Image

പക്ഷിക്കൂട്ടം- രമാ പിഷാരടി (ഇ-മലയാളി ആഗോള ചെറുകഥാമത്സരം 2025- 15)

Published on 02 December, 2025
പക്ഷിക്കൂട്ടം- രമാ പിഷാരടി (ഇ-മലയാളി ആഗോള ചെറുകഥാമത്സരം 2025- 15)

ചുറ്റും ചിറകടിക്കുന്ന പക്ഷിക്കൂട്ടം.  ബദാം മരത്തിൻ്റെ തണൽ പടർന്ന മണ്ണിൽ പെയ്ത് തോർന്ന മഴയുടെ ഗന്ധം.  കൊഴിഞ്ഞ ബദാമിലകൾ. കായകൾ. അതിനിടയിലൂടെ പേരറിയാത്ത ഒരു പക്ഷി പതിയെ  ചിറകനക്കുന്നു. അതിൻ്റെ ചിറകിൽ ചാരവും, പച്ചയും കലർന്ന ഒരു തൂവൽ. ഇതേത് പക്ഷി...?

ആനന്ദ് മെർലച്ചെ മെല്ലെ കണ്ണുകൾ തുറന്നു. മുകളിൽ  ഫാനിൻ്റെ  നേരിയ ശബ്ദം. പച്ചപ്പിൻ്റെ ഉദ്യാനമെവിടെ, പക്ഷികളെവിടെ?

ആദ്യമൊന്നും അത്ര പ്രാധാന്യമുള്ളതായി തോന്നിയില്ലെങ്കിലും പക്ഷി സ്വപ്നങ്ങൾക്ക് പിന്നിൽ ഏതോ നിഗൂഢരഹസ്യമുണ്ടാകാമെന്ന് ഇപ്പോൾ മെർലേച്ചയ്ക്ക് തോന്നിത്തുടങ്ങിയിരിക്കുന്നു. പക്ഷി  സ്വപ്നത്തെക്കുറിച്ച് അടുത്ത സുഹൃത്തായ ഗോവിന്ദ് ഭായിയോട് പറഞ്ഞപ്പോൾ അയാൾ ആദ്യം ചോദിച്ചത് ഏതെങ്കിലും പക്ഷിയെ അപായപ്പെടുത്തിയിട്ടുണ്ടോ എന്നാണ്.

സസ്യാഹാരികളായ മെർലേച്ചക്കുടുംബം ഭക്ഷണത്തിനായി ഒരു പക്ഷിയെയും അപായപ്പെടുത്തിയിട്ടില്ല. ബാലനായിരിക്കുമ്പോൾ ആനന്ദ് മെർലേച്ച ഒരു പ്രാവിനെ  കല്ലെറിഞ്ഞ് വീഴ്ത്തിയിട്ടുണ്ട്. അത് അറിയാതെ സംഭവിച്ച് പോയതാണ്. സ്കൂൾ മൈതാനത്തിലൂടെ നടക്കുമ്പോൾ ക്രിക്കറ്റ് ബോളെറിയും പോലെ ഒരു കല്ലെടുത്തെറിഞ്ഞപ്പോൾ പറന്ന് നീങ്ങിയ പ്രാവിൻ കൂട്ടത്തിലൊന്ന് പിടഞ്ഞ് വീണു മരിച്ചു. അതിൻ്റെ പ്രായച്ഛിത്തം കുടുംബം ചെയ്യുകയും ചെയ്തു. ഇനി ആ പ്രാവിൻ്റെ ആത്മാവിന് ശാന്തി കിട്ടിയിട്ടില്ല എന്നുണ്ടാകുമോ. സ്വപ്നത്തിൽ പ്രാവുകൾ സ്ഥിരമായി കൂട്ടം കൂടി പറക്കുന്നുമുണ്ട്.

സ്വപ്നത്തിലെ പക്ഷികൾ സ്ഥിരമായി മെർലേച്ചയോട് സംസാരിക്കുന്നു. വളരെ സൗഹാർദ്ദപരമായാണ് പക്ഷികളുടെ കൂട്ടം സ്വപ്നത്തിൽ ചുറ്റും കൂട്ടം കൂടുന്നത്. ഒരു പക്ഷി പോലും ഉപദ്രവിക്കാൻ മുതിരുന്നില്ല. സ്നേഹത്തോട് തോളിൽ വന്നിരിക്കുന്നു. പാട്ട് പാടും പോലെ ശബ്ദങ്ങളുണ്ടാക്കുന്നു. അവരുടേതായ ഭാഷയിൽ എന്തോ സംസാരിക്കാൻ ശ്രമിക്കുന്നു.

പക്ഷികൾ  ആനന്ദിൻ്റെ സ്വപ്നങ്ങളിലെ  കുടിയേറ്റക്കാരായി  മാറിയിരിക്കുന്നു.   പക്ഷികൾ  ചുറ്റുമിരുന്ന്

ചിരിക്കുന്നു,  ചിറകടിച്ച്  പറക്കുന്നു.  സ്വപ്നത്തിൽ  കാണുന്ന  ഓരോ  പക്ഷിയെയും  ഇപ്പോൾ  ആനന്ദിന്  നന്നായറിയാം. അതിലൊരു  കുഞ്ഞാറ്റക്കിളി ആനന്ദ്  ഭായ്  എന്ന്  വിളിച്ചത്  ശരിക്കും  അയാൾ കേട്ടതാണ്.

കഴിഞ്ഞ ഒരു വർഷമായി ആനന്ദ് മെർലേച്ചയുടെ ഉറക്കം പക്ഷിസമൂഹത്തിലെന്ന പോലെയാണ്.  രംഗനതിട്ടുവിലെ പക്ഷിസങ്കേതത്തിലാണോ, ജർമ്മനിയിലെ വെൽടോവോജൽപാർക്കിലാണോ, സൗത്ത് ആഫ്രിക്കയിലെ ബേർഡ്സ് ഓഫ്  ഈഡനിലാണോ ഏറ്റവും കൂടുതൽ ദേശാടനപ്പക്ഷികളുള്ളതെന്ന്   മെർലേച്ച ആദ്യം സംശയിച്ചിരുന്നു. പക്ഷെ ഇപ്പോൾ സ്ഥിരം കാണുന്ന സ്വപ്നത്തിലാണ് ഏറ്റവും വലിയ പക്ഷിസങ്കേതമുള്ളതെന്ന് മെർലേച്ചയ്ക്ക് തോന്നിത്തുടങ്ങി.

ഈ സ്വപ്നം മെർലേച്ചയെ അലോസരപ്പെടുത്തുന്നില്ലെങ്കിലും ഇതിന് പിന്നിൽ ഏതോ ഒരു രഹസ്യം മറഞ്ഞിരിക്കുന്നുവെന്ന് അയാൾ വിശ്വസിച്ചു. അതറിയാനായി ഇന്നലെയും ഒരു ദിവ്യനെ കണ്ടിരുന്നു. സ്വപ്നം വിശകലനം ചെയ്യുന്നവരായ പത്തിലധികം ദിവ്യന്മാരെ മെർലേച്ച കണ്ട് കഴിഞ്ഞു. അതിൽ ഒരാൾ പറഞ്ഞത് മെർലേച്ച പോയ ജന്മത്തിൽ ഏതോ പക്ഷിയായിരുന്നു എന്നാണ്. മറ്റൊരാൾ പറഞ്ഞത് മെർലേച്ചയോട് പ്രിയമുള്ള  മരിച്ച് പോയ ഏതോ ബന്ധു പക്ഷിരൂപത്തിൽ വരുന്നു എന്നാണ്. അത് കേട്ടപ്പോൾ മരിച്ച് പോയ അനിയത്തി സായന്തി ആയിരിക്കും ആ പക്ഷിയെന്ന് മെർലേച്ചയുടെ  വീട്ടുകാർ പറഞ്ഞു. ഇനിയൊരു ദിവ്യൻ പറഞ്ഞത്  വീട്ടിലാരോ പക്ഷികളെ കൂട്ടിലിട്ട് വളർത്തിയിരിക്കും എന്നാണ്. ആ പ്രവചനത്തിന് ശേഷം ബിക്കാനേറിലെ  അവരുടെ തറവാട് വീടിനോട് ചേർന്ന് നിർമ്മിച്ച റിസോർട്ടിൽ കാഴ്ചക്കെന്ന പോലെ പാർപ്പിച്ചിരുന്ന ചില പക്ഷികളെ സ്വന്തന്ത്രമക്കിയിരുന്നു. മൗണ്ട് അബുവിൽ  അവർക്കുള്ള രാജസ്ഥാൻ ചിത്രങ്ങൾ വിൽക്കുന്ന കടയിൽ അറിയാതെ ആരോ വലിച്ചെറിഞ്ഞ  ഒരു ഫ്രയിമിനടിയിൽ പെട്ട് ഒരു ചെറിയ കിളി മരിച്ച് പോയിട്ടുണ്ട് എന്ന് വീട്ടിൽ വിരുന്ന് വന്ന  ഒരു മൗസി പറഞ്ഞത് കേട്ട് അതിനുള്ള പാപപരിഹാരവും മെർലേച്ചയുടെ കുടുംബം ചെയ്തു.

ചില ദിവ്യന്മാർ പ്രത്യേകരത്നങ്ങളുള്ള ലോക്കറ്റുകളും, മോതിരങ്ങളും ധരിക്കാനാവശ്യപ്പെട്ടു. പല വർണ്ണങ്ങളിലുള്ള ചരടുകൾ മന്ത്രങ്ങളാൽ ആലേഖനം ചെയ്ത് കൈകളിൽ കെട്ടാൻ മറ്റ് ചില ദിവ്യന്മാർ പറഞ്ഞു.  പ്രഭാതത്തിലും, നിദ്രയ്ക്കും മുൻപേ സുരക്ഷാകവചമന്ത്രങ്ങൾ ജപിക്കാനാണ് ഒരു പൂജാരി പറഞ്ഞത്. പല മതത്തിലുമുള്ള ദിവ്യന്മാർ പലവിധ പരിഹാരങ്ങളും നൽകിയെങ്കിലും സ്വപ്നത്തിലെ പക്ഷികൾ അതൊന്നും തീരെ പരിഗണിച്ചില്ലെന്ന് മാത്രമല്ല കൂടുതൽ ശക്തിയോടെ സ്വപ്നങ്ങളിൽ പറന്ന് നീങ്ങുകയും ചെയ്തു.

ജക്കറാന്ത പൂവുകളുടെ  വയലറ്റ് നിറം പടർന്ന ആകാശത്തിന് താഴെ   തിളങ്ങിത്തെളിഞ്ഞ് അഗ്നിവർണ്ണത്തിൽ പൂവരശ്ശിൻ്റെ പൂവുകൾ കൊഴിഞ്ഞ നടപ്പാതയുള്ള ഒരു ഉദ്യാനത്തിലാണ് പക്ഷികളുടെ സ്വപ്നത്തിലെ കലാപരിപാടികൾ. നടപ്പാതയിലെ ഇൻ്റർലോക്കിംഗ് ബ്ളോക്കിനിടയിലെ ഭൂമിയുടെ നരിന്ത് മണ്ണിലൂടെ കറുകപ്പുല്ലുകൾ വളർന്ന് നിൽക്കുന്നു.  നടുവിലെ ഉദ്യാനത്തിൽ പച്ചത്തളിർപ്പുകൾ, പൂമരങ്ങൾ. പടിഞ്ഞാറേ അറ്റത്ത് ഉദ്യാനപാലകൻ്റെ അലങ്കോലപ്പെട്ട ചെറിയ വീട്. കൊഴിഞ്ഞ ഇലകൾ വീണ് കിടക്കുമ്പോഴും കരിഞ്ഞുണങ്ങിയ ശാഖകളിൽ നിന്നടർന്ന് വീണ ചില്ലക്കമ്പുകൾ.  പാതി വിരിഞ്ഞ മൊട്ടുകൾ. ഇതെല്ലാം വ്യക്തതയോടെ സ്വപ്നത്തിൽ പക്ഷികളോടൊപ്പം മെർലേച്ച കാണുന്നുണ്ട്.

പ്രകൃതിയുടെ ശില്പശാലയങ്ങനെയാണ്. വിടരുന്നതിനും, കൊഴിയുന്നതിനും ഭംഗിയുണ്ട്. ഒന്നും അലങ്കോലപ്പെട്ടതായി അനുഭവപ്പെടില്ല. ഉദയവും അസ്തമയവും മനോഹരമാകുന്ന അതീവചാരുതയുള്ള പ്രപഞ്ചത്തിൻ്റെ ശില്പശാലയും അതേ പോലെ തന്നെ. മനുഷനിർമ്മിതിയ്ക്ക്  എവിടെയൊക്കെയോ പരിമിതികളുണ്ട്. നൂറ് വർഷം കഴിഞ്ഞാലും പ്രകൃതിയിലെ പൂവുകളുടെ ആകർഷണീയത കുറയുന്നില്ല. പക്ഷെ മനുഷ്യൻ നിർമ്മിക്കുന്ന പല  പുതിയ വീടുകളും കുറെ വർഷം  കഴിയുമ്പോഴേ അനാകർഷകമായി അനുഭവപ്പെടും. അതിൻ്റെ രഹസ്യം തേടി മനുഷ്യർ ഇന്ന് ഒരു കാൽ മുന്നോട്ടും ഒരു കാൽ പിന്നോട്ടും വച്ച് സഞ്ചരിച്ച് കൊണ്ടിരിക്കുകയാണ്.

അന്നത്തെ സ്വപ്നത്തിൽ ഒരു  മൈന തലയിൽ തലോടി പറന്ന് പോയി.  പിന്നെയനേകം പക്ഷികൾ പേരറിയാത്തവർ, പലവർണ്ണച്ചിറകുകള്ളവർ. സാധാരണ കാക്കകളും, ബലിക്കാക്കകളും ചിറകടിച്ച് പറക്കുന്നു. കുയിലിൻ്റെ പാട്ട് കേൾക്കാനാകുന്നു.  പക്ഷികളുടെ തൂവലുകൾക്കിടയിലൂടെ സ്വച്ഛന്ദം ഒരു യാത്ര.

പ്രഭാതത്തിൻ്റെ ഇളം തണുപ്പ്,  ഇലകളിലുരുമ്മുന്ന കാറ്റ്,  തീരെ പരിചിതമോ, അപരിചിതമോ എന്ന് തീർത്ത് പറയാനാവാത്ത പോലെയൊരു ഭൂമി.

ദിവ്യന്മാരുടെ പ്രവചനങ്ങളെയും  പരിഹാരപ്രക്രിയകളെയും നിസ്സാരമായി കണ്ട്  പക്ഷികൾ കൂട്ടത്തോടെ മെർലേച്ചയുടെ സ്വപ്നങ്ങളിൽ കൂടുകെട്ടിപ്പാർത്തു.

ഇതിനിടയിലും ആനന്ദ് മെർലേച്ച  വെള്ളിയും സ്വർണ്ണവും വിൽക്കുന്ന രണ്ട് പുതിയ കടകൾ തുടങ്ങുകയും, കാർ ആക്സസറിയുടെ പഴയ കട വിപുലപ്പെടുത്തുകയും ചെയ്തു. ആനന്ദ് മെർലേച്ചയുടെ രണ്ട്  ആണ്മക്കൾ  പിതാവിൻ്റെ പക്ഷിസ്വപ്നങ്ങളെ കുറിച്ച് ചിന്തിക്കാതെ സ്കൂളിൽ പോവുകയും, കുട്ടികൾക്കൊപ്പം കളിക്കുകയും, പരീക്ഷയെഴുതുകയും ചെയ്തു. ആനന്ദ് മെർലേച്ചയുടെ ഭാര്യ കുടുംബത്തിലെ സ്ത്രികൾക്കൊപ്പം ചിക്പെട്ടിൽ പോയി ഷിഫോൺ സാരികൾ വാങ്ങുകയും അതിൽ വർണ്ണ ബോർഡുകളും പതക്കങ്ങളും ചേർത്ത് ഭംഗിയുള്ളതാക്കുകയും ചെയ്തു.  അടുക്കളയിൽ സ്ത്രീകൾ കൂടിയിരുന്ന് പാലക്കും, കൊത്തമല്ലിയിലയും വൃത്തിയാക്കുകയും വീട് പണി ചെയ്യുന്ന സഹായികൾക്ക് നിർദ്ദേശങ്ങൾ കൊടുക്കുകയും ചെയ്തു.

