Image

മേരി ജോൺ കൂത്താട്ടുകുളം ; 27-ാം ചരമവാർഷിക ദിനം : ആർ. ഗോപാലകൃഷ്ണൻ

Published on 02 December, 2025
മേരി ജോൺ കൂത്താട്ടുകുളം ; 27-ാം ചരമവാർഷിക ദിനം : ആർ. ഗോപാലകൃഷ്ണൻ

കവയിത്രിയും സി.ജെ. തോമസ്സിൻ്റെ മൂത്ത സഹോദരിയുമായ

മേരിജോൺ കൂത്താട്ടുകുളത്തിൻ്റെ

27-ാം ചരമവാർഷിക ദിനം ഇന്നാണ്.

ആദ്യമേ സൂചിപ്പിക്കട്ടെ: മേരി ജോൺ തോട്ടം (സിസ്റ്റർ മേരി ബനീഞ്ജ); രാഷ്ട്രീയ പ്രവർത്തകയായ കൂത്താട്ടുകുളം മേരി (പി.ടി. മേരി) എന്നിവരുമായി ഈ കവയിത്രിയെ കൺഫ്യൂസ് ചെയ്യരുതേ! പി.ടി. മേരിയുടെ മാതൃസഹോദരിയായിരുന്നു കവയിത്രിയായ ഈ മേരി ജോൺ കൂത്താട്ടുകുളം.

കൂത്താട്ടുകുളത്തു് വടകര യോഹന്നാൻ മാംദാന യാക്കോബായ സുറിയാനി പള്ളിവികാരി ചൊള്ളമ്പേൽ യോഹന്നാൻ കോർ എപ്പിസ്ക്കോപ്പയുടെയും പുത്തൻ കുരിശ് ഏഴക്കരനാട്ടെ അന്നമ്മയുടേയും മകളായി 1905 ജനുവരി 22-ന് ജനിച്ചു.

പന്ത്രണ്ടാമത്തെ വയസ്സില്‍ വിവാഹിതയായി. മേരി പ്രൈവറ്റായി പഠിച്ചാണ്‌ മലയാളം ഏഴാം ക്ലാസ്സും, ഹയറും പാസ്സായത്‌.

എന്നാല്‍ വിദ്യാഭ്യാസത്തിനും, സാഹിത്യാഭിരുചിക്കും യാതൊരുവിലയും കല്‌പിക്കാതെ അടുക്കളയ്‌ക്കുള്ളില്‍ തളച്ചിടാനുള്ള ഭര്‍ത്താവിന്റെയും, ഭര്‍ത്തൃവീട്ടുകാരുടേയും നീക്കം മേരിക്ക്‌ സഹിക്കാനായില്ല. ഒരു ദിവസം രാത്രിയില്‍ ആരുമറിയാതെ മേരി സ്വന്തം വീട്ടിലേക്ക്‌ തിരിച്ചു പോന്നു. (ളോഹയൂരി പൗരോഹിത്യ ത്തിൽ നിന്നു 'രക്ഷപ്പെട്ട' സഹോദരന്‍ സി.ജെ. തോമസ്സിനെപ്പോലെ.) എന്നാല്‍ വീട്ടുകാരുടെ സമ്മര്‍ദ്ദം മൂലം ഭര്‍ത്തൃഗൃഹ ത്തിലേക്ക്‌ തിരിച്ചുപോകേണ്ടി വരും എന്നു തോന്നിയപ്പോള്‍ അതില്‍ നിന്ന്‌ രക്ഷപ്പെടാന്‍ പതിനഞ്ച്‌ രൂപയുമായി ആ പെണ്‍കുട്ടി തിരുവനന്തപുരത്തിന്‌ വണ്ടി കയറി.

സാമൂഹ്യപരിഷ്കർത്താവായ ഡോ. പൽപ്പുവിന്റെ ഡോ. പല്‌പുവിന്റെ മക്കളായ ആനന്ദലക്ഷ്‌മിയും, ദാക്ഷായണിയും ആയി മേരിക്ക്‌ നേരത്തെ പരിചയമുണ്ടായിരുന്നു. മേരി അഭയം തേടി ചെന്നത്‌ തിരുവനന്തപുരത്ത്, നന്തന്‍കോട്ടുള്ള അവരുടെ വീട്ടിലേക്കായിരുന്നു. കാര്യമറിഞ്ഞപ്പോള്‍ ഡോ. പല്‍പ്പു മേരിയെ സ്വന്തം മകളെപ്പോലെ സ്വീകരിച്ചു. അവിടെ താമസിച്ച്‌ മലയാളം വിദ്വാന്‍ പരീക്ഷ പാസ്സായി. ഡോ. പല്‍പ്പുവിന്റെ സഹായത്തോടെ അധ്യാപികയായി ജോലിയും നേടി.

ഇക്കാലത്തെല്ലാം വായനയും എഴുത്തും ദിനചര്യപോലെ തുടര്‍ന്നു പോന്നു. അധ്യാപികയായതിനു ശേഷമാണ് അവർ കവിതാരംഗത്തു കൂടുതൽ സജീവമായത്. അതിനിടയില്‍ അധ്യാപക ജോലിയുപേക്ഷിച്ച്‌ തിരുവിതാംകൂര്‍ അഞ്ചല്‍ സര്‍വ്വീസില്‍ ചേര്‍ന്നു. സ്‌ക്കൂളില്‍ പഠിപ്പിക്കുന്നതിനുള്ള അനാരോഗ്യവുമായിരുന്നു അതിനവരെ പ്രേരിപ്പിച്ചത്‌. അധ്യാപകജോലിയെ അപേക്ഷിച്ച്‌ അക്കാലത്ത്‌ അഞ്ചല്‍ ഡിപ്പാര്‍ട്ട്‌മെന്റിലുണ്ടായിരുന്ന ഉയര്‍ന്ന ശമ്പളവും മറ്റൊരു കാരണമായിരുന്നു. 1960-ല്‍ പോസ്റ്റല്‍ സര്‍വ്വീസില്‍ നിന്ന്‌ വിരമിച്ച ശേഷം തിരുവന്തപുരത്ത്‌ എം.എന്‍. ലെയിനിലുള്ള വീട്ടില്‍ സഹോദരിയോടും കുടുംബത്തോടും ഒപ്പമായിരുന്നു താമസം.

ഈ എഴുത്തുകാരി കൈരളിയ്‌ക്ക്‌ കാഴ്‌ചവച്ച ശ്രദ്ധേയമായ കൃതികളാണ്‌ 'പ്രഭാതപുഷ്‌പം', 'ബാഷ്‌പമണികള്‍', 'അന്തിനക്ഷത്രം', 'പൂജാപുഷ്‌പം', 'അമ്മയും മകളും', 'കാറ്റ്‌ പറഞ്ഞ കഥ', 'ചിരിക്കുന്ന കാട്ടാര്‍' തുടങ്ങിയവ. 'കബീറിന്റെ ഗീതങ്ങൾ'

(കബീറിന്റെ നൂറു ഗാനങ്ങളുടെ വിവര്‍ത്തനങ്ങൾ അവർ ഇതിൽ ചേർത്തിട്ടുണ്ട്) ഇതിന്‌ പുറമെ വിവിധ ആനുകാലികങ്ങളിലും, വാര്‍ഷികപ്പതിപ്പു കളിലും പ്രസിദ്ധീകരിച്ച ഒട്ടനവധി കവിതകളും മേരിജോണിന്റേതായിയുണ്ടു്‌.

1996-ൽ കേരള സാഹിത്യ അക്കാദമി സമഗ്ര സംഭാവനക്കുള്ള പുരസ്‌കാരം നൽകി ഈ കവിയെ ആദരിച്ചു.

1998 ഡിസംബര്‍ 2-ന്‌ കവിതയ്‌ക്കും സാഹിത്യത്തിനും ജീവിതം ഉഴിഞ്ഞ്‌ വച്ച, മേരിജോണ്‍ കൂത്താട്ടുകുളം അന്തരിച്ചു.

____________

കടപ്പാട്: സി.ജെ.സ്മാരക സമിതി പ്രകാശിപ്പിച്ച സ്മൃതി -2009

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക