
$1,000 നവജാത ശിശു ബോണസും $250 പ്രാരംഭ നിക്ഷേപവും ഉൾപ്പെടുത്തി മഹത്തായ സമ്പാദ്യപദ്ധതി
വാഷിംഗ്ടൺ: അമേരിക്കയിലെ 25 മില്ല്യൺ കുട്ടികൾക്ക് ഭാവി സമ്പാദ്യത്തിനു വഴിയൊരുക്കുന്ന ‘ട്രംപ് അക്കൗണ്ട്സ്’ എന്ന ദേശീയ പദ്ധതിക്ക് ചരിത്രപരമായ തുടക്കം. ഡെൽ ടെക്‌നോളജിസ് സിഇഒ മൈക്കിള്‍ ഡെല്ലും പത്നി സുസൻ ഡെല്ലും ചേർന്ന് ഇതിലേക്ക് 6.25 ബില്യൺ ഡോളർ സംഭാവന ചെയ്യുന്നതായി ചൊവ്വാഴ്ച പ്രഖ്യാപിച്ചു. ഈ ഫണ്ട് 25 മില്ല്യൺ കുട്ടികളുടെ ട്രംപ് അക്കൗണ്ട്സിൽ എത്തും. ഓരോരുത്തർക്കും $250 വീതം നിക്ഷേപിക്കാൻ ഈ തുക പര്യാപ്തമാണ്.
2025 ജൂലൈ 4-ന് നിയമമായി ഒപ്പുവെച്ചിരുന്നെങ്കിലും പദ്ധതി 2026 ജൂലൈ 4-നാണ് യുഎസ് ട്രഷറി ഇത് ലോഞ്ച് ചെയ്യുക എന്നാണ് വിവരം. ലോകത്തെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥയിൽ പോലും കോടിക്കണക്കിന് കുട്ടികൾക്ക് സമ്പാദ്യത്തിന് ഒരു ശരിയായ തുടക്കം ഇല്ല എന്നും അത് മാറ്റാൻ കഴിയുമെന്നാണ് തങ്ങളുടെ വിശ്വാസം എന്നും മൈക്കിൾ ഡെൽ വ്യക്തമാക്കി.
എന്താണ് ട്രംപ് അക്കൗണ്ട്സ് ?
2026-ൽ ആരംഭിക്കുന്ന ഈ സർക്കാർ പദ്ധതി പ്രകാരം രാജ്യത്തെ കുട്ടികൾക്കായി കുറഞ്ഞ ചെലവുള്ള സൂചിക-നിക്ഷേപ ഫണ്ടുകളിൽ പണം നിക്ഷേപിക്കുന്ന വ്യക്തിഗത ഇൻവെസ്റ്റ്‌മെന്റ് അക്കൗണ്ടുകളാണിത്. ഇവയുടെ വളർച്ച വിപണി സൂചികകളുടെ വരുമാനത്തെ പിന്തുടരും.
$1,000 നവജാത ശിശു ബോണസ്
2025 ജനുവരി 1 മുതൽ 2028 ഡിസംബർ 31 വരെ ജനിക്കുന്ന എല്ലാ കുട്ടികളുടെ ട്രംപ് അക്കൗണ്ടിലേക്ക് സർക്കാർ $1,000 നിക്ഷേപിക്കും.
ഈ പണം നിർബന്ധമായും വിപണി സൂചികകളെ പിന്തുടരുന്ന ഇൻഡെക്സ് ഫണ്ടുകളിൽ നിക്ഷേപിക്കണം.
രക്ഷിതാക്കൾ, മാതാപിതാക്കൾ, ബന്ധുക്കൾ, സുഹൃത്തുകൾ തുടങ്ങി തൊഴിലുടമകൾക്ക് വരെ ട്രംപ് അക്കൗണ്ട്സിലേക്ക് പണം സംഭാവന ചെയ്യാം. ഓരോ അക്കൗണ്ടിലേക്കുമുള്ള പരമാവധി വാർഷിക സംഭാവന: $5,000. സീഡ് ഡെപ്പോസിറ്റായി ഗവണ്മെന്റ് നൽകുന്ന 1000 ഡോളറിന് പുറമെയാണിത്. ഫിലാന്ത്രോപ്പിസ്റ്റുകൾക്കും ചാരിറ്റി സ്ഥാപനങ്ങൾക്കും പരിധിയില്ലാത്ത സംഭാവന ചെയ്യാം.
ഡെൽ ദമ്പതികളുടെ 6.25 ബില്യൺ ഡോളർ സംഭാവന കുടുംബവരുമാനം $150,000 ൽ താഴെയുള്ള ZIP കോഡുകളിലെ കുട്ടികൾക്കാണ് ആദ്യം ലഭിക്കുക.
എപ്പോൾ പണം പിൻവലിക്കാം?
കുട്ടികൾ 18 വയസാകുമ്പോൾ ചുവടെയുള്ള ആവശ്യങ്ങൾക്ക് പണം ഉപയോഗിക്കാം:
ഉയർന്ന വിദ്യാഭ്യാസം
ആദ്യ വീടുവാങ്ങൽ
ബിസിനസ് ആരംഭിക്കൽ
അനധികൃത ഉപയോഗത്തിനായി പണം പിൻവലിച്ചാൽ വലിയ നികുതി പിഴകൾ ബാധകമാകും.
18-ാം വയസിൽ കൈവശമാകുന്ന തുക: $303,800?
വൈറ്റ് ഹൗസിലെ കൗൺസിൽ ഓഫ് എക്കണോമിക് അഡ്വൈസർസ് (സിഇഎ) നടത്തിയ കണക്കുകൂട്ടലുകൾ പ്രകാരം പരമാവധി സംഭാവന തുടർച്ചയായി 18 വർഷം ലഭിക്കുന്ന ഒരു കുട്ടിയുടെ അക്കൗണ്ടിൽ ശരാശരി $303,800 വരെ പണം ഉണ്ടാകും. ഇത് അമേരിക്കൻ സ്റ്റോക്ക് മാർക്കറ്റിന്റെ ശരാശരി വരുമാനത്തെ അടിസ്ഥാനമാക്കിയുള്ള കണക്ക് തന്നെയാണ്.
മില്ല്യൺ കണക്കിന് കുട്ടികൾക്ക് സമ്പാദ്യത്തിൽ ഒരു മുൻതൂക്കം നൽകി അവരുടെ ജീവിതത്തിൽ പരിവർത്തനാത്മക മാറ്റങ്ങൾ സൃഷ്ടിക്കുകയാണ് ലക്ഷ്യമെന്ന് മൈക്കിള്‍ ഡെൽ വ്യക്തമാക്കി.
തദ്ദേശ ഭരണ ഏജൻസികളിൽ നിന്ന് കോർപ്പറേറ്റ് സ്ഥാപനങ്ങളിൽ വരെ സംഭാവന അനുവദിക്കുന്ന ഈ പദ്ധതി അടുത്ത വർഷങ്ങളിൽ അമേരിക്കയിലെ ഏറ്റവും വലിയ ബാലസമ്പാദ്യ-പദ്ധതിയായി ഉയരുമെന്നത് ഉറപ്പാണ്.