Image

സ്ഥിരം ശല്യക്കാരനായ രാഹുല്‍ ഈശ്വര്‍ ഒരു മെയില്‍ ഷോവനിസ്റ്റ് കത്തിവേഷക്കാരനോ..? (എ.എസ് ശ്രീകുമാര്‍

Published on 02 December, 2025
സ്ഥിരം ശല്യക്കാരനായ രാഹുല്‍ ഈശ്വര്‍ ഒരു മെയില്‍ ഷോവനിസ്റ്റ് കത്തിവേഷക്കാരനോ..?  (എ.എസ് ശ്രീകുമാര്‍

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ നിയമപോരാട്ടം നടത്തുന്ന അതിജീവിതയെ അധിക്ഷേപിച്ച കേസില്‍ അറസ്റ്റിലായ രാഹുല്‍ ഈശ്വറിന്റെ ജാമ്യാപേക്ഷയെ ശക്തമായി എതിര്‍ത്ത പ്രോസിക്യൂഷന്‍ പറഞ്ഞത് ഇയാള്‍ ഒരു സ്ഥിരം കുറ്റവാളിയാണെന്നാണ്. നീതിബോധമോ മനുഷ്യത്തമോ ഇല്ലാത്ത വെറുമൊരു കത്തി വേഷമാണ് രാഹുല്‍ ഈശ്വറിന്റേതെന്ന യൂത്ത് കോണ്‍ഗ്രസ് മുന്‍ നേതാവ് താരാ ടോജോ അലക്‌സിന്റെ വിമര്‍ശനവും രാഹുല്‍ ഈശ്വരിന്റെ വിശ്വരൂപത്തോട് ചേര്‍ന്ന് നില്‍ക്കുന്നതാണ്. തത്ത്വചിന്തകന്‍, എഴുത്തുകാരന്‍, അഭിഭാഷകന്‍, പ്രാസംഗികന്‍, ടെലിവിഷന്‍ ആങ്കര്‍, ആക്ടിവിസ്റ്റ് എന്നിങ്ങനെ പല മുഖങ്ങളുള്ള രാഹുലിന്റെ നിലപാടുകള്‍ എന്നും വലിയ വിവാദങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്.

രാഹുല്‍ മാങ്കൂട്ടത്തിലിനെ അനുകൂലിച്ച് അതിജീവിതയെ ചാനലുകളിലൂടെ നിരന്തരം അധിക്ഷേപിച്ചതിനും വ്യക്തി വിവരങ്ങള്‍ വെളിപ്പെടുത്തിയതിനുമാണ് രാഹുല്‍ ഈശ്വറിനെതിരെ പോലീസ് കേസെടുത്തത്. കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യരടക്കം ആറ് പേര്‍ക്കെതിരെയാണ് സൈബര്‍ പോലീസ് കേസെടുത്തത്. വിശദമായ ചോദ്യ ചെയ്യലിന് ശേഷം തെളിവുകള്‍ കൂടി പരിശോധിച്ച് ബി.എന്‍.എസ് 72, 75, 79,351 എന്നീ വകുപ്പുകള്‍ പ്രകാരമായിരുന്നു അറസ്റ്റ്. ഇരയുടെ വ്യക്തിത്വം വെളിപ്പെടുത്തല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍, ഭീഷണിപ്പെടുത്തല്‍ എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് കേസ്. ഇലക്ട്രോണിക് സംവിധാനങ്ങളുടെ ദുരുപയോഗവും ഇവര്‍ക്കെതിരെ ചുമത്തി.

രണ്ട് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് ഇവര്‍ ചെയ്തിട്ടുള്ളതത്രേ. ഡിസംബര്‍ 15 വരെയാണ് രാഹുലിനെ റിമാന്‍ഡ് ചെയ്തത്. ഇപ്പോള്‍ പൂജപ്പുര ജയിലില്‍ കഴിയുന്ന രാഹുല്‍ നിരാഹാര സമരത്തിലാണ്. താന്‍ നിരാഹര സമരത്തിലാണെന്ന് രാഹുല്‍ ജയില്‍ സൂപ്രണ്ടിന് എഴുതി നല്‍കുകയായിരുന്നു. ഈ സാഹചര്യത്തില്‍ രാഹുലിനെ നിരീക്ഷിക്കണമെന്ന് ജയില്‍ വകുപ്പ് തീരുമാനിക്കുകയും പൂജപ്പുര ജില്ലാ ജയിലില്‍ നിന്ന് സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റുകയുമായിരുന്നു. ഇവിടെ ഡോക്ടറുടെ സേവനവും രാഹുല്‍ ഈശ്വറിന് ലഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ വെള്ളം മാത്രം കുടിച്ചാണ് രാഹുല്‍ ജയിലില്‍ കഴിയുന്നത്.

വനിതാ കമ്മിഷന്‍ പോലെ 'പുരുഷ കമ്മിഷന്‍' വേണമെന്നാണ് രാഹുലുന്റെ വാദം. രാഹുലിന്റെ വാക്കുകളും പ്രവര്‍ത്തികളും നിലപാടുകളുമെല്ലാം വിരല്‍ ചൂണ്ടുന്നത് ഇയാളുടെ മെയില്‍ ഷോവനിസ്റ്റ് കാഴ്ചപ്പാടുകളിലേയ്ക്കാണ്. പുരുഷന്‍മാരുടെ ആധിപത്യം അല്ലെങ്കില്‍ മേല്‍ക്കൈ സ്ഥാപിക്കണമെന്ന് വിശ്വസിക്കുന്ന രാഹുല്‍ സ്ത്രീകളോട് കടുത്ത വിദ്വേഷം പുലര്‍ത്തുന്നില്ലെങ്കിലും സ്ത്രീകളെ അനാദരവോടെ കാണുന്ന, അല്ലെങ്കില്‍ അപകീര്‍ത്തികരമായി പെരുമാറുന്ന പുരുഷന്‍ എന്ന ആക്ഷേപത്തിന് വിധേയനായ വ്യക്തിയാണ്. പുരുഷന്മാര്‍ സ്ത്രീകളേക്കാള്‍ ശ്രേഷ്ഠരാണെന്ന വിശ്വാസമാണ് രാഹുലിനെ ഇത്തരം വിവാദങ്ങളില്‍ കൊണ്ടുചെന്നെത്തിക്കുന്നത്. പുരുഷന്‍മാര്‍ ശക്തരും സദ്ഗുണരും ആയും, മറ്റുള്ളവര്‍ ദുര്‍ബലരോ യോഗ്യതയില്ലാത്തവരോ ആയും ഇത്തരക്കാര്‍ കരുതുന്നു.

പുരുഷ വിരോധമാണ് പുരോഗമനം എന്ന് ചിന്തിക്കുന്ന ഒരു കൂട്ടം ആളുകള്‍ നമ്മുടെ സമൂഹത്തിലുണ്ടെന്ന് രാഹുല്‍ ഈശ്വര്‍ വിശ്വസിക്കുന്നു. നേരത്തെ നടി ഹണി റോസിനെതിരായ പരാമര്‍ശങ്ങളില്‍ രാഹുല്‍ ഈശ്വറിനെതിരെ കേസെടുത്തിരുന്നു. രാഹുല്‍ ഈശ്വറിനെതിരെ ഹണി റോസ് പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതില്‍ മുന്‍കൂര്‍ ജാമ്യം തേടി രാഹുല്‍ ഹൈക്കോടതിയെ സമീപിച്ചെങ്കിലും കോടതി അറസ്റ്റ് തടഞ്ഞിരുന്നില്ല. ഹണി റോസിന്റെ പരാതിയില്‍ ബോബി ചെമ്മണ്ണൂരിനെ അറസ്റ്റ് ചെയ്യുകയും റിമാന്‍ഡിലാകുകയും ചെയ്തിന് പിന്നാലെയാണ് ഹണി റോസിനെതിരെ രാഹുല്‍ ഈശ്വര്‍ ടി.വി ചാനലുകളില്‍ പരാമര്‍ശങ്ങള്‍ നടത്തിയത്. ഹണി റോസിന്റെ വസ്ത്രധാരണത്തെ വിമര്‍ശിച്ച രാഹുല്‍ ഹണി റോസിനെ സോഷ്യല്‍ ഓഡിറ്റിന് വിധേയമാക്കണമെന്നും പറഞ്ഞിരുന്നു.

ശബരിമലയില്‍ 10-നും 50-നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ കയറിയാല്‍ സ്വന്തം കൈകള്‍ വെട്ടി രക്തം ചിന്താന്‍ 20 ഓളം പേര്‍ കാത്തിരിക്കുന്നുണ്ടെന്ന പ്രസ്താവനയെതുടര്‍ന്ന് 2018 ഒക്ടോബറില്‍ രാഹുല്‍ ഈശ്വറിനെ അറസ്റ്റ് ചെയ്തിരുന്നു. തന്ത്രി കുടുംബാംഗമായ രാഹുല്‍ അന്ന് അയ്യപ്പ ധര്‍മ്മ സേന പ്രസിഡന്റായിരുന്നു. തന്റെ തീവ്ര ഹിന്ദുത്വ വികാരമാണ് രാഹുല്‍ ഈ അഭിപ്രായത്തിലൂടെ പ്രകടിപ്പിച്ചത്. ശബരിമലയില്‍ യുവതികള്‍ പ്രവേശിക്കുന്ന സാഹചര്യമുണ്ടായാല്‍ ക്ഷേത്രത്തില്‍ രക്തം വീഴ്ത്തി അശുദ്ധമാക്കി നടയടപ്പിക്കാന്‍ ആസൂത്രണം ചെയ്തിരുന്നുവെന്നാണ് രാഹുല്‍ പറഞ്ഞത്. തുടര്‍ന്ന് ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചെങ്കിലും രാഹുല്‍ പറഞ്ഞ പ്രകാരം ഒന്നും നടന്നില്ല.

രാഹുലിനെതിരെ ഐ.പി.സിയിലെ സെക്ഷന്‍ 117 (പൊതുജനങ്ങളോ പത്തില്‍ കൂടുതല്‍ ആളുകളോ കുറ്റകൃത്യം ചെയ്യാന്‍ പ്രേരിപ്പിക്കല്‍), സെക്ഷന്‍ 153 എ (മതം, വംശം, ജനന സ്ഥലം, താമസസ്ഥലം, ഭാഷ മുതലായവയുടെ അടിസ്ഥാനത്തില്‍ വ്യത്യസ്ത ഗ്രൂപ്പുകള്‍ക്കിടയില്‍ ശത്രുത വളര്‍ത്തല്‍, ഐക്യം നിലനിര്‍ത്തുന്നതിന് വിരുദ്ധമായ പ്രവൃത്തികള്‍ ചെയ്യല്‍) എന്നിവ പ്രകാരവും കേരള പോലീസ് ആക്ടിലെ 118 (ഇ) പ്രകാരവുമാണ് അന്ന് കേസെടുത്തത്.

എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് ക്ഷേത്രത്തില്‍ പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിക്കെതിരെ രാഹുല്‍ ഈശ്വര്‍ പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നു. ശബരിമല ക്ഷേത്രത്തില്‍ നടന്ന അക്രമാസക്തമായ പ്രതിഷേധങ്ങളെത്തുടര്‍ന്ന് രാഹുല്‍ ഈശ്വറിനെ അറസ്റ്റ് ചെയ്യുകയും പിന്നീട് ജാമ്യത്തില്‍ വിടുകയും ചെയ്തു. ജാമ്യത്തില്‍ പുറത്തിറങ്ങിയ ശേഷമാണ് 10-നും 50-നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ അടുത്തെത്തിയാല്‍ ക്ഷേത്ര വാതിലുകള്‍ അടയ്ക്കുമെന്ന് ഉറപ്പാക്കുന്നതിനുള്ള 'ബാക്കപ്പ് പ്ലാന്‍' സംബന്ധിച്ച് രാഹുല്‍ പറഞ്ഞത്.

''ആചാരങ്ങളില്‍ വീഴ്ചയുണ്ടായാല്‍ ക്ഷേത്രം അടച്ചിടാന്‍ വ്യവസ്ഥയുണ്ട്. പ്ലാന്‍ ബിയും പ്ലാന്‍ സിയും ആവശ്യമാണ്. സര്‍ക്കാരിന് മാത്രമല്ല, നമുക്കും അത് ആവശ്യമാണ്. ഞാന്‍ ഇത് തുറന്നു പറയുന്നു. 10 നും 50 നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ പോലീസിന്റെ സഹായത്തോടെ ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ ശ്രമിച്ചാല്‍, ഏകദേശം 20 പേര്‍ കൈയില്‍ മുറിവേല്‍പ്പിച്ച് രക്തം ചൊരിയാന്‍ തയ്യാറായിരുന്നു. അങ്ങനെ സംഭവിച്ചാല്‍, ക്ഷേത്രം മൂന്ന് ദിവസത്തേക്ക് അടച്ചിടേണ്ടിവരും (അശുദ്ധമാക്കല്‍ കാരണം). ആര് പറഞ്ഞാലും അത് തുറക്കേണ്ട ആവശ്യമില്ല. അങ്ങനെ നമ്മളെ പ്രകോപിപ്പിച്ചാല്‍ നമുക്കും നമ്മുടെ വഴികളുണ്ട്. രക്തമോ മൂത്രമോ ക്ഷേത്രത്തില്‍ വീണാല്‍ അത് അടച്ചിടണം. ഇതാണ് വിശ്വാസം...'' എന്നായിരുന്നു രാഹുലിന്റെ വിവാദ പ്രസ്താവന.

കേരള സര്‍ക്കാര്‍ 2007-ല്‍ വിഖ്യാത ചിത്രകാരന്‍ എം.എഫ് ഹുസൈന് രാജാ രവിവര്‍മ പുരസ്‌കാരം നല്‍കാന്‍ തീരുമാനിച്ചപ്പോള്‍, ഹുസൈന്‍ ഹിന്ദു ദൈവങ്ങളുടെ നഗ്‌ന ചിത്രങ്ങള്‍ വരച്ചുവെന്നാരോപിച്ചാണ് ചില ഹിന്ദു സംഘടനകളും രാഹുല്‍ ഈശ്വറും രംഗത്തെത്തിയിരുന്നു. പുരസ്‌കാരം നല്‍കുന്നതിനെതിരെ രാഹുല്‍ ഈശ്വര്‍ കേരള ഹൈക്കോടതിയില്‍ പൊതുതാല്‍പ്പര്യ ഹര്‍ജി ഫയല്‍ ചെയ്തതിനെത്തുടര്‍ന്ന് ഹൈക്കോടതി പുരസ്‌കാരം നല്‍കുന്നത് സ്റ്റേ ചെയ്തു. നിയമപരമായ തടസ്സങ്ങളും ശക്തമായ പ്രതിഷേധങ്ങളും കാരണം കേരള സര്‍ക്കാര്‍ ഈ പുരസ്‌കാരം പിന്നീട് പിന്‍വലിക്കുകയായിരുന്നു.

ശബരിമലയില്‍ മലയരയ പട്ടികവര്‍ഗ സമുദായാംഗങ്ങളെ മകരവിളക്ക് കൊളുത്താന്‍ അനുവദിക്കുന്നതിനെ അനുകൂലിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെതിരെ പ്രതിഷേധിച്ചതിന് പോലീസ് രാഹുലിനെ കസ്റ്റഡിയിലെടുക്കുകയുണ്ടായി. കൊച്ചിയില്‍ ജമാഅത്തെ ഇസ്ലാമിയുടെ മതസൗഹാര്‍ദ്ദ പരിപാടിയില്‍ അതിഥിയായി പങ്കെടുത്തപ്പോള്‍ ഈശ്വറിന് ഐ.എസ് ഭീകരരില്‍ നിന്ന് വധഭീഷണി ലഭിച്ചതും വാര്‍ത്തയായി. ബീഫ് ഫെസ്റ്റിവലിനെതിരെയും ഗോസംരക്ഷണത്തിനെതിരെയും നിലപാടെടുത്തതിന് മിലാദ് ഇ ഷെരീഫ് മെമ്മോറിയല്‍ കോളേജിലെ ഇടതുപക്ഷ വിദ്യാര്‍ത്ഥികള്‍ രാഹുലിനെ ആക്രമിക്കുകയുണ്ടായി. ഇങ്ങനെ പലപ്പോഴും വിവാദങ്ങള്‍ സൃഷടിക്കുകയും പോലീസ് പിടിയിലാവുകയും ചെയ്തിട്ടുള്ള രാഹുല്‍ ഈശ്വര്‍ ഒരു സ്ഥിരം ശല്യക്കാരന്‍ തന്നെയല്ലേ..?

Join WhatsApp News
പന്തളം 2025-12-03 00:17:12
Vexatious Litigant നവാബ് രാജേന്ദ്രന്റെ ശിഷ്യൻ
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക