Image

നിഗൂഢതയുടെ മറവിലെ കൊടും കുറ്റവാളി- 'ആമോസ് അലക്‌സാണ്ടര്‍'-റിവ്യൂ

Published on 29 November, 2025
നിഗൂഢതയുടെ മറവിലെ കൊടും കുറ്റവാളി- 'ആമോസ് അലക്‌സാണ്ടര്‍'-റിവ്യൂ

കുറ്റകൃത്യങ്ങളുടെയും കുറ്റാന്വേഷണത്തിന്റെയും കഥകള്‍ക്ക് എല്ലായ്‌പ്പോഴും മലയാളത്തില്‍ നല്ല ഡിമാന്‍ഡാണ്. ആ രീതിയില്‍ ത്രില്ലര്‍ മോഡിലുള്ള ഗംഭീര സിനിമയാണ് 'ആമോസ് അലക്‌സാണ്ടര്‍'. നവാഗതനായ അജയ് ഷാജിയാണ് ചിത്രത്തിന്റെ സംവിധായകന്‍. കുറ്റവാളികളെ കുറിച്ച് അന്വേഷണ പരമ്പര നടത്തുന്ന മേരി ഫിലിപ്പ് എന്ന ജേണലിസ്റ്റിന്റെ വ്യക്തിജീവിതത്തിലും പ്രൊഫഷണല്‍ ജീവിതത്തിലും നടക്കുന്ന സംഭവ വികാസങ്ങളിലൂടെയാണ് കഥ മുന്നേറുന്നത്.

മേരി ഫിലിപ്പ് അപ്രതീക്ഷിതമായാണ് ആമോസ് അലക്‌സാണ്ടര്‍ എന്ന കുറ്റവാളിയുടെ കുറ്റകൃത്യ പരമ്പരയിലേക്ക് വഴി തുറക്കുന്നത്. പോക്‌സോ കേസുകള്‍ ഉള്‍പ്പെടെ നിരവധി ലൈംഗിക അതിക്രമ കേസുകളില്‍ ശിക്ഷിക്കപ്പെട്ടിട്ടുള്ള ആമോസ് അലക്‌സാണ്ടര്‍ എന്ന കൊടുംകുറ്റവാളി തനിക്ക് ചില തുറന്നു പറച്ചിലുകള്‍ നടത്താന്‍ ആഗ്രഹമുണ്ടെന്നറിയിച്ചു കൊണ്ട് മാധ്യമ സ്ഥാപനത്തിലേക്ക് ഇ-മെയില്‍ അയയ്ക്കുന്നു. ഏതൊരു മാധ്യമ പ്രവര്‍ത്തകന്റെയും സ്വപ്നമാണല്ലോ തനിക്ക് മാത്രം ലഭിക്കുന്ന എക്‌സ്‌ക്‌ളൂസീവ് വാര്‍ത്ത. ആ ഓര്‍മ്മയുടെ ഹരത്തില്‍ മേരിഫിലിപ്പും ചാനല്‍ ക്യാമറാമാനും യാത്ര തിരിക്കുന്നു. കിട്ടാന്‍ പോകുന്ന വാര്‍ത്തയെ കുറിച്ചും ഒരു പക്ഷേ അതുണ്ടാക്കാന്‍ പോകുന്ന ഇംപാക്ടിനെ കുറിച്ചുമൊക്കെയാണ് മേരിയുടെ ചിന്തകള്‍. സത്യത്തില്‍ എന്താകാം അവിടെ അവരെ കാത്തിരിക്കുന്നത്.  വാര്‍ത്തയോ അതോ അപകടമോ. അതോ ആമോസ് അലക്‌സാണ്ടര്‍ നടത്തിയ നിരവധി കുറ്റകൃത്യങ്ങളുടെ ഇരുള്‍ നിറഞ്ഞ വഴികളിലേക്കോ. എന്തായിരിക്കും മേരിയെ കാത്തിരിക്കുന്നത്. ആമോസ് അലക്‌സാണ്ടര്‍ എന്ന കുറ്റവാളിയുടെ യഥാര്‍ത്ഥ മുഖം കണ്ടെത്താന്‍ മേരിക്ക് കഴിയുമോ? ഇങ്ങനെ നിരവധി ചോദ്യങ്ങളിലൂടെയാണ് സിനിമ പുരോഗമിക്കുന്നത്.

ആമോസ് അലക്‌സാണ്ടര്‍ എന്ന കൊടുംകുറ്റവാളിയായി ജാഫര്‍ ഇടുക്കിയാണ് അഭിനയിക്കുന്നത്. ആദ്യ രംഗം മുതല്‍ നിഗൂഢതയുടെ ഇരുള്‍ സൃഷ്ടിച്ചു നില്‍ക്കുന്ന ഒരു കഥാപാത്രമായി ജാഫര്‍ തകര്‍ത്തിട്ടുണ്ട്. ഒരു പക്ഷേ ജാഫറിന്റെ കരിയറില്‍ തന്നെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നായിരിക്കും ഈ ചിത്രത്തിലെ ആമോസ് എന്ന പ്രതിനായകന്‍ എന്ന് നിസ്സംശയം പറയാം. മേരി ഫിലിപ്പായി താര അമല ജോസഫ് ആണ് സ്‌ക്രീനില്‍. നിരവധി ആത്മസംഘര്‍ഷങ്ങളിലൂടെ കടന്നു പോകുന്ന മേരി ഫിലിപ്പിനെ താര കൈയ്യടക്കത്തോടെ അവതരിപ്പിച്ചിട്ടുണ്ട്. ചാനല്‍ ക്യാമറാമാനായി എത്തിയ അജു വര്‍ഗ്ഗീസും റിട്ട. പോലീസ് ഉദ്യോഗസ്ഥനായി എത്തുന്ന കലാഭവന്‍ ഷാജോണും മികച്ച അഭിനയം കാഴ്ച വച്ചു.

ത്രില്ലര്‍ സിനിമകളുടെ ഏറ്റവും വലിയ ഘടകം അവസാന സീന്‍ വരെ നിലനിര്‍ത്തുന്ന ആകാംക്ഷയും ഉദ്വേഗവുമാണ്. എന്നാല്‍ ഈ ചിത്രത്തില്‍ ആമോസ് എന്ന കഥാപാത്രത്തിന്റെ പൂര്‍ണ്ണതയ്ക്ക് ആവശ്യമായതെല്ലാം തിരക്കഥയിലുണ്ടെങ്കിലും ത്രില്ലര്‍ മൂഡില്‍ ഒരുക്കിയ സിനിമയുടെ എല്ലാ ഘട്ടത്തിലും കഥ ആവശ്യപ്പെടുന്ന ഉദ്വേഗം നില നിര്‍ത്താന്‍ കഴിയാതെ പോയത് ആസ്വാദനത്തെ ദുര്‍ബലപ്പെടുത്തുന്നുണ്ട്. ഒരേ സമയം നായികയുടെ യാത്രകളിലേക്കും പ്രതിനായകന്റെ കുററകൃത്യങ്ങളിലേക്കും പ്രതികാരത്തിലേക്കുമെല്ലാം ക്യാമറ സൂം ചെയ്യുമ്പോള്‍ കഥ പ്രധാന ലക്ഷ്യത്തില്‍ നിന്നും അകന്നു പോകുന്നു.

ലൈംഗിക അതിക്രമങ്ങള്‍ നേരിടുന്ന പെണ്‍കുട്ടികളുടെ ജീവിതം കരഞ്ഞു തീര്‍ക്കാനുള്ളതല്ലെന്നും പോരാടാനുള്ളതാണെന്നും ചിത്രം പറഞ്ഞു വയ്ക്കുന്നുണ്ട്. നിതാന് ജാഗ്രത വേണമെന്നും ചിത്രം ഓര്‍മ്മപ്പെടുത്തുന്നു. എന്നാല്‍ അതേ സമയം തന്നെ ആന്റി ക്‌ളൈമാക്‌സില്‍ ലൈംഗിക വൈകൃതമുള്ള കുറ്റവാളിയായ കഥാപാത്രത്തിന് ഹീറോയുടെ പരിവേഷം നല്‍കി അവതരിപ്പിക്കുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കാനിടയുണ്ട്. അത് അപകടകരമായി പ്രേക്ഷകന് തോന്നിയെങ്കില്‍ തെറ്റ് പറയാനാവില്ല.

അമിതമായ പ്രതീക്ഷകള്‍ വച്ചു പുലര്‍ത്താതെ പോയാല്‍ കണ്ടിരിക്കാന്‍ കഴിയുന്ന ചിത്രമാണ് ആമോസ് അലക്‌സാണ്ടര്‍.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക