
പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍-ജീത്തു ജോസഫ് ചിത്രം ദൃശ്യം-3 ചിത്രീകരണം പൂര്‍ത്തിയായി. സിനിമയുടെ അവസാന സീന്‍ ചിത്രീകരിച്ചതിനു ശേഷമുള്ള ലൊക്കേഷന്‍ വീഡിയോ പങ്കു വച്ചായിരുന്നു ടീമിന്റെ അറിയിപ്പ്. ഷോട്ട് ഓകെ ആണെന്നു പറയുമ്പോഴുള്ള ലാലിന്റെ ഭാവപ്രകടനം ഇതിനകം വൈറലായിരുന്നു.
ആന്റണി പെരുമ്പാവൂരിനെയും ജീത്തു ജോസഫിനെയും കെട്ടിപ്പിടിച്ച് മോഹന്‍ലാല്‍ സന്തോഷം പങ്കിടുന്നതും വീഡിയോയില്‍ കാണാം. കേക്ക് മുറിച്ച് പായ്ക്കപ്പ് സെറ്റില്‍ ഒരാഘോഷമാക്കി മാറ്റാനും അണിയറ പ്രവര്‍ത്തകര്‍ തയ്യാരായി. സിദ്ദിഖ്, ഗണേഷ് കുമാര്‍, ശാന്തി മായാദേവി എന്നിവരും ഒപ്പമുണ്ടായിരുന്നു. ഐജി തോമസ് ബാസ്റ്റിന്റെ ഗെറ്റപ്പില്‍ മുരളി ഗോപിയേയും #കാണാം. ഒക്‌ടോബര്‍ അവസാനം ചിത്രീകരണം ആരംഭിച്ച സിനിമ വെറും ഒരുമാസം കൊണ്ടാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്. തൊടുപുഴ, വാഗമണ്‍ എന്നിവിടങ്ങളാണ് പ്രധാന ലോക്കേഷന്‍.
സിനിമയുടെആദ്യ രണ്ടു ഭാഗങ്ങളും സൂപ്പര്‍ ഹിറ്റായിരുന്നു. 2013 ഡിസംബര്‍ 19-ന് പുറത്തിറങ്ങിയ ചിത്രം മലയാളത്തിലെ ആദ്യ 50 കോടി ചിത്രമായിരുന്നു. തുടര്‍ന്ന് തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലേക്കും തുടര്‍ന്ന് ചൈനീസ് ഭാഷയിലേക്കും ചിത്രം റീമേക്ക് ചെയ്തിരുന്നു.
2021 ഫെബ്രുവരി 19നാണ് ദൃശ്യം രണ്ടാം ഭാഗം പുറത്തിറങ്ങുന്നത്. ആമസോണ്‍ പ്രൈമിലൂടെ ഒടിടി റിലീസായിട്ടാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തിയത്. മൂന്നാം ഭാഗത്തിന്റെ തിയേറ്റര്‍-ഡിജിറ്റല്‍ റൈറ്റ്‌സ്നേരത്തേ തന്നെ വിറ്റുപോയി. ഇതുവരെ 100 കോടിക്ക് മുകളില്‍ ബിസിനസ് നടന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.