
വത്തിക്കാന് : ദൈവകരങ്ങളിൽ സ്വജീവൻ സമർപ്പിച്ച്, അവൻ നയിക്കുന്ന പാതകളിൽ ജീവിക്കുകയാണ് വേണ്ടതെന്നും, എല്ലാം അവന്റെ കരങ്ങളിലാണെന്ന ബോധ്യത്തോടെ മുന്നോട്ടുപോവുകയുമാണ് വേണ്ടതെന്ന് ലിയോ പതിനാലാമൻ പാപ്പാ. തുർക്കിയിലേക്കും ലെബനനിലേക്കുമുള്ള തന്റെ പ്രഥമ അപ്പസ്തോലികയാത്രയുടെ അവസാനം തിരികെ റോമിലേക്ക് യാത്ര ചെയ്ത വേളയിൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു പാപ്പാ.
സംഘർഷങ്ങൾ നിലനിൽക്കുന്ന ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സമാധാന ചർച്ചകൾക്ക് പിന്നിലെ പരിശുദ്ധ സിംഹാസനത്തിന്റെ അദൃശ്യസാന്നിദ്ധ്യം, ഉക്രൈൻ പ്രശനത്തിൽ യൂറോപ്പിന് വഹിക്കാനാകുന്ന പങ്ക് തുടങ്ങിയ വിവിധ ചോദ്യങ്ങൾക്ക് പാപ്പാ മറുപടി നൽകി. 81 മാധ്യമപ്രവർത്തകരാണ് വിമാനത്തിൽ പരിശുദ്ധ പിതാവിനൊപ്പം തുർക്കി-ലെബനൻ യാത്രയിലുണ്ടായിരുന്നത്.
പത്രോസിന്റെ പിൻഗാമിയായി തിരഞ്ഞെടുക്കപ്പെട്ടതുമായി ബന്ധപ്പെട്ട് ലിയോ പതിനാലാമൻ പാപ്പായുടെ ജീവിതത്തെക്കുറിച്ച് സി.എൻ.എസ്. (CNS) ടെലിവിഷൻ ചാനലിന്റെ സിൻഡി വുഡൻ (Cindy Woode) എന്ന മാധ്യമപ്രവർത്തക ഉയർത്തിയ ചോദ്യത്തിന് മറുപടി പറയവെയാണ്, ദൈവാശ്രയബോധത്തിലുള്ള ജീവിതത്തിന്റെ പ്രാധാന്യം പരിശുദ്ധ പിതാവ് എടുത്തുപറഞ്ഞത്.
പെൻഷനായി ജീവിക്കുന്നതിനെക്കുറിച്ച് ഏതാനും വർഷങ്ങൾക്ക് മുൻപ് താനും ചിന്തിച്ചിട്ടുണ്ടെങ്കിലും, നിലവിൽ ദൈവഹിതമനുസരിച്ച് തന്റെ ശുശ്രൂഷ തുടരാനുള്ള വിളിയാണ് ലഭിച്ചിരിക്കുന്നതെന്ന് പാപ്പാ പറഞ്ഞു.
താൻ തിരഞ്ഞെടുക്കപ്പെടുന്നതിന് മുൻപായി, "താങ്കളും തിരഞ്ഞെടുക്കപ്പെടാൻ സാധ്യതയുള്ള ആളാണല്ലോയെന്നും, അതേക്കുറിച്ച് എന്താണ് പറയാനുള്ളതെന്നും" ചോദിച്ച ഒരു റിപ്പോർട്ടറോട്, "എല്ലാം ദൈവകരങ്ങളിലാണെന്ന്" താൻ മറുപടി നൽകിയെന്നും, അത് താൻ ആഴമായി വിശ്വസിക്കുന്ന യാഥാർത്ഥ്യമാണെന്നും പാപ്പാ പറഞ്ഞു.
"ദൈവസാന്നിദ്ധ്യത്തിന്റെ അനുഭവം" (The practice of the presence of God.) എന്ന പേരിൽ, ബ്രദർ ലോറൻസ് (Brother Lawrence) എന്ന ഒരു വ്യക്തി എഴുതിയ പുസ്തകത്തെക്കുറിച്ചും പാപ്പാ പരാമർശിച്ചു. ദൈവത്തിന് തന്റെ ജീവിതത്തെ സമർപ്പിക്കുകയും, അതിനെ നയിക്കാൻ അവനെ അനുവദിക്കുകയും ചെയ്യുന്ന ഒരു പ്രാർത്ഥനാ, ആദ്ധ്യാത്മികതയെകുറിച്ചാണ് ആ ഗ്രന്ഥകർത്താവ് പറയുന്നതെന്ന് പാപ്പാ വിശദീകരിച്ചു. തന്നെ മനസ്സിലാക്കാൻ സഹായിക്കുന്ന ഒരു പുസ്തകത്തെക്കുറിച്ച് ഒരു ജർമൻ മാധ്യമപ്രവർത്തകൻ ഉയർത്തിയ ചോദ്യം പരാമർശിച്ചുകൊണ്ട് ഇങ്ങനെ പറഞ്ഞ പാപ്പാ, ഏറെക്കാലത്തേക്ക് തന്റെ അദ്ധ്യാത്മികജീവിതശൈലി അതായിരുന്നുവെന്ന് പ്രസ്താവിച്ചു.
പെറുവിൽ, തീവ്രവാദപ്രശ്നങ്ങൾ നിലനിന്നിരുന്ന സമയത്ത്, താൻ പ്രതീക്ഷിക്കാത്ത ഇടങ്ങളിൽ സേവനം ചെയ്ത അവസരങ്ങളിലും, ദൈവത്തിൽ ആശ്രയിച്ചുകൊണ്ടും, മറ്റുള്ളവരോട് ഇതേ ആശയം പങ്കുവച്ചുകൊണ്ടുമാണ് താൻ ജീവിച്ചതെന്ന് പാപ്പാ പറഞ്ഞു. പത്രോസിന്റെ പിൻഗാമിയായി തിരഞ്ഞെടുക്കപ്പെട്ടപ്പോഴും, ഇതുപോലെ ദൈവത്തിൽ ആശ്രയം വയ്ക്കുകയാണ് താൻ ചെയ്തതെന്ന് പാപ്പാ കൂട്ടിച്ചേർത്തു.
ലബനനിലെ അപ്പസ്തോലികയാത്രയുടെ ചടങ്ങുകളിൽ തന്നെ കാണാനെത്തിയ പതിനായിരക്കണക്കിന് ആളുകളെ പരാമർശിച്ചുകൊണ്ട്, അവർ തന്നെ കാണാനാണ് എത്തിയതെങ്കിലും, അവർ യഥാർത്ഥത്തിൽ യേശുക്രിസ്തുവിനെ കാണാനാണ് എത്തിയതെന്നും, ലെബനന്റെ കാര്യത്തിൽ, സമാധാനത്തിന്റെ ഒരു സന്ദേശവാഹകനെയാണ്, അവർ തേടിയതെന്നും പാപ്പാ പറഞ്ഞു.