Image

യൂനൂസ് ബീള മലബാറി - മഹാദേവൻ സുബ്രഹ്മണ്യം (ഇ-മലയാളി ആഗോള ചെറുകഥാമത്സരം 2025- 13)

Published on 01 December, 2025
യൂനൂസ് ബീള മലബാറി - മഹാദേവൻ സുബ്രഹ്മണ്യം (ഇ-മലയാളി ആഗോള ചെറുകഥാമത്സരം 2025- 13)

ഉണ്ണികൃഷ്ണൻ പിള്ള, 
യൂനൂസ് ബീള മലബാറി എന്ന പേര് സ്വീകരിച്ചതിന് ഒരതിജീവനത്തിന്റെയും  അതിൻ പ്രകാരം വന്ന വിജയത്തിന്റെയും കഥയാണ് പറയാനുള്ളത്.

യൂനൂസ് ബീള ഇന്നൊരു ചില്ലറക്കാരനല്ല,
സൗദിയിലെ കോഴിക്കച്ചവടക്കാരിൽ,
അതിസമ്പന്നൻ

ഫൈസൽ അലി ശരീക്കത്തിൽ ദുജാജി,അതായത് ഫൈസൽ അലി കോഴിക്കമ്പനിയുടെ ബുദ്ധികേന്ദ്രം.

സൗദിയിലെ തന്നെ മികച്ച കമ്പനികളിൽ ഒന്നാണ്,ഫൈസൽ അലി ശരീക്കത്തിൽ ദുജാജി .രാജ്യത്തിന്റെ തന്നെ അഭിമാനം.

ഫൈസൽ അലി കോഴിക്കമ്പനിയിൽ നിന്നും, ഒരു കോഴി വിറ്റു പോയാൽ, യൂനൂസ് ബീള മലബാറിയുടെ സൗദി അക്കൗണ്ടിലേയ്ക്ക് ഒരു സൗദി റിയാൽ കാണിയ്ക്ക പോലെ വീഴും,മറ്റൊന്നും  ചെയ്യാതെ തന്നെ......

അതാണൊരു മലയാളി ബുദ്ധിയുടെ പ്രയോഗ തന്ത്രം വിജയിച്ച വഴി.

ഈ കമ്പനിയിൽ നിന്നും,ദിവസവും രണ്ടു ലക്ഷത്തിൽപ്പരം  കോഴിയെങ്കിലും വിറ്റ് പോകും.

സൗദിയിൽ, കോഴി വിഭവങ്ങൾ ഇല്ലാത്ത ഭക്ഷണം ചിന്തിയ്ക്കാനവില്ല.കോഴി അത്യാവശ്യം വേണ്ട വിഭവമാണ്.
സംക്രാന്തിക്കും, മാസപ്പിറപ്പിനും വരെ തീൻ മേശയിൽ കോഴി വിഭവങ്ങൾ നിരക്കണം..
അങ്ങനെ കോഴിയിലൂടെ സൗഭാഗ്യങ്ങൾ വന്നെത്തിയ യൂനൂസ് ബീള എന്ന മലയാളി.

ഉൽസവം...വിപുലമായ ചന്തോത്സവം ...
ആഴ്ചച്ചന്ത.ഖോബായിലെ പ്രശസ്തമായ ചന്ത.
പ്രശസ്തമായ സൂക് അൽഖോബ.
അതായത് അൽഖോബയിലെ ചന്ത.

യൗമുൽ ഖമീസ്, എന്നുവച്ചാൽ വ്യാഴാഴ്ച. ആഴ്ചയിലെ അഞ്ചാം ദിവസം,. 
ഖോബയുടെ ഉത്സവ ദിവസം , അതാണ് ഇവിടുത്തെ യൗമുൽ ഖമീസ് സൂക്.

ദൂരദേശങ്ങളിൽ നിന്നുപോലും ജനങ്ങളെത്തും.സൂര്യനു കീഴെ ഉണ്ടാകുന്ന എന്തും..ഏതും, ഇവിടെ വിൽക്കാം ,ഇവിടെ നിന്നും വാങ്ങുകയുമാകാം.

പഴുതാരയും,പാമ്പും.
ആടും,കോലാടും ചെമ്മരിയും,
കോഴി, കാട്ടു കോഴി,കരിങ്കോഴി കൊറ്റി,വാത്ത, തത്ത, 
കഴുത, കുതിര.
മാട്ടുച്ചന്ത,ഒട്ടകച്ചന്ത....

അരി,പൊരി,ജീരകം,ഗന്ധകം,കർപ്പുരം,
തിപ്പലി, കാട്ട് തിപ്പലി,ഇഞ്ചി,കാട്ടിഞ്ചി,
മുല്ലപ്പൂ,മൈലാഞ്ചി,തോവാളപ്പച്ച.....
അങ്ങനെ എല്ലാം എല്ലാം കിട്ടുന്ന ഖോബ സൂക്.സൗദി അറേബ്യയുടെ  തെക്കേ അറ്റത്തുള്ള ഖോബയിലേക്ക് വടക്കേ അറ്റത്തുള്ള,അറാറിൽ, നിന്ന് പോലും ആളുകളെത്തുന്നു.അത്രയ്ക്ക് പ്രശസ്തം.

പുലർച്ചെ നാലടിച്ചാൽ, പാനീസ് വിളക്കിന്റെ വെട്ടത്തിൽ സൂക്ക് ഉണരുകയായി.ഒരു ഗ്രാമ സുന്ദരിയുടെ സുസ്മിതത്തോടെ.

വിശാലമായൊരു മൈതാനത്ത്,ഒത്തു
കൂടുന്ന ജനക്കൂട്ടം. മുഴങ്ങുന്ന ആരവത്തിന് നടുവിൽ വാണിഭം തുടങ്ങുകയായി. സൂര്യ വെളിച്ചം തലനീട്ടുമ്പോഴേയ്ക്കും, വാണിഭം പകുതി കടന്നിരിക്കും.

യെമനി കച്ചവടക്കാർ   അവരുടെ വിൽപ്പന ചരക്കുകളുമായി കാലേകൂട്ടി   അണിനിരക്കുന്നു.

ആർക്കും വിലപേശി,സാധനങ്ങൾ വാങ്ങാം.വിലപേശലിൽ ആർക്കും പരിഭവങ്ങളില്ല.പൊരുത്തപ്പെട്ടാൽ വാങ്ങുക അല്ലെങ്കിൽ വിട്ടേക്കുക.
അങ്ങനെ സൂക് ഒരു താളത്തിൽ മുന്നേറും.ഉച്ചയോടെ അവസാനിക്കുകയും ചെയ്യും അടുത്ത ആഴ്ചയിൽ വീണ്ടും കാണാനായി.....

സൗദികൾ ബ്രകാഷനെന്ന്, വിളിക്കുന്ന പ്രകാശൻ,സാധാരണ പോലെ സൈദാലിയയിൽ മരുന്നുകൾ  ഒരുക്കിവച്ചുകൊണ്ട്, എപ്പോഴൊക്കെയോ 
വരാനിരിക്കുന്ന, മരുന്നെഴുതിയ ശീട്ടുകളെ  പ്രതീക്ഷിച്ച് സൈദലിയയുടെ കിളിവാതിലുകൾ തുറന്ന് വച്ച്  സുതാര്യമായ ഗ്ലാസ്സിലൂടെ പുറം കാഴ്ചകളിലൂടെ കണ്ണോടിച്ചു ……

ആ സർക്കാർ സംവിധാനത്തിൽ തിക്കി തിരക്കിയ ജനം വന്നും പോയുമിരുന്നതിനാൽ സൈദലിയ സജീവമായിരുന്നു.സൂക്കിൽ വരുന്ന സ്വദേശികളുടെ,അത്യാഹിതങ്ങളും,ഖോബ ആശുപത്രിക്കൊരു അധിക ബാധ്യതയാണ്,സൂക് ദിവസങ്ങളിൽ പ്രത്യേകിച്ചും.

ഒരിടവേളയിൽ,സൈദലിയയിലേക്ക് കടന്ന് വന്ന സുഡാനിയായ റേഡിയോളജിസ്റ്റ് ഗയ്ലി ആദം ആ വാർത്ത അവിടെ കുടഞ്ഞിട്ടു....

"മലയാളം സംസാരിക്കുന്ന സൗദി പൗരൻ",

മലയാളിയായ പ്രകാശനോട്, കൂടുതൽ വിളമ്പാൻ വെമ്പൽ കൊണ്ട് ഗെയ്ലി തുടർന്നു.

