവർ പുതിയ അവസരങ്ങൾ കൈവന്നവർ ആഹ്ലാദിക്കും ആനന്ദിക്കും അർമാദിക്കും

തെരുവിൽ തെരുവ് നായ്ക്കൾ പതിവിലും ആവേശത്തോടുകൂടി സ്കൂൾ/മദ്രസ കുട്ടികളെ ഭയപ്പെടുത്തി മുന്നോട്ടുപോകും തരം കിട്ടിയാൽ അവർ കടിക്കാനും മടിക്കില്ല, റോഡുകൾ വീണ്ടും കുണ്ടും കുഴിയായി തന്നെ നിലനിൽക്കും കവലകളിലെ മാലിന്യങ്ങൾ കൊണ്ട് നാറി മനുഷ്യർ മുക്കുപൊത്തി നടന്നുപോകും
ഗവൺമെൻറ് ആശുപത്രിയിൽ നീണ്ട ക്യൂ തന്നെ വീണ്ടും കാണാം.

പുതിയ മണവാളനും മണവാട്ടികളുമായ വർ അവരുടെ മധുവിധുവുമായി കാലം കടന്നുപോകും ഭരണ  സിരാകേന്ദ്രങ്ങളിൽ പഴയ പടി തന്നെ ചുവപ്പുനാടയും നീങ്ങാത്ത ഫയലുകളും ആയി സാധാരണക്കാരൻ നെട്ടോട്ടമോടും

ഇതൊക്കെ തന്നെയാണ് സാധാരണ നാടകങ്ങൾ വാഗ്ദാനങ്ങളുടെ പെരുമഴകൾക്ക് മുന്നിൽ മാറാത്ത അങ്ങാടി ആയി മഴ കൊണ്ടും നരച്ചും പലവിധ കൊടികൾ അങ്ങാടിയിൽ തൂങ്ങിക്കിടക്കും

നിരത്തുകളിൽ ആരെയൊക്കെയോ ഇടിച്ചു തള്ളുന്നതിനായി ബൈക്കുകളും കാറുകളും ബസ്സുകളും മത്സരിച്ചോടും
ഇതൊന്നും കണ്ടു കണ്ടില്ലെന്ന് നടിച്ചും അവനവൻറെ ജീവിതചുമടും പേറി വോട്ടർമാർ തേരാ പാരാ നടക്കും

രാജവീഥികൾക്കപ്പുറം കറുത്ത ഇടനാഴികളിൽ യുവത്വം ലഹരിയിൽ ഇതൊന്നുമറിയാതെ മയങ്ങിക്കിടക്കും.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക