
പ്രേക്ഷകരുടെ ആരാധനാപാത്രം സമാന്തയും സംവിധായകന്‍ രാജ് നിദിമോരുവും വിവാഹിതരായി. സമാന്ത തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയ വഴി സ്ഥിരീകരിച്ചത്. വിവാഹത്തിന്റെ ചിത്രങ്ങളും സമാന്ത സമൂഹ മാധ്യമങ്ങളില്‍ പങ്കു വച്ചു. കോയമ്പത്തൂരിലുള്ള ഇഷ ഫൗണ്ടേഷന്റെ ലിംഗ ഭൈരവി ക്ഷേത്രത്തിലാണ് വിവാഹ ചടങ്ങുകള്‍ നടന്നത്. രാജിനൊപ്പം കൈകോര്‍ത്തു നടക്കുന്ന സമാന്തയുടെ ചിത്രങ്ങള്‍ ഇതിനകം സമൂഹമാധ്യമങ്ങളില്‍ വൈറലായി കഴിഞ്ഞു. മുപ്പതോളം അതിഥികള്‍ മാത്രം പങ്കെടുത്തസ്വകാര്യ ചടങ്ങിലാണ് വിവാഹം നടന്നത്.
സാമന്തയും രാജും കഴിഞ്ഞ കുറേ വര്‍ഷങ്ങളായി പ്രണയത്തിലായിരുന്നുവെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. ഇരുവരും 'ദ് ഫാമിലി മാന്‍' എന്ന വെബ് സീരീസില്‍ ഒരുമിച്ചു പ്രവര്‍ത്തിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ഇരുവരും ഒരുമിച്ച് അമേരിക്കയില്‍ അവധിയാഘോഷിക്കുന്ന ചിത്രങ്ങളും പുറത്തു വന്നിരുന്നു. സമാന്ത ആരംഭിച്ച പെര്‍ഫ്യൂം ബ്രാന്‍ഡ് ലോഞ്ച് ചെയ്യുന്ന ചടങ്ങില്‍ നിന്നുള്ള ചിത്രങ്ങളും അഭ്യൂഹത്തിന് ആക്കം കൂട്ടി. രാജ് നിദിമോരവിനെ ചേര്‍ത്തു പിടിച്ചുള്ള ചിത്രവും അതിനൊപ്പം സമാന്ത നല്‍കിയ കുറിപ്പും ചര്‍ച്ചയാവുകയും ചെയ്തു. ഈ വര്‍ഷം ജീവിതത്തില്‍ നടത്തിയ ധീരമായ ചുവട് വയ്പ്പുകളെ കുറിച്ചായിരുന്നു പോസ്റ്റ്. പങ്കു വച്ച അവസാന ചിത്രത്തില്‍ ഒന്നും ഒളിക്കാനില്ല എന്ന ഹാഷ്ടാഗും നടി ചേര്‍ത്തിരുന്നു.
''ചുറ്റും സുഹൃത്തുക്കളും കുടുംബാംഗങ്ങളും. കഴിഞ്ഞ ഒന്നര വര്‍ഷമായി എന്റെ കരിയറിലെ ഏറ്റവും വലിയ ധീരമാനങ്ങളാണ് ഞാന്‍ എടുത്തത്. വെല്ലുവിളികള്‍ ഏറ്റെടുക്കുന്നു. ഉള്‍പ്രേരണയെ വിശ്വസിക്കുന്നു. മുന്നോട്ടു പോകുമ്പോള്‍ പലതും പഠിക്കുകയും ചെയ്യുന്നു ഇന്ന്. പല കാര്യങ്ങളും ഞാന്‍ ചെറിയ വിജയങ്ങള്‍ ആഘോഷിക്കുകയാണ്.
ഞാന്‍ കണ്ടുമുട്ടിയതില്‍ വച്ച് ഏറ്റവും കഴിവുള്ളവരും കഠിനാശ്വാനികളും ആയ ആളുകള്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതില്‍ ഞാന്‍ ഒരുപാട് നന്ദിയുള്ളവളാണ്. വലിയ വിശ്വാസത്തോടെ. ഇതൊരു തുടക്കം മാത്രമാണെന്ന് എനിക്കറിയാം.''. സമാന്തയുടെ കുറിപ്പ് ഇങ്ങനെ. കുറിപ്പിനൊപ്പം സമാന്ത പോസ്റ്റ് ചെയ്ത ചിത്രങ്ങളില്‍ ഒന്ന് നിദിമോരുവിനൊപ്പം നില്‍ക്കുന്നതായിരുന്നു.
2021-ലാണ് സമാന്തയും നടന്‍ നാഗചൈതന്യയും വിവാഹ മോചിതരായത്. കഴിഞ്ഞ വര്‍ഷം നാഗചൈതന്യ നടി ശോഭിത ധൂലിപാലിയെ വിവാഹം കഴിച്ചു.