“ അയാളുടെ പേര്, യൂനുസ് ബീള മലബാറി എന്നാണ്.” “നിന്റെ നാട്ടുകാരനാണ്”.

ഇത് കേട്ട് ഒരു പന്തികേടു തോന്നിയ ബ്രകാഷൻ,സ്വാഭാവികമായും ഇതിലൊരു നിഗൂഢത സംശയിച്ചു .

ഈ പുതിയ അറിവ് തന്നിലേല്പിച്ച ആകാംഷയുടെ ആഘാതം തീർക്കാൻ തന്നെ തീരുമാനിച്ചു കൊണ്ട്, ബ്രകാഷൻ നിരീക്ഷണ വാർഡിലേക്ക് പോയിനോക്കി.

അവിടെ,യൂനൂസ് ബീള മലബാറി,ഒരു ബെഡ്ഡിൽ,തൻ്റെ ഇടതു കൈയ്യിലെ ഞരമ്പിലേയ്ക്ക്  കുഞ്ഞൻ തുള്ളികളായി കയറിക്കൊണ്ടിരിക്കുന്ന ഡ്രിപ്പിലേക്ക് നോക്കി കിടക്കുന്നു.
അത് തീർന്നു കിട്ടാനായി , കാത്തു കിടക്കുകയാണ് പ്രസ്തുത മലബാറി.

ബ്രകാഷൻ, മലബാറിയെ കാണുമ്പോൾ, ഒരു സൗദി പൗരൻ്റെ ചിട്ടവട്ടങ്ങൾ എല്ലാമുണ്ട്. സൗദി പൗരൻ അല്ല എന്നാരും കരുതില്ല.അത്രയ്ക്ക് രൂപ മാറ്റം വന്നിട്ടുണ്ട്.
വർഷങ്ങൾ കൊണ്ട് കാലം വരച്ചിട്ട കോലം. ഒരു സൗദിക്കോലം.

അപ്പോഴും, വേറിട്ട് നിന്നത് തിളങ്ങുന്ന കണ്ണുകളുള്ള ഒരു മലയാളി മുഖം.ഇരുണ്ട തൊലിപ്പുറത്ത്  ചാപ്പ കുത്തി വച്ചിട്ടുണ്ട്,
മലയാളിയുടെ വാസനകൾ.ഒരു മലയാളി മറ്റൊരു മലയാളിയെ,വേഗം തിരിച്ചറിഞ്ഞു..

ഇന്ത്യക്ക് പുറത്ത് ജാതിയോ മതമോ പറയാത്ത പരമ മാന്യനായ മലയാളി.മലയാളം പറയുമ്പോൾ അറിയാം, മലയാളി നാവിനു മാത്രം വഴിപ്പെടുന്ന, "എന്ത് വിശേഷം."എന്ന ഉച്ചാരണ ശുദ്ധി....

യൂനൂസ് ബീള മലബാറി,ഇന്നേ ദിവസം,
ഖോബ സൂക്കിനായി  വന്നതാണ്.
നജ്റാൻ പ്രവിശ്യയിൽ നിന്നും ഇന്നലെത്തന്നെ ഇവിടെ എത്തിയതുമാണ്.

കഫീൽ,അതായത് സ്പോൺസറായ, ഫൈസൽ അലി മത്ഖലിയോടൊപ്പമാണ് 
മലബാറി,സൂക്കിനായി വന്നിരിക്കുന്നത്.

സൂക്കിലെ കൊടുക്കൽ വാങ്ങൽ ജോലികളെല്ലാം കഴിഞ്ഞ്,
തിരിച്ചു പോകാൻ തുടങ്ങുമ്പോഴാണ്, മലബാറിയെ വല്ലാതെ ആസ്വസ്ഥനാക്കി ക്കൊണ്ട് തന്റെ അടിവയറ്റിലെ കുത്തി വലിക്കുന്ന വേദന കലശലായത്.

മൂത്രക്കല്ലിൻ്റെ വേദനയാണെന്ന്
തിരിച്ചറിയാൻ മലബാറിക്ക് അധികം സമയം വേണ്ടിവന്നില്ല.ഇദ്ദേഹം മൂത്രക്കൽ വേദനയുടെ സ്ഥിരം ഇരയാണെന്നത് , രോഗം സ്വയം തിരിച്ചറിയാൻ കാരണമായി.

രണ്ടാമതൊന്ന് ആലോചിയ്ക്കാതെ ഖോബ മുസ്തൗസഫിലേക്കു ഉടനെ എത്തുകയായിരുന്നു മലബാറി.

ഇവിടുത്തെ ഡോക്ടർമാർ വേദനക്കുള്ള കുത്തിവയ്പുകളും മറ്റും കൊടുത്തു വേദനയ്ക്ക് ശമനം വരുത്തി.
കൂടാതെ, നാട്ടുനടപ്പ് അനുസരിച്ച്, ഒരു ബോട്ടിൽ ഗ്ലുക്കോസ് വെള്ളവും 
മലബാറിയുടെ സിരകളിൽ നിറച്ചു കൊടുത്തു. തെല്ലൊരു മയക്കത്തി നോടുവിൽ വേദന മാറി സുഖപ്പെട്ട മലബാറി, മുസ്തൗസഫിലെ സേവനങ്ങൾക്കും ,അത് ചെയ്തു കൊടുത്തവർക്കും നന്ദി പറഞ്ഞ് യാത്രയായി...

മലബാറിയെ കണ്ടാലറിയാം,സൗദിയിൽ നല്ല നിലയിൽ  ജീവിക്കുന്നയാളാണെന്ന്.
കെട്ടിലും മട്ടിലും  സൗദിയായി പരകായ പ്രവേശം ചെയ്തിരിക്കുന്ന ഈ മലയാളി.

യാത്ര പറയുന്നതിന് മുന്നോടിയായി, ബ്രകാഷനോട് ഒരുപാട് നന്ദി പറയുകയും, അടുത്ത യൗമുൽ ജുമാ ദിവസം, അതായത് അടുത്ത വെള്ളിയാഴ്ച ദിവസം,നേരിൽ കാണാം എന്ന് തീർച്ചയാക്കി പറഞ്ഞുകൊണ്ടാണ്  മലബാറി യാത്രയായത്.

മലബാറി പോയശേഷം ബ്രകാഷൻ ആലോചിക്കുകയായിരുന്നു. എങ്ങനെയാണ് ഈ മലയാളി ,സൗദി പൗരനായി മാറിയത്. അത് സാദ്ധ്യമാണോ?.....അതോ ഇതൊരു നുണക്കഥയാണോ? ദഹിക്കാൻ  പ്രയാസപ്പെട്ട്, മനസ്സിലെ ദഹന രസങ്ങളെ അതിജീവിച്ച്,അക്കഥ അങ്ങനെ കിടന്നു.
മനുഷ്യ സഹജമായ ഒരാകാംഷ,
ബ്രകാശന്റെ മനസ്സിനേയും മദിച്ചു കൊണ്ടിരുന്നു...

അടുത്ത ജുമാ ദിവസം,
ബ്രകാഷനെ അത്ഭുതപ്പെടുത്തിക്കൊണ്ട്, ബ്രകാഷൻ, അല്പമായി മറന്ന് പോയ,ആ വിഷയം,ഇതാ മുന്നിൽ നിൽക്കുന്നു..

ആ അത്ഭുതം വന്നിറങ്ങിയത്, മുന്തിയ ഇനം കാറിൽ.ഒരു വെളുത്ത പ്രാഡോ കാറിൽ.....ചിരിച്ചു കൊണ്ട് കാറിൽ നിന്നും ഇറങ്ങിയ അയാൾ ,അതേ, ചിരിയിൽ തന്നെ പറഞ്ഞു "ഞാൻ,യൂനസ് ബീള മലബാറി.ഓർമ്മയുണ്ടാകും”…

കഴിഞ്ഞ ആഴ്ച മലബാറിയെ കണ്ടപ്പോഴുള്ള സംഭവങ്ങൾ , ബ്രകാഷൻ്റെ മനസ്സിലൂടെ കടന്നു പോയി. ബ്രകാഷൻ ഒരിയ്ക്കലും കരുതിയതല്ല, മലബാറി ഇങ്ങനെ തന്റെ വീട്ടിലേക്കെത്തുമെന്നുള്ളത്.

ഇന്നത്തെ ജുമാ ദിവസം. അവധിയായതിനാൽ,കുറേനേരം സംസാരിച്ചിരിക്കാമല്ലോ, എന്നതായിരുന്നു മലബാറിയുടെയും ലക്ഷ്യം.

മതം മാറിയെങ്കിലും  ഒരിക്കലും മായാത്ത പഴയ ശേഷിപ്പുകളുടെ തള്ളിക്കയറ്റം വാക്കിലും പ്രവർത്തിയിലും കാണാം.

ഉപചാര വചനങ്ങൾക്ക് ശേഷം,മലബാറി, താൻ ബ്രകാശനു വേണ്ടി കൊണ്ട് വന്ന 
വസ്തുക്കൾ, ബ്രകാശന് മുന്നിൽ കാഴ്ചവച്ചു.

മലബാറിയെ സംബന്ധിച്ച്, സന്തോഷം മുറ്റിയ കൂടിക്കാഴ്ചയാണിത്.
വളരെക്കാലം കൂടി ബ്രാകാശനെപ്പോലൊരാളെ കണ്ടുമുട്ടിയ ഈ നിമിഷം.അടക്കി നിർത്താനാകാത്ത സന്തോഷത്തിൽ കണ്ഠമിടറി, കണ്ണുകൾ നിറഞ്ഞു.

ഈ മലയാളി കൂടിക്കാഴ്ചയിൽ മലബാറിയ്ക്ക് കിട്ടുന്നത് കേരളത്തിൽ എത്തിപ്പെട്ട ഒരാസ്വാദനമാണ്.  

മലബാറി ഇന്ന് കോടീശ്വരനായ സൗദി പൗരനാണ്. 
മലബാറി വല്ലാത്തആവേശത്തിൽ,
സൗദിയിലെ തൻ്റെ വിജയത്തിന്റെ കഥ പറയാൻ തുടങ്ങി.

ഈ കഥ അനാവരണം ചെയ്തതോ? തിരുവനന്തപുരത്തെ കിളിമാന്നൂർക്കാരനായ,ഉണ്ണികൃഷ്ണൻ പിള്ള,എങ്ങനെ യൂനൂസ് ബീള മലബാറിയായി മാറി എന്നതും.

പിന്നിലേക്ക് മറഞ്ഞ കാൽ നൂറ്റാണ്ടിന്റെ  കഥയാണ്,ഇന്നത്തെ യൂനൂസ് ബീള മലബാറി ഒരു ഫ്ലാഷ് ബാക് പോലെ അവതരിപ്പിയ്ക്കുന്നത്.

ഒരു മലയാളിയുടെ  പരിണാമത്തിൻ്റെ അക്കഥ , മെല്ലെ മെല്ലെ പുറം തോട് പൊളിച്ചു, പുറത്ത് വന്നു.അത് ബ്രകാശന് മുന്നിൽ അവതരിപ്പിക്കപ്പെട്ടു.

മലബാറി തുടർന്നു....

ഇപ്പോൾ,അൻപത് വയസ്സിൻ്റെ നിറവിൽ
എത്തിയ മലബാറി,തൻ്റെ ഇരുപത്തഞ്ചാം വയസ്സിലാണ്,
ഉണ്ണികൃഷ്ണൻ പിള്ളയായി,സൗദി
അറേബ്യയിൽ എത്തിയത്.

ഇന്ന് അറുപത്തഞ്ച് വയസ്സുള്ള ഫൈസൽ അലി മത്ഖലി എന്ന കഫീൽ
അന്നത്തെ നാൽപ്പതുകാരൻ.

ശമ്പളം കൊടുക്കാനോന്നും നിവൃത്തിയില്ലെങ്കിലും ഫൈസലിനും ഒരു മോഹം,തനിക്കും ഒരു ആമിൽ, അതായത് തനിക്കും ഒരു പണിക്കാരൻ വേണം.

അങ്ങിനെയാണ് ഒരു റിക്രൂട്ടിങ് ഏജൻസി മുഖാന്തിരം, ഒരു ഇൻദി ആമിലിന് വേണ്ടി കെണിയൊരുക്കിയത്.

കെണിയിൽ പെട്ടുപോയതോ,
ഉണ്ണികൃഷ്ണൻ പിള്ള എന്ന കിളിമാന്നൂരുകാരനും.

ഈ കെണിയിൽ വീഴാൻ,ഉണ്ണികൃഷ്ണൻ പിള്ള മുടക്കിയത് രണ്ടുലക്ഷം രൂപ.കൂടാതെ കെണിയിലേയ്ക്ക് പറന്നെത്തിയതും സ്വന്തം ചെലവിൽ,ഫ്ലൈറ്റ് ടിക്കറ്റ് എടുത്ത്.

പക്ഷേ,ഇതൊക്കെയാണെങ്കിലും ഭാഗ്യ ദേവത ,ഉണ്ണികൃഷ്ണൻ പിള്ളക്കൊപ്പം,
ചേർന്നു നിന്നിരുന്നു…

പിന്നീടുണ്ടായ,ഓരോ സംഭവങ്ങളും ഏതൊരു ദൈവ നിഷേധിയേയും,കണ്ണ് തുറപ്പിക്കുന്നതായിരുന്നു.

മുത്തപ്പൻ്റെ കരങ്ങൾ സ്നേഹ സ്പർശം കൊണ്ട്,ഉണ്ണികൃഷ്ണൻ പിള്ളയെ 
തട്ടിത്തലോടിയ കഥ.

ആമിൽ,കഫീൽ സമാഗമം, വികാരനിർഭരമായിരുന്നു.
രക്തം രക്തത്തെ തിരിച്ചറിയുന്ന പോലെ.

ഫൈസൽ അലി മത്ഖലി എന്ന കഫീൽ, 
ഉണ്ണികൃഷ്ണൻ പിള്ള,എന്ന തൻ്റെ ആമിലിനെ തിരിച്ചറിഞ്ഞു,അന്നാദ്യമായി,
ഒരു മുജ്ജന്മ ബന്ധം പോലെ,ജിസാൻ എയർപോർട്ടിന്റെ പുറത്തേയ്ക്കുള്ള വഴിയിൽ വച്ച്.

പിന്നീടെന്നും,തൻ്റെ ആദ്യത്തെ കൺമണിയെ,സ്നേഹിച്ചത് പോലെയായിരുന്നു, കഫീൽ തൻ്റെ ആദ്യ ആമിലായ  മലബാറിയെ സ്നേഹിച്ചത്.

“ആമിലി ” എന്നുവച്ചാൽ ഇതെൻ്റെ പണിക്കാരൻ, എന്നൊരിക്കലും,
ഫൈസൽ ആരോടും പറഞ്ഞില്ല.ആ കഫീലിന് അങ്ങനെ പറയാൻ കഴിഞ്ഞില്ല എന്ന് വേണം കരുതാൻ.

ഈ കഥ പറയുമ്പോൾ,യൂനൂസ് ബീള മലബാറിയുടെ, കണ്ണുകൾ ആനന്ദക്കണ്ണീർ  കൊണ്ട് നിറഞ്ഞ് തുളുമ്പി.

ഉണ്ണികൃഷ്ണൻ പിള്ള , എയർ പോർട്ടിൽ ഇറങ്ങിയപ്പോൾ,ആളെ തിരിച്ചറിയാനായി,കഫീൽ,തൻ്റെ കൈയിലുള്ള അറബിക് പേപ്പർ നോക്കി 
പേരു വിളിച്ചത്,യൂനൂസ് ബീള മലബാറി,
എന്നാണ്.അതായത് ഉണ്ണികൃഷ്ണൻ എന്നത് അറബിക് നാവിന് വഴങ്ങുന്നില്ല.പിള്ള എന്നതിനെ ബീളയാക്കിപ്പറഞ്ഞു.പിന്നീട്,
കേരളമെന്നത് ,മലബാറും,
മലബാറിയുമായി.അങ്ങനെ അവിടെയിറങ്ങിയ പത്തു പന്ത്രണ്ടു പേരിൽ നിന്നും വേറിട്ട മുഖമായ യൂനൂസ് ബീളയെ കണ്ടെടുത്തു.

ഉണ്ണികൃഷ്ണൻ പിള്ള,യൂനൂസ് ബീള മലബാറിയായതും, ഉർവ്വശി ശാപം ഉപകാരമായത് പോലെ ആയി പിൽക്കാലത്ത്.

ഉണ്ണിക്കൃഷ്ണൻ പിള്ള മതം മാറ്റം നടത്തിയപ്പോൾ, വേറൊരു പേര് വേണ്ടിവന്നില്ല.യൂനുസ് ബീള തന്നെ ധാരാളമായിത്തീർന്നു....

ചന്ദൻ പിള്ള, ഭാനുമതി അമ്മ,കൂട്ട് കെട്ടിലെ, അഞ്ച് മക്കളിൽ ഒന്നാമനാണ്
ഉണ്ണി എന്ന ഉണ്ണികൃഷ്ണൻ പിള്ള.

നാട്ടിലെ ചെറുകിട കർഷകനായ ചന്ദൻ പിള്ള, രണ്ടറ്റവും കൂട്ടിമുട്ടിയ്ക്കാനുള്ള തത്രപ്പാടിലൂടെയാണ് ഉണ്ണിയെ എക്കണോമിക്സ് ബിഎ
എടുപ്പിച്ചത്. പിൽക്കാലത്ത് തനിക്കൊരു താങ്ങും തണലുമാകുമല്ലോ, എന്ന പ്രതീക്ഷയോടെ .

ഉണ്ണിയുടെ താഴെ നാലു പെണ്ണുങ്ങൾ,
സഹോദരിമാരുടെ ഭാവി മുഴുവൻ,
ഉണ്ണിയിലർപ്പിച്ചായിരുന്നു ചന്ദ്രൻ പിള്ളയുടെ മുന്നോട്ടുള്ള ജീവിതം.

തൻ്റെ ഭർത്താവിനൊപ്പം,ചേർന്ന് നിന്നുകൊണ്ട്, കുടുംബത്തെ താങ്ങി നിർത്തിയത് ഭാനുമതി അമ്മയുടെ കഠിന പരിശ്രമം കൂടിയായിരുന്നു.

ഇന്ന്, ഈ സമ്പന്നമായ വർത്തമാന കാലത്തിൻ്റെ ചാരുകസേരയിൽ വിശ്രമിക്കുക മാത്രമാണ് ചന്ദ്രൻ പിള്ളയുടെ  ജീവിതം.എല്ലാം നേടിക്കൊടുത്തത് ഉണ്ണി എന്ന ഉണ്ണികൃഷ്ണനും.

കഥയുടെ കെട്ടുകൾ അഴിയവേ,ബീള  തന്റെ ഭൂതകാലത്തെ ചില ഓർമ്മകളിൽ ഉടക്കിപ്പോയതിനാൽ, ഒരു മാത്രയിലെ നിശബ്ദതയ്ക്ക് ശേഷം തുടർന്നു.....

അന്ന്,എയർപോർട്ടിൽ നിന്നും മലബാറി നേരേ പോയത് കഫീലിന്റെ, വീട്ടിലേയ്ക്ക്.
വീട്ടിലെത്തുമ്പോൾ രാത്രി ഏഴ് മണി  കഴിഞ്ഞിരുന്നു.വാച്ചിൽ കാണിച്ച രണ്ടര മണിക്കൂർ വ്യത്യാസം ശരിയാക്കി വച്ച്, ഒരു നെടുവീർപ്പിന്റെ ഇടവേളയിൽ നിവർന്ന് 
നോക്കുമ്പോൾ,ആ വീട്ടിലെ ആബാലവൃദ്ധം പുരുഷന്മാരും,ബീളയ്ക്ക് ചുറ്റും കൂടീട്ടുണ്ട്, 
പുതിയ ആമിൽ എത്തിയ വാർത്ത, വഴിയാം വണ്ണം അവിടെ പരന്നു, നിറഞ്ഞു തുളുമ്പി.

പുതിയ "ആമിലെ" കാണാനാണ് അവരുടെ വരവ്. അവരൊന്നും ഒരു ആമിലെ ആദ്യമായിട്ടല്ല കാണുന്നത്. എങ്കിലും നടാടെ അവിടെ എത്തിയ ആമിൽ, ഫൈസൽ അലിയുടെ സ്വന്തം ആമിൽ, അവർക്കൊരു കൗതുകമായിരുന്നു.
അവിടെ കൂടിനിന്ന ഓരോരുത്തരും, സ്വയം ഉരുവിട്ടു,” നമ്മുടെ സ്വന്തം ആമിൽ,എന്ന് പറയാവുന്ന ഒരാൾ, എത്തിയിരിക്കുന്നു”.

അവർക്കും സ്വന്തമായി ഒരാമിൽ. അവരതിൽ അഭിമാനം കൊണ്ടു.

അഭിനവ ആമിൽ,ബീള മലബാറി, കഫീലിന്റെ, കുടിയിലെ മജ്ലിസിലേക്ക് ആനയിക്കപ്പെട്ടു. മജ്ലിസ് എന്നാൽ, അതിഥികളെ  സ്വീകരിക്കാനുള്ള ഒരിടം. മജിലിസ് എപ്പോഴും പ്രധാന കെട്ടിടത്തിന്റെ പുറത്താണ്. 
അതായത് അതിഥികൾ എപ്പോഴും ഒരുവാര അകലെ......എങ്കിലും മജ്ലിസ് എപ്പോഴും അലങ്കൃതമായിരിക്കും.
കഫീലിന്റെ സമ്പന്നതയും, ധാരാളിത്തവും വിളിച്ചോതുന്നതാണ് മജ്ലിസിന്റെ അലങ്കാരങ്ങൾ.

ഫൈസൽ അലിയുടെ മജ്ലിസിന്റെ കെട്ടും മട്ടും,ഫൈസൽ അലി മത്ഖലി എന്ന കഫീലിൻ്റെ ഇല്ലായ്മകളും വല്ലായ്മകളും
വിളിച്ചോതുന്നതായിരുന്നു.ദാരിദ്ര്യത്തിന്റെ ഒരപകർഷ മണം ധാരാളിത്തത്തോടെ അവിടെ നിറഞ്ഞു നിന്നിരുന്നു.

ആർഭാടങ്ങളില്ലാത്ത,ആ ഒരൊറ്റ മുറിയിൽ സജ്ജീകരിയ്ക്കപ്പെട്ട  ഇടുങ്ങിയ വിശ്രമ മുറിയെ മജ്ലിസ്,എന്ന് കരുതി അവർ ആശ്വസിച്ചു. ആർഭദങ്ങളെല്ലാം ഭാവനയിൽ കണ്ട് സന്തോഷിച്ചു.

ഇന്ന് മുതൽ ഇതായിരിക്കും മലബാറിയുടെ മാനത്തെക്കൊട്ടാരം എന്ന് കനിവുള്ള കഫീൽ പറയാതെ തന്നെ മലബാറിക്ക് മനസ്സിലായി.സങ്കടത്തോടെ മുത്തപ്പന്റെ കാരുണ്യത്തിനായി കേണു..

മുത്തപ്പൻ്റെ സ്നേഹ സ്പർശവും,
മലബാറിയുടെ ഭാഗ്യവും ചേർന്നത് കൊണ്ടാകാം, തത്ക്കാലം, മജ്ലിസിന്റെ ചുമരിൽ ഒരു പഴയ എസി,  അലങ്കാരം പോലെ സ്ഥാപിയ്ക്കപ്പെട്ടിരുന്നു. പുറത്തെ ചൂടിനെ അതിജീവിയ്ക്കാൻ ആ ചുമർ എസി എങ്കിലും അത്യാവശ്യമായിരുന്നു.

മുഖമാകെ ഐസ് പടലം കൊണ്ട്, പീള കെട്ടിയ എസി യുടെ വലിവിന്റെ മുരൾച്ച മറ്റെല്ലാ ഒച്ചയേയും,
വിഴുങ്ങിക്കളയുന്നതായിരുന്നു.

മലബാറിയുടെ ഈ വിവരണങ്ങൾ കേട്ട്, ബ്രകാഷനും അനക്കമിനില്ലാതെ അങ്ങനെ ഇരുന്നു പോയി.

പിന്നെയോർത്തു,ഏതെല്ലാം തരം ജീവിതങ്ങൾ.എന്തെല്ലാം അനുഭവങ്ങൾ.
ഇങ്ങനെ ആത്മഗതം ചെയ്തു കൊണ്ട് അതേപടി തുടർന്നു.

മലബാറിക്ക് ,ഒരു ജോലിയും അവിടെ ഉണ്ടായിരുന്നില്ല.എന്തിനാണ് താനൊരു ആമിലിനെ വരുത്തിയതെന്ന
കാര്യത്തിലും കഫീലിന് ഒരു നിശ്ചയവും ഉണ്ടായിരുന്നില്ല.
എന്നാൽ അമിലിനെ കൃത്യമായി തീറ്റിപ്പോറ്റി.
ശമ്പളമായി ഒരു റിയാൽ പോലും കൊടുക്കാൻ ഇല്ലായിരുന്നെങ്കിലും.......

ഇരുന്നും,നിന്നും,ഉണ്ടും,ഉറങ്ങിയും, ഉലാത്തിയും ,ആഗ്യ ഭാഷ കൊണ്ട് ചിലതൊക്കെ ഗ്രഹിച്ചും, ഗ്രഹിപ്പിച്ചും, മലബാറി പോലുമറിയാതേ  ഇഴഞ്ഞ് നീങ്ങിയ സമയം.

മലബാറിയ്ക്കും ഒരു നിശ്ചയമില്ല എന്താണ് ചെയ്യേണ്ടതെന്ന്. കഫീൽ ഒട്ട് പറയുന്നുമില്ല.
ഭാഷ കീറാമുട്ടി ആയപ്പോൾ, കമ്യൂണിക്കേഷൻ വളരെ വിഷമത്തിലും. ഒരുവേള അതൊരു അനുഗ്രഹമായി, കാരണം, ഒന്നും രണ്ടും പറഞ്ഞുള്ള വഴക്കും വക്കാണവും ഒഴിവായി....

വീട്ടിലേയ്ക്ക് ആഴ്ചയിൽ ഒരു കത്ത് വച്ച് എഴുതി.കൂട്ടത്തിൽ അനുരാധയ്ക്കും രണ്ട് കത്തുകൾ.

വീട്ടിലേയ്ക്കുള്ള കത്തുകളിൽ, നിറഞ്ഞ് നിന്നത് മുഴുവൻ  ,ഭാവനയിൽ വിരിഞ്ഞ ഇവിടുത്തെ സുഖ വിശേഷങ്ങൾ.അറബി പൊന്നിന്റെയും, റിയാൽ കായ്ക്കുന്ന മരത്തിന്റെയും,നിറം പിടിപ്പിച്ച കഥകൾ.

തിരിച്ചുള്ള കത്തുകളിൽ പണം ആവശ്യപ്പെട്ടുകൊണ്ടുള്ള പരിഭവങ്ങളും.
രണ്ട് ലക്ഷത്തിന്റെ പലിശ,
അനിയത്തിമാരുടെ വിവാഹം,എന്നിങ്ങനെ....
നീറുന്ന പ്രശ്നങ്ങളുടെ അഴിയാ 
കുരുക്കുകൾ. 
പാവങ്ങൾ, അവർക്കറിയില്ലല്ലോ മലബാറിയുടെ ഇവിടുത്തെ ദുഃഖ ദുരിതങ്ങൾ.

മലബാറി ഓർക്കുകയായിരുന്നു.
എത്ര കാലം,ഇതൊക്കെ, ഇങ്ങനെ മറച്ച് പിടിയ്ക്കാൻ കഴിയും.....

മലബാറി ആവേശം വിടാതെ ,താൻ അനുഭവിച്ചറിഞ്ഞ തന്റെ അനുഭവ കഥകൾ  തീവ്രത ചോരാതേ ബ്രകാഷന് മുന്നിൽ വിളമ്പുകയായിരുന്നു.
കാരണമുണ്ട്,
ഇതാദ്യമായാണ് ഈ കഥകൾ കേൾക്കാൻ,മലബാറിക്കൊരു മലയാളി ശ്രോതാവിനെ കിട്ടിയത്.തന്റെ ദുഃഖങ്ങൾ മലയാളത്തിൽ വിതറി ആശ്വാസം 
കൊള്ളുകയായിരുന്നു മലബാറി. സ്വന്തം ഭാഷയിൽ നുരഞ്ഞു പൊന്തിയ വികാര വിക്ഷോഭം.

ഒരു നിമിഷാർദ്ധത്തിൽ, ബ്രകാഷൻ ഓർത്ത് പോയി,ഒരു പച്ച യാഥാർത്ഥ്യമാണ്, തന്റെ മുന്നിലെ ഈ മലബാറിയും മലബാറിയുടെ  കഥയും.

മലബാറിയുടെ ഈ കഥകൾ,വെറും കെട്ട് കഥകളാണോ എന്ന് വരെ തോന്നിപ്പോയി,
ബ്രകാഷന്.

മലബാറി തന്റെ കഥ തുടർന്നു......

ഫൈസൽ അലി മത്ഖലിക്ക് നാല് ഭാര്യമാർ.അതിൽ പതിമൂന്നു മക്കൾ.

മുതിർന്ന ഭാര്യയ്ക്ക് ഇപ്പോൾ അൻപത്താറ്.
പതിനാറു കാരിയായിരുന്ന റഹ്മയാണ് അന്നത്തെ ഇരുപതുകാരൻ ഫൈസൽ, വധുവായി കൈപിടിച്ചത്.

പിന്നെ തരാതരത്തിൽ രണ്ട് നിക്കാഹ് കൂടി...

അടുത്ത കാലത്തായി ഒരു വിധവയായ, ഇരുപത്തഞ്ചു കാരി,സൽമയും 
ഫൈസൽ അലിയുടെ ശേഖരത്തിലെ നാലാമത്തെ വധുവായി മാറി. സൽമയെ കെട്ടിയപ്പോൾ,മൂന്ന് കുഞ്ഞുങ്ങളെക്കൂടി ഫ്രീ ആയി കിട്ടി.

ഇതൊക്കെ  കേട്ടിരുന്ന ബ്രകാഷൻ ആലോചിക്കുകയായിരുന്നു,എത്ര മനോഹരമായ ആചാരങ്ങളാണ്,ഈ രാജ്യത്തിനും പ്രജകൾക്കും.

സമ്പന്നനായ,ഫൈസലിൻ്റെ ഇന്നത്തെ അവസ്ഥയിൽ,ആഗ്രഹിക്കുന്നത് എന്തും
സാധിക്കാൻ കഴിയും. അത്രയും സമ്പന്നനാണ് ഇന്നത്തെ ഫൈസൽ അലി മുതലാളി.അതായത് ഷെയ്ഖ് ഫൈസൽ അലി മത്ഖലി.

നാല് ഭാര്യമാരും പതിമൂന്ന് മക്കളുമായി,ഒരു വീട്ടിൽ തന്നെയാണ് ഫൈസലിന്റെ താമസം.നാനാത്വത്തിൽ ഏകത്വം.

ആ വലിയ വീട്ടിൽ,വലിയ കുടുംബത്തോടൊപ്പം തൃപ്തനായി ഫൈസൽ തന്റെ ജീവിതം അടിച്ചു പൊളിക്കുന്നു.

ഫൈസലിൻ്റെ വറുതിയുടെ കാലത്താണ് മലബാറി വന്നു കയറിയത്.

മലബാറി, തന്റെ  ഭാഗ്യ താരകമാണെന്ന്  എക്കാലത്തും പിൽക്കാലത്തും, ഫൈസൽ കലവറയില്ലാതെ പറഞ്ഞു കൊണ്ടേയിരിക്കുന്നു....

അന്നൊക്കെ,ഫൈസലിന്റെ ഏക വരുമാനം, എണ്ണം പറഞ്ഞ ആടുകളെ വിറ്റ് കിട്ടുന്ന കുറഞ്ഞ റിയാലായിരുന്നു.

മുന്നൂറോളം ആടുകളാണ് ഫൈസലിന്റെ സ്റ്റോക്കിൽ അന്ന് ആകെയുള്ളത്.അവ  താനേ പെറ്റ് പെരുകുന്നു. ആഴ്ചയിൽ എട്ടോ പത്തോ ആടുകളെ വിറ്റു കിട്ടുന്നതാണ് അന്നത്തെ പ്രധാന വരുമാനം.

ആ വരുമാനം കഷ്ടിച്ച് പട്ടിണി കൂടാതെ കഴിഞ്ഞ് പോകാനേ തികയുമായിരുന്നുള്ളു.അത്തരം വറുതിക്കാലത്താണ്, പിള്ളയുടെ വരവ്.
പിള്ളയുടെ കാര്യത്തിൽ,നാട്ടിലെ വറചട്ടിയിൽ നിന്നും നജ്റാനിലെ എരിതീയിൽ വീണ അവസ്ഥയായിരുന്നു.

നാട്ടിൽ,ആറു പേരുടെ ദുഃഖങ്ങൾക്ക് താങ്ങായാൽ മതിയായിരുന്നു,ഇവിടെ പതിനേഴു പേരുടെ  ഭാരമാണ്  ചുമലിൽ വീണിരിക്കുന്നത്. ഈ യാഥാർഥ്യത്തിന് നടുവിൽ,പിള്ള ഉറക്കെ വിളിച്ചു പോയി,മുത്തപ്പാ,ഒരു വഴി കാട്ടൂ..

മലബാറിയുടെ വികാര നിർഭരമായ ഈ വിവരണങ്ങൾ, ബ്രകാഷന്റെ ചിന്തകളിലും അലിവുണർത്തി…
മലബാറി കഥ തുടർന്നു.ഒരുന്മാദിയെ പോലെ...

ആ വറുതിയുടെ കാലത്ത്, വഴിത്തിരിവായത് ഈ ഖോബ സൂക്കായിരുന്നു സഹോ, ഖോബ സൂക്കൻ്റെ വശത്തേക്ക് കൈചൂണ്ടിക്കൊണ്ട് മലബാറി തുടർന്നു. ഖോബ സൂക് മലബാറിയുടെ ജീവിതം സമ്പന്നമാക്കിയ കഥയാണ് അടുത്തതായി വിവരിച്ച് കൊണ്ടിരുന്നത്. ഒരു മടുപ്പുമില്ലാതെ ബ്രകാഷൻ കഥ കേട്ടുകൊണ്ടിരുന്നു.....

ഒരിക്കൽ, ഫൈസൽ അലി, തന്റെ ശേഖരത്തിൽ നിന്നും,തെരഞ്ഞു പിടിച്ച  പത്ത്  ആടുകളേയും കൊണ്ട്,ഖോബ സൂക്കിലേയ്ക്ക് വന്നു. അന്ന്, വെറുതെ വീട്ടിലിരുന്ന മലബാറിയെക്കൂടി തന്റെയൊപ്പം കൂട്ടി ആയിരുന്നു യാത്ര.. അതാണോരു ഭാഗ്യ യാത്രയായി  മാറിയത്.

മലബാറിയും പത്ത്   ആടുകളും പിന്നെ ഫൈസൽ അലി മത്ഖലി എന്ന കഫീലുമായി,നിറം മങ്ങിയ, പഴകിയ ആ ഹെലൂക്സ് ട്രക്കിൽ,നജ്റാനിൽ നിന്നും ഈ ദൂരമത്രയും താണ്ടി ഖോബയിലെത്തി.

ഖോബയിലെ വിശാലമായ സൂക് കണ്ട് മലബാറി അത്ഭുതപ്പെട്ടുപോയി,
ആദ്യമായാണ് ഇങ്ങനെ ഒരിടത്ത് മലബാറി വരുന്നത്.

പ്രതീക്ഷിച്ചതിനേക്കാൾ  ഇരട്ടി  വിലയ്ക്ക് പത്താടുകളെയും വിറ്റതുകൊണ്ട്.
ഫൈസൽ സന്തോഷം കൊണ്ട് തുള്ളിച്ചാടിയ പോലെയായി.

ഫൈസൽ വിശ്വസിച്ചത്, ഇത് മലബാറിയുടെ മാത്രം ഭാഗ്യമെന്നാണ്.

"മലബാറി എൻ്റെ മഹാഭാഗ്യമാണ്"
ഫൈസൽ തൻ്റെ അറബിക് അന്ധവിശ്വാസം ഉരുട്ടിക്കുഴച്ചു, വെള്ളം തൊടാതെ വിഴുങ്ങി....

മലബാറിയും വിശ്വസിച്ചു,തനിക്ക്,
അലഭ്യലഭ്യ യോഗമായിരിക്കും എന്ന്.
തന്നെ കൂടെ നിർത്തുന്നവർക്ക് ഭാഗ്യം വന്നു കേറുമെന്നും.അതാണത്രേ അലഭ്യലഭ്യശ്രീ എന്നും.

മലബാറി, തന്റെ കഥയുടെ ബാക്കിയും പറഞ്ഞ് കൊണ്ടിരുന്നു.....

ഏകദേശം രണ്ടു മാസങ്ങൾക്ക് ശേഷം ഖോബയിൽ കുറെ മലയാളികളെ കാണാനും, മലയാളി മണമുള്ള ചോറും വ്യഞ്ജന സമൃദ്ധമായ കറികളും കഴിക്കാൻ കഴിഞ്ഞതിൽ മലബാറിയും സന്തോഷിച്ചു.

വയറു നിറച്ചും ചോറും കറികളും,
കഴിച്ചശേഷം മടക്ക യാത്രയിൽ കാറിലിരുന്ന്,മലബാറി നന്നായുറങ്ങി.....

ഉച്ച മയക്കത്തിൽ,മലബാറി, കണ്ട സ്വപ്നങ്ങൾ മുഴുവൻ,വരാനിരിക്കുന്ന നല്ല നാളുകളെക്കുറിച്ചായിരുന്നു.

മലബാറിയുടെ ഉയർച്ചയെ കുറിച്ചും,
ഫൈസൽ അലി, ഷെയ്ഖ് ഫൈസൽ ആയി മാറുന്നതായും, സ്വപ്നത്തിൽക്കണ്ടൂ.
ഉച്ചയ്ക്കുകണ്ട സ്വപ്നം ഫലിക്കുമെന്നും മലബാറി അതിനോടൊപ്പം കൂട്ടി ചേർത്തു.

മലബാറി ഒരു കോടീശ്വരനായിത്തീരുന്നതും,
മലബാറിയുടെ അരികിൽ,മലബാറിയുടെ  ഭാര്യയായി,ഒരു സൗദി സുന്ദരി നിൽക്കുന്നതും കണ്ടു ....

സൗദിയിൽ,സൗദി ഭാര്യാ സമേതനായി,
സുൽത്താനായി, ജീവിക്കുന്ന 
സ്വപ്നത്തിലെ സീൻ കണ്ട് മലബാറി വല്ലാതെ പൊട്ടിച്ചിരിച്ചു....

ചിരിയടക്കാനാവാതെ വീണ്ടും വീണ്ടും ചിരിച്ചു.എന്നിട്ട് ആത്മഗതം, പറഞ്ഞു എത്രനല്ല നടക്കാത്ത സ്വപ്നം.

മലബാറിയുടെ പൊട്ടിച്ചിരി മുഴക്കത്തിൽ, ഒന്നും മനസ്സിലാകാതെ ഫൈസൽ മിഴിച്ചു നോക്കവേ അവർ  നജ്റാനിൽ എത്തിച്ചേർന്നു.....

സുന്ദര സ്വപ്നങ്ങളുടെ ചിറകിലേറി വാനിലാകെ ചുറ്റിയടിക്കാൻ കൊതിക്കാത്ത മനസ്സുകളുണ്ടോ.

മലബാറിയും അത്തരം സുന്ദര സ്വപ്നങ്ങളുടെ ചിറകിലേറി,പറക്കാൻ പരിശീലിച്ചു കൊണ്ട് തന്റെ മനസ്സിനെ പാകപ്പെടുത്തി.

സ്വപ്നങ്ങളുടെ മൾട്ടി മാളിലേക്ക് കടന്ന് കയറിയ മലബാറിയേ വരവേറ്റത്,
സ്വപ്നങ്ങളുടെ മറ്റൊരു വർണ്ണ പ്രപഞ്ചം.

മലബാറിയെന്ന സ്വപന സഞ്ചാരി, ദിവാ സ്വപ്നങ്ങളിൽ പോലും മുഴുകാൻ പഠിച്ച് കഴിഞ്ഞിരുന്നു.

അത്തരമൊരു സ്വപന
സഞ്ചാരത്തിലാണ്, തനിക്ക് തികച്ചും അപരിചിതമായ,ഒരാശയത്തിലേക്ക് മലബാറി കൂപ്പുകുത്തി വീണത്.

ഈ പുതിയ ആശയമെന്താണെന്ന് അറിയാൻ ഉത്സുകനായി, ബ്രകാഷൻ, താനിരുന്ന കസേരയിൽ ഒന്നുകൂടി പിടഞ്ഞിരുന്നു.

മലബാറി തന്റെ കഥയും തുടർന്നു....

ഫൈസൽ അലിയ്ക്ക്,ഒരു മലയടിവാരം തന്നെ സ്വന്തമായിരുന്നു.ഏകദേശം പത്തേക്കർ വരുന്ന മൊട്ട പുൽമേട്.
ആടുകളെ തീറ്റാൻ മാത്രമായിരുന്നു ആ പുൽമേട്.

മലയടി വാരത്തിലൂടെ ഒഴുകുന്ന മെലിഞ്ഞ വാദി അൽഖൈർ എന്ന നീർച്ചാൽ.  വാദി ജീവൻ കൊടുത്ത ഉപവനങ്ങളും, പൊന്തകളും.

യെമനികളായിരുന്നു,അവിടുത്തെ ആട്ടിടയന്മാർ.രാവിലെ ആടുകളെ തീറ്റാൻ, കൊണ്ട് പോയി സന്ധ്യ മയങ്ങും മുൻപേ തിരികെ കൊണ്ടുവരും.
ഇതായിരുന്നു അവിടെ നടന്നിരുന്ന പതിവ്.

മജ്ലിസിൽ ഒറ്റക്കിരുന്നു സുലൈമാനി കുടിച്ചു രസിക്കുന്നതായിരുന്നു ഫൈസലിന് ഏറെ ഇഷ്ടം.ആരെയും ദ്രോഹിക്കണം എന്ന ചിന്തയില്ലാത്ത സാധു.ഇപ്പോൾ പിന്നെ മലബാറിയും കൂട്ടിനുണ്ട്.

യെമനികളെക്കൊണ്ട് കുഴിമന്തി ഉണ്ടാക്കുക,കുട്ടികളോടൊപ്പം അത് ആസ്വദിച്ചു കഴിക്കുക എന്നതും ഫൈസലിൻ്റെ വിനോദങ്ങളിൽ പെടും.

ഫൈസലിൻ്റെ വിശാലമായ പത്തേക്കർ
സ്ഥലം കാണെക്കാണെ ,മലബാറിയുടെ മനസ്സിൽ,സ്വയം തൊഴിലിനെക്കുറിച്ചുള്ള
ഒരു മലയാളി ഐഡിയ കുമിളയായി പൊന്തി...

കുമിള വലുതായി വന്നുകൊണ്ട്,ഒരു രൂപമെടുത്തു.അതായിരുന്നു ഒരു സംരംഭകനാവുക എന്ന പ്രമാദ പ്രമേയം.

എന്ത് സംരംഭമാണ് ഉണ്ണികൃഷ്ണാ നീ ചെയ്യാൻ പോകുന്നത്, ബീള എന്ന പിള്ള തന്നോട് തന്നെ ചോദിച്ചു.ഒരുത്തരം കിട്ടാതെ ചോദ്യം എയറിൽ തന്നെ തങ്ങി നിന്നു.

ആ ഉച്ചമയക്കത്തിന്റെ   അന്ത്യ 
യാമങ്ങളിലെപ്പോഴോ,മലബാറി ഞെട്ടി ഉണർന്നത്,ഒരു കിടിലൻ ആശയവുമായാണ്.

താൻ പഠിച്ച എക്കണോമിക്സ്,
ആശയങ്ങളും കൂട്ടിക്കുഴച്ച് ,
പാകത്തിന് മണ്ടത്തരം കുടഞ്ഞിട്ട്,
ചിന്തകളുടെ ചൂളയിൽ വേകാൻ വച്ചു.

രണ്ട് മണിക്കൂർ ശേഷം, ആശയം രുചിച്ച് നോക്കി.കൊള്ളാം......
ഇനി ഇത്, പ്രവർത്തിയിൽ
കൊണ്ടുവരണം.....

ഒരു വേള മലബാറി ഒന്ന് നിർത്തിയപ്പോൾ,ആകാംഷ മുറ്റിയ
ബ്രകാഷൻ ചോദിച്ചു,എന്തായിരുന്നു ആശയം....

മലബാറിയുടെ മറു മൊഴി വന്നു....
 "കോഴിക്കച്ചവടം" "പൗൾട്രി ഫാം"
നിമിഷ നേരത്തെ ഇടവേളയിൽ,രണ്ടു പേരും നിശ്ശബ്ദരായി.

നിശ്ശബ്ദത മുറിച്ചുകൊണ്ട്,മലബാറി പറഞ്ഞു.പണ്ട് ഇക്കണോമിക്സ് പഠിക്കുമ്പോൾ,ബിസ്സിനസ്സ് മാനേജ്മെൻ്റിൽ പഠിച്ചിരുന്നു.
എങ്ങനെ ഒരു 
മികച്ച സംരംഭകനാവാം.
അവയെല്ലാം ഓർത്തെടുത്ത് മലബാറി
തൻ്റെ സംരംഭകത്തെപ്പറ്റി ഒരു രൂപ രേഖയുണ്ടാക്കി.

ഭാഷ അറിയില്ലെങ്കിലും,കഫീലുമായി ആശയം പങ്കുവച്ചു.കഫീൽ എല്ലാം മനസ്സിലായ പോലെ വിടർന്ന കണ്ണുകളുമായി നിന്നു.

കഫീൽ (സ്പോൺസർ) ഫൈസലിന്, മലബാറിയേ വിശ്വാസമായിരുന്നു. പൂർണവിശ്വാസം.

ഇടയ്ക്ക്, ബ്രകാഷൻ ഇടപെട്ടുകൊണ്ട്
ചോദിച്ചു. ഫണ്ട് ഇൻവെസ്റ്മെൻ്റ് എങ്ങനെയായിരുന്നു.

മലബാറി പറഞ്ഞു,അതിനല്ലേ ബാങ്കുകൾ,അവർ കടം തന്നു.

വൈകിപ്പിച്ചില്ല ,
അടുത്ത ദിവസം,കഫിലും ബ്രകാഷനുമായി നജ്റാൻ കമർഷ്യൽ ബാങ്കിലേക്ക് കയറിച്ചെന്നു...

ഇംഗ്ലീഷ് അറിയുന്ന മാനേജർ മലബാറിയെ നന്നായി മനസ്സിലാക്കി.

പിന്നീട്, കഫീലിനെ, കാര്യങ്ങളെല്ലാം പറഞ്ഞു മനസ്സിലാക്കിക്കൊണ്ട്,
പത്തേക്കർ സ്ഥലം സെക്യൂരിറ്റിയായി എടുത്ത് വച്ച്,ബാങ്ക് കടം തരാം എന്നേറ്റു ..

കഫീലിൻ്റെ മുഖം തെളിഞ്ഞു. 
കഫീൽ എന്തൊക്കെയോ മനക്കോട്ടകൾ,
കെട്ടുന്നത്,ഫൈസലിൻ്റെ മുഖത്ത് കാണാം.ഫൈസൽ ഇപ്പോഴേ സ്വപ്നം കാണുകയാണ് .

ഒരാഴ്ചയെ വേണ്ടിവന്നുള്ളൂ,ബാങ്ക് എല്ലാം ശടപടേന്നു,ചെയ്തു.
പത്താം ദിവസം ഫൈസലിൻ്റെ അക്കൗണ്ടിലേക്ക് ഫണ്ട് ഒഴുകിയെത്തി.

മലബാറിയുടെ അറിവുകളെല്ലാം പ്രയോഗിച്ച്,ഫൈസൽ അലി ശരീക്കത്തിൽ ദുജാജി ,എന്ന സംരംഭം പടുത്തുയർത്തി.എന്ന് വച്ചാൽ,
കോഴിക്കച്ചവടം നടത്തുന്ന കമ്പനി.
കമ്പനി തുടങ്ങാൻ കണ്ട സമയമോ, ഒരു തിരുവാതിര ഞാറ്റുവേല. അതുകൊണ്ട് തന്നെ കമ്പനി ഉയർച്ചയിൽ നിന്നും ഉയർച്ചയിലേയ്ക്ക് വളർന്നു പന്തലിച്ചു.

അഞ്ച് വർഷങ്ങൾക്ക്,ശേഷം ഫൈസൽ അലി ശരീക്കത്തിൽ ദുജാജിയുടെ വിറ്റ് വരവ് നൂറു കോടി സൗദി റിയാൽ കവിഞ്ഞു.
അവിശ്വനീയമായ വളർച്ച കണ്ട്, ആശ്ചര്യപ്പെടാത്തവർ കുറവായിരുന്നു, കൂട്ടത്തിൽ അസൂയക്കാരും.

സൗദിയിലെ മലബാറിയായ കിളിമാനൂരിലെ ഉണ്ണികൃഷ്ണൻ പിള്ളയും വളർന്നു. കാലം അനുകൂലമായപ്പോൾ,ചന്ദ്രൻ പിള്ള പാട്ടം നടത്തിയ കൃഷി ഭൂമിയെല്ലാം  ചന്ദ്രൻ പിള്ളയ്ക്ക് സ്വന്തമായി.ആ പ്രദേശത്തിന്റെ അധിപനായി, അഭിനവ ജന്മിയായി.

അന്ന് എയർ പോർട്ടിൽ വന്നിറങ്ങിയ,
ഉണ്ണികൃഷ്ണൻ പിള്ള,ഇന്നിപ്പോൾ ഫൈസൽ അലി മത്ഖലിയുടെ  മരുമകനാണ്. 
അതായത്  ഒരു മകളായ ഫാത്തിമയുടെ പുതിയാപ്ല.

യൂനൂസ് ബീള മലബാറിയെ ,തന്നിൽ നിന്നും നഷ്ടപ്പെട്ടു പോകാതിരിയ്ക്കാൻ,കഫീൽ കണ്ട വഴിയാണ്,മുത്തപ്പന്റെ നിശ്ചയം പോലെ. ഈ പുലിവാൽക്കല്യാണം.

പേരിനു മാത്രം റിയാൽ മെഹർ വാങ്ങി, ഫൈസലിൻ്റെ ഏറ്റവും ഇഷ്ടപ്പെട്ട മകളായ ഫാത്തിമയെ ബീളയ്ക്ക് നിക്കാഹ് ചെയ്ത് കൊടുത്തത് ബീള ഒരിയ്ക്കലും തന്നിൽ നിന്നും നഷ്ടപ്പെട്ടു പോകാതിരിക്കാൻ കൂടിയാണ്.ഇതിന്റെ മുന്നിൽ മറ്റെല്ലാ വിശ്വാസങ്ങളും മാറ്റിവച്ചു.

ബ്രിട്ടനിൽ മെഡിസിൻ പഠനം നടത്തുന്ന  ലൈലയാണ് ബീള ഫാത്തിമ ദമ്പതികളുടെ,ഏക മകൾ.

ഇത്രയും പറഞ്ഞു നിർത്തിയപ്പോൾ 
ബ്രകാഷനിൽ നിന്നും ഒരു 
നെടുവീർപ്പുതീർന്നു.

ബ്രകാഷൻ ആലോചിക്കുകയായിരുന്നു,
ഒരു മനുഷ്യന്റെ ജീവിതം എങ്ങനെയൊക്കെയാണ് മാറി മറിയുന്നത്.
കാലം കരുതിവച്ച വർണ്ണക്കൊലങ്ങൾ.

ഒരു മനുഷ്യായുസ്സിൽ നിന്നും  നിറഞ്ഞ് തുളുമ്പുന്ന അനുഭവ പാഠങ്ങൾ.

ഫൈസൽ അലി ശരീക്കത്തിൽ ദുജാജി,തുടക്കം മുതൽ വൻ ലാഭത്തിലാണ്.മലബാറിയുടെ മണി മാനേജ്മെൻ്റ്,മികച്ചതായിരുന്നു.
കൃത്യമായ കണക്കുകളും,ഉയർന്ന
അച്ചടക്കവും കമ്പനിയെ ഉയരങ്ങളിലേയ്ക്ക്  കൊണ്ട് പോയി.....

മലബാറി ഒരു കുടുംബാംഗമായി മാറാൻ അധികം വേണ്ടി വന്നില്ല.

ഫൈസൽ അലി ഇപ്പോൾ താമസിക്കുന്നത്,
ഒരു കൊട്ടാരത്തിലാണ്.ഒരു ഡസൻ കാറുകളുടെ അകമ്പടിയോടെ സഞ്ചാരം.അമീറിന്റെ കൊട്ടാരത്തിലെ സ്ഥിരം ക്ഷണിത്താവായ അതിഥി....

തുടക്ക കാലങ്ങളിൽ സൗദി കുട്ടികളൊക്കെ,ഉണ്ണികൃഷ്ണനെ, യുന്നി എന്നും ജിന്നിയെന്നും,വിളിച്ചു കളിയാക്കുമായിരുന്നു. ജിന്നി എന്നാൽ പിശാച്,പ്രേതം, അറുകൊല എന്നൊക്കെയാണ് അറബി ഭാഷയിലെ അർഥം.മാത്രമല്ല ഒരുവനെ ഇകഴ്ത്താൻ മാത്രം ചാർത്തിക്കൊടുക്കുന്ന പദമാണ് ജിന്നി.

കാലം , ഈ ജിന്നിയെ ഒരു "മുന്ന"യാക്കി. പ്രബലനായ മുന്ന എന്ന സ്വപ്നങ്ങളിലെ രാജകുമാരൻ. 
ഇപ്പോൾ ,മുതിർന്നവർ പോലും ബഹുമാനിക്കുന്ന,ബീള എന്ന   ഉണ്ണികൃഷ്ണൻ പിള്ള  എന്ന യൂനൂസ് ബീള.

മലബാറി എന്ന പേര് ആരുമേ നേർക്കുനേർ വിളിക്കാറുമില്ല. എന്നാലും ഈ പേര് പ്രശസ്തമാണ്.

ഇത്രയും  തീവ്രനുഭവങ്ങൾ കേട്ട് അൽഭുതപ്പെട്ടിരിക്കുകയാണ് ബ്രാകാഷൻ. "എന്തൊരനുഭവം" അവ്യക്തമായൊരു ആത്മാഗതം പൊഴിച്ചുകൊണ്ട് ബ്രാകാഷൻ
ഒന്നുകൂടി പിടഞ്ഞിരുന്നു.
പിള്ളയുടെ ഉയർച്ച ഇന്ന് നാടിനോരഭിമാനമാണ്.

എന്നാൽ,സൗദിയിൽ പെട്ട് പോയി, ആടു ജീവിതം നയിച്ച നജീബിനെ ആരും ഗൗനിച്ചില്ല. നേട്ടങ്ങളിൽ മാത്രം അഭിരമിയ്ക്കുന്ന ലോകം.!

ഫാത്തിമ എന്ന ആ ഇരുപത്തി രണ്ട് കാരി, കഫീലിന്റെ മകളായിരുന്നു.ബീളയുമായി മൊട്ടിട്ട പ്രണയം. മൗനമായി മൂന്ന് വർഷം  തുടർന്നു.


മലബാറിയേ വീട്ടിലെ ഓരോരുത്തരും അഗാധമായി ഇഷ്ടപ്പെട്ടിരുന്നു.മലബാറി അവരെ വിട്ട് പോകരുത് എന്നെല്ലാവരും ആഗ്രഹിച്ചു.
അവരുടെ ഉള്ളിലെ മലബാറിയുടെ സ്ഥാനം അങ്ങനെയായിരുന്നു.

മലബാറി തന്റെ സ്നേഹം കൊണ്ട് ഏവരെയും തന്നിലേക്കടുപ്പിച്ചു കഴിഞ്ഞിരുന്നു.

ഫാത്തിമയാകട്ടേ മലബാറിയുടെ പ്രീയപ്പെട്ട, ഫാത്തി ആയി മാറിക്കഴിഞ്ഞിരുന്നു.
പിരിയാൻ കഴിയാത്ത പ്രാണയം.

ഫാത്തി എന്ന ലൈലയെക്കൊണ്ട്, മജ്നൂൻ ആയിക്കഴിഞ്ഞിരുന്നു മലബാറി.
പ്രശസ്തമായ ലൈല മജ്നൂൻ കാവ്യം പോലെ.ഭ്രാന്തമായ പ്രണയം.

ഫാത്തിയെ കെട്ടണമെങ്കിൽ  മതം മാറ്റം 
നടത്താതെ കഴിയില്ല, എന്ന കീറാമുട്ടി....
ബീള അതിനു തയ്യാറായി.

അവസാനം, മുത്തപ്പൻ കൂട്ടിച്ചേർത്തതു തന്നെ നിർവഹിയ്ക്കപ്പെട്ടു.
ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യൻ വരനായി.

പക്ഷേ ഉണ്ണികൃഷ്ണൻ പിള്ളയ്ക്ക് പറഞ്ഞുറപ്പിച്ച, കളിക്കൂട്ടുകാരി ആയിരുന്ന അനുരാധ ഇപ്പോഴും കിളിമാനൂരിൽ അവിവാഹിതയായി തുടരുന്നു.അതിനാരും പരിഹാരം പറയാതെ...
അതങ്ങനെയാണ്, ഈ ലോകവും അതിന്റെ നിയമങ്ങളും.

ബീള ഇത്രയും പറഞ്ഞവസാനിപ്പിച്ചപ്പോൾ, ബ്രകാഷന്റെ  ഒരു വാക്ക് മാത്രം പുറത്തേക്ക്  തെന്നി വീണു.
മലബാറി ദി ഗ്രേറ്റ്.........

................................................ 
ശരീക്കത്തിൽ ദുജാജി.....കോഴിക്കമ്പനി
ആമിൽ...പണിക്കാരൻ
കഫീൽ.....സ്പോൺസർ
മജ്ലിസ്...ഗസ്റ്റ് റൂം.
ഫൈസൽ അലി ശരീക്കത്തിൽ ദുജാജി....ഫൈസൽ അലി കോഴിക്കമ്പനി.
ശരീക്ക.,....കമ്പനി 
ദുജാജ്......കോഴി.
ആമിൽ ....പണിക്കാരൻ
ബലദിയുൻ.....എന്റെ സ്വന്തം.
കഫീൽ...സ്പോണ്സർ.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക