Image

റോയ് ജോര്‍ജ് മണ്ണിക്കരോട്ട് ഫൊക്കാന നാഷണല്‍ കമ്മിറ്റി മെമ്പറായി ലീലാ മാരേട്ട് പാനലില്‍ മത്സരിക്കുന്നു

Published on 04 December, 2025
റോയ് ജോര്‍ജ് മണ്ണിക്കരോട്ട് ഫൊക്കാന നാഷണല്‍ കമ്മിറ്റി മെമ്പറായി ലീലാ മാരേട്ട് പാനലില്‍ മത്സരിക്കുന്നു

കാലിഫോര്‍ണിയയിലെ അറിയപ്പെടുന്ന സാമൂഹ്യ പ്രവര്‍ത്തകനും, കഴിവുറ്റ സംഘാടകനുമായ റോയ് മണ്ണിക്കരോട്ട് 2026- 2028 കാലയളവില്‍ ഫൊക്കാനയുടെ നാഷണല്‍ കമ്മിറ്റി മെമ്പര്‍ സ്ഥാനത്തേക്ക് മത്സരിക്കുന്നു. വ്യത്യസ്ത മേഖലകളില്‍ വിജയങ്ങള്‍ നേടിയ റോയ് തന്റെ പ്രവര്‍ത്തനങ്ങള്‍ എല്ലാം വിജയത്തിലെത്തിക്കുവാന്‍ സദാ പ്രയത്‌നിക്കുന്നു. ഏല്‍പിക്കുന്ന ഏത് കാര്യവും ഉത്തരവാദിത്വത്തോടെ നിര്‍വഹിക്കുന്ന അദ്ദേഹം അഖില കേരള ബാലജനസഖ്യത്തിലൂടെയാണ് സംഘടനാ രംഗത്തേക്ക് വരുന്നത്.

ബാലജനസഖ്യത്തിന്റെ സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി ആയും, ഓള്‍ ഇന്ത്യാ കാത്തലിക് യൂണിവേഴ്‌സിറ്റി ഫെഡറേഷന്‍ സംസ്ഥാന കോര്‍ഡിനേറ്റര്‍ ആയും പ്രവര്‍ത്തിച്ചു. യു.സി.എല്‍.എയില്‍ നിന്ന് ഫിലിം സ്റ്റഡീസ് പൂര്‍ത്തിയാക്കിയ റോയ് മണ്ണിക്കരോട്ട് അക്കാദമി അവാര്‍ഡ്‌സ്, അമേരിക്കന്‍ ഐഡല്‍ തുടങ്ങിയ നിരവധി ടിവി ഷോകളുടെ പോസ്റ്റ് പ്രൊഡക്ഷന്‍ എന്‍ജിനീയറായിരുന്നു. ചലച്ചിത്ര നിര്‍മ്മാതാവും ഡിസ്ട്രിബ്യൂട്ടറുമായ അദ്ദേഹം ഏഷ്യാനെറ്റ് ഹെല്‍ത്ത് കെയര്‍ എക്‌സലന്‍സ് അവാര്‍ഡ് നിര്‍മ്മാതാവും, ഷോ ഡയറക്ടറും ആയിരുന്നു.

മോര്‍ട്ട്‌ഗേജ് ബാങ്കറായി പ്രവര്‍ത്തിക്കുന്ന റോയ് ബാങ്ക് ഓഫ് അമേരിക്ക, യെസ് ബാങ്ക് തുടങ്ങിയ മുഖ്യ ബാങ്കിംഗ് കോര്‍പറേഷനുകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. നാഷണല്‍ അസോസിയേഷന്‍ ഓഫ് ഡിഫോള്‍ട്ട് പ്രൊഫഷണല്‍സിന്റെ ബോര്‍ഡ് മെമ്പര്‍ ആയും പ്രവര്‍ത്തിച്ചിട്ടുണ്ട്. റെഡ് ലാന്‍ഡ് റോട്ടറി ഇന്റര്‍നാഷണലിന്റെ പ്രോഗ്രാം ചെയര്‍മാന്‍ ആയിരുന്നു. സൗത്ത് ഏഷ്യന്‍ ജേര്‍ണലിസ്റ്റ് അസോസിയേഷന്‍ ഓഫ് അമേരിക്കയിലും, അമേരിക്കന്‍ ഫോറിന്‍ പ്രസ് അസോസിയേഷനിലും, ലോസ് ആഞ്ചലസ് പ്രസ് ക്ലബിലും അംഗമാണ്.

ബഹുമുഖ പ്രതിഭയും അമേരിക്കന്‍ മലയാളി സമൂഹം അംഗീകരിക്കുന്ന  റോയ് ജോര്‍ജ് മണ്ണിക്കരോട്ട് ശ്രദ്ധേയനായ സംഘാടകനും, കൂട്ടായ പ്രവര്‍ത്തനങ്ങളില്‍ ഒപ്പംനിന്ന് പ്രവര്‍ത്തിക്കുവാന്‍ കഴിവുമുള്ള വ്യക്തിയാണ്. ഇപ്പോള്‍ കാലിഫോര്‍ണിയ റീജണല്‍ വൈസ് പ്രസിഡന്റായി സേവനം അനുഷ്ഠിക്കുന്നു.

 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക