
ദി ഹിൽസ് ആർ ലൈവ് വിത്ത് ദി സൗണ്ട് ഓഫ് മ്യൂസിക്: മരിയയായി ജൂലി ആൻഡ്രൂസ്
അറുപതുവർഷം മുമ്പ് ലോക സിനിമാപ്രേമികളെ ഹർഷോന്മാദത്തിലാഴ്ത്തിയ സൗണ്ട് ഓഫ് മ്യൂസിക്ക് ഇന്നും അവരെ പിന്തുടരുന്നു. അതിലെ നായകൺ ക്യാപ്റ്റൻ വോൺ ട്രാപ്പായി അഭിനയിച്ച ക്രിസ്റ്റഫർ പ്ലൂമർ 2021 ൽ 91ആം വയസിൽ അന്തരിച്ചു. നായിക മരിയയായി ആടിപ്പാടിയ ജൂലി ആന്ഡ്രൂസ്ഞാൻ വസിക്കുന്ന ന്യൂ യോർക്കിലെ ലോങ്ങ് ഐലണ്ടിൽ സുഖമായി കഴിയുന്നു. പ്രായം 90.

ജൂലി ആൻഡ്രൂസ് അന്നും ഇന്നും
എന്നാൽ യഥാർത്ഥ മരിയ വോൺ ട്രാപ്പ് 1944ൽ അമേരിക്കയുടെ വടക്കൻ അതിർത്തി സംസ്ഥാനമായ വെർമോണ്ടിൽ എത്തുകയും അവിടെ 2600 ഏക്കർ വിസ്താരമുള്ള വോൺ ട്രാപ്പ് റിസോർട് സ്ഥാപിക്കുകയൂം ചെയ്‌തു നാസി പടയുടെ ക്രൂരതയിൽ നിന്നു തലനാരിഴക്ക് രക്ഷപെട്ടു ഇറ്റലിവഴി കപ്പലിൽ കടക്കുകയായിരുന്നു വോൺ ട്രാപ്പും മരിയയും ഏഴു മക്കളും. മരിയ1949ൽ എഴുതിയ ആത്മമകഥ ആസ്പദമാക്കിയാണ് റോബർട്ട് വൈസ് സൗണ്ട് ഓഫ് മ്യൂസിക്ക് സംവിധാനം ചെയ്തത്.

ഡോ റേ മീ-അങ്ങിനെയല്ല ഇങ്ങിനെ
മരിയ ജീവിച്ച ഓസ്ട്രിയയിലെ സാൽസ് ബർഗിൽ പ്രകൃതി മനോഹരമായ മലഞ്ചെരിവുകളിൽ ഷൂട്ടു ചെയ്ത ചിത്രം ഏറ്റവും വലിയ ജനപ്രീതിനേടാൻ കാരണം ചിത്രത്തിൽ റോഡ്‌ജേഴ്സ്-ഹാമർസ്റ്റീൻ ഒരുക്കിയ ഗാനങ്ങളാണ്. അവതരണ ഗാനമായ ദി ഹിൽസ് ആർ ലൈവ് വിത്ത് ദി സൗണ്ട് ഓഫ് മ്യൂസിക്, ഡോ റേ മി, മൈ ഫേവറിറ്റ് തിങ്സ്, അയാം സിക്സ്റ്റീൻ, ഗോയിങ് ഓൺ സെവന്റീൻ തുടങ്ങിയ ഗാനങ്ങൾ കാലങ്ങളെ അതിജീവിക്കുന്നു.
ഹോളിവുഡ് ചിത്രങ്ങൾ ഇറങ്ങുന്ന മുറയ്ക്ക് തന്നെ ഇപ്പോൾ കേരളത്തിലെയും ഇന്ത്യയിളെയും തീയേറ്ററുകളിലും ഒടിപി പ്ലാറ്റുഫോമുകളിലും എത്തുന്നു. എന്നാൽ അര നൂറ്റാണ്ടു മുമ്പ് സൗണ്ട് ഫ് മ്യൂസിക് കൊച്ചിയിൽ എത്താൻ പത്തു വർഷം വേണ്ടിവന്നു. ഫോർട്ട് കൊച്ചിയിലെ സീനാ തിയേറ്ററിലെ വലിയ സ്‌ക്രീനിൽ ചിത്രം കാണാനായി സകുടുംബം ട്രെയിനിലും ബസിലുമായി പോയത് ഓർക്കുന്നു.
ആയിരക്കണക്കിന് യഹൂദരെ വിഷവാതക ചേമ്പറുകളിൽ അടച്ചു കൊന്നൊടുക്കിയ ദഹൗ (Dachau) ഗ്യാസ് ചേംബർ കാണാൻ 1985ൽ പോയതാണ് ജീവിതത്തിലെ അവിസ്മരണീയമായ മറ്റൊരനുഭവം. അന്ന് ജനീവയിലായിരുന്നു ഞങ്ങൾ. വേൾഡ് കൗൺസിൽ ഒഫ് ചർച്ചസ് എക്സിക്യു്റ്റിവ് സെക്രട്ടറി നൈനാൻ കോശിയുടെ അതിഥികളായി. ഇന്റർനാഷണൽ ടെലികോം യൂണിയനിലെ വർഗീസും ജനീവക്കാരിയായ ഭാര്യയും ഒപ്പം ആതിഥേയരായി.
പ്രസിഡന്റ് റെയ്‌ഗൻ ജർമനി സന്ദർശിക്കുന്നതിനിടയിൽ മ്യൂണിക്കിൽ എത്തി സമീപമുള്ള ദഹൗ ഗാസ് ചേംബർ കാണുന്ന ചിത്രം പാരീസിൽ നിന്നിറങ്ങുന്ന ഇന്റർനാഷണൽ ഹെറാൾഡ് ട്രിബ്യുണിൽ കണ്ടതോടെ തീരുമാനിച്ചു മുണിക്കിലേക്കു തിരികെപ്പോയി ആ കോൺസൻട്രേഷൻ ക്യാമ്പ് സന്ദർശിക്കണമെന്ന്.
ഞങ്ങൾ അന്നു തന്നെ അടുത്ത ട്രെയിനിൽ മ്യുണിക്കിലേക്കു തിരിച്ചു. ദഹൗവിലെത്തിയപ്പോഴാണ് അന്ന് ഞായറാഴ്ച മ്യുസിയത്തിനു അടവാണെന്നു തിരിച്ചറിയുന്നത്. നിരാശരായി സ്റ്റേഷനിൽ ഉഴറി നടക്കുമ്പോൾ അതാ വരുന്നു മാലാഖ പോലെ ഒരു പെൺകുട്ടി.
കരോലിന പറഞ്ഞു: ഞാൻ ചെക്ക് റിപ്പബ്ലിക്കിൽ നിന്ന് ഇവിടെ ഫാഷൻ ടെക്‌നോളജി പഠിക്കാൻ എത്തിയതാണ്. ഇളവുകിട്ടുമ്പോൾ ദഹൗവിൽ വോളന്റീയറായി സേവനം ചെയ്യും. അതുകൊണ്ടു അവിടെ ഞായറാഴ്ച രഹസ്യമായി കടക്കാൻ എനിക്ക് നിങ്ങളെ സഹായിക്കാനാകും.
അങ്ങിനെ അഡെലാ കരോലിന ഞങ്ങളെ സഹായിച്ചൂ. ഗാസ് ചേമ്പറിൽ മരിച്ച ആയിരങ്ങളുടെ തലയോട്ടികളും അസ്ഥികളും ചെരിപ്പും വസ്തങ്ങളും കണ്ടു ഞങൾ അസ്തപ്രജ്ഞരായി എന്ന് പറയേണ്ടതില്ലല്ലോ. 'ഇത്ര അകലെ ഇന്ത്യയിൽ നിന്ന് ഈ സ്മാരകം കാണാൻ എത്തിയതിനു പിന്നിലുള്ള ചേതോ വികാരം ഞാൻ മാനിക്കുന്നു. എനിക്കതിനു പ്രത്യേക കാരണം കൂടിയുണ്ട്. എന്റെ പിതാവ് ഈ കാമ്പിൽ കൊല്ലപ്പെട്ടതാണ്,' വിടപറയും മുമ്പ് കരോലിന ആ ഞെട്ടിക്കുന്ന രഹസ്യം വെളിപ്പെടുത്തി.
രാത്രിയായി. ജനീവയിലേക്കുള്ള അടുത്ത ട്രെയിൻ രാത്രി 11.45 നേ എത്തൂ. വിശപ്പും ദാഹവും ഞങ്ങളെ വലച്ചു സ്റ്റേഷനിൽ ചിക്കൻ പൊരിച്ചുവിൽക്കുന്ന ഒരു ഷോപ് തുറന്നിരുന്നു. പക്ഷെ അവർ ഡോളർ സ്വീകരിക്കില്ല. ഡോയിച് മാർക് തന്നെ വേണം. പഴ്‌സുകൾ മുങ്ങിത്തപ്പിയപ്പോൾ ഏതാനും മാർക്കിന്റെ നാണയങ്ങൾ കിട്ടി. കരോലിന പേഴ്‌സ് തുറന്ന കുറെ നാണയങ്ങൾ പെറുക്കി നീട്ടി. ഹാഫ് ചിക്കനുള്ള പണം അങ്ങിനെ സ്വരുക്കൂട്ടി.
രാത്രി 11.45 കിറു കിത്യമായി സാൽസ്ബർഗിൽ നിന്ന് ഇൻസ്ബ്രൂക്ക് വഴിയുള്ള ജർമ്മനിയുടെ ഡോയിച്ച് ബാഹൻ ട്രെയിൻ എത്തി. പുലർച്ചക്കു ജനീവയിൽ എത്തും വരെ ഉറങ്ങാൻ കഴിഞ്ഞില്ല. കരോലീനയുടെ സ്നേഹം വഴിഞ്ഞൊഴുകുന്ന മുഖവും ഒരിക്കലും കണ്ടിട്ടില്ലാത്ത അവളുടെ അച്ഛന്റെ ഭാവനാചിത്രവും മനസിൽ തിരതള്ളി നിന്നു.
നാസി ഭരണം കൊടികുത്തി വാഴുന്ന കാലത്തു ആത്മാഭിമാനം പണയം വയ്ക്കാതെ ചെറുത്തുനിന്ന ഓസ്ട്രിയൻ ക്യാപ്റ്റൻ വോൺ ട്രാപ്പിന്റെയും ഗായകരായ ഏഴുമക്കളുടെയും കഥയാണ് സൗണ്ട് ഓഫ് മ്യൂസിക്. അമ്മയില്ലാത്തെ കുട്ടികളെ നോക്കാൻ തൊട്ടടുത്ത കോൺവെന്റിൽ നിന്ന് മരിയ എത്തുന്നതോടെ കഥയുടെ ചുരുളുകൾ അഴിയുന്നു.
ക്യാപ്റ്റൻ തന്റെ വീടിന്റെ ചുമരിൽ നാസികൾ പതിപ്പിച്ച സ്വസ്തികപതാക വലിച്ച് കീറിക്കളയുന്നതോടെ കഥയുടെ പിരിമുറുക്കം വർധിക്കുന്നു. സാൽസ്ബർഗിന് നടന്ന ദേശീയ സംഗീത മത്സരത്തിൽ ക്യാപ്റ്റനും മരിയയും നയിക്കുന്ന ടീം ഒന്നാം സമ്മാനം നേടുന്നു. നിലക്കാത്ത കരഘോഷം നാസി ഓഫീസർമാരെ അമ്പരിപ്പിക്കുന്നു. ചിത്രം അവസാനിക്കുന്നില്ല. കന്യാസ്ത്രീകളുടെ സഹായത്തോടെ സെമിത്തേരിയിൽ ഒളിച്ചിരുന്ന കുടുംബം സംഘം മലകൾക്കിടയിലൂടെ നടന്നു സ്വിറ്റ് സർലണ്ടിലേക്കു രക്ഷപ്പെടുന്നതാണ് അന്ത്യം.
മരിയയുടെ ആത്മകഥയിലെ യഥാർത്ഥ ക്യാപ്റ്റൻ ജോർജ് വോൺ ട്രാപ്പ് ആണ്. ഇറ്റാലിയൻ സൈന്യത്തിൽ നിന്ന് റിട്ടയർ ചെയ്‌ത ആൾ. യഥാർത്ഥത്തിൽ അവർ രഹസ്യമായി ഇറ്റലിയിൽ എത്തി അവിടെനിന്നു കപ്പലിൽ അമേരിക്കയിലേക്ക് കടക്കുകയാണ് ചെയ്തത്.

മൂന്നു ലക്ഷം ടൂറിസ്റ്റുകൾ എത്തുന്ന സാൽസ്ബർഗിലെ വോൺ ട്രാപ് വസതി
യുദ്ധാനന്തരം അമേരിക്കയിലും യൂറോപ്പിലും ഗായകസഹോദരങ്ങൾ എന്ന പേരിൽ ഗാനമേളകൾ നടത്തി സമ്പാദിച്ച പണം ഉപയോഗിച്ചാണ് വെർമോണ്ടിലെ ഭൂമിയത്രയും അവർ വാങ്ങിക്കൂട്ടിയത്. വെർമോണ്ടിലെ സ്റ്റോവ് എന്ന ചെറുപട്ടണത്തിലാണ് ആ ഭൂമി.
സാൽസ്ബർഗ് പോലെ ശൈത്യകാലത്തു മഞ്ഞുമൂടുന്ന പർവത ശിഖരങ്ങളും താഴ്വരകളുവും അരുവികളും നിറഞ്ഞ മനോഹരമായ നാട്. ഇന്നും ആ സൗന്ദര്യം വെർമോണ്ട് കാത്തു സൂക്ഷിക്കുന്നു, തടികൊണ്ടുള്ള ആയിരം പാലങ്ങൾ അവിടുണ്ട്. പ്രക്രുതിയെ മറയ്‌ക്കുന്ന പരസ്യ ബോർഡുകൾ പാടില്ല. കവി റോബർട്ട് ഫ്രോസ്റ്റിന്റെ നാടുകൂടിയാണ് വെര്മോണ്ട്.
ഇളയമകൻ ജോഹാൻസ് മിടുക്കനായിരുന്നു. അയാൾ ന്യൂമെക്സിക്കോയിൽ ഒരു കന്നുകാലി റാഞ്ച് സ്വന്തമാക്കി. ഇടയ്ക്കിടെ വെർമോണ്ടിൽ അമ്മയുടെ സഹായത്തിനെത്തി. 2600 ഏക്കറിലെ മലയോരത്തു സ്കീയിങ് സൗകര്യം ഉണ്ടാക്കിയത് ജോഹാൻസ് ആണ്. റിസോർട്ടിനുള്ളിൽ സ്വന്തമായി വൈനറിയും വീഞ്ഞു നിർമ്മാണവും ആരംഭിച്ചു. ഡയറിഫാമിൽ ചീസും നിർമ്മിക്കുന്നു.

മരിയയുടെ കൊച്ചുമകൾ ക്രിസ്റ്റിന
ഭാര്യ മരിച്ച ക്യാപ്റ്റന്റെ കുട്ടികളെ നോക്കാൻ എത്തി വീട്ടമ്മയായി മാറിയ യഥാർത്ഥ മരിയ ഓഗസ്റ്റാ കുഷേര 1987ൽ വെർമോണ്ടിൽ അന്തരിക്കുമ്പോൾ പ്രായം 82. ജോർജ് നേരത്തെ മരിച്ചു. സ്റ്റോവിലെ വോൺ ട്രാപ്പ് .കുടുംബക്കല്ലറയിൽ അടക്കി. ജോഹാൻസും മക്കളും ചേർന്നാണ് വോൺ ട്രാപ്പ് ഫാമിലി ലോഡ്ജ് എന്ന റിസോർട്ട് നടത്തുന്നത്.

യാഥാർത്ഥ മരിയ വോൺ ട്രാപ്പ് വെർമോണ്ടിൽ വാങ്ങിയ 2600 ഏക്കറും റിസോർട്ടും

റിസോർട്ടിലെ ആട്ടിൻ പറ്റം
സൗണ്ട് ഓഫ് മ്യൂസിക്കിന്റെ അമ്പതാം വാർഷികം ആഘോഷിച്ച വേളയിൽ ജോഹാൻസിന്റെ മകൾ ക്രിസ്റ്റിന സാൽസ്ബർഗിൽ പോയി അമ്മയുടെ ചരിത്ര പ്രധാനമായ ഭവനത്തിലൂടെ കയറിയിറങ്ങി. ചലച്ചിത്രം സാൽസ്‌ബെറിന്റെ അന്താരാഷ്ട്ര പ്രശസ്തി പതിന്മടങ്ങു വർധിപ്പിച്ചിട്ടുണ്ട്.157,000 പേരുള്ള നഗരത്തിൽ ഇന്ന് വർഷം പ്രതി മൂന്നുലക്ഷം ടൂറിസ്റ്റുകൾ എത്തുന്നു. അവിടെ സൗണ്ട് ഓഫ് മ്യൂസിക്കിന്റെ വിശാലമായ ഒരു മ്യുസിയവും അടുത്തവർഷം തുറക്കും
പാട്ടുകാരായ വോൺട്രാപ് സഹോദരങ്ങൾ എവിടൊക്കെ? ഒരാൾ ഡോക്ടറാണ്. ഒരാൾ സംഗീതാധ്യാപകൻ. ഒരാൾ വോൺട്രാപ് ഡയറിഫാമിൽ ചീസ് നിർമ്മിക്കുന്നു. മറ്റൊരാൾ ന്യൂ ഗിനിയിൽ മിഷനറിയാണ്. വൈദ്യുതി എത്തിയിട്ടില്ലാത്ത ഒരിടത്ത്.
ചിത്രത്തിന്റ ജീവിച്ചിരിക്കുന്ന അഭിനേതാക്കളിൽ ഏറ്റവും കൂടുതൽ പേരും പെരുമയും നേടിയത് ബ്രിട്ടനിലെ സറെയിൽ ജനിച്ചു ലണ്ടനിൽ ജീവിച്ചു ഇപ്പോൾ ന്യൂയോർക്കിലെ ലോങ്ങ് ഐലൻഡിൽ കഴിയുന്ന ജൂലി ആൻഡ്രൂസ് തന്നെ. ഒക്ടോബർ ഒന്നിന് അവർക്കു 90 തികഞ്ഞു.
ഓസ്കറും ബ്രിട്ടീഷ് അക്കാദമിയുടെ ബാഫ്റ്റ പുരസ്കാരവും മൂന്ന് എമ്മി അവാർഡും ഏഴു ഗോൾഡൻ ഗ്ലോബ് അവാർഡും നേടിയ ജൂലിക്കു 2000ൽ എലിസബത്ത് രാജ്ഞി പ്രഭ്വി സ്ഥാനം (ഡെയിം) നൽകി. സൗണ്ട് ഓഫ് മ്യൂസിക്കിന് പുറമെ മൈ ഫെയർ ലേഡി, സിൻഡ്രല, മേരി പോപ്പിൻസ്, ദി അമേരിക്കനൈസേഷൻ ഒ ഫ് എമിലി തുടങ്ങിയ ഒട്ടേറെ ചിത്രങ്ങൾ.
ജോൺ എഫ് കെന്നഡി എയർപോർട്ടും ലഗാർഡിയ എയർപോർട്ടും സ്ഥിതി ചെയ്യന്ന ലോങ്ങ് ഐലൻഡിലാണ് താമസമെങ്കിലും അവരുടെ വീട് ക്വീൻസിലെ അസ്റ്റോറിയയിൽ നിന്ന് 156 കിമീ അകലെ കിഴക്കേ അറ്റത്തു സാജ് ഹാർബറിലാണ്. അവിടെ സാൽസ്ബർഗിലെ വോൺ ട്രാപ്പ് കൊട്ടാരത്തെ അനുസ്മരിപ്പിക്കുന്ന ഒരു മണിമാളികയാണ് വീട്.

ന്യൂയോർക് ലോങ്ങ് ഐലൻഡിൽ ജൂലിയുടെ വീട്
ലണ്ടനിലും അതുപോലൊരു വീടുണ്ട് ജൂലിക്ക്. അതു വിൽക്കാനുള്ള പരസ്യം കണ്ടു.

ക്യാപ്റ്റൻ വോൺ ട്രാപ്പായി ക്രിസ്റ്റഫർ പ്ലൂമർ; പ്രായമെത്തിയപ്പോൾ
സിനിമയിൽ ജൂലിയുടെ കൂടെ ഗായക സഹോദരങ്ങളായി അഭിനയിച്ച ഏഴുപേരിൽ അഞ്ചു പേരേ ജീവിച്ചിരിപ്പുള്ളൂ. മൂത്ത സഹോദരി ലീസൽ ആയി അഭിനയിച്ച ചാർമിയൻ കാറും ലൂയിസയായി പ്ര ത്യക്ഷപ്പെട്ട ഹീതർ മെൻസീസും അന്തരിച്ചു.

സൗണ്ട് ഓഫ് മ്യൂസിക്കിലെ കന്യാസ്ത്രീ താരങ്ങൾ
ഫ്രീഡറിച്ച് ആയ നിക്കോളാസ് ഹമ്മോണ്ട് ഓസ്‌ട്രേലിയയിൽ നടനാണ്. കുർട്ടിന്റെ റോളിൽ വന്ന ഡുവാൻ ചേസ് അഭിനയം നിർത്തി സിയാറ്റിലിൽ സോഫ്ട്‍വെയർ എൻജിനീയറും ജിയോളജിസ്റ്റുമാണ്. ബ്രിജിറ്റയായി അഭിനയിച്ച ആഞ്ചല കാർട്ട് റൈറ് ഫോട്ടോഗ്രാഫറും ആർട്ടിസ്റ്റും എഴുത്തുകാരിയും. നെറ്ഫ്ലിക്സിന്റെ ലോസ്റ്റ് ഇൻ സ്പേസിൽ അഭിനയിച്ചു.
മാർട്ടയുടെ റോളിൽ വന്ന ഡെബി ടേണർ മിനസോട്ടയിൽ സ്വന്തം ഇവന്റ് മാനേജ്‌മെന്റ് സ്ഥാപനം നടത്തുന്നു. ഏറ്റവും ഇളയ സുന്ദരിക്കുട്ടി ഗ്രെറ്റൽ ആയി അഭിനയിച്ച കിം കരാത്ത് കാലിഫോർണിയയിൽ നടിയും എഴുത്തുകാരിയും ആക്ടിവിസ്റ്റുമാണ്.