
പണ്ടൊരു സ്വാമി* ക്ക് കേരളം കണ്ടപ്പോ-
ഴുണ്ടായി ദർശനം "ഭ്രാന്താലയം!"
പിന്നീടൊരിക്കലും സ്വാമിജി വന്നില്ല,
എന്നിട്ടും തുടരുന്നാ പേരുദോഷം!
എന്തൊക്കെക്കാണണം, കേൾക്കണം നിത്യേന,
ചിന്തിച്ചാൽ അന്തമൊട്ടില്ല താനും!
പീഡനം കേൾക്കാത്ത ദിവസമൊട്ടില്ലിന്നു,
പീഡനം പല പല സ്റ്റൈലിലായി!
സ്നേഹിച്ചു പീഡനം, വാഗ്ദാനം നല്കീട്ടു,
സ്നേഹം നടിച്ചുള്ള പീഡനങ്ങൾ!
ചുറ്റിക്കളിയിൽ തുടങ്ങുന്നു ലീലകൾ,
മാറ്റും തരംപോലെ പീഡനമായ്!
പ്രതിപക്ഷക്കാരാണേൽ ക്രൂരമായ് പീഡിക്കും,
അതി തീവ്രം പീഡനം, തീർച്ചതന്നെ!
മൃദുവാണ് പീഡനം സ്വന്തം പാർട്ടിക്കാർ തൻ,
മൃദുലം, ഇളനീർ നുകർന്നപോലെ!
അമ്പലക്കള്ളന്മാർ കൊല്ലങ്ങളായിട്ട്,
തമ്പടിച്ചു ഭവാൻ സന്നിധത്തിൽ!
മോഷ്ടിച്ചതൊക്കെയും വമ്പൻമാർ സ്രാവുകൾ,
കഷ്ടം, ക്ഷമയോടെ കാത്തു ദൈവം!
ദൈവങ്ങളാണേലും രക്ഷയില്ലീനാട്ടിൽ,
ദൈവത്തിൻ നാടെന്ന പേരുമാത്രം!
എന്തെല്ലാം കാണുന്നു, കേൾക്കുന്നു, നിത്യവും,
ചിന്തിച്ചാൽ സ്വാമി* പറഞ്ഞതോർക്കും!
ഉൾക്കാഴ്ച മാറീല്ല സ്വാമി* പറഞ്ഞപോൽ,
ഉൾക്കൊള്ളാം കേരളം "ഭ്രാന്താലയം!"
* സ്വാമി വിവേകാനന്ദൻ