Image

' എക്കോ' -ദൃശ്യാനുഭവത്തിന്റെ നിലയ്ക്കാത്ത പ്രതിദ്ധ്വനി-റിവ്യൂ

Published on 28 November, 2025
' എക്കോ' -ദൃശ്യാനുഭവത്തിന്റെ നിലയ്ക്കാത്ത പ്രതിദ്ധ്വനി-റിവ്യൂ

പ്രകൃതിയും മനുഷ്യനും നായ്ക്കളും അടങ്ങുന്നൊരു ലോകത്തെയും അവിടെ നിഗൂഢതതയുടെ കോടമഞ്ഞില്‍ പൂണ്ടു നില്‍ക്കുന്ന കുര്യച്ചന്‍ എന്ന വ്യക്തിയുടെ ജീവിതത്തെയും അടയാളപ്പെടുത്തുകയാണ് സിനിമ.   ' എക്കോ' -'ഇന്‍ഫിനിറ്റ് ക്രോണിക്കിള്‍സ് ഓഫ് കുര്യച്ചന്‍' എന്ന ടാഗ് ലൈനുമാത്തെിയ ചിത്രം അക്ഷരാര്‍ത്ഥത്തില്‍ വ്യത്യസ്തമായൊരു ദൃശ്യാനുഭവം നല്‍കുന്നു എന്നു പറഞ്ഞാല്‍ മതിയാകില്ല. യജമാന്റെ വാതില്‍ കാക്കുന്ന നായ്ക്കളുടെ മുഖത്തെ ജാഗ്രതയും ക്രൗര്യവും അവറ്റകളുടെ കുതിച്ചുപായലില്‍ ഒരു നിമിഷം നടുങ്ങിപ്പോവുകയും ചെയ്യുന്ന പ്രേക്ഷകരുടെ റിയല്‍ അനുഭവം. ഒടുവില്‍ തിയേറ്റര്‍ വിട്ടിറങ്ങുമ്പോള്‍ ലഭിക്കുന്നത് ചലച്ചിത്ര മേളയില്‍ ഏതോ വിദേശ സിനിമ കണ്ട പ്രതീതി. മലയാളത്തിന് ലോകത്തിനു മുന്നില്‍ അഭിമാനത്തോടെ നീക്കി വയ്ക്കാന്‍ കഴിയുന്ന ഒരു ഗംഭീര ചിത്രമാണ് സംവിധായകന്‍ ദിന്‍ജിത്ത് അയ്യത്താന്‍ നല്‍കിയിട്ടുള്ളത്.

ആരാണ് കുര്യച്ചന്‍? അയാളുടെ മലേഷ്യക്കാരിയായ ഭാര്യ മ്‌ളാത്തി എന്നു വിളിക്കുന്ന സ്ത്രീ കൊടും കാട്ടില്‍ ആകാശത്തോളം ഉയരമുള്ള ഒരു കുന്നിന്‍ മുകളിലെ വീട്ടില്‍ തനിച്ചു താമസിക്കുകയാണ്. കൂട്ടിന് കുറേ നായ്ക്കളും. കുര്യച്ചന്‍ അവിടേക്ക് വരാറില്ല. കൊടും കാട്ടിനുള്ളില്‍ തനിച്ചു താമസിക്കുന്ന അവരെ നോക്കാന്‍ പീയുഷ് എന്ന യുവാവിനെ അവരുടെ മകന്‍ തന്നെയാണ് അയക്കുന്നത്. അയാളും പ്രായം ചെന്ന മ്‌ളാത്തിയും മാത്രമാണ് അവിടെ താമസം. അവരെ അവന്‍ നന്നായി നോക്കുന്നുണ്ട്.

പക്ഷേ, സിനിമ തുടങ്ങുമ്പോള്‍ മുതല്‍ അതിലെ പല കഥാപാത്രങ്ങളും അന്വേഷിക്കുന്ന ആ കഥാപാത്രം ആരാണെന്ന് പ്രേക്ഷകരും ചോദിച്ചു പോകുന്നു. ആരാണ് കുര്യച്ചന്‍. സിനിമ തുടങ്ങി അധികം വൈകാതെ തന്നെ സ്‌ക്രീനിലേക്ക് കടന്നു വരുന്ന കഥാപാത്രങ്ങളെല്ലാം കുര്യച്ചനെ അന്വേഷിക്കുന്നവരും അയാളെ കുറിച്ച് എന്തെങ്കിലും വിവരങ്ങള്‍ കൈമാറുന്നവരുമാണ്. അവരുടെ സംഭാഷണങ്ങളിലൂടെയാണ് കുര്യച്ചന്‍ എന്ന വ്യക്തിയെ പ്രേക്ഷകര്‍ക്ക് മനസിലാകുന്നത്. കുര്യച്ചനെ തേടി എത്തുന്നവര്‍ക്കെല്ലാം അയാള്‍ ഒരിക്കല്‍ ദ്രോഹം മാത്രം ചെയ്തവരാണ്. പകയുടെ കെടാത്ത കനലുകള്‍ ഉള്ളില്‍ പേറി നടക്കുന്നവര്‍. എന്നെങ്കിലും ഒരിക്കല്‍ കണ്ടു കിട്ടിയാല്‍തീര്‍ക്കാന്‍ പാകത്തില്‍ വൈരാഗ്യം അയാളെ അന്വേഷിച്ച് കാട്ടിലെത്തുന്ന എല്ലാവരുടെയും ഉളളിലുണ്ട്. ഇടയ്ക്ക് അയാളുടെ വിശ്വസ്തരുമുണ്ട്. പല കഥാപാത്രങ്ങളുടെ വിവരണങ്ങളിലൂടെ കുര്യച്ചന്‍ എന്ന കഥാപാത്രത്തിന്റെ സ്വഭാവം പ്രേക്ഷരുടെ മുന്നിലെത്തുന്നു. എങ്കിലും അയാള്‍ നായകനാണോ അതോ വില്ലനാണോ എന്നു വേര്‍തിരിച്ചു മനസിലാക്കാന്‍ കഴിയാത്ത വിധം പ്രേക്ഷകനെ വിഭ്രമിപ്പിക്കുന്ന ഒരു കഥാപാത്ര സൃഷ്ടിയായി അയാളെ തിരക്കഥാകൃത്ത് ബാഹുല്‍ രമേശ് മാറ്റിക്കളയുകയാണ്. അതിന് കാരണമുണ്ട്. മറ്റ് കഥാപാത്രങ്ങള്‍ നല്‍കുന്ന വിവരണങ്ങളില്‍ നിന്നു വ്യത്യസ്തമായി കുര്യച്ചന്റെ ചെറുപ്പകാലം കാണിക്കുമ്പോള്‍ അയാള്‍ ഒരു സാധാരണ മനുഷ്യനായാണ് സ്‌ക്രീനിലെത്തുന്നത്. പിന്നീടെപ്പോഴാണ് അയാള്‍ മറ്റെല്ലാവര്‍ക്കും ദ്രോഹം മാത്രം ചെയ്യുന്ന ഒരു വ്യക്തിയായി മാറുന്നത് എന്ന് തിരക്കഥാകൃത്ത് വ്യക്തമാക്കുന്നില്ല. ഒരു പക്ഷേ, അത് ഇനിയും വെളിപ്പെടാനുള്ള ഒരു സത്യമായിരിക്കാം.

ദില്‍ജിത്ത് സംവിധാനം ചെയ്ത 'കിഷ്‌ക്കിന്ധാ കാണ്ഡ'ത്തില്‍ തുടങ്ങിയ അനിമല്‍ ട്രിലജിയുടെ അവസാന ചാപ്റ്ററാണ് എക്കോ. രണ്ടാമത്തെ ചാപ്റ്റര്‍ 'കേരള ക്രൈം ഫയല്‍ സീസണ്‍ 2' എന്ന വെബ് സീരീസ് ആയിരുന്നു. എക്കോയില്‍ കഥ നടക്കുന്ന കാലത്തെയും സിനിമ വളരെ കൃത്യമായി അടയാളപ്പെടുത്തിയിട്ടുണ്ട്. മലേഷ്യന്‍ ഇനമായ ഒരു നായയാണ് ചിത്രത്തില്‍ നിര്‍ണ്ണായകമായ സാന്നിധ്യമാകുന്നത്. കേരളത്തിലെ നിരത്തുകളില്‍ കാണപ്പെടുന്ന നായ്ക്കളെ പോലെ

തോന്നുമെങ്കിലും കൂര്‍മ്മ ബുദ്ധിയും ആരോഗ്യവും അതീവജാഗ്രതയുമുള്ള കിടിലന്‍ ഇനമാണ് ഈ നായകള്‍. മലേഷ്യയിലെ ടെലോമിയന്‍ ഇനത്തില്‍ പെട്ട നായകളാണ് എന്ന സൂചനകള്‍ നല്‍കുന്നുണ്ട്. മനുഷ്യനും നായ്ക്കളും തമ്മിലുള്ള ബന്ധവും നായ്ക്കളുടെ ജീവിതത്തിലൂടെ വെളിപ്പെടുന്ന മനുഷ്യന്റെ, ഈ കഥയില്‍ സ്ത്രീയുടെ ജീവിതാവസ്ഥയെ നിശ്ശബ്ദം വ്യക്തമാക്കുന്നുണ്ട് സംവിധായകനായ ദില്‍ജിത്ത്. സ്‌നേഹമെന്നും സംരക്ഷണമെന്നും പറഞ്ഞ് അദൃശ്യമായ ചങ്ങലക്കണ്ണികളില്‍ ബന്ധിതമാകുന്ന സ്ത്രീജീവിതത്തിന്റെ പ്രതീകാത്മക രൂപങ്ങളാണ് ഇതിലെ നായികയും കൂട്ടിലടയ്ക്കപ്പെട്ട നായ്ക്കളും. ഒരു പക്ഷേ സ്ത്രീക്ക് നേരെ വച്ചു നീട്ടുന്ന സ്‌നേഹം, കരുതല്‍എന്നിവയുടെ കപട മുഖം മൂടികളെ നിഷ്‌ക്കരുണം വലിച്ചു കീറുന്ന ഒരു സംഭാഷണമുണ്ട്, മ്‌ളാത്തിയുടേതായി. ''സ്‌നേഹമുണ്ടെന്നും പറഞ്ഞ് വളര്‍ത്താന്‍ കൊണ്ടു പോകുന്ന നായ്ക്കളെ കൂട്ടിലും ചങ്ങലയിലും ഇടുന്നത് ശരിക്കും സംരക്ഷണമാണോ അതോ തടവാണോ?'.മ്‌ളാത്തി ചോദിക്കുന്നത് പീയുഷിനോടാണെങ്കിലും പുരുഷാധിപത്യ സമൂഹത്തിന്റെ നേര്‍ക്കുള്ള വളച്ചുകെട്ടില്ലാത്ത ചോദ്യമാണ്.

ചെറിയ ചിത്രങ്ങളിലെ നായകനും പിന്നെ നായകന്റെ കൂട്ടുകാരനുമൊക്കെയായി കഴിഞ്ഞു വന്ന സന്ദീപ് പ്രദീപിന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രമാണ് എക്കോയിലെ പീയുഷ്. രൂപ ഭാവങ്ങള്‍ കൊണ്ടും അത്രമേല്‍ സ്വാഭാവികതയോടെ ഈ ചെറുപ്പക്കാരന്‍ പകര്‍ന്നു വച്ച അഭിനയ മുഹൂര്‍ത്തങ്ങള്‍ പ്രേക്ഷകനെ അമ്പരപ്പിക്കും. സന്ദീപിനൊപ്പം വിനീത്. അശോതന്‍, ബിനു പപ്പു, നരേന്‍, സഹീര്‍ മുഹമ്മദ് എന്നിവരും തങ്ങളുടെ കഥാപാത്രങ്ങളെ മികച്ചതാക്കി. വിനീത് അവതരിപ്പിച്ച മോഹന്‍ പോത്തന്‍, നരേന്‍ അവതരിപ്പിച്ച നേവി ഓഫീസര്‍ എന്നീ കഥാപാത്രങ്ങള്‍ സിനിമ ആവശ്യപ്പെടുന്ന ഗാംഭീര്യവും സൂക്ഷ്മതയും നല്‍കുന്നതായിരുന്നു. മേഘാലയന്‍ അഭിനേത്രി ബിയാന മോമിന്‍ ചിത്രത്തില്‍ മലേഷ്യക്കാരിയായ മ്‌ളാത്തിയായി ഉജ്ജ്വല അഭിനയമാണ് കാഴ്ച വച്ചത്.

തിരക്കഥാകൃത്ത് കൂടിയായ ബാഹുല്‍ രമേഷ് തന്നെയാണ് ഛായാഗ്രണവും. കാടിന്റെ വന്യമായ ഭംഗിയും നിഗൂഢതയും മനോഹരമായി പകര്‍ത്തിയിട്ടുണ്ട് ചിത്രത്തില്‍. ഇതിന് ഭംഗി കൂട്ടാന്‍ മുജീബ് മജീദിന്റെ പശ്ചാത്തല സംഗീതവും. സൂരജ് ഇ.എസിന്റെ എഡിറ്റിങ്ങും മികച്ചതായി. ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രം കൃത്യമായ രീതിയില്‍ അളന്നു മുറിച്ച് സര്‍പ്രൈസ് നിലനിര്‍ത്തിക്കൊണ്ടു തന്നെ സൂരജ് മികച്ചതാക്കിയിട്ടുണ്ട്.

കഥാപാത്രങ്ങളിലൂടെ മാത്രമല്ല, ഓരോ ഫ്രയിമിലൂടെയും കഥ പറയുന്ന രീതിയാണ് സിനിമയിലുട നീളം. ത്രില്ലിങ്ങ് അനുഭവത്തിന്റെ തുടര്‍ച്ചയാണ് ക്‌ളൈമാക്‌സിലേക്കുള്ള യാത്ര. അവിടെ സ്‌കോര്‍ ചെയ്യുന്നത് പീയുഷും മ്‌ളാത്തിയും മാത്രമല്ല, ക്രൗര്യം ഉള്ളിലൊളിപ്പിച്ച് ശത്രുവിന്റെ മേല്‍ കുതിച്ചു ചാടാനൊരുങ്ങി നിരയായി നില്‍ക്കുന്ന മലേഷ്യന്‍ നായ്ക്കള്‍ കൂടിയാണ്. എക്കോ, ഒരു വെറും സിനിമയല്ല, തിയേറ്റര്‍ വിട്ടിറങ്ങിയാലും മനസ്സില്‍ ദൃശ്യാനുഭവത്തിന്റെ നിലയ്ക്കാത്ത പ്രതിദ്ധ്വനിയാണ്. തിയേറ്ററില്‍ തന്നെ കാണണം ഈ സിനിമ.

 

 

Join WhatsApp News
റെജീസ് നെടുങ്ങാ ഡ പ്പള്ളി 2025-11-29 21:45:51
ആണിന്റെ മേൽനോട്ടത്തിലുള്ള, പെണ്ണിന്റെയും മൃഗത്തിന്റെയും പരിപാലന കാര്യത്തിൽ 'Protection' എപ്പോൾ മുതലാണ് 'Restriction' ആയിട്ട് വേഷം മാറുന്നത്.???. 'എപ്പോഴും സംരക്ഷണം,നിയന്ത്രണം തന്നെയാണെന്നാണ്" എന്റെ ഉത്തരം ; അത് ഏതു പട്ടിയുടെ കാര്യത്തിലും ഏതു പെണ്ണിന്റെ കാര്യത്തിലും ; ആരാണ് ഒരാളുടെ ഉടമസ്ഥൻ അല്ലെങ്കിൽ trainer എന്നതിനെ ആശ്രയിച്ചും ഇരിക്കുന്നു.ഈ സിനിമ ഈ 2025 വർഷത്തെ ദേശീയ അവാർഡുകൾ മൊത്തത്തിൽ bag ചെയ്താലും അത്ഭുതപ്പെടാനില്ല, അത്രയ്ക്കുണ്ട് അതിന്റെ making. ആണാധിപത്യ-മാതാധിപത്യ വ്യവസ്ഥിതിയിൽ പെണ്ണ് തന്റെ സ്വത്വം മറന്നേ പോകുന്നു.സെമിറ്റിക് ദൈവങ്ങൾ സ്ത്രീയെ കേട്ടാൽ അറയ്ക്കുന്ന വാക്കുകൾ ഉപയോഗിച്ച് താഴ്ത്തി കെട്ടുന്നുമുണ്ട്. അതാണ് ആണിനെ ബലപ്പെടുത്തുന്നതും പെണ്ണിനെ നിശബ്ദപ്പെടുത്തുന്നതും. (ഈ സിനിമയിൽ ദൈവം കടക്കുന്നില്ല). കഥയുടെ breed ഉഗ്രൻ. എഴുത്തുകാരൻ ക്യാമറാ കാരൻ കൂടി ആയാൽ സ്‌ക്രീനിൽ അത്ഭുതങ്ങൾ നിറയുമെന്ന് ഈ സിനിമാ തെളിയിക്കുന്നു ഒന്ന് കൂടി.സിനിമക്ക് eko എന്ന് പേരിട്ടവനെ നമിക്കുന്നു.ഏതെല്ലാം തലങ്ങളിൽ സിനിമയെ അത് അന്വർത്ഥപ്പെടുത്തുന്നുണ്ട്‌. ഒരു രണ്ടാം പ്രാവശ്യവും സിനിമാ കാണുവാനുള്ള ആഗ്രഹം ജനിപ്പിക്കുമാറ് കാലങ്ങളും ദേശങ്ങളും പട്ടികളും മലകളും മനുഷ്യരും കാലാവസ്ഥകളും സിനിമയിൽ ഇടപെടുന്നു.പെണ്ണിനെ എങ്ങനെയാണ് പുരുഷൻ കാലങ്ങളായി ( ഈ 2025-ൽ പോലും ) അവന്റെ അടിമത്വത്തിൽ,സംരക്ഷണം എന്ന വ്യാജേന ഒരു virtual കൂട്ടിൽ ഇട്ട് പൂട്ടുന്നതെന്നും കുടുക്കി ഇടുന്നതെന്നും ഈ സിനിമാ പറഞ്ഞു കാണിക്കുന്നു.സിനിമയുടെ അവസാന രണ്ടു സീനിൽ ഇതിലെ നായികയുടെ മുഖത്തുണ്ടാകുന്ന ഒരു (??) ചെറു ചിരി - അത് പുരുഷൻ എന്ന വൻ ഭൂഖണ്ഡത്തിന്റെ tectonic പ്ലേയ്റ്റുകളെ ഇളക്കി അവന്റെ എല്ലാ കെട്ടിപ്പൊക്കലുകളെയും നിമിഷ നേരം കൊണ്ട് നിലം പരിചാക്കിക്കളയുന്നുണ്ട്.അതിന്റെ പ്രകമ്പനം കുറേനാൾ ( കുറേ നേരമല്ല ) എല്ലാ പ്രേക്ഷകർക്കും eko പോലെ അനുഭവപ്പെട്ടുക്കൊണ്ടിരിക്കും. ഹീറ്റിലുള്ള പെണ്ണിനേയും പട്ടിയേയും കൂട്ടിൽ അടച്ചിടണമെന്നുള്ള പുരുഷ തത്വത്തെ കടിച്ചു പറിച്ചു കുടയുന്നുണ്ട് അവസാനം സംവിധായകനും കഥാകൃത്തും കൂടി. ( പക്ഷേ എനിക്ക് ഒരു സംശയം ഉണ്ട് - പട്ടികളെ ഏതു ബനാന republic- ൽ ആരൊക്കെ എങ്ങനൊക്കെ train ചെയ്താലും ഇമ്മാതിരി ലെവലിലേക്ക് എത്താനുള്ള കഴിവിലേക്കു, പട്ടികളുടെ മസ്‌തിഷ്ക്കം പരിണാമപ്പെട്ടിട്ടുണ്ടോ എന്നാണ്. എന്നാലും കഥയിൽ ചോദ്യമില്ല എന്ന Poetic Justice ഇവിടെ പ്രയോഗിക്കാം ). ഈ വർഷത്തെ best സിനിമാ. Rejice
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക