
മാനസിക പ്രതിസന്ധി നേരിട്ട ബംഗ്ലാദേശി യുവാവ് വിളിച്ചപ്പോൾ അയാളുടെ വീട്ടിൽ എത്തിയ ന്യൂ യോർക്ക് പോലീസ് ഓഫിസർമാർ അയാളെ വെടിവച്ചതിന്റെ പേരിൽ ക്രിമിനൽ നിയമനടപടികൾ എടുക്കാൻ ഉദ്ദേശിക്കുന്നില്ലെന്നു ന്യൂ യോർക്ക് അറ്റോണി ജനറൽ ഓഫിസ് വ്യക്തമാക്കി.
ക്വീൻസിൽ താമസിച്ചിരുന്ന വിൻ റൊസാരിയോ (19) ആണ് 2024 മാർച്ചിൽ വെടിയേറ്റു മരിച്ചത്. പോലീസ് ബോഡിക്യാമിൽ നിന്നുള്ള ദൃശ്യങ്ങളിൽ കാണുന്നത് അവർ അഞ്ചു തവണ യുവാവിനെ വെടിവച്ചു എന്നാണ്.
വീട്ടിലെ ചെറിയ അടുക്കളയിൽ റൊസാരിയോ നിൽക്കുമ്പോൾ അയാളെ വെടിവയ്ക്കരുതേ എന്നു അമ്മയും സഹോദരനും നിലവിളിച്ചു അപേക്ഷിക്കുന്നത് ദൃശ്യങ്ങളിൽ കാണാം.
എന്നാൽ അയാളുടെ കൈയ്യിൽ കത്രിക ഉണ്ടായിരുന്നു എന്നതാണ് പോലീസ് പറയുന്ന ന്യായം. ഓഫിസർമാർ അമിത ബലപ്രയോഗം നടത്തിയെന്നു സെപ്റ്റംബറിൽ പോലീസ് അന്വേഷണ സമിതി കണ്ടെത്തിയിരുന്നു. എന്നാൽ ഓഫിസർമാർ വെടിവച്ചതിൽ ന്യായമില്ലെന്നു സ്ഥാപിക്കാൻ പ്രോസിക്യൂഷനു കഴിയില്ലെന്നു അറ്റോണി ജനറൽ ലെറ്റീഷ്യ ജെയിംസ് അഭിപ്രായപ്പെട്ടു.
എ ജി ഓഫിസിന്റെ 33 പേജുള്ള റിപ്പോർട്ടിൽ പറയുന്നത് കത്രിക താഴെ വയ്ക്കാൻ ഓഫിസർമാർ റൊസാരിയോയോട് ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും അയാൾ വഴങ്ങിയില്ല എന്നാണ്. എന്നാൽ വെടിവയ്‌പ് ഒഴിവാക്കാൻ നിർണായക നടപടികൾ ഓഫിസർമാർ സ്വീകരിച്ചില്ല എന്ന ആക്ഷേപവും റിപ്പോർട്ടിലുണ്ട്.
വീട്ടിൽ ആയുധങ്ങൾ ഉണ്ടോ എന്ന് അവർ അന്വേഷിച്ചില്ല. റൊസാരിയോ ഭീഷണി ഉയർത്തുന്നോ എന്നും ചോദിച്ചില്ല. ആ വിവരങ്ങൾ ചോദിച്ചു മനസിലാക്കിയാൽ യുവാവിനു മാനസികാരോഗ്യ സഹായം വേണമോ എന്നു തീരുമാനിക്കാൻ കഴിയുമായിരുന്നു. അങ്ങിനെയുള്ള ഒരാളെ ആയുധം കയ്യിൽ ഉണ്ടെങ്കിലും സമാധാനിപ്പിച്ചു നിയന്ത്രിക്കുക എന്നതാണ് പോലീസ് നയം. ഉടൻ വെടിവയ്ക്കുന്നതല്ല.
ജെയിംസ് എടുത്ത തീരുമാനം ഭീരുത്വമാണെന്നു റൊസാരിയോയുടെ കുടുംബം പറഞ്ഞു. യുവാവിനെ വീണ്ടും കൊലപ്പെടുത്തുന്നത് കണ്ടതു പോലെയുണ്ടെന്നു അവർ പ്രസ്താവനയിൽ പറഞ്ഞു.
"ഓഫിസർമാരായ സിയാൻഫ്‌റോക്കോയും അലോങ്ങിയും ഞങ്ങളുടെ വീട്ടിൽ പ്രവേശിക്കുന്നതു വരെ ഞങ്ങൾക്കു സമാധാനം ഉണ്ടായിരുന്നു."
എൻ വൈ പി ഡി ഈ ഓഫീസർമാരെ കുറിച്ച് നടത്തുന്ന അന്വേഷണം പിരിച്ചുവിടലിൽ കലാശിക്കാം.
New York AG won't charge NYPD officers