Image

കെസിസിഎൻഎ 2026 കൺവെൻഷൻ: ഫോർട്ട് ലോഡർഡേലിൽ പുതുചരിത്രത്തിന്റെ പാത തുറക്കുമ്പോൾ

മീട്ടു റഹ്മത്ത് കലാം Published on 30 November, 2025
കെസിസിഎൻഎ 2026 കൺവെൻഷൻ: ഫോർട്ട് ലോഡർഡേലിൽ പുതുചരിത്രത്തിന്റെ പാത തുറക്കുമ്പോൾ

ക്നാനായ സമൂഹത്തിന്റെ ഏറ്റവും വലിയ ഒത്തുചേരലാണ് മയാമിയിലെ ഫോർട്ട് ലോഡർഡേലിൽ 2026 ഓഗസ്റ്റിൽ നടക്കാനിരിക്കുന്ന കെസിസിഎൻഎ കൺവെൻഷൻ. അതുകൊണ്ടുതന്നെ, ഈ മഹാസമ്മേളനം പ്രവാസിമലയാളികളുടെ ശ്രദ്ധാകേന്ദ്രമായി മാറിയിരിക്കുകയാണ്. ഷിക്കാഗോയിൽ അരങ്ങേറിയ കിക്ക്‌ഓഫ് ചടങ്ങിന് പിന്നാലെ, കമ്മിറ്റികളുടെ തീവ്രമായ തയ്യാറെടുപ്പുകളും ആവേശജനകമായ റെക്കോർഡ് റൂം ബുക്കിംഗുകളും ഈ കൺവെൻഷൻ ഒരു പുതുചരിത്രമാകുമെന്ന് സൂചിപ്പിക്കുന്നു.

ബീച്ചിന്റെ അരികെ ഉയർന്ന് നിൽക്കുന്ന ഒംനി ഹോട്ടലിൽ പുതുമയുടെ സുഗന്ധം പരത്തി ഒരുക്കുന്ന ആഡംബര സൗകര്യങ്ങളും ഫ്ലോറിഡയിലെ ഏറ്റവും വലിയ കൺവെൻഷൻ സെന്ററുകളിലൊന്നായ ബ്രോവാർഡ് കൗണ്ടി കൺവെൻഷൻ സെന്ററിന്റെ ആധുനിക സജ്ജീകരണങ്ങളും—എല്ലാം കൂടി 2026 ലെ കൺവെൻഷനെ വേറിട്ടതും അഭിമാനകരവുമാക്കുന്നു. ആദ്യമായി ടാമ്പയുടേയും മയാമിയുടേയും യൂണിറ്റുകൾ കൈകോർക്കുന്ന ഈ കൺവെൻഷൻ, സമൂഹത്തിലെ ഐക്യത്തെ പുതിയ ഉയരങ്ങളിൽ എത്തിക്കുമെന്ന വിശ്വാസം സംഘാടകർക്കുണ്ട്.

തയ്യാറെടുപ്പുകൾ, വെല്ലുവിളികൾ, പുതുമകൾ, ക്നാനായ ഐഡന്റിറ്റിയുടെ ഭാവി… ഇവയെക്കുറിച്ചെല്ലാം കെസിസിഎൻഎ പ്രസിഡന്റ് ജെയിംസ് ഇല്ലിക്കൽ സംസാരിക്കുന്നു…

കെസിസിഎൻഎ കൺവെൻഷന്റെ ചിക്കാഗോയിലെ കിക്കോഫ് കഴിഞ്ഞിരിക്കുകയാണല്ലോ, വിശദാംശങ്ങൾ പങ്കുവയ്ക്കാമോ?

2026 ഓഗസ്റ്റ് 6 മുതൽ 10 വരെ ആണ് അടുത്ത കൺവെൻഷൻ. വേദി മയാമിയിലെ ഫോർട്ട് ലോഡർഡേലിലാണ്. ബീച്ചിന് സമീപമുള്ള ഒരു ബ്രാൻഡ് ന്യൂ ഹോട്ടലായ ഒംനി ഹോട്ടലിലാണ് താമസം ഒരുക്കുന്നത്.  അവിടെ നിന്നാണ് ക്രൂസ് കപ്പലുകൾ പുറപ്പെടുന്നത്. ഈ ഡിസംബർ 18-നാണ് ഹോട്ടലിന്റെ  ഇൻനാഗുറേഷൻ. അതുകൊണ്ടുതന്നെ പുതുമ നിറഞ്ഞ ഒരു അനുഭവം ഈ കൺവൻഷനിൽ പങ്കെടുക്കുന്ന ഏവർക്കും അനുഭവേദ്യമാകും.

പ്രോഗ്രാമുകൾ നടക്കുന്നത് ബ്രോവാർഡ് കൗണ്ടി കൺവൻഷൻ സെന്ററിലാണ്. ഫ്ലോറിഡയിലെ ഏറ്റവും വലിയ കൺവെൻഷൻ സെന്ററുകളിൽ ഒന്നാണത്.

ഹോട്ടലിൽ നിന്നു കൺവെൻഷൻ സെന്ററിലേക്ക് മൂന്ന് ലെവൽ എയർ കണ്ടീഷൻഡ് ഓവർബ്രിഡ്ജ് ഉള്ളതുകൊണ്ട് കണക്റ്റിവിറ്റി വളരെ എളുപ്പമാണ്.

റൂം ബുക്കിംഗിന്റെ അപ്ഡേറ്റുകൾ എന്തൊക്കെയാണ്?

നമ്മൾ 600 റൂം ആണ് ബ്ലോക്ക് ചെയ്തിട്ടത്.ക്വീൻ സൈസ് ഡബിൾ ബെഡ് റൂമുകൾ 400-ഉം, 200 എണ്ണം കിംഗ് സൈസ് സിംഗിൾ ബെഡ് റൂമുകളുമാണുള്ളത്.  ഒരു മാസത്തിനുള്ളിൽ തന്നെ 400-ലധികം ബുക്കിങ് ആയി! ഈ തവണ റെക്കോർഡ് രജിസ്ട്രേഷൻ ആണ് എന്നത് സംഘടനയോടുള്ള ആളുകളുടെ താല്പര്യം വർദ്ധിച്ചതിന്റെ സൂചനയായി കാണുന്നു.

ഏർലി-ബേർഡ് ബുക്കിംഗ് നേട്ടമുണ്ടോ?

തീർച്ചയായിട്ടും. റൂമിന്റെ ലഭ്യതയും, അവശ്യമായപ്പോൾ അഡീഷണൽ ബെഡ് ലഭിക്കുന്നതും മുൻപേ ബുക്ക് ചെയ്യുന്നവർക്ക് എളുപ്പമാകും. ഫോർട്ട് ലോഡർഡേൽ എയർപോർട്ടിൽ നിന്നും 1.7 മൈൽ ദൂരവും മയാമി എയർപോർട്ടിൽ നിന്നും 37 മൈലുമാണ് ഹോട്ടലിലേക്കുള്ള ദൂരം.  കുറഞ്ഞനിരക്കിൽ വിമാന ടിക്കറ്റ് ലഭിക്കുന്നതിനും ഊബർ വിളിച്ച് ഹോട്ടലിലേക്ക് എത്തിച്ചേരുന്നതിനും ബുക്കിങ് നേരത്തെ ആക്കുന്നതിലൂടെ സാധിക്കും.

ഈ കൺവെൻഷൻ വ്യത്യസ്തമാണെന്നു പറയുന്നത് എന്തുകൊണ്ടാണ്?

സാധാരണയായി ജൂലൈയിലാണ് കൺവൻഷൻ നടത്തുന്നത്. വേൾഡ് കപ്പ് അമേരിക്കയിൽ വരുന്നതുകൊണ്ട് മിക്ക ഹോട്ടലുകളും ബുക്ക് ചെയ്തുകഴിഞ്ഞു. അങ്ങനെയാണ് ഓഗസ്റ്റിലേക്ക് കൺവൻഷൻ മാറ്റിയതും മയാമി ഏരിയ തിരഞ്ഞെടുത്തതും. അതെന്തുകൊണ്ടും നന്നായി എന്നാണ് ഇപ്പോൾ തോന്നുന്നത്. ഇതാദ്യമായാണ്  ഒരേ റീജിയനിലെ രണ്ട് യൂണിറ്റുകൾ ചേർന്ന് ( ടാമ്പാ യൂണിറ്റും മയാമി യൂണിറ്റും) ഒരു കൺവൻഷൻ ഹോസ്റ്റ് ചെയ്യുന്നത്. ഹോട്ടലും കൺവെൻഷൻ സെൻ്ററും മയാമിയുടെ പ്രദേശത്തുവരുത്തുകൊണ്ടാണ് മയാമി യൂണിറ്റും കൂടി പ്രവർത്തിക്കുന്നത്. രണ്ട് യൂണിറ്റുകൾ കൈകോർക്കുന്നതാണ് പ്രധാന വ്യത്യസ്തത. ഹൃദയൈക്യത്തോടെയുള്ള മുന്നൊരുക്കങ്ങൾ കൺവൻഷന് വേറിട്ട ഒരു തലം സമ്മാനിക്കുമെന്ന വിശ്വാസം ഞങ്ങൾക്കുണ്ട്. 48 കമ്മിറ്റികൾ ഇതിനായി പ്രവർത്തിച്ചു തുടങ്ങിക്കഴിഞ്ഞു. ടാമ്പയിൽ നിന്നുള്ള കൺവെൻഷൻ ചെയർപേഴ്സൺ ജോബി ഊരാളിയിലിന് പുറമേ മയാമിയിൽ നിന്നുള്ള കോ ചെയർ സിബി ചാണശ്ശേരിയും  ആറ് കൺവീനർമാരും(മയാമി:3, ടാമ്പാ: 3) മറ്റ് അംഗങ്ങളും എന്നോടൊപ്പം ഇതിനായി കൈമെയ്‌ മറന്ന് സഹകരിക്കുന്നുണ്ട്.150000 ഡോളർ കൊടുത്ത് കിച്ചൺ ബൈ ഔട്ട് ചെയ്തിട്ട് കേരള ഫുഡാണ് അറേഞ്ച് ചെയ്യുന്നത്.  ചെലവ് നിയന്ത്രിക്കാൻ സിറ്റ്-ഡൗൺ ഡിന്നറിന് പകരം ഇത്തവണ ബാങ്ക്വറ്റ് ഡിന്നറായിരിക്കും. കൺവെൻഷൻ കഴിഞ്ഞ് ക്രൂസ് & ബീച്ച് ടൂർ പാക്കേജുകൾ ഒരുക്കുന്നുണ്ട്. മൂന്ന് ദിവസം മുന്നോടിയായും ശേഷവും അതേ ഹോട്ടൽ റേറ്റിൽ ലഭ്യമാകും എന്നതാണ് മറ്റൊരു സവിശേഷത. കൺവെൻഷൻ വിജയകരമാക്കാൻ ഏകദേശം $1.8 മില്ല്യൺ ശേഖരിക്കണം. കഴിഞ്ഞ തവണത്തെ കൺവൻഷന് 160 ഡോളറിന് റൂം ലഭിച്ചിരുന്നു.ഇത്തവണ ബാർഗെയ്ൻ ചെയ്തിട്ട് പോലും 250 ഡോളറായി. ചിക്കാഗോയിൽ നടന്ന കിക്ക്‌ഓഫിൽ നല്ല സ്‌പോൺസർഷിപ്പ് ലഭിച്ചു. ഇതേ രീതി തുടർന്നാൽ കൺവൻഷൻ വൻവിജയമായി തീരും. ഫ്ലോറിഡയിൽ മാർച്ച് മാസം നാഷണൽ കൗൺസിൽ മീറ്റിംഗ് നടത്തുന്നുണ്ട്.  അതിൽ പങ്കെടുക്കുന്നവർക്ക് കൺവൻഷൻ സെന്ററും താമസിക്കാൻ ഉദ്ദേശിക്കുന്ന ഹോട്ടലും നേരിൽ കാണാനാകും.

യുവജനങ്ങളുടെയും വനിതകളുടെയും പങ്കാളിത്തം എങ്ങനെയാണ്?

യുവജനങ്ങളും സ്ത്രീകളും കൂടുതലായി കടന്നുവരുന്നത് പ്രതീക്ഷാവഹമാണ്. കെസിവൈഎൽ, കെവൈഎ, യുവജനവേദി എല്ലാം ആക്റ്റീവാണ്. 'ബാറ്റിൽ ഓഫ് ദി സിറ്റി' പോലുള്ള  കലാപരിപാടി ഹൈലൈറ്റ് പ്രോഗ്രാമുകളിൽ ഒന്നാണ്. ദേശീയ സ്റ്റേറ്റ്-ടേക്ക്‌ഓവർ പ്രോഗ്രാമുകളും കലാപരിപാടികളും സംഘടിപ്പിച്ച് മികവ് തെളിയിച്ച യൂത്തിന്റെ പിന്തുണ ഈ കൺവൻഷന്റെ മാറ്റ് കൂട്ടുമെന്ന കായത്തിൽ സംശയമില്ല. ഈ പ്രാവശ്യം ഓരോ വിഭാഗത്തിനും ഓഡിറ്റോറിയം വേർതിരിച്ച് നൽകുന്നു എന്ന പ്രത്യേകതയുമുണ്ട്. വിമൻസ് ഫോറത്തിന്റെയും പ്രത്യേക പ്രോഗ്രാമുകൾ ഉണ്ടായിരിക്കും. വരുംകാലങ്ങളിൽ സംഘടനയെ മുന്നോട്ട് നയിക്കേണ്ടവർ എന്നനിലയിൽ യുവജനങ്ങൾക്ക് പ്രത്യേക പരിഗണന നൽകാൻ ഞങ്ങൾ ശ്രമിക്കുന്നുണ്ട്.

ക്നാനായ സമുദായത്തിന്റെ ഐഡന്റിറ്റിയും അതിന്റെ നിലനിൽപ്പും സംബന്ധിച്ച ആശങ്കകളെ എങ്ങനെ കാണുന്നുവോ?

ക്നാനായ സമുദായം ജന്മവും കർമ്മവും മുൻനിർത്തിയാണ് രൂപപ്പെട്ടത്.
അതിനാൽ, കുട്ടികൾക്ക് ചെറുപ്പത്തിൽ തന്നെ സമുദായത്തെ കുറിച്ചുള്ള എജുക്കേഷൻ അത്യാവശ്യമാണ്. കെസിവൈഎൽ, യുവജനവേദി എന്നിവ മുഖാന്തിരം ക്ലാസുകളും അവബോധ പരിപാടികളും നടത്തുന്നു.അമേരിക്കയിലെ ജീവിതക്രമം വ്യത്യസ്തമാകുമ്പോഴും 80% പേർ സമുദായ ഐക്യം നിലനിർത്തുന്നു. 20% പേർ ജോലി, കുടുംബം തുടങ്ങിയ കാരണങ്ങളാൽ മാറുന്നുണ്ടെങ്കിലും സംഘടന അവരെ ബോധവത്കരിക്കുന്നു. വിവാഹം ഉൾപ്പടെ വിശേഷാവസരങ്ങളിൽ പ്രത്യേക ആചാരാനുഷ്‍ഠാനങ്ങൾ കർശനമായി പാലിക്കുന്നവരാണ് ക്നാനായക്കാർ. നമ്മുടെ സഭ എന്നുപറയുന്നത് കോട്ടയം രൂപതയാണ്. 

കോട്ടയം രൂപതയ്ക്ക് കീഴിലെ സംഘടനകളിൽ ഏറ്റവും വലുതാണ് കെസിസിഎൻഎ(ക്നാനായ കാത്തലിക് കോൺഗ്രസ് ഓഫ് നോർത്ത് അമേരിക്ക).ക്നായി തൊമ്മന്റെ നേതൃത്വത്തിൽ കൊടുങ്ങല്ലൂര് വന്നിറങ്ങിയ 72 കുടുംബങ്ങളിൽ  നിന്ന് പിറവികൊണ്ടതാണ് ക്നാനായ സമൂഹം. ക്നാനായ മാതാപിതാക്കൾക്ക് ജനിച്ച മക്കൾക്ക് മാത്രമേ ഇതിൽ നിലനിൽക്കാൻ സാധിക്കുകയുള്ളൂ. 

അമേരിക്ക പോലൊരു രാജ്യത്ത് ആ പാരമ്പര്യം നിലനിർത്തിക്കൊണ്ടുപോകാനും പ്രോത്സാഹിപ്പിക്കാനും ഇതുപോലൊരു സംഘടന വഹിക്കുന്ന പങ്ക് വലുതാണ്. വേറെ സഭയിൽ നിന്ന് വിവാഹം കഴിക്കുന്നവരെ സിറോ-മലബാറിലേക്ക് അവരുടെ സമ്മതപ്രകാരം തന്നെ മാറ്റും.അതുകൊണ്ടാണ് ജന്മവും കർമ്മവും കാത്തുസൂക്ഷിക്കുന്നവർ എന്നുപറയുന്നത്. നമ്മുടെ കെസിസിഎൻഎ വെബ്‌സൈറ്റിൽ മാട്രിമോണിയൽ പോലുള്ള സംവിധാനങ്ങൾ ഉണ്ട്. കൂടാതെ നാട്ടിലുള്ള കാര്യങ്ങൾ അറിയുന്നതിന്  സഭയുടെ തന്നെ 'അപ്നാ ദേശ്' എന്ന പത്രവുമുണ്ട്. ഇതൊക്കെയും സമുദായവുമായി ആളുകളെ ചേർത്തുനിർത്താൻ സഹായിക്കുന്നുണ്ട്. ഇംഗ്ലണ്ടിലും ഓസ്‌ട്രേലിയയിലുമെല്ലാം സംഘടനയുടെ വിങ് ഉള്ളതുകൊണ്ട് ഒരു ഗ്ലോബൽ കൺവൻഷൻ കേരളത്തിൽ വച്ച് നടത്തണമെന്ന് ആഗ്രഹമുണ്ട്.

താങ്കളുടെ നേതൃത്വത്തിൽ നടത്തിയ പ്രവർത്തനങ്ങളിൽ ചാരിതാർഥ്യം തോന്നിയ അനുഭവങ്ങൾ?

രണ്ടുവർഷത്തെ കാലയളവിൽ യുവജന വിഭാഗങ്ങളുടെ ശക്തമായ സാന്നിധ്യം ഉറപ്പിക്കാനായി എന്നത് ചാരിതാർഥ്യം നൽകുന്നു. എല്ലാ സ്റ്റേറ്റുകളിലും സംഘടനയുടെ പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നുണ്ട്. ഡിസംബറിൽ അറ്റ്ലാന്റയിൽ നടക്കാനിരിക്കുന്ന കെസിവൈഎൻഎൻഎ -യുടെ സമ്മിറ്റും ഏറെ പ്രതീക്ഷയോടെ ഉറ്റുനോക്കുകയാണ്. 2026 ഓഗസ്റ്റിലെ കൺവെൻഷൻ ചരിത്രത്തിലെ ഏറ്റവും ഭംഗിയുള്ളതാക്കാനുള്ള  ഒരുക്കങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. കെസിസിഎൻഎ-യിൽ രണ്ടുതവണ ആർവിപി ആയി പ്രവർത്തിച്ചിട്ടുണ്ട്. നാലഞ്ച് തവണ നാഷണൽ കൗൺസിൽ മെമ്പറായി. നോർത്ത് അമേരിക്കയിലെ ഏറ്റവും വലിയ കമ്മ്യൂണിറ്റി സെന്റർ ടാമ്പായിൽ 2010 ലാണ് ഉദ്‌ഘാടനം ചെയ്തത്, അതിന്റെ ഫിനാൻഷ്യൽ ചെയർമാനായി പ്രവർത്തിച്ചത് ഏറെ അഭിമാനം തോന്നിയ കാര്യമാണ്. 

സ്പോർട്സ് കോംപ്ലെക്സ് തുറക്കുന്നതിനും സാമ്പത്തികവും മാനസികവുമായ പിന്തുണ നല്കാൻ സാധിച്ചു. ഞാൻ കൺവൻഷൻ ചെയർമാൻ  ആയിരിക്കെ നടത്തിയ കൺവൻഷന്റെ ഭക്ഷണത്തെക്കുറിച്ചടക്കം ഇപ്പോഴും ആളുകൾ ഓർത്ത് നല്ല വാക്ക് പറയാറുണ്ട്. അതുകൊണ്ടുതന്നെ, എന്റെ പ്രസിഡൻസിയിലെ കൺവൻഷനും അവർ പ്രതീക്ഷയോടെയാണ് ഉറ്റുനോക്കുന്നത്.കൂട്ടായ്മയിലൂടെയാണ് ഇതെല്ലം സാധ്യമായത്. ആളുകൾ നമ്മുടെ പ്രവർത്തനങ്ങളെ അംഗീകരിക്കുകയും സ്നേഹിക്കുകയും വിശ്വാസത്തോടെ കൂടുതൽ ഉത്തരവാദിത്തങ്ങൾ ഏൽപ്പിക്കുകയും ചെയ്യുമ്പോൾ അതിലൂടെ ലഭിക്കുന്ന എനർജി വളരെ വലുതാണ്.

ഫോമായിലെ സജീവപ്രവർത്തകൻ എന്ന നിലയിൽ വീണ്ടും മത്സരരംഗത്തേക്ക് പ്രതീക്ഷിക്കാമോ? ഫോമായിൽ മത്സരിച്ച അനുഭവപാഠങ്ങൾ കെസിസിഎൻഎ-യിൽ ഗുണം ചെയ്തോ?

പുതിയ ആളുകൾക്ക് വഴിമാറികൊടുക്കാനാണ് തീരുമാനം. ഫോമായ്ക്ക് എല്ലാവിധ പിന്തുണയും നൽകിക്കൊണ്ട് ഒപ്പമുണ്ടാകും. നോർത്ത് അമേരിക്കയിലെ എല്ലാ സ്റ്റേറ്റിലുമുള്ളവർക്ക് എന്നെ പരിചയമായത് ഫോമായിലൂടെയാണ്. ആ ഇലക്ഷൻ ആ അർത്ഥത്തിൽ ഗുണംചെയ്തിട്ടുണ്ട്. തിരഞ്ഞെടുപ്പ് കൂടാതെ തന്നെ കെസിസിഎൻഎ-യുടെ പ്രസിഡന്റ് സ്ഥാനത്ത് എന്നെ പരിഗണിച്ചതിന് അതും ഒരു കാരണമാകാം. നാട്ടിൽ ആയിരുന്ന സമയം മുതൽ ക്നാനായ സംഘടനയിൽ സജീവമാണ്. കെസിസിഎൻഎ-യിൽ കഴിഞ്ഞ 32 വർഷമായി പ്രവർത്തിക്കുന്നുണ്ട്. ഓരോ അനുഭവവും മുന്നോട്ടുള്ള യാത്രയിൽ കരുത്താണ്.

വായനക്കാരോട് എന്താണ് പറയാനുള്ളത്?

ഒരു അഭ്യർത്ഥന മാത്രം—എത്രയും പെട്ടെന്ന് രജിസ്റ്റർ ചെയ്യുക, സ്പോൺസർഷിപ്പ് എടുക്കുക. 2026 ലെ കൺവെൻഷനെ ചരിത്രത്തിലെ ഏറ്റവും മികച്ചതാക്കാൻ സഹകരിക്കുക. ഷിക്കാഗോയിലെ കിക്കോഫ് പോലെ തന്നെ അറ്റ്ലാന്റയിലും മയാമിയിലും ഹൂസ്റ്റണിലും സാനോസായിലും ന്യൂയോർക്കിലുമെല്ലാം നിങ്ങളുടെ സപ്പോർട്ട് വേണം. ഫോർട്ട് ലോഡർഡേലിൽ നിങ്ങൾ എല്ലാവരെയും കാണാൻ ഞങ്ങൾ കാത്തിരിക്കുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക