
ന്യൂ ജേഴ്സിയിൽ ഇരട്ട കൊലപാതകം നടത്തി ഇന്ത്യയിലേക്കു മുങ്ങിയ നാസിർ ഹമീദിനെ കുറിച്ച് വിവരം നൽകുന്നവർക്ക് എഫ് ബി ഐ $50,000 പ്രതിഫലം പ്രഖ്യാപിച്ചു. 38 വയസുള്ള വീട്ടമ്മയെയും 6 വയസുള്ള മകനെയും കൊലപ്പെടുത്തിയ കുറ്റം ആരോപിക്കപ്പെട്ട ഹമീദിനെ വിട്ടു കിട്ടാൻ സഹായിക്കണമെന്നു ഗവർണർ ഫിൽ മർഫി ഇന്ത്യൻ അംബാസഡർ വിനയ് മോഹൻ ക്വത്രയ്ക്കു എഴുതിയിരുന്നു.
2017 മാർച്ചിലാണ് ശശികല നാറാ, പുത്രൻ അനീഷ് എന്നിവരെ കുത്തേറ്റു മരിച്ച നിലയിൽ അവരുടെ മേപ്പിൾ ഷേഡിലെ ഫ്ലാറ്റിൽ കണ്ടെത്തിയത്. യുഎസിൽ വിസയിൽ എത്തിയിരുന്ന ഹമീദ് (38) അവരെ കൊന്നു ആറു മാസം കഴിഞ്ഞു ഇന്ത്യയിലേക്കു പോയി എന്നാണ് കണ്ടെത്തൽ.
ഡി എൻ എ തെളിവുകളാണ് ഹമീദിനെ ബന്ധപ്പെടുത്തിയതെന്നു ബർലിംഗ്ടൺ കൗണ്ടി പ്രോസിക്യൂട്ടർമാർ പറഞ്ഞു. അതിക്രൂരമായ രീതിയിലാണ് ഹമീദ് കൊല നടത്തിയത്. അയാളുടെ ലാപ്ടോപ് അയാൾ ജോലി ചെയ്തിരുന്ന കമ്പനി പോലീസിനു കൈമാറിയിരുന്നു. അതിൽ നിന്നുള്ള ഡി എൻ എ പരിശോധനയിലാണ് തെളിവുകൾ കിട്ടിയത്.
ഇന്ത്യ എക്സ്ട്രാഡിഷൻ കരാർ അനുസരിച്ചു ഹമീദിനെ വിട്ടു തരേണ്ടതാണെന്നു മർഫി കത്തിൽ ഓർമിപ്പിച്ചു. അംബാസഡറുമായി അദ്ദേഹം സംസാരിക്കയും ചെയ്തു.
"ഈ കുറ്റകൃത്യം ഞങ്ങളുടെ സംസ്ഥാനത്തെ ഞെട്ടിച്ചു. എട്ടു വർഷമായി അന്വേഷണ സംഘം ലഭ്യമായ എല്ലാ സൂചനകളും വച്ച് അന്വേഷിക്കയായിരുന്നു," മർഫി എഴുതി.
FBI offers $50K reward for Indian man wanted in NJ murders