Image

നടക്കാനിറങ്ങിയ കവിത - മലയാളം സൊസൈറ്റിയുടെ സൂം മീറ്റിങ്ങിൽ 'നമ്പിമഠം കവിതകൾ'

Published on 03 December, 2025
നടക്കാനിറങ്ങിയ കവിത - മലയാളം സൊസൈറ്റിയുടെ സൂം മീറ്റിങ്ങിൽ 'നമ്പിമഠം കവിതകൾ'

മലയാളം സൊസൈറ്റി ഓഫ് അമേരിക്കയുടെ  (ഹ്യുസ്റ്റൺ) 2025 നവംബർ മാസ സൂം മീറ്റിംഗ് മുപ്പതാം തിയതി വൈകിട്ട് നാലുമണിക്ക് നടത്തപ്പെട്ടു. പ്രസിഡണ്ട് മണ്ണിക്കരോട്ടിന്റെ അഭാവത്തിലും ,  ഇന്റർനെറ്റിലുണ്ടായ   സാങ്കതിക തടസ്സം മൂലം വൈസ്പ്രസിഡന്റ് ശ്രീമതി പൊന്നുപിള്ളയുടെ അഭാവത്തിലും . മലയാളം സൊസൈറ്റി സെക്രട്ടറി ജോർജ് പുത്തൻകുരിശ് ഏവരെയും മീറ്റിങ്ങിലേക്ക് സ്വാഗതം ചെയ്യുതു .  അമേരിക്കൻ മലയാളികൾക്ക്  സുപരിചിതനും, കവിയും, സാഹിത്യകാരനുമായ ജോസഫ് നമ്പിമഠത്തിന്റ നടക്കാനിറങ്ങിയ കവിതയായിരുന്നു വിഷയം. സുകുമാർ അഴിക്കോടിന്റ തത്വമസി അവാർഡിന് അർഹമായ 'നമ്പിമഠം കവിതകൾ' എന്ന കവിതാ  സമാഹാരത്തിലെ ആദ്യകവിതയായാണ് നടക്കാനിറങ്ങിയ കവിത.    സാഹിത്യകാരനും സൂം മാനേജരുമായ  എ. സി. ജോർജ് മോഡറേറ്ററായി മീറ്റിങ്ങിനെ നിയന്ത്രിച്ചു.

"നടക്കാനിറങ്ങിയ കവിത വായിച്ച ശേഷം ഒരു നോവലിനുള്ള ഇതിവൃത്തം അതിലുണ്ട് എന്നാൽ ഇത് ഒരു നോവലല്ല, ഇത് ഒരു കഥയല്ല കവിതയുമല്ല എന്നൊക്കെ തോന്നിയാൽ ഞാൻ കൃതാർഥനായി. കാരണം അത് തന്നെയാണ് ഞാൻ പ്രതീക്ഷിച്ചതും. രൂപ, ഭാവ, ഭാഷ, ഘടനാ സങ്കൽപ്പങ്ങളുടെ കുറ്റിയിൽ കെട്ടാത്ത ഒരു രചനശ്രമം. 'കവിത നിറഞ്ഞ ഗദ്യം,  ഗദ്യമല്ല പദ്യം തന്നെയാണ്' എന്ന് പ്രശസ്ത എഴുത്തുകാരൻ സക്കറിയ പറഞ്ഞതും ഇവിടെ സ്മരിക്കുന്നു നടക്കാനിറങ്ങിയത് കവിതയാണോ അയാളാണോ എന്ന് സംശയിക്കുന്നവരോട് അയാൾ തന്നെ കവിത, കവിത തന്നെ അയാൾ. സയാമീസ് ഇരട്ടകൾ പോലെയോ സരൂപ ഇരട്ടകൾ പോലെയോ ഉള്ള ബന്ധമാണ് അവർക്കുള്ളത്"  എന്ന ആമുഖത്തോടെയാണ് നമ്പിമഠം തന്റെ കവിത അവതരിപ്പിച്ചത്.

' പേരില്ല ഗ്രാമത്തിൽ 
ആളില്ല ഗ്രാമത്തിൽ 
അനേക കാലത്തെ വിദേശ വാസത്തിനു ശേഷം 
ജനിച്ച ഗ്രാമത്തിലൂടെ അയാൾ നടക്കാനിറങ്ങി 
ഓർമ്മകളിൽ ജീവിക്കുന്ന മനുഷ്യരുടെ മായാ കാഴച്ചകളിലൂടെ 
നിശബ്ദ മിഷൽ രൂപങ്ങളുടെ നെടുവീർപ്പുകളിലൂടെ 
കൊമാലയിലെത്തിയ വാൻ പ്രസിയാദോയെപ്പോലെ' ,

എന്ന് തുടങ്ങുന്ന കവിതയിലൂടെ അദ്ദേഹം    ശ്രോതാക്കളായി അവിടെ കൂടിയിരുന്നവരിൽ ഗതകാല സമരണകൾ ഉണർത്തിയെങ്കിൽ അതിൽ അത്ഭുതപ്പെടാനില്ല. കാരണം ഇത് ഒരു ദേശത്തിന്റെ കഥയോ കവിതയോ അല്ല , നാടിൻറെ കഥയോ കവിതയോ അല്ല.  ലോകം എമ്പാടുമുള്ള കൊച്ചു കൊച്ചു ഗ്രാമങ്ങളുടെ ഒരു കാലഘട്ടത്തിന്റ കഥയോ കവിതയോ ആണ്.  വില്യം വേർഡ്സ്വർത്ത് പറഞ്ഞതുപോലെ, "കവിത എന്ന് പറയുന്നത് ഊർജ്ജിതമായ വൈകാരികനുഭവങ്ങളുടെ തുളുമ്പലാണ്. അതിന്റെ സ്രോതസ്സ് എന്ന് പറയുന്നത് പ്രശാന്തതയിൽ ഓർമ്മിച്ചെടുക്കുന്ന വൈകാരികാനുഭങ്ങളാണ്.' നമ്പിമഠത്തിന്റെ നടക്കാനിറങ്ങിയ കവിതയിൽ/കഥയിൽ ഉടനീളം  ഈ വൈകാരിക അനുഭവങ്ങളുടെ, ഓർമ്മിച്ചെടുക്കലിന്റെ  ആവിഷ്കരണം കാണാനും കേൾക്കാനും കഴിയും.


പ്രൊഫ. ഫിലിപ്പ് കല്ലട, കാലിഫോർണിയ, രാജു തോമസ്, ന്യു യോർക്ക്, സുരേന്ദ്രൻ നായർ, ഡോ. ജോസഫ് പോന്നോലി, കേരളം , ടി. എൻ. സമുവെൽ, ജോസഫ് തച്ചാറ, ശശി പിള്ള, തോമസ് കളത്തൂർ, എ. സി. ജോർജ്, പൊന്നുപിള്ള, ജോർജ് പുത്തൻകുരിശ്,  ജോസഫ് നമ്പിമഠം എന്നിവർ തുടർന്നുള്ള ചർച്ചയിൽ പങ്കെടുത്തു. ചർച്ചക്ക് ശേഷം കവിതയെക്കുറിച്ചുള്ള ചോദ്യങ്ങൾക് നമ്പിമഠം മറുപടി നൽകി. വൈസ് പ്രസിഡണ്ടിന് വേണ്ടി സെക്രട്ടറി ജോർജ് പുത്തൻകുരിശ് കവിത അവതരിപ്പിച്ച നമ്പിമഠം, മീറ്റിങ്ങിൽ പങ്കെടുത്തവർ, മോഡറേറ്ററും സൂം മാനേജരുമായ എ. സി ജോർജ് എന്നിവർക്ക്  നന്ദി രേഖപ്പെടുത്തി. മീറ്റിംഗ് വൈകിട്ട് ആറുമണിക്ക് സമീപിച്ചു. (ന്യുസ് ജിപി)

https://www.youtube.com/watch?v=1w6L_JeezPs&t=2s

നടക്കാനിറങ്ങിയ കവിത - മലയാളം സൊസൈറ്റിയുടെ സൂം മീറ്റിങ്ങിൽ 'നമ്പിമഠം കവിതകൾ'
Join WhatsApp News
Tom Jose Fathimapuram 2025-12-04 03:35:09
സാഹിത്യഭാഷ മീറ്റിങ്ങുകളിലെ വാർത്തയും വീഡിയോയും ഒക്കെ ഞാൻ കാണാറുണ്ട്. ഈ നടക്കാൻ ഇറങ്ങിയ കവിതയും ആയിട്ട് സാറ് നടപ്പ് തുടങ്ങിയിട്ട് കുറെ കാലമായല്ലോ. സംഗതി കുഴപ്പമില്ല. പക്ഷേ അധികമായാൽ അമൃതും വിഷം. വീഡിയോ കണ്ടു. അവിടെ സൊസൈറ്റിയിൽ സാധാരണഗതിയിൽ അവതാരകൻ 20- 25 മിനിറ്റ് ആണ് എടുക്കുന്നത് എന്ന് ഞാൻ പഴയ വാർത്തകളിൽ നിന്നും പഴയ വീഡിയോകളിൽ നിന്നും മനസ്സിലാക്കി. എന്നാൽ ഇവിടെ താങ്കൾ ഒരു മണിക്കൂറുകളോളം ആമുഖവും കവിത വായനയും ഒക്കെയായി എടുത്തിരിക്കുന്നു മനുഷ്യരെ ബോറടിപ്പിച്ചിരിക്കുന്നു. എന്നിട്ടും എല്ലാവരും ചൊറിഞ്ഞു ചൊറിഞ്ഞ് കൃതിയെ പൊക്കിയിരിക്കുന്നു. ആ പൊക്കൽ ആണല്ലോ ഇപ്പോഴത്തെ ഒരു ട്രെൻഡ്. ചിക്കാഗോയിൽ ഒരു സാഹിത്യ വേദി എന്നുള്ളതു ഉണ്ടല്ലോ അവിടെ നാട്ടിൽ നിന്ന് ആരെയെങ്കിലും ഒക്കെ, Zoom മീറ്റിങ്ങിൽ കയറ്റി, അവരെക്കൊണ്ട് ദീർഘമായ യാതൊരു അർത്ഥവും ഇല്ലാത്ത ബോറടി പ്രസംഗങ്ങൾ നടത്തി കേൾക്കുന്നവരെ ബോറടിപ്പിക്കുന്ന ഒരു പതിവ് ഉണ്ടല്ലോ. അതും ഇവിടെ ഏതാണ്ട് കോപ്പിയടിച്ച മാതിരി ഇപ്രാവശ്യത്തെ മീറ്റിംഗ് കണ്ടപ്പോൾ തോന്നി. . ഏതാണെങ്കിലും മലയാളം സൊസൈറ്റിയുടെ പഴയ പാരമ്പര്യം കളയാതെ സൂക്ഷിക്കുക. പിന്നെ മലയാളം സൊസൈറ്റി പാവപ്പെട്ട നിങ്ങളുടെ പ്രസിഡന്റിന്റെ രോഗാവസ്ഥ മനസ്സിലാക്കി അദ്ദേഹത്തെ ബുദ്ധിമുട്ടിക്കാതെ അദ്ദേഹത്തിന് ഒരു വെക്കേഷൻ കൊടുക്കുക. പിന്നെ സൊസൈറ്റിയുടെ ലൈബ്രറിയുടെ കാര്യം എന്തായി. ലൈബ്രറി തുറന്നു പ്രവർത്തനം ആരംഭിച്ചു എന്ന് കരുതുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക