
ദമ്മാം: ഡിസംബര്‍ അഞ്ച് വെള്ളിയാഴ്ച ദമ്മാമില്‍ നടക്കാന്‍ പോകുന്ന 'റിഥം - ട്യൂണ്‍സ് ഓഫ് ഇന്ത്യ 2025' മെഗാഷോയില്‍ പങ്കെടുക്കാന്‍ ദമ്മാമില്‍ എത്തിച്ചേര്‍ന്ന മലയാളത്തിന്റെ വാനമ്പാടി പദ്മശ്രീ കെ.എസ് ചിത്രയ്ക്ക് നവയുഗം സാംസ്‌ക്കാരികവേദി ദമ്മാം എയര്‍പോര്‍ട്ടില്‍ ആവേശോജ്വലമായ സ്വീകരണം നല്‍കി.
നവയുഗം ഭാരവാഹികളും, സംഘാടക സമിതിയും പ്രവാസി കുടുംബങ്ങളും, അടക്കം നല്ലൊരു ജനക്കൂട്ടം തന്നെ കെ എസ് ചിത്രയെയും, ടീമിനെയും സ്വീകരിയ്ക്കാന്‍ എയര്‍പോര്‍ട്ടില്‍ എത്തിയിരുന്നു.
ഭര്‍ത്താവ് വിജയശങ്കറിനൊപ്പമാണ് കെ.എസ് ചിത്ര എത്തിയത്. കെ.എസ് ചിത്രയെക്കൂടാതെ ഗായകരായ അഫ്‌സല്‍, ശ്രീരാഗ് ഭരതന്‍ എന്നിവരും, ഓര്‍ക്കസ്ട്ര ടീമുമാണ് കേരളത്തില്‍ നിന്നും ഇന്ന് രാവിലത്തെ ഫ്‌ലൈറ്റില്‍ ദമ്മാം എയര്‍പോര്‍ട്ടില്‍ എത്തിയത്. അനാമിക ഉള്‍പ്പെടെ മറ്റുള്ള കലാകാരന്‍മാര്‍ വൈകുന്നേരത്തെ ഫ്‌ലൈറ്റില്‍ എത്തും.
ഇ.ആര്‍ ഇവന്റസുമായി സഹകരിച്ചു നവയുഗം നടത്തുന്ന 'റിഥം - ട്യൂണ്‍സ് ഓഫ് ഇന്ത്യ 2025' പ്രോഗ്രാം, ഡിസംബര്‍ അഞ്ച് വെള്ളിയാഴ്ച വൈകുന്നേരം മൂന്നു മണി മുതല്‍ ദമ്മാം ലൈഫ് പാര്‍ക്കിലാണ് അരങ്ങേറുന്നത്. പ്രൊഫെഷണല്‍ സംഗീതത്തോടൊപ്പം, നൃത്തപ്രകടനങ്ങളും നിറയുന്ന മെഗാ ഷോ രാത്രി 10 മണി വരെ നീണ്ടു നില്‍ക്കും.
ദമ്മാം ലൈഫ് പാര്‍ക്കില്‍ നടക്കുന്ന പരിപാടിയുടെ പ്രധാന സ്റ്റേജ് ഉള്‍പ്പെടെയുള്ള എല്ലാ സംവിധാനങ്ങളും പൂര്‍ത്തിയായതായി സംഘാടകസമിതി അറിയിച്ചു.