
താരപ്രഭാവത്തെ മറികടന്ന് മികച്ച ഉള്ളടക്കത്തിലൂടെ പ്രേക്ഷകരെ കീഴടക്കിയ ‘എക്കോ’ (Echo) എന്ന മലയാള ചിത്രം ബോക്സ് ഓഫീസിൽ വൻ മുന്നേറ്റം തുടരുന്നു. മലയാള സിനിമാപ്രേമികൾ നിലവിൽ ഉള്ളടക്കത്തിനും അവതരണത്തിനും നൽകുന്ന പ്രാധാന്യം എത്രത്തോളമെന്ന് തെളിയിക്കുന്ന ഏറ്റവും പുതിയ ഉദാഹരണമായി ‘എക്കോ’ മാറുകയാണ്.
വലിയ പ്രീ-റിലീസ് പബ്ലിസിറ്റി ഇല്ലാതെയാണ് ചിത്രം റിലീസിനെത്തിയത്. എന്നാൽ, വൻ അഭിപ്രായവും വിജയവും നേടിയ ‘കിഷ്കിന്ധാ കാണ്ഡം’ എന്ന ചിത്രത്തിന്റെ അണിയറപ്രവർത്തകർ വീണ്ടും ഒന്നിക്കുന്നു എന്ന ഹൈപ്പ് റിലീസിന് മുൻപേ സിനിമയ്ക്ക് ലഭിച്ചിരുന്നു. പ്രമുഖ ട്രാക്കർമാരായ സാക്‌നിൽകിൻ്റെ (Sacnilk) ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, നവംബർ 21-ന് റിലീസ് ചെയ്ത ‘എക്കോ’, ആദ്യ ആറ് ദിവസം കൊണ്ട് ആഗോള ബോക്സ് ഓഫീസിൽ നിന്ന് വൻ തുകയാണ് നേടിയിരിക്കുന്നത്. 16.5 കോടി രൂപയാണ് ചിത്രം ഇതുവരെ നേടിയത്.
റിലീസിന് ശേഷമുള്ള ഞായറാഴ്ചയാണ് ചിത്രം ഏറ്റവും വലിയ കളക്ഷൻ നേടിയത്, ആ ദിവസം മാത്രം 3.05 കോടിയാണ് ചിത്രത്തിൻ്റെ വരുമാനം.
ദിൻജിത്ത് അയ്യത്താൻ സംവിധാനം ചെയ്ത ഈ ചിത്രത്തിലെ അഭിനേതാക്കളെയും സന്ദർഭങ്ങളെയും അഭിനയത്തെയും പ്രകീർത്തിച്ച് ഒട്ടനവധി പോസ്റ്റുകളാണ് ഓരോ നിമിഷവും സോഷ്യൽ മീഡിയയിൽ നിറയുന്നത്.
വൻ മൗത്ത് പബ്ലിസിറ്റിയാണ് ചിത്രത്തിന് ലഭിക്കുന്നത്. ബോക്സ് ഓഫീസിലും മികച്ച പ്രകടനം തുടരുന്നതിനിടെ, ചിത്രം രാജ്യം വിട്ട് വിദേശ തിയറ്ററുകളിലേക്ക് എത്തുന്നുവെന്ന വിവരം ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്.
‘എക്കോ’ ജർമ്മനിയിൽ റിലീസ് ചെയ്യുമെന്ന് സംവിധായകൻ ദിൻജിത്ത് അയ്യത്താൻ തന്നെയാണ് അറിയിച്ചത്. നവംബർ 28, അതായത് നാളെ, എക്കോ ജർമ്മനിയിലെ തിയറ്ററുകളിൽ പ്രദർശനത്തിനെത്തും. ബെർളിൻ അടക്കമുള്ള പ്രധാന പ്രദേശങ്ങളിലെ തിയറ്ററുകളിൽ ചിത്രം കാണാനാകും. മലയാളികൾ ഒന്നടങ്കം ഏറ്റെടുത്ത ഈ ചിത്രം ജർമ്മനിയിലും വലിയ സ്വീകാര്യത നേടുമെന്ന പ്രതീക്ഷയിലാണ് അണിയറപ്രവർത്തകർ.