മെർലേച്ചയുടെ   സാങ്കി തടാകത്തിനരികിലെ നാല് നിലയുള്ള വീട്ടിൽ ആറ് കുടുംബങ്ങൾ ഒന്നിച്ചാണ് താമസിച്ചിരുന്നത്.  കൂട്ടുകുടുംബമെന്നത് മറ്റ് പല സമുദായങ്ങൾക്കും വൈഷമ്യമുള്ളപ്പോഴും മെർലേച്ചയുടെ കുടുംബം അഭിമാനത്തോടെയാണ് കൂട്ടുകുടുംബത്തെ കണ്ടിരുന്നത്.  അവരുടെ സമുദായത്തിലെ ചെറുപ്പക്കാരൊക്കെ ഇരുപത്, ഇരുപത്തൊന്ന് വയസ്സിനകം വിവാഹം ചെയ്തിരുന്നു. ആവുന്ന കാലത്ത് തന്നെ പുതിയ തലമുറ വ്യാപാരം പഠിക്കുകയും അതിൽ പ്രാഗത്ഭ്യം നേടുകയും ചെയ്തു. അവരൊക്കെ എങ്ങനെ ധനികരായിരിക്കന്നു എന്നത് ഈ കരുതൽ ബോധത്തിലായിരിക്കാം. ആറ് കുടുംബങ്ങൾക്ക് വെവ്വേറ താമസിച്ചാൽ ആ വീടുകളിൽ വൈദ്യുതിയ്ക്ക് പ്രത്യേക  ബിൽ, ആറ് റഫ്രിജറേറ്റുകൾ, ആറ് ടെലിവിഷൻ, ആറ് ഡൈനിംഗ് ടേബിളുകൾ ആറ് ജോലിക്കാർ ആറ് ഡ്രൈവർമാർ ഇങ്ങനെയുള്ള അധികചിലവുകൾ ഒന്നിച്ച് താമസിക്കുമ്പോൾ ഇല്ല. നാല് നിലയിലെ താഴത്തെ ഹോൾ പൊതുഹോൾ ആണ്. ആർഭാടങ്ങളുടേ ഒരു തരി പോലും അവിടെയുണ്ടാവില്ല. ഇരിക്കാനൊരു സോഫയും ഒരു മേശയും മൂന്ന് കസേരയും, വരാന്തയിൽ വരുന്നവർക്കിരിക്കാൻ ഒരു ബഞ്ചും അവിടെ ഉണ്ടായിരുന്നു.

മെർലേച്ച കുടുംബത്തിൻ്റെ ലാളിത്യം അവരുടെ സമുദായത്തിൻ്റെ പ്രത്യേകതയായിരുന്നു. ലാളിത്യം എന്നത്  ചിലപ്പോൾ കൺജ്യൂസ് എന്നൊരു വിശേഷണത്തിലും പരിഹസിക്കപ്പെടാറുണ്ട് എങ്കിലും അവർ അതിനൊന്നും പ്രാധാന്യം കൽപ്പിക്കാറില്ല. അവർ അവരുടേതായ രീതികളിൽ സമൂഹസേവനം ചെയ്തിരുന്നു. വൃദ്ധാശ്രമങ്ങളിൽ ആഹാരവും, വസ്ത്രവും കൊടുക്കുക. ആതുരാലയങ്ങളിൽ സൗജന്യമായി മരുന്നുകൾ നൽകുക, വിദ്യാഭാസസ്ഥാപനങ്ങളിൽ പുസ്തകങ്ങൾ നൽകുക ഇവയൊക്കെ  അവർ പരമ്പരാഗതമായി ചെയ്തിരുന്നു.

വിവാഹങ്ങൾ ആഘോഷമായി നടത്തിയിരുന്നു അവർ. പക്ഷേ ആ ആഘോഷങ്ങളിൽ പോലും എങ്ങനെ അത് ഏറ്റവും ലാഭകരമായി നടത്താം എന്നവർക്കറിയാമായിരുന്നു. എല്ലാ അസംസ്കൃതസാധനങ്ങളും മൊത്തവിപണിയിൽ നിന്ന് ചുരുങ്ങിയ വിലക്കെടുത്ത് അവരുടെ തന്നെ കൂട്ടായ്മകൾക്കായി ജോലികൾ

വിഭജിച്ച് കൊടുത്ത്, അവരുടെ തന്നെ കടകളിൽ നിന്ന് സാധാനങ്ങൾ വാങ്ങി, ലാഭവും, വ്യയവുമെല്ലാം  ബുദ്ധിപരമായി അവർ കൈകാര്യം ചെയ്തു.

പക്ഷിസ്വപ്നങ്ങളുടെ അപഗ്രഥനം ഒരു ജീവപുസ്തകം പോലെ വളരുന്നത് മെർലേച്ച അറിഞ്ഞു. ഇപ്പോഴത് സാധാരണ ജീവിതത്തിൻ്റെ ഭാഗമായിരിക്കുന്നു. പക്ഷികൾ മെർലേച്ചയുടെ സ്വപ്നങ്ങളിൽ സ്ഥിരതാമസം തുടങ്ങിക്കഴിഞ്ഞിരിക്കുന്നു.  ഏതോ സ്വർഗ്ഗഭവനമെന്ന പോലെ അവർ മെർലേച്ചയുടെ സ്വപ്നവീട്ടിൽ വളർന്ന് പെരുകി.  ഇത്രമാത്രം സുരക്ഷിതമായൊരിടം വേറെയില്ലെന്ന പോലെ മെർലേച്ചയ്ക്ക് ചുറ്റും ഓടിക്കളിച്ചു.

നാരായണക്കിളികളും, ഓലഞ്ഞാലിക്കുരുവികളും, വാനമ്പാടികളും ഇടയ്ക്കിട ദേശാടനക്കാരെ പോലെ വരാറുണ്ട്. ചില പ്രത്യേക ദിവസങ്ങളിൽ ചകോരങ്ങളും, പരുന്തുകളും മെർലേച്ചയെ തേടിയെത്തി.  കുയിലുകളും, പ്രാവുകളും സ്വപ്നത്തിലെ നിത്യസന്ദർശകരായിരുന്നു.

സ്വപ്നം വിശകലനം ചെയ്ത് പല പരിഹാരങ്ങളും ചെയ്തിട്ടും അനന്തകാലത്തിൻ്റെ അധികാരപരിധിയിലെന്ന പോലെ പക്ഷികൾ മെർലേച്ചയുടെ സ്വപ്നത്തിൻ്റെ കടിഞ്ഞാൺ  ഏറ്റെടുത്തു. പക്ഷിസ്വപ്നാടനങ്ങൾ ഒരിക്കലും അവസാനിക്കില്ലെന്ന് പറയും പോലെ  രാത്രിയിൽ പകലുണർത്തി പക്ഷികൾ മെർലേച്ചെയ ഉദ്യാനങ്ങളിലൂടെ പതിയെ നടത്തി.

സ്വപ്നങ്ങളെ ഒഴിവാക്കാൻ ലക്ഷ്മണരേഖ പോലൊന്ന് കട്ടിലിന് ചുറ്റും വരയ്ക്കാനാണ് അവസാനം കണ്ട ദിവ്യൻ മെർലേച്ചയോട് പറഞ്ഞത്. പവിത്രൻ എന്ന ദിവ്യൻ്റെ പവിത്രരേഖയെ പ്രാവുകൾ ചിറകുകൾ കൊണ്ട് മായ്ക്കുന്നത് കണ്ട് മെർലേച്ചയ്ക്ക് അല്പം ഭയവും സങ്കോചവും അനുഭവപ്പെട്ടു. അങ്ങനെ ചെയ്യുമ്പോഴും പക്ഷികൾക്ക് മെർലേച്ചയോട് അതീവമായ സ്നേഹവും കരുണയും ഉണ്ടെന്ന് തോന്നി.

പക്ഷിസ്വപ്നങ്ങളിൽ നിന്നിനി രക്ഷയുണ്ടാവില്ല എന്ന് മെർലേച്ചയ്ക്ക് തോന്നിത്തുടങ്ങി. നിത്യജീവിതത്തിലെ മറ്റ് പ്രധാന ആവശ്യങ്ങൾക്ക് മുൻതൂക്കം കൊടുത്ത്  സ്വപ്നഭാരത്തെ ഉപേക്ഷിക്കാമെന്ന് മെർലേച്ച കരുതിയിരുന്നുവെങ്കിലും പക്ഷികൾ അതൊന്നും അത്ര കാര്യമാക്കിയില്ല.

അജ്മീറിലേക്ക് വ്യവസായ ആവശ്യങ്ങൾക്ക്  പോകാനൊരുങ്ങുമ്പോഴാണ് ഗോവിന്ദ് ഭായ് ഒരോർമ്മപ്പെടുത്തലെന്ന പോലെയാണ്  ഭാസുരിമൗസിയുടെ  ഭർത്താവ് തേജ്പാലിൻ്റെ അമ്മയുടെ നിരാാഹാരത്തെക്കുറിച്ച് പറഞ്ഞത്.

ഭൂമിയ്ക്ക് ഭാരമാവാതെ ഉപവാസമനുഷ്ഠിച്ച്  ലോകത്തിൽ നിന്ന് യാത്രയാവുന്ന സ്വന്തം സമുദായത്തെ അധികബഹുമാനത്തോടെയാണ് ഗോവിന്ദ് ഭായ് നോക്കിക്കണ്ടിരുന്നത്, എങ്കിലും അതിലൊന്നും മെർലേച്ച അധികതാല്പര്യം കാട്ടിയില്ല.  പക്ഷികളുടെ സ്വപ്നത്തിൽ നിന്നകന്ന് പോകാൻ ഗോവിന്ദ് ഭായ്  സ്ഥിരമായി സഹായിക്കുന്നു എന്നത് മെർലേച്ചയെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട കാര്യമാണ്.

പിറ്റേന്ന് ഏഴുമണിക്ക് ചെന്നെയിലേക്ക് പോയി  കൽക്കട്ടയിൽ നിന്ന് വരുന്ന ആഭരണ ഡിസൈനുകൾ  തീർപ്പാക്കിവേണം അജ്മറിലേക്ക് പോകാനെന്ന് ഗോവിന്ദ് ഭായിയോട് പറഞ്ഞപ്പോൾ വൈകുന്നേരം തേജ്പാലിനെ കാണാൻ പോകുന്നുണ്ട്, വരുന്നെങ്കിൽ ഒന്നിച്ച് പോകാം  എന്ന് ഭായ് പറഞ്ഞു.  ഭാസുരിമൗസി മരിച്ചതിന് ശേഷം തേജ് പാൽ വേറൊരു വിവാഹം ചെയ്തു. അന്ന് മുതൽ മെർലേച്ചയുടെ കുടുംബം തേജ് പാലുമായി അത്ര സൗഹാർദ്ദത്തിലല്ല. സ്വന്തം സഹോദരി മരിച്ചതിന് ഒന്നരവർഷത്തിനിടയിൽ തന്നെ തേജ്പാൽ വീണ്ടും വിവാഹം ചെയ്തത് ഉൾക്കൊള്ളാൻ ആനന്ദ് മെർലേച്ചയുടെ   അച്ഛനായ  ഗ്യാൻ മെർലേച്ചയ്ക്ക് കഴിഞ്ഞിട്ടില്ല.

അസ്വാരസ്യങ്ങൾക്കിടയിൽ പോകണമോ വേണ്ടയോ എന്നൊരാകുലത ആനന്ദിനുണ്ടായി. വയസ്സായ അമ്മയെ കാണാനാല്ലേ ഒന്ന് കണ്ട് പോരാം എന്ന് ഗോവിന്ദ് ഭായ് പറഞ്ഞതിലും കാര്യമുണ്ടെന്ന് തോന്നിയതിനാൽ നാല് മണിക്ക് ബോംബേ ചാറ്റ് സെൻ്ററിൽ  വരാമെന്നും അവിടെ നിന്ന്  ഒന്നിച്ച് പോകാമെന്നും മെർലേച്ച പറഞ്ഞു,.

ഭാസുരിമൗസിയുടെ വീട് പഴയപോലെ തന്നെ കാണപ്പെട്ടു ബ്രൗൺ നിറമുള്ള ആ സോഫ അവിടെത്തന്നെയുണ്ട്.  പക്ഷെ ഭാസുരിമൗസിയില്ലാത്തതിനാലാവും ഒരിക്കൽ സുപരിചിതമായ ഇടത്തിന് ഇപ്പോൾ ഒരു അപരിചിതത്ത്വം അനുഭവപ്പെടുന്നത്.   ഈ വീട്ടിൽ എത്രയോ തവണ പണ്ട് വന്നിരിക്കുന്നു.  വീട്ടിലെ ആദ്യകുട്ടിയായ ആനന്ദിനോട് ഭാസുരി മൗസിക്ക് പ്രത്യേക കരുതലുണ്ടായിരുന്നു. അക്കാലത്ത് ഹൃദയപൂർവ്വം ഇഞ്ചിയും ലവംഗവും ചേർത്ത ചായയിട്ട് തന്നിരുന മൗസി.  അവരുടെ കുട്ടികൾ ആകാശും, അപൂർവ്വയും കളിക്കൂട്ടുകാരായിരുന്നു. ഇപ്പോൾ അതേ ഇടം എത്ര അപരിചിതമായി അനുഭവപ്പെടുന്നു.

തേജ് പാൽ സഹായിയോട് ചായ കൊണ്ട് വരാൻ പറഞ്ഞു.  ലവംഗചായ പതിയെ കുടിക്കുമ്പോൾ തേജ്പാൽ ഒന്നും സംസാരിച്ചില്ല. ഗോവിന്ദ് ഭായ് എന്തോ മഹത്തായ ആലോചനയിലെന്ന പോലെ ഇരുന്നു.

ഒന്നും പറയാനില്ലാത്തതിനാൽ ആനന്ദ് മെർലേച്ച പച്ചനിറമുള്ള ഡിസ്റ്റംബറിൽ ഒന്ന് കൂടി ഇരുണ്ടിരിക്കുന്ന ഭിത്തിയിലേയ്ക്ക് കണ്ണോടിച്ചു. ചില പിതാമഹന്മാരുടെ ബ്ളാക് ആൻഡ് വൈറ്റ് ചിത്രങ്ങൾക്കിടയിൽ അല്പം വർണ്ണപ്പകിട്ടോടെ പുതിയ ചിത്രങ്ങൾ. ആ ചിത്രങ്ങളിലൊന്നിൽ മെർലേച്ചയുടെ മിഴികളുടക്കി. തലയിലേക്ക് വലിച്ചിട്ട കടുംനിറമുള്ള  സാരിയിൽ ഭാസുരിമൗസിയുടെ ചിത്രം.  അവിടെയൊരു  ഉദ്യാനം രൂപം കൊള്ളുന്നു. ഉദ്യാനനടപ്പാതയോട് ചേർന്നുള്ള  വൃക്ഷങ്ങൾക്കരികിൽ  അരിമണികൾ  വിതറുന്ന ഭാസുരിമൗസി . ചുറ്റും പ്രാവുകൾ,  മൈനകൾ, അണ്ണാർക്കണ്ണന്മാർ.

ഏത് പാർക്കിലാണ് ഭാസുരിമൗസി നടക്കാൻ പോയിരുന്നത് തേജ്പാലങ്കിൾ?

ആനന്ദ്  മെർലേച്ചയുടെ  ഒട്ടും  പ്രതീക്ഷിക്കാത്ത ചോദ്യം കേട്ട് തേജ്പാൽ ഒന്നമ്പരന്നു. പിന്നീട് തേജ്പാൽ പറഞ്ഞു.

ബൈപാസ് കഴിഞ്ഞതിന് ശേഷം ഡോക്ടറുടെ നിർദ്ദേശത്താൽ ഭാസുരി സ്ഥിരമായി ഇവിടെയടുത്തുള്ള ശിവക്ഷേത്രത്തോട് ചേർന്നുള്ള പാർക്കിൽ പോകാറുണ്ടായിരുന്നു..അസുഖത്തിന് മുൻപും സായാഹ്നങ്ങളിൽ ഭാസുരി ആ പാർക്കിൽ പോയിരിക്കാറുണ്ടായിരുന്നു

ആനന്ദ് മെർലേച്ചയുടെ മുഖത്ത് പടർന്ന മന്ദഹാസം എന്തിനെന്ന് ആർക്കും മനസ്സിലായില്ല.  ഭാസുരിമൗസി  ഫോട്ടോയുടെ ഫ്രയിമിൽ നിന്നിറങ്ങിവന്ന് ഒരു പായ്കറ്റ് നിറയെ അരിമണികളും, കടലമണികളും ആനന്ദിൻ്റെ കൈയിലേക്ക് വച്ച് കൊടുത്തു.  ഉദ്യാനത്തിലെ വൃക്ഷച്ചോട്ടിൽ ആനന്ദ് മെർലേച്ച  ആ ധാന്യമണികൾ വിതറി. പ്രാവുകളും, മറ്റ് പക്ഷികളും ആ ധാന്യമണികൾ ആസ്വദിച്ച് ഭക്ഷിക്കുന്നത്  മെർലേച്ച സന്തോഷത്തോടെ കണ്ടു.

സ്വപ്നത്തിനും, ജാഗ്രത്തിനുമിടയിലുള്ള ദൂരം മാഞ്ഞ് പോകുന്നത് അതിശയകരമായ  ഹൃദയശാന്തിയോടെ മെർലേച്ച കണ്ടുനിന്നു. സമസ്തലോകവും സമാധാനത്തിൻ്റെ ഭാഷാലിപിയുമായ് മുന്നിലെത്തിയത് പോൽ മെർലേച്ചയ്ക്ക് അനുഭവപ്പെട്ടു.    

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക