
മൂടൽമഞ്ഞുള്ളൊരു പ്രഭാതത്തിലാണ് ഡോക്ടർ തോമസ്സിന്റെ ഗവേഷണാലയത്തിലേക്ക് ഏലിയാന ഓടിക്കേറിച്ചെന്നത്. മറ്റാരും കാണാതെ ലാബിലെത്തിയ അവൾ അയാളുടെ കഴുത്തിൽ കെട്ടിപ്പിടിച്ച് കവിളുകളിൽ മാറിമാറി ചുംബിച്ചു. തോമസ്സിന്റെ മുഖത്തുണ്ടായ സംഭ്രമവും അസ്വസ്ഥതയും അവൾ കാര്യമാക്കിയിരുന്നില്ല.
“എന്റെ ഏലിയാനാ, മറവിരോഗത്തിൽ നിന്നും മനുഷ്യരെ രക്ഷിക്കാനുള്ള പരീക്ഷണത്തിലാണ് ഞാനെന്ന് എത്ര തവണ പറഞ്ഞിരിക്കുന്നു. പോരെങ്കിൽ നിന്റെ യുവത്വവും എന്റെ പ്രായവും തമ്മിൽ ചേരില്ല. ഒറ്റയാനായി കഴിയാനാണെനിക്കിഷ്ടം. എന്നെ വെറുതേവിടൂ.”
“അപ്പോൾ ഈ ഗുഹയിലിരുന്ന് മറവിയെ ധ്യാനിക്കുകയാണല്ലേ? എന്നെ മറക്കുകയും. “
“പ്രായമായും രോഗങ്ങൾ വന്നും അപകടങ്ങൾ പറ്റിയും സ്മൃതിനാശം വന്ന് ജീവച്ഛവങ്ങളായി കഴിയുന്ന അനേകം മനുഷ്യരുണ്ട്. അവരുടെ ജീവിതാനന്ദത്തെ തിരിച്ചുകൊണ്ടുവരാൻ കഴിയുമോ എന്നാണ് ഞാൻ നോക്കുന്നത്. എന്റച്ഛനുമ്മയ്ക്കും സ്വന്തം പേര് പോലും ഓർക്കാൻ കഴിയില്ല.“
അയാൾ മറവിരോഗത്തെപ്പറ്റിത്തന്നെ പറഞ്ഞു. തലച്ചോറിൽ രേഖപ്പെടുത്തിയവ വായിക്കാൻ രോഗികൾക്ക് കഴിവില്ല. എന്നാൽ ഓർമ്മകൾ അവിടെത്തന്നെ കാണും. അതിന്റെ പകർപ്പുകളെടുത്ത് നാഢീവ്യൂഹത്തിന്റെ സജീവമായ ഇടങ്ങളിൽ നിക്ഷേപിക്കാനായാൽ മറവിരോഗത്തിന് പരിഹാരമാവാം എന്നാണയാളുടെ നിഗമനം.
“മറവിയുടെ പ്രതിവിധി കണ്ടെത്തിയാൽ വലിയ സംഭവമായിരിക്കുമല്ലോ. അതിൽ നിന്ന് കിട്ടുന്ന വരുമാനവും മോശമാകില്ലല്ലോ? എല്ലാം എന്റെ ഭാഗ്യം.”
ഒരത്ഭുതമനുഷ്യനായി തോന്നിയ ആ ശാസ്ത്രജ്ഞനെ സ്വന്തമാക്കാനായി അവളാഗ്രഹിച്ചു. ആഗ്രഹിക്കുന്നതെല്ലാം നേടിയിട്ടുള്ള അവളുടെ കാത്തിരുപ്പിന് ഏതാനും മാസങ്ങൾക്കുള്ളിൽ ഫലമുണ്ടായി. തോമസിന്റെ ഒഴിഞ്ഞുമാറലുകളെല്ലാം പരാജയപ്പെട്ടു. ജീവിതം മുഴുവനും സത്യാന്വേഷിയായൊരു ശാസ്ത്രകാരനാകാൻ മാത്രമാഗ്രഹിച്ചിരുന്ന ഡോക്ടർ തോമസിന് പിന്നീട് അതോർക്കുമ്പോഴൊക്കെ ഭയവും ആശ്ചര്യവുമുണ്ടായി. എങ്ങും ഒരു വാർത്തപോലുമാവാതെ അമ്പതുകാരനായ ഡോക്ടർ തോമസും ഇരുപത്തഞ്ചുകാരിയായ ഏലിയാനയും ഒന്നിച്ച് താമസിക്കാൻ തുടങ്ങി. പ്രണയമുള്ള രണ്ടുപേർ ഒന്നിച്ച് ജീവിക്കുന്നതിന് മതപരമായ ഒരു ചടങ്ങിന്റെയും ആവശ്യമില്ലെന്നായിരുന്നു ഏലിയാനയുടെ നിർബ്ബന്ധം. പ്രണയം ഒരു മതോല്പന്നമല്ലെന്നും അറിവിൽ ഒരു ശാസ്ത്രജ്ഞൻ ഏത് പുരോഹിതനേക്കാളും ഉയരെയാണെന്നും അവൾ വിശ്വസിച്ചു. ശാസ്ത്രജ്ഞർ എപ്പോഴും തെളിവുകളുടെ അടിസ്ഥാനത്തിൽ ചിന്തിക്കുന്നവരായിരിക്കും എന്നായിരുന്നു അവളുടെ വിശ്വാസം. അവളുടെ ആവശ്യപ്രകാരമാണ് തോമസിന്റെ പ്രിയപ്പെട്ട പുരോഹിതനായ ഫാദർ ബനഡിക്ടിനെപ്പോലും ചടങ്ങിലേക്ക് വിളിക്കാതിരുന്നത്. നിലനില്പില്ലാത്തവയെ പ്രകീർത്തിക്കുന്നവരുടെ സാന്നിദ്ധ്യം അവളാഗ്രഹിച്ചില്ല. എന്നിട്ടും ബനഡിക്ടച്ചൻ ഒരിക്കൽ സമ്മാനിച്ച തിരുഹൃദയത്തിന്റെ ചിത്രമുള്ള പുസ്തകം തപ്പിയെടുത്ത് മേശമേൽ വച്ചിട്ട് മുമ്പിൽ ഒരു മെഴുകുതിരി കൊളുത്താൻ തോമസ് മറന്നില്ല. നല്ല വൈദ്യുതവെട്ടമുള്ള ആ ഹാളിൽ മെഴുകുതിരി കത്തിക്കേണ്ട കാര്യമില്ലെന്ന അവളുടെ യുക്തിബോധം ആരും അത്ര കാര്യമാക്കിയില്ല. എന്നാൽ കടുത്ത ഉഷ്ണത്തിൽ ഞെരിപിരികൊണ്ട ആരുടെയോ ഇടപെടലിൽ കറങ്ങിയ ഫാനുകളഴിച്ചുവിട്ട കാറ്റ് മെഴുകുവെട്ടത്തെ തല്ലിക്കെടുത്തി. രണ്ടുപേരും കൂടി വലിയൊരു കേക്ക് മുറിച്ചു. മെഴുകുതൂണിൽ ഉറഞ്ഞുപോയ രണ്ട് കണ്ണീർത്തുള്ളികളെ നോക്കി ചിരിച്ചുകൊണ്ട് തോമസും ഏലിയാനയും പരസ്പരം ചുംബിച്ചു. പരീക്ഷണശാലയിലെ കുറെ തൊഴിലാളികളും തോമസിന്റെ വൃദ്ധമാതാപിതാക്കളും അവരുടെ ഹോംനഴ്സുമാരും മാത്രമേ ആ പുതുജീവിതത്തിന് സാക്ഷികളാവാനെത്തിയുള്ളു. രണ്ട് പ്രതിമകളെപ്പോലെ തോന്നിച്ച ആ വൃദ്ധദമ്പതികളെ ഹോംനഴ്സുമാർ താങ്ങിപ്പിടിച്ചിരുന്നു. അവരെക്കൊണ്ട് തോമസിനെയും ഏലിയാനയേയും ചുംബിച്ചാശീർവദിപ്പിക്കാൻ അവർ കുറെ പാട്ടുപെട്ടു. അതുകഴിഞ്ഞ ഉടനെതന്നെ ഹോംനഴ്സുമാർ അവരെ ടാക്സിയിൽ തിരികെ കൊണ്ടുപോയി. തന്റെ അൻപത് വയസ്സ് വരെയുള്ള ജീവിതാനുഭവങ്ങളെ ഒറ്റയടിക്ക് തുടച്ചുകളയാൻ ആ ചുംബനങ്ങൾക്ക് സാധിച്ചെന്ന് തോമസ് ഓർത്തു. അയാളെ കുറേനേരത്തേക്ക് പഴയ കാര്യങ്ങളോർക്കാനും പുതിയ ജീവിതത്തെക്കുറിച്ച് ചിന്തിക്കാനും വിട്ട് ഏലിയാന അവളുടെ അമ്മയെ ഫോൺ ചെയ്തു.
“മമ്മീ, എലിസബത്തേ, ഇന്നുമുതൽ എന്നെ കാത്തിരിക്കേണ്ടാ. തോമസിന്റെ റിസർച്ച് സെന്ററിലെ ഫ്ലാറ്റിലാണ് ഇനിയെന്റെ താമസം. ഞങ്ങൾ ഒന്നിച്ചു ജീവിക്കുകയാണ്. അതെ. വേണമെങ്കിൽ കല്യാണം കഴിച്ചെന്ന് എല്ലാരോടും പറഞ്ഞോ. രാത്രിയിലെ സ്ഥിരം ഫോൺവിളിയിൽ എന്റെ വിശുദ്ധ പപ്പയോടും ഈ വിവരം പറഞ്ഞേക്കുക. എന്റെ ശരീരം. എന്റെ ജീവിതം. എന്റെ ഇഷ്ടങ്ങൾ. എന്റെ സ്വപ്നങ്ങൾ. അതിലൊന്നും ഇടപെടാൻ ഞാനാരേം സമ്മതിക്കുകേല.“
തോമസ്സിന് ഇരുപത്തഞ്ച് വയസ്സ് കൂടുതലായതിനാൽ അവൾ ആ കൈകളിൽ കൂടുതൽ സുരക്ഷിതയായിരിക്കുമെന്ന് കേട്ട് “എന്റീശോയേ,എന്തൊക്കെയാണീ കേൾക്കുന്നതെ“ന്ന് അമ്മ സംഭാഷണമവസാനിപ്പിച്ചത് അവളെ ചിരിപ്പിച്ചു.
എപ്പോഴുമെപ്പോഴും കണ്ടുപിടുത്തങ്ങളെക്കുറിച്ചു മാത്രം ചിന്തിക്കുന്നൊരാളെന്നാണ് ഒന്നിച്ചുള്ള താമസത്തിന്റെ ആദ്യരാവിൽത്തന്നെ തോമസിനെക്കുറിച്ച് ഏലിയാന മനസ്സിലാക്കിയത്. മനോഹരമായി അലങ്കരിച്ച കിടപ്പുമുറിയിലെ സുഗന്ധത്തിൽ അയാളെ കാത്തുകിടന്ന് അവളുറങ്ങിപ്പോയി. തന്നെ ഏറെനാളായി അലട്ടിക്കൊണ്ടിരുന്ന വിചിത്രമായ ചില ശാസ്ത്രപ്രശ്നങ്ങളെ നിർദ്ധാരണം ചെയ്യാൻ അന്ന് തോമസിന് കഴിഞ്ഞു. ആ വിജയത്തിന്റെ സന്തോഷം പങ്കുവയ്ക്കാൻ കിടപ്പുമുറിയിലെത്തിയ അയാൾ കണ്ടത് ഗാഢനിദ്രയിലായ ഏലിയാനയെയാണ്. അവളെ ഉണർത്താതെ കിടക്കയുടെ ഒരു കോണിലേക്ക് മെല്ലെ ചാഞ്ഞുകിടന്ന് തുടർന്നുള്ള പരീക്ഷണങ്ങൾക്ക് ഏകദേശരൂപം നൽകിയിട്ടാണ് അയാൾ ഉറക്കമായത്.
അടുത്ത ദിവസങ്ങളിൽ അയാൾ ഏലിയാനയെ പരീക്ഷണശാലയിലെ ഓരോ പ്രവർത്തനവും പരിചയപ്പെടുത്തി. ഒരു ഭീമൻ യന്ത്രം ഏലിയാനയെ വിസ്മയിപ്പിച്ചു. കൈകളുടെ സ്ഥാനത്ത് പല നിറത്തിലും വലുപ്പത്തിലുമുള്ള അനേകം കേബിളുകൾ പിടിപ്പിച്ചിരുന്ന ഒരു വലിയ യന്ത്രമനുഷ്യൻ എന്ന് അതിനെ വിളിക്കാം. മുമ്പിലെ കീപാഡിൽ കൊടുക്കുന്ന നിർദ്ദേശങ്ങൾക്കനുസരിച്ച് അത് പ്രതികരിച്ചുകൊണ്ടിരുന്നു. ചരിത്രപ്രസിദ്ധമാകാൻ പോകുന്നൊരു കണ്ടുപിടുത്തമാണവിടെ നടക്കുന്നതെന്ന് തോമസ് വിശദീകരിച്ചു. മനുഷ്യമനസ്സിന്റെ ഉള്ളറകൾ തേടിയുള്ള യാത്രയാണത്. അത്രക്ക് ലളിതമല്ലാത്ത ആ ലക്ഷ്യം നേടുകയാണ് തന്റെ ജീവിതസാഫല്യമെന്ന് തോമസ് അവളോട് പറഞ്ഞു.
ഓർമ്മയുടെ രഹസ്യം തേടിയുള്ള ഗവേഷണം ഏതാണ്ട് ഫലപ്രാപ്തിയിലെത്താറായി. ഏറെ നാളുകൾക്കുശേഷമാണ് തന്റെ സ്നേഹിതനും വഴികാട്ടിയുമായ ഫാദർ ബനഡിക്ടിനെ നേരിൽ കാണാനായി തോമസ് പുറപ്പെട്ടത്. കുറ്റിക്കാട് നിറഞ്ഞ കുന്നുകളും തരിശുപാടങ്ങളും നീർച്ചാലുകളും കടന്ന് പള്ളിയിലേക്കുള്ള യാത്രയിൽ മടിച്ചുമടിച്ചാണെങ്കിലും ഏലിയാനയും കൂട്ടുപോയി.
ബനഡിക്ടച്ചന്റെ സ്നേഹവായ്പിൽ തോമസ് നിഷ്കളങ്കനായൊരു ബാലനെപ്പോലെയാകുന്നത് ഏലിയാന അസ്വസ്ഥതയോടെ നോക്കിനിന്നു. ലോകപ്രശസ്തനായ ഡോക്ടർ തോമസ് അയാളുടെ സ്ഥാനം മറക്കുന്നെന്ന് അവൾ കണ്ണുകളും പുരികങ്ങളും കൊണ്ട് കൂട്ടാളിയെ ഓർമ്മിപ്പിച്ചു. ഏലിയാനയുടെ ഈ ഇടപെടൽ ബനഡിക്ടച്ചൻ ശ്രദ്ധിച്ചു. അച്ചൻ ഏലിയാനയെ നോക്കി പുഞ്ചിരിച്ചു.
"ഏലിയാന എന്ന പേരിന്റെ അർത്ഥം എന്റെ-ദൈവം-കേട്ടു എന്നാണ്. തോമസിന്റെ കൂട്ടുകാരിയായ നീ ഭാഗ്യവതിയാണ്. "
അവൾ അച്ചൻ പറയുന്നത് ശ്രദ്ധിക്കാതെ അയാളുടെ തലയ്ക്കു മുകളിൽ തൂങ്ങുന്ന അവസാനത്തെ അത്താഴത്തിന്റെ റപ്ലിക്കയിൽ നോക്കിയിരുന്നു. ഉള്ളിലെ കോപമൊളിപ്പിച്ച് ബനഡിക്ടച്ചൻ പുഞ്ചിരിച്ചു.
“ഏലിയാനക്ക് ഒരു വിക്ടറെ അറിയുമോ? മുൻ ഫുട്ബോൾ ടീം ക്യാപ്ടൻ. "
“ഇല്ല ഫാദർ. ഒരു വിക്ടർ യൂഗോയെ അറിയാം. നമ്മുടെ പാവം ഴാങ് വാൽ ഴാങിനെ രക്ഷിച്ച മെത്രാന്റെ കഥയെഴുതിയ ചങ്ങാതിയല്ലേ. “
അവൾ ചിരിച്ചുമയക്കുകയാണെന്ന് ബനഡിക്ടച്ചന് തോന്നി. തോമസ് സന്ദർശനോദ്ദേശം പറഞ്ഞു.
“ഏതാനും ദിവസത്തിനുള്ളിൽ എന്റെ മനസ്സറിയും യന്ത്രത്തിന്റെ പരീക്ഷണം തീരും. അച്ചൻ ആശീർവ്വദിക്കണം.“
“ഭയപ്പെടേണ്ട ദൈവം നിന്നോട് കൂടെയുണ്ട്. “
“കുറെ കേബിളുകൾ പൊക്കിപ്പിടിച്ച് പേടിപ്പിക്കുന്ന ആ യന്ത്രമനുഷ്യന്റെ കാര്യമാണോ? എനിക്ക് സംശയമാണ് ഫാദർ. ഒരാൾ ഒരു രഹസ്യം ഒളിപ്പിച്ചുവയ്ക്കാൻ തീരുമാനിച്ചാൽ ഒരു യന്ത്രവും കണ്ടുപിടിക്കില്ല. “
ഏലിയാനയുടെ ആ പരിഹാസം അച്ചനെ ചിരിപ്പിച്ചില്ല.
“പ്രപഞ്ച നിർമ്മിതിയെക്കുറിച്ചുള്ള തിരുവെഴുത്തുകൾ മാത്രമല്ല ദൈവത്തിന്റെ നീതിബോധം വരെ ചോദ്യം ചെയ്യേണ്ടവരാണ് ശാസ്ത്രജ്ഞർ. ആധുനിക മനുഷ്യരെ ഇത്രത്തോളം വളർത്തിയെടുത്തത് അവരാണ്. എന്നാലോ. പ്രകൃതിയിൽ മനുഷ്യന്റെ ഇടപെടൽ എത്രത്തോളമാകാമെന്നതാണ് പ്രശ്നം. കോടിക്കണക്കിന് വർഷം കൊണ്ട് സന്തുലിതാവസ്ഥയിലെത്തിയ പ്രപഞ്ചം നശിപ്പിക്കാൻ നിങ്ങൾക്കെന്തവകാശം? നിങ്ങൾ തോമസ് മിഡ്ഗ്ലി എന്ന ശാസ്ത്രജ്ഞനെപ്പറ്റി കേട്ടിട്ടുണ്ടോ? “
ബനഡിക്ടച്ചൻ തോമസ് മിഡ്ഗ്ലിയെക്കുറിച്ചു പറഞ്ഞു. അയാൾ അമേരിക്കയിലെ പ്രശസ്തനായൊരു ശാസ്ത്രജ്ഞനായിരുന്നു. ജനറൽ മോട്ടോഴ്സിന് വേണ്ടി അയാൾ വിപ്ലവകരമായൊരു കണ്ടുപിടുത്തം നടത്തി. ആ കണ്ടുപിടുത്തം അക്കാലത്തെ കാറുകളുടെ എഞ്ചിനുകളിലുണ്ടാകുന്ന അസഹ്യമായ ഇടിശബ്ദം ഇല്ലാതാക്കുന്നതിൽ അയാൾ വിജയിച്ചു. ഈയം ചേർന്ന ഒരു രാസസംയുക്തം പെട്രോളിൽ ചേർത്തതോടെ എഞ്ചിനുകളിലെ അപശബ്ദം ഇല്ലാതായി. തോമസ് മിഡ്ഗ്ലി അതോടെ പ്രശസ്തനായി. റഫ്രിജറേറ്ററുകളിൽ ഉപയോഗിച്ചിരുന്ന ഫ്രയോണിന്റെ കണ്ടുപിടുത്തത്തിലും അയാളുടെ പങ്കുണ്ട്. സമ്പത്തും ബഹുമതികളും അയാളെ തേടിയെത്തിക്കൊണ്ടിരുന്നു. എന്നാൽ മിടുക്കനായ മിഡ്‌ഗ്ലിയുടെ കണ്ടുപിടുത്തങ്ങൾ ഭൂമിയിലെ ജീവനുതന്നെ ഭീഷണിയായി. ഓസോൺ പാളി നശിപ്പിച്ച് ഭൂമിയെ വാസയോഗ്യമല്ലാതാക്കുന്ന വാതകമാണ് ഫ്രയോണെന്ന് പില്ക്കാലത്ത് തെളിഞ്ഞു. ഈയവിഷം പരിഹരിക്കാനാവാത്തത്ര ആരോഗ്യപ്രശ്നങ്ങളുണ്ടാക്കി. മിഡ്‌ഗ്ലിതന്നെ അതിന്റെ ആദ്യഫലം അനുഭവിച്ചു. പേശീബലം നഷ്ടപ്പെട്ട് അയാൾ കിടപ്പിലായി. എന്നിട്ടും അയാളിലെ ശാസ്ത്രജ്ഞൻ തളർന്നില്ല. പരസഹായമില്ലാതെ എഴുന്നേൽക്കാനും ചലിക്കാനുമൊക്കെയുള്ള ഒരു യന്ത്രം അയാൾ നിർമ്മിച്ചു. ഒരു ദിവസം അതേ യന്ത്രത്തിന്റെ കേബിളുകളിൽ കഴുത്തു കുരുങ്ങിയായിരുന്നു അയാളുടെ അന്ത്യം. യുദ്ധങ്ങളോ പ്രകൃതിദുരന്തങ്ങളോ ചെയ്യുന്നതിനേക്കാൾ വലിയ വിപത്താണ് തോമസ് മിഡ്ഗ്ലിയുടെ കണ്ടുപിടുത്തങ്ങൾ ഭൂമിയിൽ ചെയ്തത്.
മിഡ്ഗ്ലിയുടെ കഥ തീർന്നപ്പോൾ തങ്ങൾക്ക് പോകാൻ ധൃതിയുണ്ടെന്നു പറഞ്ഞുകൊണ്ട് ഏലിയാന എഴുന്നേറ്റു. ഏറെ വൈകാതെ അവർ വീട്ടിൽ തിരിച്ചെത്തി. ആ യാത്രയ്ക്കിടയിൽ അവളുടെ ഫോൺ രണ്ടുമൂന്ന് തവണ റിംഗ് ചെയ്യുന്നതും അവൾ വേഗം അത് കട്ടുചെയ്യുന്നതും തോമസ് ശ്രദ്ധിച്ചു. ഡ്രൈവിംഗിനിടെ ഇടത്തേക്ക് പാളിനോക്കിയപ്പോൾ അവളുടെ ഫോണിൽ റിംഗ്ചെയ്യുന്നതിനൊപ്പം ഒരു ചെറുപ്പക്കാരന്റെ മുഖം തെളിയുന്നത് അയാൾ കണ്ടു. അയാൾ നോക്കുന്നത് ഏലിയാനയും ശ്രദ്ധിച്ചു.
“എന്തു ശല്യമാ. എപ്പോഴും സ്പാം കാളുകൾ ഇങ്ങനെ വന്നുകൊണ്ടിരിക്കും. എല്ലാം ബിസിനസ് തട്ടിപ്പുകളാണ്. “
ആവശ്യമില്ലാത്ത ഒരു വിശദീകരണമെന്നപോലെ തോമസ് അതിനെ അവഗണിച്ചു.
അടുത്ത ഒരാഴ്ച മിക്കവാറും എല്ലാസമയവും തോമസ് പരീക്ഷണശാലയിലായിരുന്നു. ബനഡിക്ടച്ചൻ വിളിച്ചിട്ടുപോലും ഫോണെടുക്കാതെ ഏകാഗ്രചിത്തനായി അയാളിരുന്നു. ദിനചര്യകളുടെയും ഭക്ഷണത്തിന്റെയും ക്രമം തെറ്റിയിരുന്നു. ഇടയ്ക്കിടെ പരീക്ഷണശാലയുടെ ചില്ലുവാതിലിൽ മുഖം ചേർത്ത് അകത്തേക്ക് നോക്കിയിരിക്കാൻ മാത്രമേ ഏലിയാനക്ക് കഴിഞ്ഞുള്ളു. ഡോക്ടർ തോമസിന്റെ വിരലുകൾ മനസ്സറിയും യന്ത്രത്തിന്റെ കീബോഡിൽ വിശ്രമമില്ലാതെ ചലിച്ചു. ഒടുവിൽ അത് സംഭവിച്ചു. അയാൾ ആഹ്ളാദചിത്തനായി കസേരയിൽ നിന്നെഴുന്നേറ്റ് ഉറക്കെ വിളിച്ചുപറഞ്ഞു.
“എന്നെ ദൈവം കേട്ടു. ദൈവം എനിക്ക് മറുപടി തന്നിരിക്കുന്നു. തലച്ചോറിന്റെ ആഴങ്ങളിൽ നഷ്ടപ്പെട്ടുപോകുന്ന ഓർമ്മകളെ തിരിച്ചു കൊണ്ടുവരാനുള്ള പരീക്ഷണം. മനസ്സറിയും യന്ത്രം വിജയത്തിലേക്ക്. ഏലിയാന.ഏലിയാന. ഏലിയാന.”
അയാളുടെ ആഹ്ളാദപ്രകടനം അല്പം ഉറക്കെയായിപ്പോയി. വായനമുറിയിലായിരുന്ന ഏലിയാന ചില്ലുവാതിൽ തുറന്ന് അകത്തേക്ക് വന്നതൊന്നും തോമസ് അറിഞ്ഞില്ല. കണ്ണടച്ചുകൊണ്ട് അയാൾ ‘ഏലിയാന ഏലിയാന ‘എന്ന് പറഞ്ഞുകൊണ്ടിരുന്നു. പുറത്തേക്കിറങ്ങി ഭ്രാന്തനെപ്പോലെ ഉരുവിട്ടുകൊണ്ട് അയാളങ്ങോട്ടുമിങ്ങോട്ടും നടന്നു.
“ഏലിയാന ഏലിയാന.“
“ഞാനിവിടെയുണ്ടല്ലോ. എന്തിന് നിലവിളിക്കുന്നു. “
ഏലിയാനയുടെ ചോദ്യം കേട്ട് തോമസ് യഥാർത്ഥ ലോകത്തേക്ക് വന്നു.
“ഏലിയാന എന്ന പേരിന്റെ അർത്ഥം ബനഡിക്ടച്ചൻ പറഞ്ഞത് നീ മറന്നുപോയോ. ദൈവം എനിക്ക് മറുപടി തന്നിരിക്കുന്നു എന്നാണ് ഞാൻ പറഞ്ഞത്.”
ഏലിയാനയുടെ തോളിൽ പിടിച്ചുകൊണ്ട് വീടിനുള്ളിലേക്ക് കയറുമ്പോൾ അയാൾ പറഞ്ഞു.
“എനിക്ക് ദീർഘമായുറങ്ങണം. പിന്നെ ഈ യന്ത്രത്തിന്റെ പരീക്ഷണം നടത്തണം.“
അടുത്ത പ്രഭാതത്തിൽ അയാൾ ഏറെ സന്തോഷവാനായി ഉണർന്നു. ഭാരമില്ലാത്ത മനസ്സോടെ ഏലിയാനയുമായി ഏറെനേരം സംസാരിച്ചു. നാളുകൾക്കുശേഷമാണ് സ്വാദറിഞ്ഞ് ഭക്ഷണം കഴിച്ചതെന്ന് പറഞ്ഞു. ഉച്ചകഴിഞ്ഞാണ് മനസ്സറിയും യന്ത്രത്തെക്കുറിച്ചോർത്തത്. ആരെയാണ് പരീക്ഷണത്തിനായി കിട്ടുന്നതെന്ന ആലോചന അയാൾക്ക് വീണ്ടുമൊരു ബാധയായി. സാധാരണക്കാരാരും അങ്ങനെയൊരു പരീക്ഷണവസ്തുവായി വരില്ലെന്ന് ഏലിയാന പറഞ്ഞു. ഒത്തിരി ചിന്തിച്ചിട്ടാണ് അയാൾ തന്റെ മനസ്സിലുള്ളത് പറഞ്ഞത്.
“ഏലിയാനാ. നിനക്കാകുമോ എന്നെ സഹായിക്കാൻ? “
അവളുടെ മുഖത്ത് അതുവരെ പ്രകാശിച്ചിരുന്ന ആഹ്ളാദത്തിന്റെ തിരി കെട്ടു. അവിടെ തണുത്തുറഞ്ഞുപോയ ഏതോ ചിന്ത മാത്രം അവശേഷിച്ചു. അതവളെ വല്ലാതെ ഭയപ്പെടുത്തുന്നുവെന്ന് തോമസ് മനസ്സിലാക്കി. അയാൾ നേരെ പരീക്ഷണശാലയിലേക്ക് പോയി. ഏറെനേരം കമ്പ്യൂട്ടർ സ്‌ക്രീനിൽ വെറുതെ നോക്കിയിരുന്നപ്പോൾ അതിൽ ഒരു വെള്ളായം കണ്ട് അയാൾ തിരിഞ്ഞു നോക്കി. ചില്ലുവാതിലിൽ ചാരി അകത്തേക്ക് തള്ളിക്കയറാൻ നോക്കുന്ന മൂടൽമഞ്ഞിന്റെ ഒരു കഷ്ണം കണ്ടു. അയാൾക്ക് ചിരിവന്നു. മൂടൽമഞ്ഞല്ല. അതയാളുടെ ഏലിയാനയായിരുന്നു. വെളുത്ത സിൽക്ക് വസ്ത്രങ്ങളിൽ അവൾ തിളങ്ങിനിന്നിരുന്നു. ചില്ലുവാതിലിൽ മുഖം ചേർത്തുവച്ച് അകത്തേക്ക് നോക്കി പുഞ്ചിരിച്ച ഏലിയാനയെ അയാൾ ക്ഷണിച്ചു.
“പ്ലീസ് കം.“
അയാൾ മനസ്സറിയും യന്ത്രത്തിന്റെ വിവിധ ഭാഗങ്ങളും പ്രവർത്തനവും അവൾക്ക് വിശദീകരിച്ചുകൊടുത്തു. കമാന്റുകളുടെ പുസ്തകവും ചുവന്ന നിറത്തിൽ അടയാളങ്ങളിട്ടിരുന്ന ഒരു മനുഷ്യശരീരത്തിന്റെ ചിത്രവും അവൾക്ക് പരിചയപ്പെടുത്തി. ആപത്ഘട്ടത്തിനായുള്ള എമർജൻസി സ്വിച്ചിന്റെ ഉപയോഗവും അവളെ പഠിപ്പിച്ചു. ഡോക്ടർ തോമസ് ഷർട്ടും പൈജാമയും ഊരിമാറ്റി. വലിയൊരു മനുഷ്യത്തീനിയെപ്പോലെ തലയുയർത്തിനിന്ന യന്ത്രത്തിന് മുമ്പിലെ മേശത്തട്ടിലേക്ക് അയാൾ മലർന്നു കിടന്നു. ചിത്രത്തിലെ അടയാളങ്ങളിലേതുപോലെ തന്റെ കാലുമുതൽ ഉച്ചിവരെ ഇലക്ട്രോഡുകൾ ഒട്ടിച്ചുവക്കാൻ പറഞ്ഞു. അവൾ ആദ്യം മടിച്ചെങ്കിലും തോമസ് നിർബ്ബന്ധിച്ചു. ഫോൺ നിർത്താതെ മണിയടിച്ചത് അവൾ ശ്രദ്ധിച്ചതേയില്ല. ഇലക്ട്രോഡുകളെല്ലാം ഒട്ടിച്ചുകഴിഞ്ഞപ്പോൾ തോമസ് ‘ഓക്കേ’പറഞ്ഞിട്ട് കണ്ണടച്ചു.
കൈയിലെ വിറയലാണ് ആദ്യം അവൾക്കനുഭവപ്പെട്ടത്. ഒരു നിമിഷം ആലോചിച്ചുനിന്നിട്ട് അവൾ സ്വിച്ചിട്ടു. തോമസിന്റെ ശരീരത്ത് ഒരു ചെറിയ തരിപ്പുണ്ടാക്കിക്കൊണ്ട് ആ ഭീമൻ യന്ത്രം അയാളുടെ മനസ്സുവായന തുടങ്ങി. യന്ത്രത്തിന്റെ സ്പീക്കറിലൂടെ അയാളുടെ മനസ്സിന്റെ ശബ്ദം മെല്ലെ ഉയർന്നു.
“ഞാൻ ഡോക്ടർ തോമസ്. കള്ളവും ചതിയും കണ്ടുപിടിക്കാനുള്ള ഈ യന്ത്രം എന്റെ സ്വപ്നമായിരുന്നു. ഞാനത് സാധിച്ചു. ബനഡിക്ടച്ചന്റെ പിന്തുണ മറക്കാനാവില്ല. സെമിത്തേരി നവീകരിക്കാനായി വാഗ്ദാനം ചെയ്ത തുക ഉടനെ കൊടുക്കണം. കഴിയുമെങ്കിൽ ഇന്നുതന്നെ പോകണം. ഏലിയാനയെ കൂടെക്കൂട്ടണം. അവൾ എന്നെ എത്ര കലാപരമായി കൈകാര്യം ചെയ്യുന്നുണ്ട്. വിക്ടറെ അറിയുമോ എന്ന് ബനഡിക്ടച്ചനെക്കൊണ്ട് ചോദിപ്പിച്ചത് ഞാനാണെന്ന് ഏലിയാനയ്ക്കറിയില്ല. അവരുടെ ലക്ഷ്യം എന്നെ തകർക്കുകയാണെന്നറിയാൻ താമസിച്ചുപോയി. എങ്കിലും തോറ്റുപിന്മാറാനാവില്ല. “
ഏലിയാനയുടെ ആത്മനിയന്ത്രണം നഷ്ടപ്പെടാൻ തുടങ്ങിയിരുന്നു. ആ നിമിഷത്തിൽത്തന്നെ അവളുടെ ഫോൺ ചിലച്ചു. അതെടുത്ത
ഏലിയാന ദേഷ്യപ്പെട്ടു.
" വിക്ടറേ, നീ ധൃതിവക്കല്ലേ. എല്ലാം ഓക്കേയാകും. "
അപ്പുറത്തു നിന്നും തുടർന്നു കേട്ട വാചകങ്ങൾ അവളുടെ സമനില തെറ്റിച്ചു. അവൾ എന്തുചെയ്യണമെന്നറിയാതെ കുഴങ്ങിനിന്നു. കമാന്റുകളുടെ പുസ്തകം ദൂരേക്ക് വലിച്ചെറിഞ്ഞിട്ടവൾ ഏതൊക്കെയോ സ്വിച്ചുകളിൽ വിരലമർത്തിക്കൊണ്ടിരുന്നു. ഓർമ്മകളുടെ ശബ്ദം നിലയ്ക്കാത്ത അപായമണിയായി മാറി. യന്ത്രത്തിന്റെ നീളൻ കൈകൾ കൊടുങ്കാറ്റിലെന്നോണം ആടിയുലഞ്ഞ് താഴേക്ക് നീണ്ടു. അവ തോമസിനെ ചുറ്റിവരിഞ്ഞ് ശ്വാസംമുട്ടിച്ചു. പിന്നെ പൊക്കിയെടുത്ത് മേശപ്പുറത്തേക്ക് ശക്തിയായി വലിച്ചെറിഞ്ഞു. തോമസ്സിന്റെ കാൽവിരലുകൾ മുതൽ ഉച്ചിവരെ ഒട്ടിച്ചിരുന്ന എണ്ണിയാൽ തീരാത്തത്ര എലക്ട്രോഡുകൾ ഷോക്കേല്ക്കാതെ മാറ്റാൻ അവൾക്ക് ധൈര്യമില്ലാതായി. ലോകമറിഞ്ഞാൽ എന്തു പറയും എന്നായിരുന്നു ഏലിയാനയുടെ ഭയം. ആരെയെങ്കിലും വിളിച്ചാൽ മരണത്തിന് അവരും ഉത്തരവാദിയാകുമല്ലോ. എന്നാൽ അതങ്ങനെ അനന്തമായി വച്ചുകൊണ്ടിരിക്കാൻ കഴിയുകയുമില്ല. പെട്ടെന്ന് തോമസ്സിന്റെ ഫോൺ ശബ്ദിച്ചു. സ്ക്രീനിൽ ഫാദർ ബനഡിക്ടിന്റെ പടം. ഏലിയാനയുടെ ‘ഹലോ‘ വിളി ശ്രദ്ധിക്കാതെ ഫാദർ പറഞ്ഞു.
“തോമസ്സേ, താങ്കൾ പള്ളിയിലേക്ക് വരണം. പ്രധാനപ്പെട്ട ചില കാര്യങ്ങളിൽ തീരുമാനമെടുക്കാനുണ്ട്. ഫോൺ ചെവിയിൽ വച്ചുകൊണ്ട് എന്തു പറയണമെന്നറിയാതെ ഏലിയാന നിന്നു. വീണ്ടും കേട്ട ‘ഹലോ’ അവൾക്ക് ഇത്രയും പറയാനുള്ള ശക്തി കൊടുത്തു.
“ഹലോ, ഫാദർ അദ്ദേഹം ഉറങ്ങുന്നു. എനിക്ക് പള്ളിയിലേക്ക് വരണം. “
“ഏലിയാനയെപ്പോലൊരാൾക്ക് ഇവിടെന്തു കാര്യം? “
“നേരിൽ പറയാനുണ്ട്. ഒന്നാമതായി ആ സെമിത്തേരിയുടെ കാര്യമാണ്.“
“ആ സെമിത്തേരിയും നീയും തമ്മിലെന്ത്? തോമസ്സ് ഒന്നും പറഞ്ഞില്ലല്ലോ.“
“തോമസ്സിന്റെ കാര്യം തന്നെയാണ്. “
പള്ളിമുറ്റത്ത് അവളെത്തുമ്പോഴുള്ള ഫാദർ ബനഡിക്ടിന്റെ അതിശയവും അവളോടൊപ്പം ചെല്ലുന്ന വാർത്തയുടെ പ്രഹരശേഷിയും മാത്രമായിരുന്നു അവളുടെ ചിന്ത. അധികം കഴിയാതെ ഏലിയാനയുടെ കാർ ചെമ്പിച്ച ഇലകളുള്ള കുറ്റിക്കാട് നിറഞ്ഞ കുന്നുകളെയും നേർത്ത നീരരുവികളെയും ചുറ്റി പള്ളിയിലേക്ക് നീങ്ങി.