
എനിക്ക് പ്രിയം, ഭയം
എന്നെ മാത്രമാണെൻ്റെ
ചിറക്, വിലങ്ങുകൾ
ശൂന്യത, കിനാവുകൾ
എനിക്ക് സ്വന്തം തന്നെ
ശിരസ്സിൽ കുരുക്കിട്ട്
വലിച്ച് മുറുക്കുന്നൊരായിരം
വിചാരങ്ങൾ
കുടമൺകുളമ്പടിയൊച്ചകൾ
കാറ്റിൽ കൂടിയൊഴുകും പോകും
പഞ്ഞിപ്പക്ഷികൾ
വെൺപ്രാവുകൾ..
എനിക്ക് പ്രിയം, വാശി-
യെന്നോട് തന്നെ സ്നേഹക്കടങ്ങൾ,
കനൽ കോരിക്കുടിച്ച പരാതികൾ
ഹൃദയം ദയാവായ്പിൽ
കോലമിട്ടടുപ്പ് കല്ലതിലായ്
തിളയ്ക്കുന്നൊരാറ്റുകാൽ
പൊങ്കാലകൾ
നിഴലും, വെളിച്ചവും
വെയിലും, മഴച്ചാറ്റൽ
മുനമ്പിൽ കൂടിച്ചേരും
സമുദ്രം, കടലുകൾ.
സ്നേഹവും, കലമ്പലും
രോഷവും, ദയാവായ്പും
ചേരുന്ന ജൂഗൽബന്ദി
തീരത്തിന്നാന്തോളനം
എന്നിലുണ്ടിതേ വിധം
ചേർത്തടുക്കുമ്പോൾ
ശരപഞ്ജരങ്ങളും
തൂവൽ വിരിച്ച
പീഠങ്ങളും
രാത്രിമുല്ലകൾ, പാല-
പൂക്കുന്ന നിശാകാശ-
യാത്രയിൽ മാലാഖമാർ
തൊടുന്ന സു:സ്വപ്നങ്ങൾ
മന്ത്രയക്ഷികളാണിപ്പാടിൽ
നിന്നോടിപ്പോന്ന് വന്നിരിക്കുമാ-
പനങ്കാടിൻ്റെ പ്രകമ്പനം
എനിക്ക് പ്രിയം, ഭയം
എൻ്റെ വാക്കുകൾ തന്നെ-
യൊഴുക്കിൽ നീന്തുന്നേരമുയിരിൽ
ചുംബിക്കുന്നോർ
എനിക്ക് ചുറ്റും വിസ്ഫോടനങ്ങൾ
മദ്ധ്യാഹ്നത്തിലിടക്ക്
ഞാൻ കത്തിക്കുമെൻ്റെയീ
മഹാമൗനം
ജപകാലങ്ങൾ കഴിഞ്ഞൊരു-
മണ്ഡപത്തിലെ
കൊഴിഞ്ഞ രുദ്രാക്ഷങ്ങൾ
കത്തുന്ന ത്രിനേത്രങ്ങൾ.
വാദിയും, പ്രതിക്കൂടുമെന്നുമേ-
ഞാനാണെൻ്റെ
ജ്ഞാനപുസ്തകത്തിൻ്റെ
നാരായമുനയ്ക്കുള്ളിൽ
നോവുണ്ട്, ഹിരണ്മയ-
ഗർഭത്തിലുണർന്നതാം
നാദവീചികൾ, പദമാലിക
മന്ത്രാക്ഷരം.
പർവ്വതശിഖരത്തിലുണരും
പച്ചത്തുരുത്തുർവ്വിയിൽ
ഉദാസീനമിരിക്കും
തടാകങ്ങൾ
ദർപ്പണങ്ങളിൽ നിന്നുമടരും
പ്രതിച്ഛായ
സ്വച്ഛമായിരിക്കുന്നതിലെ
നിസ്സംഗത
ദിക്പാലകന്മാർ കാവൽ
നിൽക്കുന്ന ഭൂമണ്ഡലം
സ്വപ്നലോകത്തിൽ വന്ന്
നിറയും മഹാജാലം
മായയോ, മരീചികയെന്ന പോൽ
ദൂരത്തൊരു ദീപമുണ്ടാകാം
പ്രകാശത്തിൻ്റെയൊരു തരി
എന്നിലുണ്ടതേ ദീപസ്തംഭങ്ങൾ
മഹാലയമൗനമായമാവാസി-
യിരുളും പിതൃക്കളും
ജലമിറ്റിക്കാനൊരു ഋണത്തെ
വീട്ടാനൊരു മഴ പെയ്യുവാൻ
കാത്ത് ഞാനിരിക്കുന്നു വീണ്ടും
എന്നിലുണ്ടതേ മഴ, തുലാവർഷങ്ങൾ
നിന്ന് പെയ്യുന്ന നിർത്താത്തൊരു
മഴയാണതേ മഴ
എനിക്ക് പ്രിയം, ദ്വേഷം
എന്നിലെയെന്നോടെന്നും
നെരിപ്പോടുകൾ കത്തിപ്പടർന്ന
തീഗോളത്തെയടക്കാൻ
തെളിനീരാൽ ധാരകോരുന്നു ഞാനും
കയ്പുണ്ട്, ചവർപ്പുണ്ട്
ശിരസ്സിൽ തളം കെട്ടിയിത്തിരി-
നോവിക്കുന്നു
എന്നിലെ മറ്റേയൊരാൾ
തണുക്കുന്നിടക്കത്
മഞ്ഞുപൂവുകൾ പോലെ
ജ്വലിക്കുന്നിടക്കത്
വേനലോർമ്മകൾ പോലെ.
എനിക്ക് പ്രിയം, സ്നേഹം
മടുപ്പതെന്നോടെന്നും
തണുപ്പിൽ മണ്ണിൽ
നിന്ന് പിടയ്ക്കും
വേരാണത്...
തളിർ പൊട്ടുമോ,
താഴെത്തളരും വൈദേഹിയെ
ഒരിക്കൽ കാണാനായി പോകുമോ
ജലാർദ്രത കുറഞ്ഞ മരുഭൂവിലൊറ്റക്ക്
നടക്കുമോ?
ഇലകൾ പൊഴിഞ്ഞൊരു
ഹേമന്തം കടന്നാദിയുഗമായ്
മഞ്ഞിൽ ധ്യാനമാർന്ന്
ഞാനിരിക്കുമോ?
എനിക്ക് പ്രിയം ഭയം
എന്നെയാണെങ്കിൽ പോലും
ഋതുസംഗ്രഹങ്ങളാണത്
ഭൂമിയെ പോലെ ..
ഉണരും നേരം പൂവ്
വിരിയും വസന്തത്തിനൊരു
ചില്ലയിൽ എൻ്റെ
സ്വപ്നങ്ങളുണ്ടായേക്കാം..