
ന്യൂയോർക്കിൽ ഒരു ഇന്ത്യൻ സോഷ്യൽ മീഡിയ കണ്ടന്റ് ക്രിയേറ്റര്‍ അൽബേലി റിതു കഴിഞ്ഞ ദിവസം തന്‍റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിൽ പങ്കുവച്ച വീഡിയോയിൽ ഇന്ത്യയിൽ നിന്ന് അമേരിക്കയിൽ എത്തിയവർ ജന്മനാട്ടിലേക്ക് തിരിച്ചുപോകാൻ ആഗ്രഹിക്കാത്തത് എന്ന ചോദ്യം ആളുകളോട് ചോദിച്ചുകൊണ്ട് പ്രതികരണം പങ്കുവച്ചിരുന്നു. വീഡിയോയിൽ പങ്കെടുത്ത പലരും, ഇന്ത്യയിലേയ്ക്ക് മടങ്ങാനുള്ള ആഗ്രഹം ഇല്ലാതാക്കുന്നത് ദൈനംദിന ജീവിത ശൈലിയും സാമൂഹിക സാഹചര്യവും തന്നെയാണെന്ന് തുറന്നു പറയുന്നു.
പ്രൊഫഷണലും വ്യക്തിഗതവുമായ ജീവിതം ബാലൻസ് ചെയ്യാനും ഞായറാഴ്ചകളില്‍ സമ്മര്‍ദ്ദങ്ങളില്ലാതിരിക്കുന്നതിനും അമേരിക്കയാണ് നല്ലതെന്നാണ് കൂടുതൽ പേർ അഭിപ്രായപ്പെട്ടത്. സ്വകാര്യതയെ മാനിക്കുകയും ഏത് വസ്ത്രം ധരിക്കാനുമുള്ള സ്വാതന്ത്ര്യത്തോടെ കഴിയുന്നതിനും സാമൂഹികമായ മുൻവിധികളെ ഭയക്കാതെ ജീവിക്കാനും അമേരിക്കയാണ് നല്ലതെന്ന് പ്രതികരിച്ചവരും ഏറെയുണ്ട്. രാത്രികാലങ്ങളിൽ പോലും സ്ത്രീകൾക്ക് സുരക്ഷിതമായി ഇറങ്ങിനടക്കാൻ സാധിക്കുന്നതും ഏറെപ്പേർ ഒരു കാരണമായി ചൂണ്ടിക്കാട്ടി. കുറഞ്ഞ വരുമാനത്തോടെയും കാർ വാങ്ങാനും, നല്ല സാധനങ്ങൾ സ്വന്തമാക്കാനുമുള്ള സാധ്യതയും ഇന്ത്യയുമായി താരതമ്യപ്പെടുത്തുമ്പോൾ കൂടുതലാണെന്ന അഭിപ്രായവും ചിലർ പറഞ്ഞു.
വീഡിയോ സമൂഹമാധ്യമങ്ങളിൽ തുടർച്ചയായ ചർച്ചകൾക്ക് വഴിവച്ചിരിക്കുകയാണ്. കഴിവുണ്ടെങ്കിൽ എവിടെയും ശമ്പളം കിട്ടും, സ്ത്രീകൾ ഇന്ത്യയിലും സുരക്ഷിതരാണ് എന്നിങ്ങനെയുള്ള അഭിപ്രായങ്ങളും ചിലർ പങ്കുവച്ചു. സംസ്കാരത്തിനും അടിത്തറയ്ക്കും പ്രാധാന്യം കല്പിക്കുന്നവരും രംഗത്തുവന്നു.പ്രസ്തുത വീഡിയോയിലും തുടർന്നുനടന്ന ചർച്ചകളിലും വ്യക്തമായൊരു ട്രെൻഡാണ് കാണുന്നത്. അമേരിക്കയിലെ സ്വാതന്ത്ര്യവും സൗകര്യങ്ങളും ഇവിടെ തുടരുന്നതിന് പ്രേരിപ്പിക്കുമ്പോൾ ഇന്ത്യയുടെ സംസ്കാരിക അടിത്തറയും സാമൂഹിക ബന്ധങ്ങളുമാണ് ചിലരെ മടക്കിവിളിക്കുന്നത്.