Image

തൊഴില്‍ ക്ഷാമം: എഴുപതിനായിരത്തോളം ജീവനക്കാര്‍ക്ക് വി.ആര്‍.എസ് നല്‍കാന്‍ കാനഡ

Published on 04 December, 2025
തൊഴില്‍ ക്ഷാമം: എഴുപതിനായിരത്തോളം ജീവനക്കാര്‍ക്ക് വി.ആര്‍.എസ് നല്‍കാന്‍ കാനഡ

ഓട്ടവ: തൊഴില്‍ ക്ഷാമവും, പൊതുമേഖലാ ജോലികള്‍ കുറയ്ക്കാനും ലക്ഷ്യമിട്ട്‌  70,000 ജീവനക്കാർക്ക് നേരത്തെ വിരമിക്കൽ കത്തയച്ച് ഫെഡറൽ സർക്കാർ. പദ്ധതിക്ക് യോഗ്യരായ അറുപതിനായിരത്തോളം പൊതുമേഖലാ ജീവനക്കാർക്കാണ് കത്തുകൾ അയച്ചിരിക്കുന്നത്. ഏറ്റവും ഉയർന്ന മൂന്നുലക്ഷത്തോളം തസ്തികകളിൽ നിന്ന് 40,000 ജോലികൾ വെട്ടിക്കുറയ്ക്കാൻ ലക്ഷ്യമിട്ടാണ് ഈ നീക്കം. കഴിഞ്ഞ ഒരു വർഷത്തിനിടെ മാത്രം ഏകദേശം 10,000 ജോലികൾ ഒഴിവാക്കപ്പെട്ടിരുന്നു.

പെൻഷൻ പെനാൽറ്റികൾ ഇല്ലാതെ നേരത്തെ വിരമിക്കാൻ അവസരം നൽകുന്ന ഈ പദ്ധതി യുവ തൊഴിലാളികളെ പിരിച്ചു വിടുന്നത് ഒഴിവാക്കി സ്വാഭാവിക ഒഴിവുകൾ വർദ്ധിപ്പിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. അവശ്യ സേവനങ്ങൾ ഉറപ്പാക്കുന്നതിനായി, അപേക്ഷിക്കുന്ന എല്ലാവർക്കും അംഗീകാരം ലഭിക്കണമെന്നില്ല. നിയമനിർമ്മാണത്തിന് ശേഷം 2026 ജനുവരി 15-നോ അതിനു ശേഷമോ ആയിരിക്കും പദ്ധതി പ്രാബല്യത്തിൽ വരുന്നത്.

ഈ നീക്കത്തിനെതിരെ തൊഴിലാളി യൂണിയനുകൾ ആശങ്ക അറിയിച്ചിട്ടുണ്ട്. രാജ്യത്തെ ഉയർന്ന ജീവിതച്ചെലവ് കാരണം കുറഞ്ഞ അംഗങ്ങൾ മാത്രമേ പദ്ധതിയിൽ ചേരാൻ സാധ്യതയുള്ളൂ എന്നാണ് പബ്ലിക് സർവീസ് അലയൻസ് ഓഫ് കാനഡ (PSAC) ദേശീയ പ്രസിഡൻ്റ് ഷാരോൺ ഡിസൂസയുടെ അഭിപ്രായം. നേരത്തെ വിരമിക്കുന്നതിലൂടെ സേവന ആനുകൂല്യ തുക നഷ്ടപ്പെടുത്താൻ ഇത് ഇടയാക്കിയേക്കും. യൂണിയനുമായി ചർച്ച ചെയ്യാതെ ഇത്തരം പദ്ധതികൾ നടപ്പിലാക്കരുത് എന്നും, ജീവനക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കാൻ ശക്തമായി നിലകൊള്ളുമെന്നും യൂണിയൻ മുന്നറിയിപ്പ് നൽകി.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക