
വീട്ടിൽ പോയി മടങ്ങുമ്ന്ന വഴി നീളെ അമ്മയെ കുറിച്ചായിരുന്നു ചിന്ത! എത്രയൊക്കെ അടുപ്പമുണ്ട് എന്നു പറഞ്ഞാലും ചിലപ്പോൾ അമ്മയുടെ ചില വർത്തമാനങ്ങളും പെരുമാറ്റവും വിചിത്രമായി തോന്നുന്നത് ഇതാദ്യമായിട്ടല്ല എന്നാലും ഇന്നത്തെ സംഭാഷണം തെല്ലൊന്നുമല്ല അത്ഭുതപ്പെടുത്തിയത്! അടുത്ത മാസം അവസാനം വരാൻ പോകുന്ന അമ്മയുടെ ഷഷ്ഠിപൂർത്തി ഗംഭീരമാക്കണമെന്ന് ഏട്ടൻമാർക്ക് നിർബന്ധം. എല്ലാവരുടെയും പിറന്നാൾ അമ്മ ഓർത്തിരുന്ന് ആഘോഷമാക്കുമ്പോൾ അമ്മയുടെ പിറന്നാൾ ആരുമറിയാതെ കടന്നു പോവാറാണ് പതിവ്. ആരോടും ഒന്നും ആവശ്യപ്പെടാറില്ല സ്ഥിരമായി ഉപയോഗിക്കുന്ന സാരിം വേഷ്ടിം ചെരുപ്പും മററുമല്ലാതെ മറ്റൊന്നിനോടും ആഗ്രഹമുള്ളതായി' തോന്നിയിട്ടും ഇല്ല അതുകൊണ്ടുതന്നെയാണ് ഷഷ്ഠിപൂർത്തിയ്ക്ക് എന്തെങ്കിലും കാര്യപ്പെട്ട സമ്മാനം തന്നെ കൊടുക്കണമെന്ന് ഞങ്ങൾ തീരുമാനിച്ചത്. അമ്മയുടെ ഇഷ്ടം ചോദിച്ചു മനസ്സിലാക്കാനുള്ള ദൗത്യം ഏട്ടൻമാർ രണ്ടു പേരും കൂടി എന്നെ ഏൽപ്പിച്ചിരിയ്ക്കുകയല്ലേ! പടികയറി ചെല്ലുമ്പോൾ അമ്മ തൊടിയിൽ ചെടികളെ ശുശ്രൂഷിക്കുന്ന തിരക്കിലാണ് ഗേറ്റ് തുറക്കുന്ന ശബ്ദം കേട്ട് ഓടി വന്നപ്പോൾ മുഖത്ത് അത്ഭുതവും ആശങ്കയും! "എന്താ മോളേ പെട്ടെന്ന് ഒന്നു വിളിച്ചു പറയ പോലും ചെയ്യാതെ ? എന്തേ ഒറ്റയ്ക്കു പോന്നത് കുട്ട്യോളെ കൂട്ടാണ്ട്? "ഒന്നുംല്യമ്മേ ഇയ്ക്ക് വരണംന്ന് തോന്നി കിട്ടിയ ബസ്സിൽ കേറി ഇങ്ങട്ട് പോന്നു കുട്ടോൾക്ക്ന്ന് സ്കൂളുണ്ട്, ഏട്ടൻ ഓഫീസിലേക്കിറങ്ങുന്നേൻ്റൊപ്പം ഞാനും ഇങ്ങട്ടിറങ്ങി" "കൂട്ടാനൊന്നും കാര്യായിട്ട് വെച്ചിട്ടില്ലല്ലോ' "അതിനിപ്പോ ന്താ ,എൻ്റെ കയ്യ് കൊണ്ട് വെച്ചതല്ലാതെ എന്ത് കിട്ട്യാലും യ്ക്ക് ഇഷ്ടാ , തൽക്കാലം ഇത്തിരി മുരിങ്ങ കൂട്ടാൻ മതി പിന്നെ അച്ചാറൊക്കെ സ്റ്റോക്കില്ലേ , അതൊക്കെ ധാരാളം! കുട്ട്യോൾടെ സ്കൂൾ വിടുന്നതിനു മുമ്പ് തിരിച്ചെത്തേം വേണം." "പിന്നെന്തിനാ കുട്ട്യേ ഇത്ര തിരക്കിട്ട് പോന്നേ? പ്രശ്നം എന്തേലും ഉണ്ടോ?:"' "ഒരു പ്രശ്നോം ഇല്ലമ്മേ ഏട്ടൻമാര് ഒരു കാര്യം ചോദിയ്ക്കാൻ ഏല്പിച്ചതാ ഷഷ്ടിപൂർത്തിയായിട്ട് അമ്മയ്ക്ക് എന്താണ് വേണ്ടത്? സർപ്രൈസുകൾ അമ്മക്ക് ഒട്ടുംഇഷ്ടമല്ല എന്നറിയാം അതാണ്ടാ നേരിട്ട്ചോദിയ്ക്കണത് എന്താച്ചാ പറഞ്ഞോളൂ കാഞ്ചീപുരം പട്ട്, തുളസി മാല, സ്വർണ്ണം കെട്ടിയ രുദ്രാക്ഷം, സ്വർണ്ണ ഫ്രെയിം ഉള്ള കണ്ണട, അല്ലെങ്കിൽ എല്ലാരും കൂടി ഒരു യാത്ര, ഊട്ടി, കൊടൈക്കനാൽ, കാശി രാമേശ്വരം …? "അയ്യോ എനിയ്ക്കായിട്ട് ഒന്നും വാങ്ങരുത് എന്ന് എത്ര വട്ടം പറയും? അലമാര നിറച്ച് വേഷ്ടിം സാരിം അടുക്കി വെച്ചിരിക്ക്ണു, അതൊക്കെ ഉടുത്തു തീരാൻ തന്നെ സമയണ്ടോ ഇനി? എപ്പോഴാ എന്താന്നാരു കണ്ടു? പിന്നെ സ്വർണ്ണത്തിനോടൊന്നും തീരെ ആശയില്ലപ്പോ പണ്ടത്തെപ്പോലെ പാത്രങ്ങള് വാങ്ങി കൂട്ടണ പ്രാന്തുമില്ല, എടുത്തു പെരുമാറാൻ ആളോളില്ലാതെ ഒക്കെ അവടേം ഇവടേം പൊടി പിടിച്ചു കിടക്കുണു. പിന്നെ യാത്ര ചെയ്യാനുള്ള ആഗ്രഹോം ആരോഗ്യോം ഒന്നൂല്ല “ " അങ്ങനെ ഒന്നും പറഞ്ഞ് ഒഴിയാൻ നോക്കണ്ട, അമ്മയ്ക്കെന്ത് ആഗ്രഹമുണ്ടെങ്കിലും മടിയ്ക്കാതെ പറയൂ കേൾക്കാതെ ഞാൻ പോവില്ല അളിയൻമാര് പിരി കേറ്റി കേറ്റിട്ടിപ്പോ കുട്ട്യോൾടച്ഛനും നല്ല ആവേശത്തിലാതീരുമാനം ആവാതെ ചെന്നാൽ ന്നെ തിരിച്ച് ഇങ്ങോട്ടു തന്നെ പറഞ്ഞയക്കു ന്നാണ് മൂപ്പര് പറഞ്ഞത്. സമയം എടുത്ത് ആലോചിച്ചോളൂ' മുരിങ്ങ മരത്തിലെ കുറച്ച് തളിരില ഒടിച്ച് ഊരിക്കൊടുത്ത്, അമ്മ കൂട്ടാൻ വെയ്ക്കണ നേരത്ത് തൊടിയിലൂടെ വെറുതെ നടന്നു. പഴുത്തു വീണ പുളിമാങ്ങ പെറുക്കി , മൂത്തപേരക്ക കുറച്ചെണ്ണം പറിച്ചെടുത്ത്, നിറം മാറിത്തുടങ്ങിയ ഞാലിപ്പൂവൻ കുലയിൽ നിന്നൊരു ചീർപ്പും ഇരിഞ്ഞെടുത്ത് വന്നപ്പോഴക്കും ഊണു റെഡി. ഊണ് കഴിച്ച് കാവിയിട്ട നിലത്തിൻ്റെ തണുപ്പറിഞ്ഞ് ആ മടിയിൽ തലവെച്ചിത്തിരി കിടന്നപ്പോൾ നഗരത്തിലെ ഫ്ലാററും അവിടെ കാത്തിരിയ്ക്കുന്നവരേയുമൊക്കെ മറന്ന് പഴയ അമ്മക്കുട്ടിയായി മാറി, കുറച്ചു നേരത്തേയ്ക്കെങ്കിലും! മുടിയിഴകളിലൂടെ വിരലോടിച്ചു കൊണ്ട് അമ്മ പറഞ്ഞു "നിങ്ങളൊക്കെ സമയം കിട്ടുമ്പോ കുട്ടികളേം കൂട്ടി വരണം എല്ലാരേം ഇടക്കൊക്കെ കാണണം, അത്രേ എനിയ്ക്ക് വേണ്ടൂ അല്ലാതൊന്നും വേണ്ട" ഞാനുണ്ടോ വിടുന്നു, ഒരു പാട് നിർബന്ധിച്ചപ്പോൾ അമ്മ പതുക്കെ മനസ്സുതുറന്നു " മനസ്സിലുള്ളതൊന്നും ആരോടും പറയേണ്ടെന്നു നീരീച്ചതാ ,ങ്ങനെ നിർബന്ധം പിടിച്ചാ പിന്നെ.… നിങ്ങളെക്കൊണ്ടൊന്നും ആവൂല്ല ന്നാലും പറയാം ന്ന് മാത്രം പിന്നെ അതും പറഞ്ഞ് കളിയാക്കാനൊന്നും നിക്കരുത് ട്ടോ ൻ്റെ മുതുകൊന്നു വൃത്തിയാക്കണം ,നന്നായിട്ടൊന്നു പുറം തേച്ചു കഴുകിയ കാലം മറന്നു ,അപ്പടി ചെളിം മെഴുക്കും അടിഞ്ഞ് കറുത്തിട്ടുണ്ടാവും കാണാൻ തരമില്ലല്ലോ കുളിയ്ക്കുമ്പോൾ തേച്ചൊരച്ച് കഴുകിക്കളയണംന്ന് വെച്ചാ കയ്യെത്തില്ല, വയസ്സുകാലത്ത് വല്ല ആസ്പത്രിലോ മറ്റൊ കിടക്കേണ്ടി വന്നാൽ അവരൊക്കെ കാണില്ലേ? അതുപോലെ മരിച്ചാൽ കുളിപ്പിക്കാൻ കൂടണ പെണ്ണുങ്ങള് അടിഞ്ഞുകൂടിയ അഴുക്കിൻ്റെ കണക്കെടുക്കും " അമ്മ പറഞ്ഞു നിർത്തിയപ്പോൾ ഉള്ളൊന്നു പിടഞ്ഞു.ഒറ്റ മോളാണെന്നൊക്കെ അഹങ്കരിച്ചു നടന്നിട്ടെന്തു കാര്യം! സ്വന്തം കുടുംബത്തിന് സുഖസൗകര്യങ്ങൾ ഒരുക്കാൻ ഓടി നടക്കുമ്പോൾ അമ്മയെ കുറിച്ച് ചിന്തിക്കാൻ പോലും സമയം കണ്ടെത്താൻ മിനക്കെടാതെ... സ്വയം വെറുപ്പ് തോന്നി. അമ്മയുടെ ഇത്രയും ചെറിയൊരു ആ.ഗ്രഹം നിറവേറ്റി ക്കൊടുക്കാനാവാത്ത ഞാനെന്തൊരു മകളാണ്! "അയ്യോ അമ്മേ ന്നാ പറേണ്ടേ? ഇപ്പോ തന്നെ ആവാലോ , കുളിമുറിയിലേക്കു നടക്കൂ എവിടെ പോത്ത ? ഇല്ലെങ്കിൽ വേണ്ട ഇത്തിരി ചകിരി യെടുക്കാലോ" ഇപ്പൊ വേണ്ട കുട്ടി , നിനക്ക് ബുദ്ധിമുട്ടാവും ഇറങ്ങാൻള്ള നേരോം ആയിത്തൊടങ്ങി, നിങ്ങളൊക്കെ ചെറുപ്പക്കാരല്ലേ, പ്രായത്തിൻ്റെ മാറ്റങ്ങളൊക്കെ കണ്ടാൽ പേടിച്ചു പോവും പോരാഞ്ഞ് നിനക്ക് പണ്ടേ വല്ല്യ അറപ്പല്ലേ എല്ലാറ്റിനോടും!" "ഈ അമ്മേടെ ഒരു കാര്യം, ഞാൻ അമ്മ പെറ്റ മകളല്ലേ? പണ്ടത്തെ കുട്ടിയൊന്നുമല്ലല്ലോ രണ്ടു കുട്ട്യോളേം പെറ്റ് വളർത്ത്ണ് ല്ല്യേ, ശരി ന്നാ മടിയാണെങ്കിൽ അച്ഛനോട് പറയാർന്നില്ലേ ?"എന്തോ തമാശ കേട്ടപോലെ കുലുങ്ങിച്ചിരിച്ചു കൊണ്ട് അമ്മ "അതേ പ്പൊ നന്നായത് ,നിൻ്റെ അച്ഛനിതുവരെ പകൽ വെളിച്ചത്തിലെൻ്റെ മുഖം പോലും ശരിക്ക് കണ്ടിട്ടുണ്ടാവില്ല,എന്നിട്ടാപ്പോ പുറം തേയ്ക്കണത് !" ' "തമാശ വിടമ്മേ, വേറെന്താ വഴിന്നാലോചിയ്ക്കട്ടെ, :, വല്ല യന്ത്രവും വാങ്ങാൻ കിട്ട്വോന്നന്വേഷിച്ചാലോ?" പുറം ചൊറിയണത് ണ്ട്ന്ന് കേട്ടിട്ടുണ്ട് അതുപോലെ വല്ലതും? "അതൊന്നും വേണ്ട കുട്ടീ വെറുതെ പറഞ്ഞൂന്നല്ലേ ഉള്ളൂ , കാര്യാക്കണ്ട, വെറുതെയിരിയ്ക്കുമ്പോ മനസ്സിങ്ങനെ ചരട് പൊട്ടിയ പട്ടം പോലെയലഞ്ഞ് അലഞ്ഞ് പഴേ കാലത്തേയ്ക്കു പറക്കും ,തറവാട്ടില് വലിയ കുളമുണ്ടായിരുന്നു ,ഓർമ്മ വെച്ച നാൾ മുതൽ കുളത്തിലാണ് കുളി' അമ്മടെ കയ്യിൽ തൂങ്ങി തുള്ളിച്ചാടി പുറപ്പെടും. അലക്കു കഴിയുന്നതുവരെ വെള്ളത്തിൽ കളിച്ചു തിമർക്കാം പിന്നെ അമ്മ കുളപ്പടവിൽ കയറ്റി നിർത്തി ലൈബോയ് സോപ്പിട്ട് മേല് തേച്ചുരച്ച് കുളിപ്പിക്കും തലയിൽ തേച്ചുപിടിപ്പിച്ച താളി ഒലുമ്പിക്കളയണത് അമ്മേടെ കാലിനിടയിൽ തല താഴേക്കാക്കി കിടത്തിയിട്ടായിരുന്നു. ഒന്നാം ക്ലാസ്സിൽ ചേർന്നത് മുതൽ വല്ല്യമ്മേടെ മകൾ രമ ചേച്ചിടെ കൂടെയാണ് കുളിയ്ക്കാൻ പോക്ക് പ്രായത്തില് ഒരു വയസ്സിൻ്റെ മൂപ്പേ ഉള്ളൂവെനും ചേച്ചിയ്ക്ക് നല്ല ധൈര്യമാണ്.അക്കരെ ഇക്കരെ നീന്തിയെത്താനും മുങ്ങാംകുഴിയിടാനും ഒക്കെ! അങ്ങോട്ടുവിങ്ങോട്ടും പുറം തേക്കും 'നാൾ തോറും വളരുന്നു 'ന്ന് പറഞ്ഞ് പരസ്പരം കളിയാക്കിക്കുളിച്ച കാലം ഓർമ്മ വര്ണു ഇടക്കിടെ! ഇവിടെ താമസാക്ക്യേ പിന്നെ അടുത്തൊന്നും കൊളോം ഇല്ല്യ, പോകാനൊട്ടു സമയോം ഇല്ല്യ പറഞ്ഞിട്ട് എന്താ കാര്യം,ഇനി ഇപ്പോ പോയ കാലം ഒന്നും തിരിച്ചു വരില്ലല്ലോ ! പഴേ കഥ പറഞ്ഞ് ഇരുന്നാ നിനക്ക് നേരം വൈകും ,വേഗം ചായ ഉണ്ടാക്കട്ടെ കുട്ടി പുറപ്പെട്ടോളൂ കുട്ടികള് എത്തുമ്പോഴേയും വീടെത്തണ്ടേ'ന്നും പറഞ്ഞ് അമ്മ വീണ്ടും അടുക്കളയിലേക്കോടി . ചായ കുടിച്ച് യാത്രയും പറഞ്ഞിറങ്ങുമ്പോൾ കരൾ മുറിഞ്ഞു നീറുമ്പോലെ ...