Image

വിഭൂതിയോഗം (ശ്രീമദ് ഭഗവത് ഗീത - അധ്യായം പത്ത് : സുധീർ പണിക്കവീട്ടിൽ)

Published on 28 November, 2025
വിഭൂതിയോഗം  (ശ്രീമദ് ഭഗവത് ഗീത - അധ്യായം  പത്ത് : സുധീർ പണിക്കവീട്ടിൽ)

വിഭൂതിയെന്നാൽ ഐശ്വര്യം എന്നും വിസ്തരിക്കാനുള്ളത് എന്നുമാണർത്ഥം. ഇതിന്റെ ആധ്യാത്മിക അർത്ഥം  മായ കൊണ്ട് പല രൂപങ്ങളായി തോന്നുന്നത് എന്നാണ്. ഈ അധ്യായത്തിൽ ഭഗവൻ പറയുന്നത് എല്ലാറ്റിന്റേയും  ഉല്പത്തിസ്ഥാനം അദ്ദേഹമാണെന്നാണ്. എല്ലാം അദ്ദേഹത്തിൽ നിന്നുണ്ടാകുന്നു. സപ്തർഷികളും, അവർക്ക് മുമ്പുണ്ടായിരുന്ന നാല് കുമാരന്മാരും, മനുക്കളും ഭഗവാനിൽ  നിന്നും ജനിച്ചവരാണ്. ഈ ലോകത്തിലെ സകല ജീവജാലങ്ങളും അവരിൽ നിന്നുണ്ടായതാണ്. ഈശ്വരനുമായി ഐക്യപ്പെട്ടവരുടെ ഹൃദയത്തിൽ ഈശ്വരൻ വസിക്കുന്നു. പിന്നീട് ഈശ്വര സാക്ഷാത്കാരം നേടുന്നതിനുള്ള ദിവ്യജ്ഞാനം കൃഷ്‌ണൻ അർജുനന്  വെളിപ്പെടുത്തുന്നു. ഇനി വിശദമായി..

അല്ലയോ, അർജുനാ ! ഇതേവരെ പറഞ്ഞതെല്ലാം കേട്ടു  സന്തോഷിച്ചിരിക്കുന്ന നിനക്ക് ക്ഷേമമുണ്ടാകണമെന്നാഗ്രഹത്താൽ  ഞാൻ പറയാൻ പോകുന്ന പരമമായ ആ വാക്കിനെ കേട്ടാലും. മഹർഷിമാരോ, ദേവകളോ, എന്റെ ഉൽപ്പത്തി അറിയുന്നില്ല, കാരണം ഞാൻ എല്ലാ മഹർഷിമാർക്കും ദേവന്മാർക്കും എല്ലാ വിധത്തിലും  ആദിയാണ്. എന്നെ ജന്മരഹിതനായും ആദിയില്ലാത്തവനായും ഈ ലോകത്തിന്റെ പരമമായ പ്രഭുവായി ആർ കരുതുന്നുവെന്നോ, അയാൾ മനുഷ്യരുടെയിടയിൽ ബുദ്ധിയുള്ളവനായി സകല പാപങ്ങളിൽ നിന്നും മുക്തി നേടുന്നു. വിവേചനം, ബുദ്ധി, മിഥ്യ ഭ്രമമില്ലായ്മ, ക്ഷമ, സത്യസന്ധത ജിതേന്ദ്രിയത്വം, സുഖം ദുഃഖം ഉത്ഭവം നാശം, ഭയം, ഭയമില്ലായ്മ അഹിംസ മിതത്വം സംതൃപ്തി തപസ്സ് ധർമ്മം സദ്കീർത്തി ദുഷ്കീർത്തി ഇങ്ങനെ വൈവിധ്യമാർന്ന ഭാവങ്ങൾ ജീവജാലങ്ങളിലുണ്ടാകുന്നത് എന്നിൽ നിന്ന് തന്നെയാണ്.

സപ്തർഷികളും, അവർക്ക് മുമ്പുള്ള നാലുപേരും മനുക്കളും എന്റെ പ്രഭാവത്തോടുകൂടിയവരും എന്റെ മനസ്സിൽ നിന്ന്  ജനിച്ചവരുമാണ്. ഈ ലോകത്തിലെ സകല ജീവജാലങ്ങളും അവരിൽ നിന്നുണ്ടായതാണ്. എന്റെ വിഭൂതിയും  യോഗവും താത്വികമായി അറിയുന്നവൻ അചഞ്ചലമായ യോഗത്തോടുകൂടിയവനായിരിക്കുമെന്നതിൽ  സംശയമില്ല.

അഹംസർവസ്യ പ്രഭവോ 
മത്ത സർവം പ്രവർത്തതേ 
ഇതി മത്വാ ഭജത്തേ മാം 
ബുധാ ഭാവ  സമന്വി താ:

ഞാൻ എല്ലാറ്റിന്റെയും ഉൽപ്പത്തി സ്ഥാനമാണ്. എല്ലാം എന്നിൽ നിന്നുണ്ടാകുന്നു. ഇങ്ങനെ അറിയുന്ന ബുദ്ധിമാന്മാർ എന്നെ സ്നേഹത്തോടെ ഭജിക്കുന്നു. എന്നിൽ മനസ്സുറപ്പിച്ച് ഇന്ദ്രിയപ്രവർത്തികൾ എന്നിലർപ്പിച്ച് പരസ്പരം എന്നെപ്പറ്റി സ്തുതിച്ചും, ബോധാവാന്മാരായും കഴിയുന്നവർ സമാധാനത്തോടും സന്തോഷത്തോടും കൂടി കഴിയുന്നു. എന്നെ ദൃഢചിത്തതയോടെ ആരാധിക്കുകയും, സ്നേഹിക്കുകയും ചെയ്യുന്നവർക്ക് ഞാൻ ബുദ്ധയോഗത്തെ കൊടുക്കുന്നു. അതിനാൽ അവർക്ക് എന്നെ പ്രാപിക്കാനാവുന്നു. അവരോടുള്ള അനുകമ്പമൂലം, അവരുടെ അന്തരാത്മാവിൽ വസിച്ച് കൊണ്ട്, അവരിലെ അജ്ഞതയാകുന്ന അന്ധകാരത്തെ അറിവിന്റെ വെളിച്ചത്താൽ ഞാൻ നശിപ്പിക്കുന്നു. അർജുനൻ പറഞ്ഞു. അങ്ങ് പരബ്രഹ്മമാണ്. പരമമായ ആശ്രയസ്ഥാനമാണ്. എല്ലാറ്റിനെയും ശുദ്ധമാക്കുന്നവനാണ്. നിത്യനാണ്. ദിവ്യപുരുഷനാണ്. ദൈവങ്ങളുടെ  ദൈവമാണ്. ജന്മരഹിതനാണ്. സർവ്വവ്യാപിയാണ്. എല്ലാ ഋഷികളും ദേവർഷി നാരദനും, അസിതനും ദേവലനും വ്യാസനും, അപ്രകാരം പറഞ്ഞിട്ടുള്ളപോലെ അങ്ങും അത് എന്നോട് പറയുന്നു. അല്ലയോ, കേശവാ, അങ്ങ് പറഞ്ഞതൊക്കെ സത്യമായി ഞാൻ വിശ്വസിക്കുന്നു.എന്നാൽ  ഓ പ്രഭു അങ്ങയുടെ ശരിയായ രൂപത്തെ ദേവന്മാരും അസുരന്മാരും അറിയുന്നില്ല. ഓ സൃഷ്ടികർത്താവേ എല്ലാ ജീവജാലങ്ങളുടെയും പ്രഭുവെ,   ദേവന്മാരുടെ ദേവനെ പുരുഷോത്തമാ, ഈ വിശ്വത്തിന്റെ പ്രഭുവേ  അങ്ങ് അങ്ങയെ സ്വയം അറിയുന്നു. അതുകൊണ്ട് അവിടത്തെ മഹത്തത്വത്തെക്കുറിച്ച് അവിടത്തേക്ക് മാത്രമേ വിവരിക്കാനാവു. അങ്ങേക്ക് മാത്രമേ ഈ ലോകത്തിൽ നിറഞ്ഞു നിൽക്കുന്ന അവിടത്തെ അവതാരങ്ങളെപ്പറ്റി പറയാനാവൂ എങ്ങനെയുള്ള ധ്യാനം നിരന്തരമായി ചെയ്‌താൽ അങ്ങയെ അറിയാൻ കഴിയും. ഏതു രൂപത്തിലാണ് ഞാൻ അങ്ങയെ ധ്യാനിക്കേണ്ടത്?

ഓ പ്രഭു അങ്ങയുടെ യോഗത്തെയും വിഭൂതിയെയുംപ്പറ്റി എനിക്ക് വിശദീകരിച്ച് തരിക കാരണം അങ്ങയുടെ തേനൊലി  വാക്കുകൾ കേട്ടിട്ട് എനിക്ക് തൃപ്തി വരുന്നില്ല. അല്ലയോ കുരുശ്രേഷ്ഠ, ദിവ്യങ്ങളായ എന്റെ വിഭൂതികളെ കുറിച്ച് ഞാൻ നിനക്ക് പറഞ്ഞു തരാം. അവയിൽ പ്രധാനപെട്ടവയെപ്പറ്റിമാത്രം. കാരണം എന്റെ വിഭൂതികളെ വിസ്തരിക്കാൻ തുടങ്ങിയാൽ അവസാനമില്ല തന്നെ. ഓ അർജുനാ എല്ലാ ജീവികളുടെയും ഹൃദയത്തിൽ വസിക്കുന്ന ആത്മാവാണ് ഞാൻ. ഞാൻ എല്ലാ ജീവികളുടെയും ആദിയും മധ്യവും അവസാനവുമാകുന്നു. ആദിത്യന്മാരിൽ ഞാൻ വിഷ്ണുവാണ്. തേജോഗോളങ്ങളിൽ പ്രകാശമാനമായ സൂര്യനാണ്. മരുത്തുക്കളിൽ ഞാൻ മരീചിയാകുന്നു. നക്ഷത്രങ്ങളിൽ ചന്ദ്രനാകുന്നു. വേദങ്ങളിൽ ഞാൻ സാമവേദമാണ്. ദേവന്മാരിൽ ഇന്ദ്രനും ഇന്ദ്രിയങ്ങളിൽ  മനസ്സുമാണ്. ജീവികളിലെ വിവേകവും ഞാനാണ്. രുദ്രന്മാരിൽ ഞാൻ ശങ്കരനാണ്, യക്ഷ-രാക്ഷസന്മാരിൽ ഞാൻ കുബേരനാണ്. വസുക്കളിൽ അഗ്‌നിയും പർവ്വതങ്ങളിൽ  മേരുവും  ഞാനാകുന്നു. പൂജാരികളിൽ, ഓ  അർജുനാ ഞാൻ മുഖ്യനായ ബ്രഹസ്പതിയാണ്.

 യുദ്ധസേനാനികളിൽ ഞാൻ സ്കന്ദനാണ്. ജലാശയങ്ങളിൽ ഞാൻ സമുദ്രമാണ്. മഹർഷിമാരിൽ ഞാൻ ഭൃഗുവാണ്. വാക്കുകളിൽ "ഓം" ഞാനാകുന്നു. യജ്ഞങ്ങളിൽ ജപയജ്ഞവും ചലിക്കാത്തവയിൽ ഹിമാലയവും ഞാനാകുന്നു. മരങ്ങളിൽ ഞാൻ അരയാലാണ്. ദേവർഷികളിൽ  ഞാൻ നാരദനാണ്. ഗന്ധവർന്മാരിൽ ചിത്രരഥനാണ്. സിദ്ധന്മാരിൽ കപിലമുനിയും ഞാനാണ്. കുതിരകളിൽ എന്നെ ഉച്ചൈ ശ്രവസ്സായും (അമൃതമഥനവേളയിൽ കിട്ടിയത്) ആനകളിൽ ഐരാവതമായും, മനുഷ്യരിൽ രാജാവായും എന്നെ കാണുക.   ആയുധങ്ങളിൽ ഞാൻ വജ്രമാണ്. പശുക്കളിൽ ഞാൻ കാമധേനുവാണ്. പ്രജോത്പത്തിക്ക് കാരണമായ കാമദേവൻ ഞാനാണ്.  സർപ്പങ്ങളിൽ വാസുകിയും നാഗങ്ങളിൽ അനന്തനും ഞാനാണ്. ജലദേവതകളിൽ ഞാൻ വരുണനാണ്. പിതൃക്കളിൽ അര മ്യാവും നീതി നടപ്പാക്കുന്നതിൽ യമനുംഞാനാകുന്നു. ദൈത്യന്മാരിൽ ഞാൻ പ്രഹ്ലാദനാണ് . കണക്കുകൂട്ടുന്നതിൽ കാലവും,മൃഗങ്ങളിൽ സിംഹവും പക്ഷികളിൽ ഗരുഡനും ഞാനാകുന്നു.

ശുദ്ധീകരിക്കുന്നവയിൽ ഞാൻ കാറ്റാണ്. ആയുധം ധരിക്കുന്നവരിൽ രാമനാണ്. മത്സ്യങ്ങളിൽ ഞാൻ മകരമൽസ്യമാണ്. നദികളിൽ ഞാൻ ഗംഗയാണ്.  സൃഷ്ടികളിൽ ആദിയും മധ്യവും അന്തവുമാണ്. ഓ അർജുനാ ശാസ്ത്രങ്ങളിൽ ആത്മീയജ്ഞാനമാണ്. വാദിക്കുന്നവരിൽ വാദവും ഞാൻ തന്നെ അക്ഷരങ്ങളിൽ ഞാൻ "അ" കാരമാണ്,കൂട്ടക്ഷരങ്ങളിൽ ഞാൻ ദ്വന്ദമാണ്. ഞാൻ അനശ്വരമായ സമയമാണ്. എവിടെയും കാണപ്പെടുന്ന സൃഷ്ടികർത്താവാണ് ഞാൻ.

എല്ലാം തീർക്കുന്ന മരണമാണ്. ഭാവി വസ്തുക്കളുടെ മൂലമാണ് ഞാൻ. സ്ത്രീത്വ ഗുണങ്ങളിൽ ഞാൻ കീർത്തിയാണ്, ഐശ്വര്യമാണ്, വാക്കാണ്, ഓർമ്മയാണ്, ബുദ്ധിയാണ് ധൈര്യവും ക്ഷമയുമാണ്. സാമഗാനങ്ങളിൽ ഞാൻ ബൃഹത് സാമമാണ്.ഛന്ദസ്സുകളിൽ ഞാൻ ഗായത്രിയാണ്. മാസങ്ങളിൽ ഞാൻ ധനുമാസമാണ്. ഋതുക്കളിൽ ഞാൻ വസന്തമാണ്. വഞ്ചകർക്കിടയിലെ  ചൂത് ഞാനാണ്. തേജസ്സികളുടെ തിളക്കമാണ്. വിജയികളുടെ വിജയമാണ്. ദൃഢനിശ്ചയവും സത്യഗുണവും ഞാനാകുന്നു. വൃഷിണികളിൽ ഞാൻ വാസുദേവനാണ്. പാണ്ഡവരിൽ ഞാൻ അർജുനനാണ്. ഋഷികളിൽ വ്യാസനാണ്. കവികളിൽ ഉശ നസ്സെന്ന കവിയാണ്. ഭരിക്കുന്നവരുടെ അധികാരമാണ് ഞാൻ. വിജയം തേടുന്നവന്റെ നീതിയാണ് ഞാൻ. രഹസ്യങ്ങളിലെ നിശ്ശബ്ദതയാണ് ഞാൻ. അറിവുള്ളവന്റെ അറിവും ഞാൻ തന്നെ. ഞാൻ എല്ലാ ജീവജാലങ്ങളുടെയും വിത്താണ്. ഓ അർജുനാ  ജീവനുള്ളതോ,ജീവനില്ലാത്തതോ ഒന്നും ഞാനില്ലാതെ നിലനിൽക്കുന്നില്ല. എന്റെ ദിവ്യങ്ങളായ വിഭൂതികൾക്ക് അന്ത്യമില്ല ഓ, അർജുന ഇതുവരെ പറഞ്ഞതാകട്ടെ അവയുടെ ഒരു ലഘു വിവരണം മാത്രമാണ്. മഹത്വവും ഊർജസലവും ഐശ്വര്യമുള്ളതുമായ ഏതു വസ്തുവുണ്ടോ അതെല്ലാം എന്റെ തേജസ്സിന്റെ അംശത്തിൽ നിന്നുളവായതാണെന്നറിയുക. അല്ലയോ അർജുനാ ഇങ്ങനെ എന്റെ വിഭൂതികളെപ്പറ്റി വളരെ വിസ്തരിച്ചറിഞ്ഞിട്ടു നിനക്കെന്തു പ്രയോജനം. ഈ ലോകം മുഴുവൻ എന്റെ ഒരംശം കൊണ്ട് ഞാൻ നിറഞ്ഞു നിൽക്കുന്നു.

അഥവാ ബഹുനൈതേന 
കിം ജിജ്ഞാതേന തവർജ്ജുന 
വിഷ്ടഭ്യാഹമിദം കൃത്സ്നം
ഏകാം ശേന സ്ഥിതോ ജഗത്  
അധ്യായം പത്ത് സമാപ്തം 
അടുത്തതത് വിശ്വരൂപദർശനം

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക