Image

ആരോ എന്നെ നോക്കി ചിരിക്കുന്നുണ്ടോ? : രവിമേനോൻ

Published on 03 December, 2025
ആരോ എന്നെ നോക്കി ചിരിക്കുന്നുണ്ടോ? : രവിമേനോൻ

എല്ലാ കണ്ണുകളും എനിക്ക് നേരെ നീളും പോലെ. ഈശ്വരാ, എല്ലാവരും തുറിച്ചു നോക്കുന്നത് എന്നെയാണോ ?

ഒരു നിമിഷം എന്നിലേക്ക് തന്നെ ചുരുങ്ങുന്നു ഞാൻ. എന്റെ മുഖം, ശരീരം, നടത്തം എല്ലാം ആരോ ശ്രദ്ധിക്കുന്നില്ലേ ? കളിയാക്കി ചിരിക്കുന്നില്ലേ ? ശരീരചലനങ്ങളിൽ നിന്ന് അതോടെ സ്വാഭാവികത പടിയിറങ്ങുന്നു. പകരം കൃത്രിമത്വം വന്നു നിറയുന്നു അവിടെ. പെരുവിരലിൽ നിന്ന് തുടങ്ങിയ വിറയൽ മേലാസകലം പടരുന്നു. ശരീരം വിയർക്കുന്നു.

റോഡരികിലൂടെ നടന്നുപോകുന്നവരെ ഇടംകണ്ണിട്ട് നോക്കി. ഇല്ല. ആരും ഇങ്ങോട്ട് നോക്കുന്നില്ല. അവരവരുടെ തിരക്കുകളുമായി നടന്നുപോകുന്നു എല്ലാവരും. എന്നിട്ടും എന്താണ് ഇങ്ങനെ ഒരു തോന്നൽ?

ആ തോന്നലിന്റെ പേര് അപകർഷ ബോധമെന്നാണെന്ന് തിരിച്ചറിഞ്ഞത് പ്രമുഖ വാരികയിലെ മനഃശാസ്ത്ര പംക്തിയിലൂടെയാണ്. ശബ്ദബഹുലമായ പുറംലോകവുമായി, അതിന്റെ ശ്വാസം മുട്ടിക്കുന്ന വേഗതയുമായി പൊരുത്തപ്പെടാൻ കഴിയാത്ത മിക്ക മനുഷ്യരേയും പോലെ അത്തരം കോളങ്ങളുടെ സ്ഥിരം വായനക്കാരനായിരുന്നല്ലോ സ്കൂൾ കുട്ടിയായ ഞാനും. ഉള്ളിലെ സംശയങ്ങൾ എഴുതി ചോദിക്കേണ്ടി വന്നില്ല എന്ന് മാത്രം. ഞാൻ കൂടി ഉത്തരം തേടുന്ന ചോദ്യങ്ങൾ വേറെ ആരെങ്കിലുമൊക്കെ വാരികയ്ക്ക് അയച്ചുകൊടുക്കുന്നുണ്ടല്ലോ.

അപകർഷബോധം പൂർണ്ണമായി മനസ്സിൽ നിന്ന് തുടച്ചുനീക്കാൻ കഴിഞ്ഞു എന്ന വിശ്വാസം ഇന്നുമില്ല. ആൾക്കൂട്ടങ്ങൾ ഇന്നും അലർജിയാണ്. മൈക്കിന് മുന്നിൽ ചെന്നു നിൽക്കുമ്പോഴത്തെ വിറയലിന് ഇന്നുമില്ല കുറവ്. എന്നാൽ, ഇതിലുമൊക്കെ ദയനീയമായിരുന്നു അന്നത്തെ അവസ്ഥ. അപരിചിതരുമായി നേർക്കുനേർ നിന്ന് സംസാരിക്കാൻ വയ്യ. കൈകൾ വിയർക്കും. വാക്കുകൾ തൊണ്ടയിൽ തടയും. ആർക്കും പ്രയോജനമില്ലാത്ത ഒരു ജന്മം എന്ന് സ്വയം തോന്നിയിരുന്നു അന്നൊക്കെ.

താരതമ്യങ്ങളായിരുന്നു വേദനാജനകം. "നിയ്യെന്താ ഇങ്ങനെ കറുത്തുപോയത് ?" ബന്ധുക്കളിൽ ചിലരൊക്കെ ചോദിക്കും. വെളുത്ത നിറക്കാരായിരുന്നല്ലോ കസിൻസ്‌ അധികവും. കളിച്ചും ചിരിച്ചും കൂട്ടുകൂടി ആഘോഷിച്ചും നടക്കേണ്ട പ്രായത്തിൽ ചെക്കനിങ്ങനെ "ഒറ്റക്കുറുക്ക"നായി നടക്കുന്നതിലായിരുന്നു മറ്റ് ചിലർക്ക് പരാതിയും പരിഭവവും. "ഇവനെന്താ ഇങ്ങനെ ? ആങ്കുട്ട്യോളായാ കൊറച്ച്‌ ഫ്രണ്ട്സ് ഒക്കെ വേണ്ടേ? കൊറേ വികൃതീം..." വീട്ടിൽ വിരുന്നുകാർ വരുമ്പോൾ ഒളിച്ചോടുകയും കോണിച്ചോട്ടിൽ പോയി പുസ്തകത്തിൽ തലപൂഴ്ത്തിയിരിക്കുകയും ചെയ്യുന്ന കുട്ടിക്ക് കാര്യമായ എന്തോ തകരാറുണ്ടെന്നായിരുന്നു പൊതുവിശ്വാസം.

വികൃതി കുറവായതുകൊണ്ടാവാം സ്കൂളിലെ കളികളിലൊന്നും അവന്റെ സാന്നിധ്യമുണ്ടായിരുന്നില്ല. ഡ്രിൽ പീരിയഡിൽ മരച്ചുവട്ടിൽ പോയി ഒറ്റക്കിരിക്കുന്നതായിരുന്നു പതിവ്. കൂട്ടുകാർക്കൊപ്പം പന്ത് തട്ടാൻ മോഹമില്ലാഞ്ഞിട്ടല്ല. പത്രത്തിലെ കളിയെഴുത്തു വായിച്ചും റേഡിയോ കമന്ററി കേട്ടും ഹരം കൊണ്ടിരുന്ന കാലമാണല്ലോ. എന്നാൽ പന്തൊന്ന് തട്ടാൻ കാൽ തരിക്കുമ്പോൾ അദൃശ്യനായ ആരോ പുറകിൽ നിന്ന് പിടിച്ചുവലിക്കും. എന്റെ തന്നെ അന്തർമുഖത്വമാകാം.

ഉള്ളിന്റെയുള്ളിൽ മറ്റൊരാളുണ്ടായിരുന്നു; നിന്നെ ഒന്നിനും കൊള്ളില്ലെടാ എന്ന് കാതുകളിൽ നിരന്തരം മന്ത്രിച്ചുകൊണ്ടിരുന്ന അരൂപിയായ ഒരാൾ. പാട്ടുകൾ മാത്രമേയുണ്ടായിരുന്നുള്ളു അക്കാലത്ത് കൂട്ടിന്. എടാ രവീ നീ ലോകത്ത് ഒറ്റക്കല്ല എന്ന് നിരന്തരം പറഞ്ഞു വിശ്വസിപ്പിച്ചത് യേശുദാസും ജയചന്ദ്രനും ജാനകിയും സുശീലയുമൊക്കെയാണ്. "നിനക്ക് സ്‌കൂളിലൊന്നും പോവാണ്ടെ ഇബടെത്തന്നെ എന്റെ കൂടെ ഇരുന്നൂടെ ചെക്കാ" എന്ന് ചോദിച്ചിരുന്ന അമ്മയും. ആൾക്കൂട്ടങ്ങളിൽ അസ്വസ്ഥയായിരുന്നു അമ്മ; എന്നെപ്പോലെ.

"ദി സ്കൂൾ ഓഫ് ലൈഫ്" എന്ന ആത്മകഥാപരമായ പുസ്തകം വായിച്ചപ്പോൾ ആ കാലം ഓർമ്മകളിൽ പുനർജ്ജനിച്ച പോലെ. എഴുത്തുകാരിയായ ഡോ കെ വാസുകി (ഐ എ എസ്) യിൽ എന്നിലെ ഒളിച്ചോട്ടക്കാരനായ ആ കുട്ടിയെ ഒരിക്കൽ കൂടി കണ്ടു ഞാൻ. വാസുകിയുടെ ജന്മനാടായ പുതുക്കോട്ടയും എന്റെ വയനാടും തമ്മിൽ അധികം അകലമില്ലല്ലോ എന്ന് തോന്നി അപ്പോൾ; ഇരുവരുടേയും ബാല്യങ്ങൾ തമ്മിലും.

ആത്മവിശ്വാസക്കുറവുള്ള കുട്ടിക്കാലമായിരുന്നു തന്റേതെന്ന് എഴുതുന്നു വാസുകി. ഒന്നിനും പോരാ എന്ന തോന്നലായിരുന്നു എപ്പോഴും ഉള്ളിൽ. കാണാൻ കൊള്ളാത്ത കുട്ടി എന്നൊരു ചിന്തയുമുണ്ട്. തീരെ മെലിഞ്ഞിട്ടായിരുന്നു അക്കാലത്ത്; പട്ടിണിക്കോലത്തെപ്പോലെ. മുഖത്തിന് ഇണങ്ങാത്ത മൂക്കും ചെവിയും കൂടിയായപ്പോൾ ദുരന്തം പൂർണ്ണമായി. പീരങ്കിമൂക്കി എന്നും ആനച്ചെവിയത്തി എന്നുമൊക്കെയുള്ള പരിഹാസങ്ങൾ കേൾക്കാനായിരുന്നു യോഗം. നിരനിരയായി നിൽക്കുന്ന പല്ലുകളായിരുന്നില്ല. അതുകൊണ്ട് ചിരിച്ചാൽ ആകെ പ്രശ്‌നമാകും. അണ്ണാറക്കണ്ണന്റെ മുഖമുള്ളവൾ എന്നുവരെ വിളിച്ചു കളിയാക്കുമായിരുന്നു കുട്ടികൾ.

കുഞ്ഞുമനസ്സിൽ വിഷമം തോന്നിയിരുന്നെങ്കിലും അതൊന്നും കരുതിക്കൂട്ടിയുള്ള നോവിക്കലുകൾ ആയിരുന്നില്ല എന്ന തിരിച്ചറിവുണ്ടായിരുന്നു വാസുകിക്ക്. എല്ലാവരും ചെറുപ്രായക്കാർ. നിരുപദ്രവമായ കളിയാക്കലുകൾക്കപ്പുറത്ത് ഗുരുതരമായ ആക്ഷേപങ്ങളായി അവയെ കണ്ടിട്ടില്ല. എങ്കിലും ഉള്ളിലെ ആത്മവിശ്വാസത്തിന് ക്ഷതമേൽപ്പിക്കാൻ അത്തരം പരിഹാസങ്ങൾ ധാരാളമായിരുന്നു. "ഹൈസ്കൂൾ ക്ലാസ്സിൽ പഠിക്കുമ്പോൾ നല്ലൊരു കൂട്ടുകാരിയുണ്ടായിരുന്നു എനിക്ക്. എന്നെക്കാൾ സുന്ദരി. പക്ഷേ ആ പ്രായത്തിൽ അത്തരം താരതമ്യങ്ങളൊന്നും നമ്മുടെ മനസ്സിലൂടെ കടന്നുപോവില്ലല്ലോ. എന്നിട്ടും സ്കൂളിലെ ഒരു ആഘോഷപരിപാടിക്കിടെ ആൺകുട്ടികൾ വന്ന് അവളെ ആരാധനയോടെ പൊതിഞ്ഞപ്പോൾ ഉള്ളൊന്ന് നൊന്തു. അസൂയയുടെ ആദ്യവിത്തുകൾ മനസ്സിൽ വന്നുവീണ നിമിഷങ്ങൾ ആയിരുന്നിരിക്കാം അവ."

ആ അരക്ഷിതബോധത്തിൽ നിന്ന്, ആത്മവിശ്വാസക്കുറവിൽ നിന്നുള്ള ഉയിർത്തെഴുന്നേൽപ്പിന്റെ കഥയാണ് "ദി സ്കൂൾ ഓഫ് ലൈഫ്." തമിഴ്‌നാട്ടിലെ ഒരു നാട്ടിൻപുറത്ത് നിന്ന് സിവിൽ സർവീസിലെ ഉന്നത പദവിയിലേക്കുള്ള ഒരു സാധാരണക്കാരിയുടെ വളർച്ചയുടെ കണ്ണീരും കിനാവും കാല്പനികതയുമെല്ലാം കലർന്ന കഥ. കെ വാസുകി എന്ന ഡോക്ടറേക്കാൾ, സിവിൽ സർവീസ് ഉദ്യോഗസ്ഥയെക്കാൾ ഈ പുസ്തകത്തിൽ തെളിഞ്ഞുനിൽക്കുന്നത് കെ വാസുകി എന്ന മനുഷ്യസ്നേഹിയാണ്. പ്രളയത്തിനും ഉരുൾപൊട്ടലിനുമൊന്നും പോറലേൽപ്പിക്കാൻ കഴിയാത്ത ആത്മവിശ്വാസത്തിന്റെ പ്രതീകം.

ലളിതവും സുതാര്യവുമാണ് വാസുകിയുടെ ഭാഷ. അതിഭാവുകത്വമില്ല; ആത്മപ്രശംസയും. ഹൃദയത്തിൽ നിന്ന് ഒഴുകിയിറങ്ങിവരുന്ന ഓർമ്മകൾ. പ്രൊഫഷണലിസത്തേക്കാൾ സത്യസന്ധതയാണ് അവയുടെ മുഖമുദ്ര. ജീവിതത്തിൽ നിന്ന് നന്മ അപ്രത്യക്ഷമാകുകയും പകരം തിന്മയും നിഷേധാത്മകതയും നാട്ടുനടപ്പാകുകയും ചെയ്യുന്ന കാലത്ത് ഇത്തരം പുസ്തകങ്ങൾ സ്വാഗതം ചെയ്യപ്പെടുക തന്നെ വേണം.

"ദി സ്കൂൾ ഓഫ് ലൈഫ്" വായിച്ചു മടക്കിവെക്കുമ്പോൾ മനസ്സിലോർത്തു: ഇതുപോലൊരു ചേർത്തുപിടിക്കലായിരുന്നില്ലേ അപകർഷബോധത്തിൽ തളച്ചിടപ്പെട്ട ആ പഴയ വയനാട്ടുകാരൻ കുട്ടിക്കും ആവശ്യം?

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക