
ഒരു പാത്രത്തില്‍ ഉണ്ട്, ഒരു പായില്‍ ഉറങ്ങി, മറ്റ് കലാപരിപാടികള്‍ക്കെല്ലാം അപാര ശുഷ്കാന്തിയോടെ ഒന്നിച്ചുണ്ടായിരുന്ന ഷാഫി പറമ്പില്‍ എം.പിയും രാഹുല്‍ മാങ്കൂട്ടത്തിലിനെ നിഷ്കരുണം തള്ളിപ്പറഞ്ഞ് സ്വന്തം തടി രക്ഷിക്കുകയാണ്. തിരുവനന്തപുരം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യം റദ്ദാക്കിയ അതേ നിമിഷത്തില്‍ തന്നെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കുകയും ചെയ്യപ്പെട്ട് ഇരട്ട പ്രഹരത്തിലായിരുന്ന രാഹുലിന് ഷാഫിയുടെ വാക്കുകള്‍ ചങ്കില് തറയ്ക്കുന്നത് തന്നെയാണ്. ''ബ്രൂട്ടസേ നീയും...'' എന്ന ജൂലിയസ് സീസറിന്റെ വാക്കുകള്‍ വീണ്ടും അന്വര്‍ത്ഥമാവുകയാണിവിടെ.
രാഹുല്‍ മാങ്കൂട്ടത്തിലിന് മുന്‍കൂര്‍ ജാമ്യം ലഭിക്കുമെന്ന് ഇന്ന് രാവിലെ അമിത ആത്മവിശ്വാസത്തോടെ പറഞ്ഞ ഷാഫി, കേടിതി വിധി എതിരായതോടെ യു ടേണടിക്കുകയായിരുന്നു. കാരണം രാഹുല്‍ ബന്ധത്തില്‍ സ്വന്തം കാലിനടിയിലെ മണ്ണ് ഒലിച്ചു പോകുമെന്ന് ഷഫി വല്ലാതെ ഭയപ്പെടുന്നു. തന്റെ സഹോദരനാണ് രാഹുല്‍ എന്ന് ഒരിക്കല്‍ പറഞ്ഞ നാവുകൊണ്ടുതന്നെ ഇപ്പോള്‍ ഷാഫിക്ക് മറിച്ച് പറയേണ്ടി വന്നു. സൗഹൃദത്തിന്റെ പേരില്‍ പാര്‍ട്ടിയില്‍ കൊണ്ടുവന്നതല്ല; പിന്തുണച്ചത് സംഘടനാ പ്രവര്‍ത്തനത്തെ, മറ്റ് രീതികളെയല്ലെന്നാണ് ഷാഫിയുടെ അപ്ഡേറ്റ്. രാഷ്ട്രീയത്തില്‍ സ്ഥിരമായ മിത്രവും ശത്രുവുമില്ലെന്ന സാക്ഷാല്‍ ലീഡര്‍ കരുണാകരന്റെ വാക്കുകള്‍ എന്നും പ്രസക്തമാണെന്ന് ഷാഫിയുടെ മനംമാറ്റം തെളിയിക്കുന്നു.
''വ്യക്തിപരമായി ഉണ്ടായ സൗഹൃദത്തെ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവന്നതല്ല. കോണ്‍ഗ്രസ് പാര്‍ട്ടി വഴി ഉണ്ടായ സൗഹൃദമാണ് രാഹുലുമായുള്ളത്. പാര്‍ട്ടിയില്‍ പുതിയ തലമുറ വളര്‍ന്നുവരുമ്പോള്‍ സംഘടനാപരമായി അവരെ സംരക്ഷിക്കേണ്ട ചുമതലയുണ്ട്. വ്യക്തിപരമായി ഓരോരുത്തരിലേക്ക് ചൂഴ്ന്നിറങ്ങിയിട്ടില്ല. അവരുടെ രാഷ്ട്രീയത്തെയാണ് പിന്തുണയ്ക്കുന്നത്. സംഘടനാപ്രവര്‍ത്തനത്തെയാണ് പിന്തുണച്ചത്. അല്ലാതെ വേറെ തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ക്കല്ല സപ്പോര്‍ട്ട് നല്‍കിയത്. രാഹുലിനെതിരെ ക്രിമിനല്‍ പശ്ചാത്തലമുള്ള പരാതികളൊന്നും രേഖാമൂലം എനിക്ക് ലഭിച്ചിട്ടില്ല. രാഹുലിന്റെ രാഷ്ട്രീയ പ്രവര്‍ത്തനത്തിനാണ് പിന്തുണ നല്‍കിയത്. പൂര്‍ണമായും പാര്‍ട്ടി നടപടികള്‍ക്കൊപ്പമാണ് ഞാന്‍...'' എന്നാണ് ഷാഫി പറമ്പില്‍ പറഞ്ഞത്.
കണ്ണടച്ച് തുറക്കുന്ന വേഗത്തില്‍ കോണ്‍ഗ്രസ് നേതൃനിരയിലേക്ക് ഉയര്‍ന്നുവന്ന രാഹുല്‍ എന്ന യുവനേതാവിന് താങ്ങും തണലുമായി നിന്നത് ഷാഫി പറമ്പിലാണ്. തന്റെ ചങ്ക് ബ്രോയും ഒരര്‍ത്ഥത്തില്‍ രാഷ്ട്രീയ ഗുരുവുമാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെ സംബന്ധിച്ചിടത്തോളം ഷാഫി പറമ്പില്‍. ഇവരുടെ സൗഹൃദം രാഷ്ട്രീയ കേരളത്തിന് ഏറെ പരിചിതമാണ്. ''ചങ്ങാതി നന്നായാല്‍ കണ്ണാടി വേണ്ട...'' എന്ന ചൊല്ല് ഇവരുടെ കൂട്ടുകെട്ടിലൂടെ ശരിയാണെന്ന് ജനം ചിന്തിച്ച ഘട്ടത്തിലാണ് പെണ്ണു കേസുകള്‍ രാഹുലിന്റെ സര്‍വ്വ പ്രതാപങ്ങളും വെള്ളത്തിലാക്കിയത്. ഒന്നല്ല, ഒരുപാട് അതിജീവിതമാരെയാണ് രാഹുല്‍ സൃഷ്ടിച്ചത്. ഇതൊരു സര്‍വകാല റെക്കോഡാവുമെന്ന കാര്യത്തില്‍ സംശയം വേണ്ട.
കഴിഞ്ഞ കുറേ ദിവസങ്ങളായി കോണ്‍ഗ്രസിലെ വനിതാ നേതാക്കളും മുതിര്‍ന്ന മറ്റ് നേതാക്കളും രാഹുലിന്റെ കട്ടപ്പൊക കണ്ടേ അടങ്ങൂ എന്ന കണ്ണില്‍ ചേരയില്ലാത്ത നിലപാടെടുത്തപ്പോഴും ഷാഫി പറമ്പില്‍ കൂടെത്തന്നെ നിന്നു. 2006-ല്‍ പത്തനംതിട്ട കാതോലിക്കേറ്റ് കോളേജ് പഠന കാലത്താണ് കെ.സ്.യുവിലൂടെ രാഹുല്‍ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലെത്തുന്നത്. 2009 മുതല്‍ 2017 വരെ കെ.സ്.യു പത്തനംതിട്ട ജില്ലാ സെക്രട്ടറി. 2017-ല്‍ ജില്ലാ പ്രസിഡന്റ്. 2017-18-ല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി. 2018 മുതല്‍ 21 വരെ കെ.സ്.യു ദേശീയ ജനറല്‍ സെക്രട്ടറി. യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി, പ്രസിഡന്റ്, 2020-ല്‍ കെ.പി.സി.സി അംഗം. 2023-ല്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷന്‍. 2024-ല്‍ പാലക്കാട് എം.എല്‍.എ എന്ന ഗ്ലാമര്‍ കസേരയില്‍.
പടിപടിയായി പാര്‍ട്ടിയുടെ നേതൃനിരകളിലേക്ക് രാഹുലിനെ കൈപിടിച്ചുയര്‍ത്തിയത് ഷാഫി പറമ്പിലായിരുന്നു. കെ കരുണാകരന്റെ അതേ ആശ്രിത വാല്‍സല്യം. ''അദ്ദേഹത്തെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റാക്കാന്‍ ഞാന്‍ കുറേ അധ്വാനിച്ചിട്ടുണ്ട്...'' എന്ന് ഷാഫി തികഞ്ഞ അഭിമാനത്തോടെ പറഞ്ഞിട്ടുണ്ട്. ഒടുവില്‍ പാലക്കാട് നിയമസഭാ മണ്ഡലം ഒഴിഞ്ഞ് വടകരയില്‍ നിന്ന് ലോക്സഭയിലേയ്ക്ക് മല്‍സരിക്കാന്‍ പുറപ്പെട്ടപ്പോള്‍ ഷാഫി പാലക്കാട് നിയമസഭാ മണ്ഡലത്തിലെ തന്റെ പിന്‍ഗാമിയാക്കിയത് രാഹുലിനെയാണ്. അത്രമേല്‍ ഒട്ടിയതായിരുന്നു അവരുടെ ചങ്ങാത്തം.
കോണ്‍ഗ്രസ് വക്താവായി ചാനല്‍ ചര്‍ച്ചകളില്‍ എത്തി തുടങ്ങിയതോടെയാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ വ്യാപകമായി ശ്രദ്ധ നേടുന്നത്. വാക്കുകള്‍ കൊണ്ട് എതിരാളികളെ തകര്‍ക്കാനുള്ള കഴിവുകൊണ്ട് പാര്‍ട്ടിക്കുള്ളില്‍ യുവനിരയുടെ ശബ്ദമായും നേതാവായും രാഹുല്‍ സ്ഥാനമാനങ്ങള്‍ വെട്ടിപിടിക്കുകയായിരുന്നു. ഇതിനെല്ലാം വേണ്ട ഉപദേശ നിര്‍ദേശങ്ങള്‍ നല്കിയതാകട്ടെ ഷാഫിയല്ലാതെ മറ്റാരുമല്ല. രാഹുലിന്റെ മെന്ററായിരുന്നു ഷാഫി.
യൂത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പിന് പിന്നാലെ രാഹുലിനെതിരെ ഉയര്‍ന്ന വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് വിവാദത്തില്‍ ഷാഫി തന്റെ കൂട്ടുകാരന് ആവുംവിധം സംരക്ഷണ വലയം തീര്‍ത്തു. അംഗങ്ങളെ ചേര്‍ക്കാന്‍ തിരഞ്ഞെടുപ്പ് കമ്മിഷന്റെ തിരിച്ചറിയില്‍ രേഖ വ്യാജമായി ഉണ്ടാക്കിയെന്നായിരുന്നു ഉയര്‍ന്ന ആരോപണം. വ്യാജരേഖയുണ്ടാക്കാന്‍ ഉപയോഗിച്ച ആപ്പിന്റെ വിവരങ്ങളടക്കം പുറത്തുവന്നു. തിരഞ്ഞെടുപ്പ് കമ്മിഷനും വിഷയത്തില്‍ ഇടപ്പെട്ടതോടെ കോണ്‍ഗ്രസ് വെട്ടിലായി. ഇതോടെ രാഹുല്‍ വ്യാജനെന്ന വിമര്‍ശനവും ഉയരുകയുണ്ടായി.
ഷാഫി പറമ്പില്‍ വടകര എം.പിയായി ലോക്സഭയിലേക്ക് പോയതോടെ നടന്ന ഉപതിരഞ്ഞെടുപ്പില്‍ മികച്ച ഭൂരിപക്ഷത്തില്‍ വിജയിച്ച രാഹുല്‍ 2024 ഡിസംബര്‍ നാലിനാണ് സത്യപ്രതിജ്ഞ ചെയ്ത് നിയമസഭയിലെത്തിയത്. ഒടുവില്‍ പീഡനപരാതിയില്‍ കോടതി മുന്‍കൂര്‍ ജാമ്യപേക്ഷ തള്ളിയതിന് പിന്നാലെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കപ്പെടുന്നതും പാര്‍ട്ടി രാജി ആവശ്യപ്പെട്ട സാഹചര്യമുണ്ടായതും കൃത്യം ഒരു വര്‍ഷത്തിനിപ്പുറം ഒരു ഡിസംബര്‍ നാലിന് തന്നെ. ഇത് കേവലം യാദൃശ്ചികമല്ല, കൈയിലിരിപ്പാണ് അവനവന് പാരയായത്. ഇന്ന് രാഹുലിനൊപ്പം ആരുമില്ല. പാര്‍ട്ടിയും പ്രിയ സുഹൃത്തുമൊക്കെ കൈവിട്ട്, 'പീഡകന്' എന്ന മാനംകെട്ട ഒറ്റയാള്‍ മാത്രം.