Image

ചായമിടണം: കവിത, മിനി സുരേഷ്

Published on 27 November, 2025
ചായമിടണം: കവിത,  മിനി സുരേഷ്

 

ചായമിടണ്ടേ?

ചോദ്യമുയർത്തിയൊരു

ബ്രഷ് സംസാരിക്കും

  നിറം മങ്ങിത്തുടങ്ങിയ ചുമരുകളുടെ

പൊടിയണിഞ്ഞ പൊള്ളുന്ന പാടുകളിൽ

യുദ്ധങ്ങൾ  നിശ്ശബ്ദമാക്കുന്ന പ്രതീക്ഷകളിൽ

പുഞ്ചിരി മറന്നു പോയ കുഞ്ഞു സ്വപ്നങ്ങളിൽ

ഇന്നലെകളുടെ വേദനയോർമ്മകളിൽ

ജീവിതത്തിൻ്റെ നിറം കെട്ടു പോയ

അനേകം മനുഷ്യരുടെ ക്യാൻവാസുകളിലും

ചായമിടണം

അനീതിയുടെ ഇരുണ്ട പാളികൾക്കും

മുഖം മങ്ങാത്ത നിലപാടുകൾക്കും

തെളിച്ചമുള്ള വർണ്ണങ്ങൾ നൽകണം

പതിറ്റാണ്ടുകളായി പായൽ മൂടിക്കിടക്കുന്ന

ക്ഷീണിച്ച ചിന്തകൾക്കും പുതുനിറമിടണം

മഴക്കാറ്റുകളുടെ ചുംബനങ്ങളിൽ

അടിച്ചമർത്തപ്പെട്ട അവളുടെ

നിശ്ശബ്ദ പോരാട്ടങ്ങൾക്കുമവകാശങ്ങൾക്കും

ഹൃദയമിടിപ്പുണർത്തുവാൻ ശക്തിയുള്ള

നിറങ്ങൾ തന്നെ ചേർത്തെടുക്കണം

മഞ്ഞയും പിങ്കുമെല്ലാമൊത്തു ചേർത്ത്

വീടു മനോഹരമാക്കാമെങ്കിലും

നാടിൻ്റെ മനസ്സിൽ പുരട്ടേണ്ടത് കരുണയുടെ

സമത്വത്തിൻ്റെ   നീതിയുടെയുജ്ജ്വലനിറമാണ്

ചായമിടുമ്പോളോന്നൊർമ്മിക്കണം

സമൂഹത്തിൻ്റെ ചുമരടരുകളെ 

പുതുക്കിപ്പണിയുന്ന ബ്രഷ് തന്നെ വേണം തെരഞ്ഞെടുക്കുവാൻ

Join WhatsApp News
Raju Thomas 2025-11-28 22:20:08
Wow! I think it’s very good, also gaining from the eschewal of punctuation—except that some compound words like ‘kettupOya’ should be written unspaced.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക