Image

ആങ്ങള ( കവിത : ജിസ ജോസ് )

Published on 28 November, 2025
ആങ്ങള ( കവിത : ജിസ ജോസ് )

എട്ടൊമ്പതു വയസില്

ഞാനും 

എരട്ട പിറന്നആങ്ങളേം

അമ്മയില്ലാത്തപ്പോ

അലഞ്ഞുതിരിഞ്ഞു

തോന്നുന്നടത്തൊക്കെ

തോന്നുമ്പടി

 നടക്കുമായിരുന്നു.

അയലോക്കത്തെ

അന്നമ്മച്ചേട്ടത്തിയോ

ജാനകിയമ്മയോ

ആരാണ്ട്

അമ്മയോട് 

പെണ്ണിനെയിങ്ങനെ

അഴിച്ചുവിട്ടേക്കുവാണോ

കാലം വല്ലാത്തതാ

ഒരു കണ്ണു വേണമെന്നു 

പറഞ്ഞേപ്പിന്നെ

അമ്മയെൻ്റെ

വഴികളടച്ചു ,

കണ്ണുവെട്ടിച്ചു

പൊറത്തിറങ്ങാതിരിക്കാൻ

വഴീലൊക്കെ

മുള്ളുവാരിയിട്ടു ..

ഒറ്റയ്ക്കാവാതിരിക്കാൻ

പണിക്കു പോകുന്ന

വീട്ടിലുകൊണ്ടു പോവും..

അവിടത്തെ

പിന്നാമ്പുറത്തിണ്ണയിൽ

ഞാൻ

പട്ടിയെപ്പോലെ 

കുത്തിയിരിക്കും ,

അവിടത്തെ പിള്ളേരേം

അമ്മച്ചിയേം സാറിനേം

കാണുമ്പക്കാണുമ്പം

വാലാട്ടും.

അവരെനിക്ക് 

കഞ്ഞീം ദോശേം

തലേന്നത്തെ 

മീങ്കറീമൊക്കെ

തന്നു കാണും

ചെലപ്പോ ചൂലെടുത്തു

മുറ്റം തൂക്കാനും

തുണി മടക്കാനും

വിളക്കു തേക്കാനും

പറഞ്ഞു കാണും.

അവിടത്തെ

പിള്ളേരടെ കളിപ്പാട്ടം

 തൊട്ടേനും

കൂടെക്കളിക്കാൻ ചെന്നേനും

കിഴുക്കു വാങ്ങിക്കാണും..

അന്നേരമൊക്കെ

വീട്ടിലൊറ്റക്കിരിക്കാനും

തോന്നുമ്പടി 

അലയാനുമൊക്കെ

പറ്റുന്ന

ആങ്ങളേപ്പറ്റിയോർത്ത്

എനിക്കു കുശുമ്പുകുത്തും.

ആണായിട്ടു 

ജനിച്ചില്ലല്ലോന്ന് 

നൂറാവർത്തി പ്രാകും

അവനാണേല്

ഞാങ്കൂടി വന്നോട്ടേന്ന്

എന്നുമമ്മേടെ 

വാലേൽത്തൂങ്ങും.

പിന്നാമ്പുറത്തെ ആ

പട്ടിയിരിപ്പോർക്കുമ്പോ

ഇവനെന്തിൻ്റെ കേടാന്നു

ഞാനതിശയിക്കും

അമ്മ കലിതുള്ളും

ഒന്നുമല്ലേലും

നീയൊരാങ്കൊച്ചല്ലേടാ

അവന് അടുക്കളത്തിണ്ണേല്

വന്നിരിക്കാഞ്ഞിട്ടാ

എൻ്റെ തലയെടുക്കാനായിട്ട്

അപ്പൻ്റെ മുറിച്ച മുറീം

 ചത്തമീനിൻ്റെ

പോലത്തെ കണ്ണും.

അമ്മയ്ക്കവനെ

കാണുമ്പത്തന്നെ

കലിപ്പായിരുന്നു.

അപ്പൻ്റെ 

ചോരയോട്ടമില്ലാത്ത

വെളുപ്പുനെറോം

വെള്ളാരങ്കല്ലു പോലത്തെ

കണ്ണുകളും 

അവനതേപടി കിട്ടി!

എനിക്കാണേൽ

അമ്മേടെ തേൻനെറം

എരട്ടകളാന്നു 

പറയത്തില്ലെന്ന്

അയലോക്കക്കാരികളു

പറയുമ്പം

എരട്ടവിത്തിട്ടേച്ചു പോയ

കാലമാടനെന്നു

അമ്മ പല്ലിറുമ്മും.

സ്കൂളില്ലാത്ത

പകലൊക്കെ 

വീട്ടിലിരുന്നും

അലഞ്ഞുനടന്നും

അവനെന്നതൊക്കെ

ചെയ്യാമെന്നോർത്ത്

ഞാൻ പിന്നേം പിന്നേം

കുശുമ്പുകുത്തും.

പണിതീർന്നു 

ചന്തേന്നു സാധനോം വാങ്ങി

ഞങ്ങളു വരുമ്പം

അവനെപ്പഴും

ഉമ്മറത്തിണ്ണേല് 

കൂനിപ്പിടിച്ചിരിപ്പൊണ്ടാവും

വെളക്കു കത്തിക്കാത്തേനും

കുളിക്കാത്തേനും

ഉച്ചയ്ക്കത്തേക്കു

വെളമ്പിവെച്ച 

ചോറുണ്ണാത്തേനുമൊക്കെ

അമ്മയവനെ കലമ്പും.

നിനക്കെന്നാസുഖമാടാ ന്നു

ഞാമ്പറയുമ്പോൾ

അല്ലെടീന്ന് അവൻ 

കണ്ണു നനച്ചു.

കീറപ്പായിൽ ഒറക്കം 

വരാതെ

തിരിഞ്ഞും മറിഞ്ഞും

കെടക്കുമ്പം

നിന്നെപ്പോലെ

ഒരു പെണ്ണായാ

മതിയാരുന്നെന്ന്

അവൻ്റെ ഒച്ചയിടറി.

അമ്മ നിന്നെക്കൊണ്ടു 

നടക്കുന്ന പോലെ

എന്നേം 

കൂടെക്കൊണ്ടോയേനെ,

ഒറ്റയ്ക്കെനിക്കു പേടിയാ!

പിന്നാമ്പുറത്തിണ്ണയിലെ

ആ പട്ടിയിരുപ്പിൻ്റെ

സുഖമറിയാഞ്ഞിട്ടാന്നു

എനിക്കരിശം വരും.

നീയൊരാങ്കൊച്ചല്ലേന്നു

വഴക്കുപറയും ,

എന്നാലും

അവൻ 

കമന്നു കെടന്നു 

ഏങ്ങലടിക്കുമ്പോ

കരയാതെടാന്നു

ഞാനവനെ കെട്ടിപ്പിടിക്കും.

ആണായി പിറന്നിട്ടും

അവനെന്നതാ

സങ്കടമെന്നതിശയിക്കും!

വെള്ളം താണു

ചെളി പുതഞ്ഞ

കൊളത്തിലവൻ

മുങ്ങിച്ചത്തപ്പം

എനിക്കുമവനും

പത്തുവയസ്!

വെള്ളത്തീന്നു

പൊക്കിയെടുത്തപ്പോ

അവൻ്റെയുടല്

ശരിക്കും

ചത്ത മീനിൻ്റേതുപോലെ!

മുഖത്തെ

വെള്ളാരംങ്കല്ലുകൾ

മീൻ 

കൊത്തിക്കൊണ്ടോയിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക