
വാദ്യകലയില്‍ ഒരു വിസ്മയമല്ല, വിപ്ലവം തന്നെയാണ് ശിവമണി. വീട്ടിലെ അടുക്കളയില്‍ താളമിട്ടു തുടങ്ങിയ സംഗീത ജീവിതം, ഇന്നിപ്പോൾ കൊട്ടിക്കയറി ലോകത്തിന്റെ നെറുകയോളം എത്തിയിരിക്കുകയാണ്.
1984 മുതല്‍ തുടർച്ചയായി ശബരിമല സന്നിധാനത്ത് മണ്ഡലകാലത്ത് എത്തി ശിവമണി സംഗീത വിസ്മയം ഒരുക്കാറുണ്ട്. ഇടക്ക് മൂന്നു വർഷം മുടങ്ങി; കഴിഞ്ഞ വർഷം തിരിച്ചെത്തി; ഈ വർഷവും പക്ഷേ, വന്നേക്കും; പ്രവേശന നിബന്ധനകൾ കാരണം അതിനു സാധിക്കുമോ എന്നും സംശയമാണ്.....
ഡ്രം വായനയിൽ വൈദഗ്ദ്ധ്യം പ്രകടിപ്പി ക്കുന്ന ശിവമണി എന്ന 'ആനന്ദൻ ശിവമണി' ഉടുക്ക്, ഗഞ്ചിറ (Kanjira), ദർബുക തുടങ്ങിയ വിവിധ വാദ്യോപകരണങ്ങളിലും കഴിവു തെളിയിച്ചിട്ടുണ്ട്.
കൊട്ടു വിദ്വാൻ എസ്. എം. ആനന്ദിൻ്റെ (ചെന്നൈ) മകനാണ് 'ആനന്ദൻ ശിവമണി'. (ജനനം:1959 ഡിസംബർ 1-ന്) ഏഴാം വയസ്സിൽ തന്നെ അദ്ദേഹം 'കൊട്ടു'പഠിക്കൽ ആരംഭിച്ചിരുന്നു.
ഒരുപാട് വേദനകൾ നിറഞ്ഞ അനുഭവങ്ങ ളുടെ കടല്‍ കടന്നാണ് ശിവമണി ഇന്നു കാണുന്ന ഈ പ്രശസ്തിയിലെത്തിയത്. ഒന്നാന്തരമായി തബലയും ബേസ് ഡ്രമ്മും വായിച്ചിരുന്ന അച്ഛന്‍, അതൊന്നും പക്ഷേ, മകനെ തൊടാന്‍ അനുവദിച്ചിരുന്നില്ല. കൊച്ചുവീടിന്റെ അടുക്കളയില്‍ പ്ലേറ്റുും സ്പൂണുമൊക്കെയായിയിരുന്നു അവന്റെ സംഗീത ഉപകരണങ്ങള്‍. കാഴ്ചക്കാരിയായി അമ്മയും.
പതിനൊന്നാം വയസ്സിൽ സംഗീത ജീവിതം തുടങ്ങിയ ശിവമണി പിന്നീട് മുംബൈ യിലേക്ക് പോയി. കുന്നക്കുടി വൈദ്യനാഥൻ, എൽ. ശങ്കർ പോലുള്ള സംഗീത പ്രതിഭ കളുമൊത്തായിരുന്നു, ശിവമണിയുടെ ആദ്യകാലത്തെ സംഗീത പരിചയങ്ങൾ.

പിന്നീട് വലിയ ഡ്രം വാദകനായി മാറിയെ ങ്കിലും സിനിമയിലേയ്ക്കുള്ള വഴി തെളിഞ്ഞത് അച്ഛന് നേരിടേണ്ടിവന്ന ഒരു അപകടത്തെ തുടര്‍ന്നാണ്. സംഗീത സംവിധായകന്‍ കെ.വി. മഹാദേവനു വേണ്ടി ഒരു പാട്ടിന്റെ പിന്നണിയില്‍ ഡോലക് വായിക്കാമെന്ന് ഏറ്റിരുന്നു ശിവമണിയുടെ അച്ഛന്‍ ആനന്ദന്‍. ഇതിനിടെയാണ് അപകടമുണ്ടായത്. തനിക്ക് പകരം പോയി ഡോലക് വായിക്കാന്‍ അച്ഛന്‍ ആവശ്യപ്പെട്ടു. ശിവമണിയുടെ ഡോലക്കിന്റെ ശബ്ദത്തില്‍ മറ്റെല്ലാ വാദ്യങ്ങളും മുങ്ങിപ്പോയി എന്നതാണ് വാസ്തവം. ഈ കൊട്ട് കേട്ട് മതിമറന്ന എസ്.പി. ബാലസുബ്രഹ്മണ്യം ശിവമണിയോട് തന്റെ ട്രൂപ്പില്‍ ചേരാന്‍ ആവശ്യപ്പെടുക യായിരുന്നു. അത് സ്വീകരിക്കാന്‍ ശിവമണി- ക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടിവന്നില്ല. പിന്നീടുള്ളതെല്ലാം ചരിത്രം....
ശിവമണി തന്റെ 'ഗോഡ്‌ഫാദർ' ആയി കണക്കാക്കുന്നത് സംഗീതജ്ഞൻ എസ്.പി. ബാലസുബ്രമണ്യത്തെയാണ്.
എന്നാല്‍, ഗാനമേളകളില്‍ നിന്ന് ശിവമണിയെ സിനിമയിലെത്തിച്ചത് ബാല്യകാല സുഹൃത്ത് എ.ആര്‍. റഹ്മാനാണ്. ഒരേ ചിത്രത്തിലായിരുന്നു കൂട്ടുകാരായ ഈ ഇരുവരുടെയും അരങ്ങേറ്റം എന്നതാണ് കൗതുകകരം. മണിരത്നത്തിന്റെ ക്ലാസിക് സിനിമയായ 'റോജ'യില്‍. വെറുതെ ഡ്രമ്മില്‍ താളമിട്ടുകൊണ്ടിരിക്കുകയായിരുന്നു ശിവമണിയുടെ തട്ടവും മുട്ടുമാണ്, പിന്നീട്, "കാതല്‍ റോജാവേ"യിലും "പുതു വെള്ളൈ മഴെ"യിലുമെല്ലാം നമ്മൾ കേട്ട് കോരിത്തരിച്ചത്.
എ. ആർ. റഹ്മാന്റെ 'ലീഡ് പെർക്കുഷ്യനിസ്റ്റ്' എന്ന നിലയിൽ ഉള്ള അദ്ദേഹത്തിന്റെ സംഗീത പ്രകടനത്തിലൂടെ ആണ് അദ്ദേഹത്തിന് വ്യാപകമായ അംഗീകാരം ലഭിച്ചത്. ശിവമണി, പിന്നീടങ്ങോട്ട് സിനിമാ സംഗീതത്തിന്റെ അവിഭാജ്യ ഘടകമായി മാറി. 'റോജ'യ്ക്കുശേഷം നിരവധി ചിത്രങ്ങളിൽ ആ കൂട്ടുകെട്ട് നാദ വിസ്മയം സൃഷ്ടിച്ചു.
'റോജ', 'രംഗ് ദെ ബസന്തി', 'താൽ', 'ലഗാൻ', 'ദിൽസെ', 'ഗുരു', 'കാബൂൾ എക്സ്പ്രസ്സ്', 'റോക്സ്റ്റാര്‍' തുടങ്ങിയ നിരവധി ചലച്ചിത്രങ്ങളിൽ ഡ്രം വായിച്ചത് ശിവമണിയാണ്. "കാദൽ റോജാവെ..."; "പുതു വെള്ളൈ മലൈ..."; "ചയ്യ ചയ്യ..." തുടങ്ങിയ പാട്ടുകളിലെ സംഗീതത്തിലും ശിവമണിയുടെ സംഭാവനയുണ്ട്. മലയാള ചിത്രം 'പുനരധിവാസ'ത്തില്‍ സംഗീത സംവിധായകനുമായി.
കൂടാതെ, എ.ആർ. റഹ്‌മാനുമായി വിവിധ രാജ്യങ്ങളിൽ സംഗീത പര്യടനവും ചെയ്തിട്ടുണ്ട്. 'ഏഷ്യ ഇലക്‌ട്രിക്' എന്ന പേരിൽ ഒരു സംഗീത ബാൻഡും ശിവമണി നടത്തുന്നു.
ഒരിക്കൽ തബല വിദഗ്‌ദ്ധൻ സക്കീർ ഹുസൈൻ തന്റെ ഒരു പരിപാടിയിൽ വേദി പങ്കിടുന്നതിനായി ശിവമണിയെ ക്ഷണിക്കുയുണ്ടായി. ലൂയിസ് ബാങ്ക്സ് ഉൾപ്പെടെയുള്ള പലരുമായും ചേർന്ന് അദ്ദേഹം പരിപാടി നടത്തിയിട്ടുണ്ട്.
ദുബായ്, മോസ്കോ, ന്യൂയോർക്ക്, ദോഹ, ടൊറൊണ്ടൊ എന്നിവിടങ്ങളിൽ പരിപാടികൾ അവതരിപ്പിച്ചിട്ടുള്ള ശിവമണി ചില ചലച്ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ഐ.പി.എൽ. മത്സരങ്ങളിൽ ചെന്നൈ സൂപ്പർ കിങ്സിന്റെ ചിയർ ലീഡിംഗ് ടീമിന്റെ ഭാഗമായിരുന്നു ഒരു കാലത്ത് ഇദ്ദേഹം. 2008- ലെ ഐ.പി.എൽ. മത്സരത്തോട് അനുബന്ധിച്ചുണ്ടായ ശിവമണിയുടെ സംഗീത പരിപാടി എല്ലാ ക്രിക്കറ്റ് താല്പര്യക്കാരായ ജനങ്ങളെയും ആവേശം കൊള്ളിച്ചു.
2019-ൽ അദ്ദേഹത്തിന് 'പദ്മശ്രീ' ലഭിച്ചു.

ഗസൽ ഗായികയായ റൂണ റിസ്വി (Runa Rizvi) ആണ് ഭാര്യ; 2014-ൽ മുബൈയിൽ വച്ച് ഇവർ വിവാഹിതരായി. ഒരു കുട്ടിയുമുണ്ട്: കുമാരൻ. ആദ്യ ഭാര്യ കരാശ്നി; ഇവർ വിവാഹ മോചിതരായി; ആ ബന്ധത്തിൽ രണ്ടു മക്കളും ഉണ്ട്.
കുറെ വർഷങ്ങൾക്കു മുമ്പ്, തൃപ്പൂണിത്തുറ JT- PACK -ഇത് വെച്ചാണ് ഞാൻ ആദ്യമായി 'ശിവമണി മാജിക്' ലൈവ്-യി ആസ്വദിക്കുന്നത്...
Golden Krithis Colours, (1994)- കർണാട്ടിക് സ്‌പെരിമെന്റൽ ആൽബം; Pure Silk (2000); Kaash (ഹരിഹരനുമൊത്തുള്ള ആദ്യ ഗസൽ ആൽബം); Arima Nambi (2014); Kanithan (2016) - ഇവയെല്ലാമാണ് പ്രധാന ആൽബങ്ങൾ.
.....................
സാക്ഷാൽ ശിവമണി സാക്ഷാംഗ പ്രണാമം നടത്തിയ ഒരു സംഭവം കൂടി അനുബന്ധമായി വായിക്കേണ്ടതാണ്
Sreevalsan Thiyyadi, ഏതാനും വർഷം മുമ്പ് പല്ലാവൂർ കുഞ്ഞുകുട്ടൻ മാരാർ Vs 'ശിവമണി' സംഗമത്തെക്കുറിച്ചു എഴുതിയിരുന്നു: മഹാരാഥന്മാരുടെ വാദ്യവിശേഷം കേൾക്കേണ്ടത് തന്നെ....:
#>ശിവമണി നയിച്ച ഒരു മൾട്ടിപെർക്കഷൻ കോൺസെർട്ടിൽ നിയോഗംകിട്ടി മഹാനഗരത്തിൽ എത്തിച്ചേർന്നതായിരുന്നു തനിഗ്രാമീണനായ കുഞ്ഞുകുട്ടൻമാരാർ. പളപളാ വെളിച്ചമുള്ള സ്റ്റേജ്. വൻ ജനാവലി. കൊട്ടുകച്ചേരി ഗംഭീരമായി മുന്നേറേ ഒരുഭാഗമെത്തിയപ്പോൾ ഇടംതലയിൽ കണക്കൊത്ത സംഗതിയൊന്ന് തീർത്തു കുഞ്ഞുകുട്ടൻമാരാർ. തിരികെ മുഴക്കേണ്ട റോളുണ്ട് ശിവമണിക്ക്. മുക്കാൽ വഴിയിൽ നായകന് പിഴച്ചു. "യെന്താണ്ടാ ദിലിത്ര പതറാൻ!" എന്ന പാലക്കാടൻമട്ടിൽ കുഞ്ഞുകുട്ടമാർ കൂളായി അതേ സാധനം വീണ്ടും കൊട്ടിക്കാട്ടി. അക്കുറിയും ശിവമണിക്ക് എത്തിക്കാനായില്ല.
പൊതുസദസ്സിൽ വലിയൊരു റാലിയുടെ തുടക്കമായി ഭവിച്ചു സംഭവം. നിഷ്കർഷയോടെ കുഞ്ഞുകുട്ടമാരാർ കുളുകുളാ കൊട്ടും; ശിവമണി റിപ്പീറ്റിന് ശ്രമിക്കും, പരാജയപ്പെടും....
"ഒടുവിൽ, ഇങ്ങനെ പതിനാലാമത്തെ പ്രാവശ്യം ശരിയായിക്കിട്ടി," എന്ന് ഓർത്തെടുത്തു കണ്ടുനിന്ന മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ. അതോടെ എഴുന്നേറ്റുചെന്ന് കുഞ്ഞുകുട്ടൻമാരാരെ സാഷ്ടാംഗം നമസ്കരിച്ചു. "അത് അയാളുടെ (ശിവമണിയുടെ) വലിപ്പം!" മട്ടന്നൂർ പറഞ്ഞു നിർത്തി....