Image

ആണ്ടവൻ സൊൽറേൻ -ജോസഫ് അബ്രഹാം (പുസ്തകാസ്വാദനം: ജോയി പാലക്കമൂല)

Published on 06 December, 2025
ആണ്ടവൻ സൊൽറേൻ -ജോസഫ് അബ്രഹാം (പുസ്തകാസ്വാദനം: ജോയി പാലക്കമൂല)

ഈ ഭൂമുഖത്ത് ഇത്രമാത്രം എഴുതാനുണ്ടോ? എഴുത്തിന്റെ പെരുപ്പം ചിലരുടെ നെറ്റി ചുളിപ്പിക്കുന്നതും സത്യമാണ്. മൺമറഞ്ഞവരോ വാർദ്ധക്യത്തിലേയ്ക്കെത്തിയവരോ ആയ മഹാനായ എഴുത്തുകാർ എല്ലാത്തരം നല്ല കഥകളും കവിതകളും എഴുതിക്കഴിഞ്ഞില്ലേ എന്നൊരു തോന്നലും ചിലരിലുണ്ടാകാം. ഇപ്പോൾ പുറത്തു വരുന്നതെല്ലാം അതിനെക്കാൾ താഴെയായിരിക്കും എന്നൊരു മുൻവിധിയും.

എന്നാൽ അങ്ങനെ ആവണമെന്നില്ല. എഴുതപ്പെട്ട കഥകൾ നല്ലതാണെങ്കിൽ, ഇനി എഴുതാനുള്ളത് അതിലും നല്ലതാകുമെന്ന പ്രതീക്ഷയാവും ഇക്കാര്യത്തിൽ നല്ലത് തന്നെ. വർത്തമാനകാലത്തിൽ വായനയും, ഭാവനയും ശുഷ്കിക്കുകയാണന്ന യാഥാർഥ്യം നിലനിൽക്കുകയാണങ്കിലും, എഴുത്ത് മുൻപോട്ട് പോകാൻ ആ പ്രതീക്ഷയെങ്കിലും അനിവാര്യമാണ്.

പ്രത്യേകിച്ച് പുതിയകാല കഥകളിൽ അനുഭവങ്ങളുടെ വൈവിധ്യവും ആഴവും ഭാവനയുടെ ചൂടിൽ പാകം ചെയ്യപ്പെടുമ്പോൾ. അങ്ങനെ ക്ഷയിക്കാത്ത ഒരു സൃഷ്‌ടിപരമ്പരയായി കഥകളും നോവലുകളും എക്കാലവും പിറക്കണം.    

 ശ്രി. ജോസഫ് എബ്രഹാം, വയനാട് സുൽത്താൻ ബത്തേരി സ്വദേശിയും ഇപ്പോൾ അമേരിക്കൻ സർക്കാർ സർവീസിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥനുമാണ്. മലയാളത്തിലും ഇംഗ്ലീഷിലും കഥകളും നോവലുകളും എഴുതിവരുന്നു. ജന്മദേശം വിട്ടുപോയെങ്കിലും നാടിന്റെ മണവും ഓർമ്മകളും അദ്ദേഹം എഴുതുന്ന ഓരോ വരിയിലും പുതുജീവൻ നേടുന്നുണ്ട്. അല്പം ദൈർഘ്യമുള്ളതും, ഒപ്പം കാമ്പുള്ളതുമായ പതിമൂന്ന് കഥകൾ ഉൾക്കൊള്ളുന്ന 'ആണ്ടവൻ സൊൽറേൻ' എന്ന കഥാസമാഹാരം അതിന്റെ തെളിവാണ്. നാട്ടിലില്ലാത്തതിനാൽ കൃതികളുടെ വിതരണത്തിൽ അദ്ദേഹം നേരിടുന്ന ബുദ്ധിമുട്ടുകളും മനസ്സിലാക്കാൻ കഴിയും.

'ആണ്ടവൻ സൊൽറേൻ', 'ലോലമാം ക്ഷണമേ വേണ്ടു…' എന്നീ ആദ്യ രണ്ടു കഥകളിൽ നാട്ടിലെ അഭിഭാഷകവൃത്തിയുടെ ആത്മാംശം ദൃഢമായിരിക്കുന്നു. ഒരു വക്കീലിന് മാത്രമേ പറയാൻ കഴിയുന്ന കഥകളുടെ ശൈലിയിൽ.

മൂന്നാമത്തെ കഥയായ ‘ഗ്വാണ്ടി നാമോയിൽ നിന്നൊരു കർഷകപുത്രി’ മലയാളിക്കു ഇതുവരെ പരിചയമില്ലാത്തൊരു വ്യത്യസ്തമായ പ്രമേയമാണ് സമ്മാനിക്കുന്നത്. രാജ്യങ്ങൾക്കിടയിലെ മതിലുകളും അകലെ നിന്നുള്ള ചിന്തകളും ചേർത്ത് നല്ലൊരു വായനാനുഭവം നൽകുന്ന രചന. ഏറ്റവും നികൃഷ്ടവർഗ്ഗമായ ചെന്നായയിലൂടെ മനുഷ്യനിലേയ്ക്ക് വിരൽ ചൂണ്ടുമ്പോൾ, നൻമതിൻമകൾക്ക് അത് പുതിയ സമവാക്യം നീട്ടുന്നു.

ഗ്വാണ്ടണമേരാ,
ഗ്വാണ്ടനാമോയിൽ നിന്നുള്ളൊരു കർഷകന്റെ  മകൾ …
എന്റെ കവിതാശകലങ്ങൾ ഇളം പച്ചയാണ്,

തിളങ്ങുന്ന ചുവപ്പാണ്.
എന്റെ പാട്ടുകൾ                        അഭയത്തിനായി 
മലയിലേയ്ക്ക് നോക്കുന്ന,
മുറിവേറ്റ കലമാനിനെപ്പോലെയാണ്……..

  സിന്ധി മാപ്പിളയുടെ കഥ, ഇന്ത്യ- പാക്ക് വിഭജനത്തിന്റെ ഭാരവും വേദനയും ഏറ്റുവാങ്ങിയ ഒരു കാലത്തെ ഓർമ്മപ്പെടുത്തുന്നു. മാറിക്കൊണ്ടിരിക്കുന്ന രാഷ്ട്രീയത്തിന്റെ നിറം ലങ്കോട്ടികളിൽ പടർന്നതുപോലെ, ഈ കാലഘട്ടത്തിന്റെ ക്ഷോഭവും അവിടെ നിറയുന്നു.

  ആത്മാവിൽ, ദരിദ്രർ എന്ന കഥ ട്രാൻസ്‌ജെൻഡർമാരുടെ പോരാട്ടങ്ങളും, ദുരിതങ്ങളും ചേർന്ന്, സമൂഹത്തിലെ വ്യവസ്ഥാപിത ധാരണകളുടെ  പൊള്ളത്തരങ്ങളെ മുറിവേൽപ്പിക്കുന്നു. മനുഷ്യജീവിതത്തിന്റെ സ്ഥല-കാല ഭേദങ്ങളെ അതിജീവിച്ച് സംസാരിക്കുന്ന ഒരു ആഴമുള്ള അനുഭവലോകം.

   രണ്ടു നാടുകൾക്കിടയിൽ ജീവിക്കുന്നവരാണ് മിക്ക പ്രവാസികളും. അന്യനാട്ടിൽ ജീവിതം ഉറപ്പിക്കുമ്പോഴും ജന്മദേശത്തിന്റെ വിളികൾക്ക് അവർ എപ്പോഴും കാതോർക്കുന്നവരായി നിൽക്കുന്നു. ശ്രീ. ജോസഫ് എബ്രഹാമിന്റെ കഥകൾ ഈ ഇരട്ടത്വത്തെ അനുരഞ്ജനത്തോടെ വിളിച്ചുപറയുന്നു. നിർമ്മല എന്ന കഥയിൽ  ആ രണ്ട് ധ്രുവങ്ങളും ഒരുമിക്കുന്നുണ്ട്.

 അദ്ദേഹത്തിന്റെ കഥകളിലെ പ്രമേയങ്ങൾ വൈവിധ്യമാർന്നതും അതിലെ ജീവിതഗന്ധം വായനക്കാരനെ അനന്തതയുടെ ദൂരങ്ങളിലേക്ക് കൊണ്ടുപോകുന്നതുമാണ്. കാർകീവ് നഗരത്തിലെ പള്ളിമണികളുടെ മുഴക്കം പോലെ, ജീവിതവും യുദ്ധവും മനുഷ്യഹൃദയങ്ങളിൽ കൊത്തിവയ്ക്കുന്ന മുറിവുകൾ,അവ കേവലം കഥയല്ല, ഒരു ഓർമ്മപ്പെടുത്തൽ കൂടിയാണ്.

  സി. രാധാകൃഷ്ണനും മുമ്പേ പറക്കുന്ന പക്ഷികൾക്കും മലയാള സാഹിത്യത്തിൽ ഒരു പ്രത്യേക സ്ഥാനം കൊടുക്കുമ്പോൾ, ഗ്രന്ഥകാരന്റെ ഇഷ്ട്ടം  പ്രകടമാണ്. അതുകൊണ്ട് തന്നെ 'കൽക്കട്ടാ തീസീസ്' ഒരു  ചരിത്രാഖ്യായികയായി മാറുന്നു. മുമ്പേ നടന്ന വിപ്ലവങ്ങളും വിപ്ലവകാരികളും എഴുത്തുകാർക്ക് അവഗണിക്കാൻ കഴിയാത്ത സത്യങ്ങളാണ്.

   'ചിക്കൻ റിപ്പബ്ലിക്ക് ' കോവിഡ് കാലത്തെ അമേരിക്കയിലെ ഒരു കുടിയേറ്റക്കാരിയുടെ കണ്ണീർത്തുള്ളികൾ വരച്ചു കാട്ടുന്നു. അത് അമേരിക്കയുടെ നമുക്ക് പരിചയമില്ലാത്ത, പറയാത്ത ഒരു മുഖവും തുറന്നുകാട്ടുന്നു.

  ചില നിലവിളികൾ അതിർത്തികളെ മറികടന്ന് മുഴങ്ങും. അവയുടെ ആഴം ചിലപ്പോൾ വിസ്മയങ്ങളെയും അനന്തര ചോദ്യങ്ങളെയും ജനിപ്പിക്കും. ചില അനുഭവങ്ങൾ മനുഷ്യന്റെ ആന്തരാഴങ്ങളിൽ ഒരു ശാശ്വത രേഖ വരയ്ക്കും. അപ്പോൾ കഥകൾ ദേശങ്ങളെയും കാലങ്ങളെയും കടന്ന് സഞ്ചരിക്കും; മാഞ്ഞുപോകാതെ നിലനിൽക്കും. ഡോസ്റ്റോവ്സ്കിയുടെയും വിക്ടർ ഹ്യൂഗോയുടെയും കഥാപാത്രങ്ങൾ അങ്ങനെ കാലാതീതരായ യാത്രക്കാരാണ്.

   ‘ആണ്ടവൻ സൊൽറേ’ എന്ന കഥാസമാഹാരത്തിലെ ഓരോ കഥയും വ്യത്യസ്ത പ്രമേയങ്ങളെ പേറുന്നു. ഇതിലെ കഥകൾ നമ്മെ ഓർമ്മിപ്പിക്കുന്നത്, മനുഷ്യൻ എഴുതുന്ന കഥകളിൽ, സ്വന്തം ഹൃദയത്തിന്റെ അതിരുകളും, അനുഭവങ്ങളുമുണ്ട് എന്നുള്ളതാണ്. അവിടെയാണ് സാഹിത്യത്തിന്റെ യഥാർത്ഥ ജന്മം എന്നും വായിച്ചെടുക്കാവുന്നതാണ്.

അവയിൽ പലതും വരും കാലങ്ങളിൽ വായനക്കാരന്റെ ഓർമ്മകളിൽ  മടങ്ങിയെത്താൻ ശക്തിയുള്ളവയാണ്. മലയാളത്തിലും ഇംഗ്ലീഷിലും ഇനി കൂടുതൽ മികച്ച സൃഷ്ടികൾ സമ്മാനിക്കാൻ ശ്രീ ജോസഫ് അബ്രഹാമിന് കഴിയുമെന്ന കാര്യത്തിൽ സംശയമില്ല.

സുജലി പബ്ലിക്കേഷൻസ് 2024-ൽ പ്രസിദ്ധീകരിച്ച ഈ പുസ്തകം കൂടുതൽ വായനക്കാരിലെത്തേണ്ട ഒന്നാണ്,അതിൽ സംശയമില്ല.

        

Join WhatsApp News
Sudhir Panikkaveetil 2025-12-06 13:38:21
അമേരിക്കൻ മലയാളി എഴുത്തുകാരെ അറിയപ്പെടുന്ന എഴുത്തുകാർ എന്നുപയോഗിക്കാൻ നിവർത്തിയില്ല. കാരണം ഇവിടെ (അമേരിക്കയിൽ) വളരേ ചെറിയ ഒരു സമൂഹമല്ലാതെ ആരും അവരെ അറിയുന്നില്ല. കുറച്ച് എഴുത്തു സുഹൃത്തുക്കൾ ഒഴികെ. ശ്രീ ജോസഫ് എബ്രഹാമിന്റെ കഥകൾ നല്ലതാണ്. പക്ഷെ മുറ്റത്തെ മുല്ലക്ക് മണമില്ലെന്നു പറഞ്ഞപോലെ അത് ഇങ്ങനെ വിരിയുന്നു കൊഴിയുന്നു. ഒരിക്കൽ കുറെ വായനക്കാരുടെ ഒരു ഇളം കാറ്റിൽ ആ മുല്ലയുടെ പരിമളം നാനാ ദിക്കിലേക്ക് പ്രസരിക്കും. അമേരിക്കൻ പ്രസിദ്ധീകരണമായ ഇ മലയാളി ഈ എഴുത്തുകാരനെ വളരെയധികം തവണ അംഗീകാരങ്ങൾ നൽകി ആദരിച്ചിട്ടുണ്ടെന്നുള്ളത് അഭിമാനകരമാണ്. ഞാനും ശ്രീ ജോയ് പാലക്കാമൂലയെ പോലെ ശ്രീ ജോസഫ് എബ്രഹാമിന് അർഹമായ അംഗീകാരങ്ങൾ കിട്ടട്ടെ എന്ന് ആശംസിക്കുന്നു.
ജോസഫ് എബ്രഹാം 2025-12-06 22:56:09
ശ്രീ ജോയി പാലക്കമൂല, മാന്യവായനക്കാർ, ശ്രീ സുധീർ പണിക്കവീട്ടിൽ, ഇമലയാളി കുടുംബം എല്ലാർക്കും എന്റെ സ്നേഹവന്ദനവും നന്ദിയും അറിയിക്കുന്നു. പുസ്തകം വാങ്ങിക്കുവാൻ ആഗ്രഹിക്കുന്നവർ സുജലി പബ്ലിക്കേഷന്റെ വാട്ട്സ് ആപ്പ് നമ്പർ 9496644666 ലേക്ക്‌ സന്ദേശം അയച്ചാൽ മതിയാകുന്നതാണ്. നന്ദി
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക