
അനധികൃത സോമാലിയൻ കുടിയേറ്റക്കാരെ തിരഞ്ഞു നൂറിലേറെ ഐസ് ഏജന്റുമാരെ ട്രംപ് ഭരണകൂടം ബുധനാഴ്ച്ച മിനിയപൊളിസിൽ ഇറക്കി. നഗരത്തിലുള്ള അഞ്ഞൂറോളം സോമാലിയക്കാരെയാണ് ലക്‌ഷ്യം വയ്ക്കുന്നത്.
കിഴക്കൻ ആഫ്രിക്കൻ രാജ്യത്തു നിന്നുള്ള ഏതാണ്ട് 80,000 പേർ നഗരത്തിൽ ജീവിക്കുന്നു എന്നാണ് കണക്ക്. അവരെയും മിനസോട്ടയുടെ ഡെമോക്രാറ്റിക് കോൺഗ്രസ് അംഗം റെപ്. ഇല്ഹാൻ ഒമറിനെയും 'മാലിന്യം' എന്നാണ് പ്രസിഡൻറ് ട്രംപ് കഴിഞ്ഞ ദിവസം വിശേഷിപ്പിച്ചത്.
മിനസോട്ട നികുതിദായകർക്കു $1 ബില്യൺ നഷ്ടം വരുത്തിയ തട്ടിപ്പിൽ സോമാലിയക്കാരാണ് പ്രതികളെന്നു ഭരണകൂടം പറയുന്നു. ഡെമോക്രാറ്റിക് ഗവർണറായ 2024 വൈസ് പ്രസിഡന്റ് സ്ഥാനാർഥി മൈക്ക് വാൾസ് അറിഞ്ഞു കൊണ്ടു നടന്ന തട്ടിപ്പാണിതെന്ന് റിപ്പബ്ലിക്കൻ പാർട്ടി ആരോപിക്കുന്നുമുണ്ട്.
"സോമാലിയക്കാരെ ഈ രാജ്യത്തു വേണ്ട, അവർ നാറുന്നു" എന്നാണ് ചൊവ്വാഴ്ച്ച ക്യാബിനറ്റ് യോഗത്തിൽ ട്രംപ് പറഞ്ഞത്.
മിനസോട്ടയിൽ വിസയുള്ളവരിൽ പകുതിപ്പേർ ഇമിഗ്രെഷൻ തട്ടിപ്പു നടത്തുന്നുവെന്നു ഹോംലാൻഡ് സെക്യൂരിറ്റി സെക്രട്ടറി ക്രിസ്റ്റി നോയം ക്യാബിനറ്റ് യോഗത്തിൽ പറഞ്ഞതായി റിപോർട്ടുണ്ട്. വാൾസ് 'ഇഡിയറ്റ്' ആണെന്നും അവർ പറഞ്ഞു.
ഐസ് ഏജന്റുമാർ ആരംഭിച്ച തിരച്ചിൽ 'തട്ടിക്കൊണ്ടുപോകൽ' ആണെന്നു മിനിയപോളിസ് അധികൃതർ ആരോപിച്ചു. ഐസ് ഏജന്റുമാർ 'തട്ടിക്കൊണ്ടുപോകൽ' നടത്തുന്നതു കണ്ടാൽ 911 വിളിക്കണമെന്നു പോലീസ് ചീഫ് ബ്രയാൻ ഓ' ഹറ പറഞ്ഞു.
"ഐസ് ഞങ്ങളുടെ അയാൾ വീടുകളിലും തെരുവുകളിലും നിന്നു ആളുകളെ പിടിച്ചു കൊണ്ടു പോകുന്നു," മേയർ സ്ഥാനാർഥി ആയിരുന്ന ഒമർ ഫത്തേ പറഞ്ഞു.
"ഇതൊരു അപലപനീയമായ പി ആർ സ്റ്റണ്ട് ആണ്," ഗവർണർ വാൾസ് പറഞ്ഞു. "വിവേചനം ഇല്ലാതെ അമേരിക്കക്കാരെ ലക്‌ഷ്യം വയ്ക്കുകയാണ്."
ഒരു പ്രത്യേക സമുദായത്തെയും ലക്‌ഷ്യം വയ്ക്കുന്നില്ലന്നു ഹോംലാൻഡ് സെക്യൂരിറ്റി വകുപ്പ് വ്യക്തമാക്കി.
ന്യൂ ഓർലിയൻസിലും ഐസ് ഏജന്റുമാരുടെ എണ്ണം വർധിപ്പിച്ചു റെയ്ഡുകൾ ഊർജിതമാക്കി. എഫ് ബി ഐയും കൂടെയുണ്ട്. 250 അതിർത്തി സേനാംഗങ്ങളെ വിന്യസിച്ചു 5,000 പേരെ അറസ്റ്റ് ചെയ്യാനാണ് ലക്‌ഷ്യം.
ICE raids target Somalians in Minneapolis