
വിദേശത്തേക്കു പോകുന്ന മലയാളിയുടെ ജീവിതപാത നാട്ടിനെ എങ്ങനെ സ്പർശിക്കുന്നു എന്ന ചർച്ചയിൽ എപ്പോഴും ഒരു ചെറിയ വൈരുധ്യം തോന്നിയിട്ടുണ്ട്.
ഗൾഫിലേക്കു പോയവർ.. ജോലി കിട്ടിയ ആദ്യ നിമിഷം മുതൽ വീട്ടിലേക്കുള്ള പണമൊഴുക്ക്.
“അമ്മേ, പണം വന്നു…” എന്നൊരു WhatsApp. അവിടത്തെ വിയർപ്പും, ഈ നാട്ടിലെ ഒരു മുറിയും ഒരുമിച്ച് ഉയരുന്നൊരു കുടുംബത്തിന്റെ ശ്വാസം.
എന്റെ വീട്ടിന്റെ മുന്നിലെ ഇരുട്ട് മാറിയത് നാണു അറബിനാട്ടിൽ സമ്പാദിച്ച പണത്തിന്റെ വെളിച്ചം കൊണ്ട്. അവരുടെ വീട്‌മുകളിൽ ഉയർത്തിയ ആ ലൈറ്റിന്റെ തെളിച്ചത്തിലാണ്
ഗ്രാമത്തിൽ ഞങ്ങൾ സന്ധ്യയ്ക്കുശേഷവും ഭയമില്ലാതെ നടക്കാൻ തുടങ്ങിയത്. ഗൾഫ് സമ്പാദ്യത്തിന്റെ ഒരു സാമൂഹിക പ്രയോജനം.
പക്ഷേ യൂറോപ്പിൽ നിന്നുള്ള പണം.. നാട്ടിലെ വീട്ടുവളപ്പിലേക്കു അങ്ങനെ ചൂടോടെ എത്താറില്ല. ഒന്നൊന്നായിട്ട് ഒഴുകിയാലും അത് നമ്മളെ സ്പർശിക്കാത്ത ഒരു ദൂരത്ത്.
മതിൽ കെട്ടിയ “Private Area” കളിൽ, രണ്ടേക്കർ മണ്ണിൽ വലിയ വീടുകളും രണ്ട് pedigree നായ്ക്കളും. നാടിനേക്കാൾ status നെ കൂടുതൽ തീറ്റിപ്പോറ്റുന്ന ജീവിതരേഖ.
യുവാക്കളുടെ വിദേശമോഹം — ഒരു പുതിയ വായ്പ്പ
ഇന്ന് “വിദേശം” എന്ന വാക്കിനുള്ള ആകർഷണത്തിന് സർവകലാശാലയുടെ നിലവാരം, ജോലി സാധ്യതകൾ.. ഇവ ഒന്നും പ്രധാനമല്ല. വിദേശമെങ്കിൽ മതി.
പഠനം, ജോലി, ചികിത്സ.. എല്ലാം വിദേശത്ത്. അവിടെ ഇരുന്നു മലയാളത്തിൽ കവിതയെഴുതുന്നവർപോലും, ആ സ്നേഹത്തിൽ പോലും ഒരു പാസ്‌പോർട്ട് സ്റ്റാമ്പിന്റെ ഗന്ധം.
സ്ത്രീകൾക്കു കൂടുതൽ സ്വാതന്ത്ര്യം, സമൂഹത്തിന്റെ തുറന്ന നില, വീണ്ടും തുടങ്ങാനുള്ള ധൈര്യം.. ഇവയാണ് യഥാർത്ഥ വേരുകൾ.
ഞാനും മുപ്പതാം വയസ്സിൽ പതുക്കെ വിദേശത്തേക്കു ഒഴുകിപ്പോയി. എന്റെ കുടുംബത്തിൽ ആരും എന്നെ തിരിച്ചുവിളിക്കുന്നില്ലെന്ന് തിരിച്ചറിഞ്ഞത് ഒരു കാലം കഴിഞ്ഞപ്പോഴാണ്.
ഇന്ന്എന്റെ വീട്ടിലെ പൂച്ചപോലും ബോട്സ്വാനയിൽ എത്തിയിരിക്കുന്നു.. വീടിന്റെ മുഖച്ചായ മാറ്റാൻ വേണ്ടി ഉള്ള ദീർഘമായിരുന്നു എന്റെ ‘പുറപ്പെടൽ’. എന്നാൽഅതു വല്ലാത്തൊരു പുറപ്പുടൽ ആയിരുന്നു.
ഇവിടെ ഇറച്ചി, പാൽ, പന്നി. എല്ലാം എളുപ്പം. സമരം ഇല്ല. തൊഴിലാളിയും മുതലാളിയും ഒരുമിച്ചു ജീവിക്കാൻ പഠിച്ച ഒരു സംസ്കാരം.
ഇത്രകാലം കഴിഞ്ഞിട്ടും നാട്ടിലേക്കുള്ള തിരിച്ചുപോക്ക് ചിന്തിക്കുമ്പോൾ ജീവിതത്തിന്റെ ഘടികാരം പിറകോട്ടു തിരിക്കുന്നതുപോലെ അസാധ്യം തോന്നുന്നു.
തിരിച്ചെത്തുന്ന യുവാക്കളുടെ ആദ്യ കുഴപ്പം? വിദേശത്ത് പഠിച്ച പുത്തൻ തലമുറ നാട്ടിൽ ബിസിനസ് തുടങ്ങാനെത്തുമ്പോൾ അവർ ആദ്യമായി നേരിടുന്നത്. ഒരു അദൃശ്യ പാതാളക്കുഴി: കൈക്കൂലി.
ആശയങ്ങളും ഉത്സാഹവും ഗ്ലോബൽ വികസനം ഉള്ളവർ പോലും ഫയലിന്റെ മുന്നിലെ ഒരു ഒപ്പിനായി നിരാശരായി മടങ്ങുന്നു.
എന്റെ കൂട്ടുകാരി ആന്റി നാല്പത്തഞ്ച് ലക്ഷം ചെലവിട്ട് തീർത്ത ആ രാധയാന്റി യുടെ മണിമാളിക—ഇന്നും അടച്ചതായിത്തന്നെ. പല്ലികളും ചിലന്തികളും താമസിക്കുന്ന വീടുകൾ. രാധയാന്റി അമേരിക്കയിൽ ചെറിയൊരു ഗുഹപോലുള്ള വീട്ടിൽ താമസിക്കുന്നു.. രാധ ആന്റിയുടെ കിഡ്നിയുടെ അസുഖം അറിഞ്ഞപ്പോൾ നാട്ടിലെ മണിമാളികയിൽ താമസിക്കാൻ ഭാഗ്യം കിട്ടുമെന്ന് തോന്നുന്നില്ല ഞാൻ പറഞ്ഞതല്ല ആൾക്കാർ പറഞ്ഞതാണ്.. അവരും നാടുവിട്ടവരാണ്.
അമേരിക്ക — സ്വപ്നങ്ങളുടെ പുതിയ ചുമടുകൾ അമേരിക്കയിൽ നിന്നൊരു കല്യാണ ആലോചന വന്നു. പെൺകുട്ടിയുടെ മറുപടി: “വേണ്ട.”
കാരണം ചോദിച്ചപ്പോൾ അവൾ പറഞ്ഞു—“കബീഹോമാ… ഒരു പടി തെറ്റിയാൽ നീ നേരെ താഴോട്ടാണ്.”
ആ വാചകത്തിന്റെ അർത്ഥം ആദ്യം എനിക്ക് കിട്ടില്ല. പിന്നീട് മനസ്സായി— ഇതാണ് ഇന്നത്തെ അമേരിക്കയുടെ യാഥാർത്ഥ്യത്തിൽ നിന്നു പിറന്ന ഭാഷ.
ജോലി ഉറപ്പില്ല, വീട് വില ഉയരുന്നു, ക്രെഡിറ്റ് സ്കോർ താഴുന്നു, ബില്ലുകൾ കയറി കിടക്കുന്നു. വിവാഹം പോലും
ഹൃദയം നോക്കിയല്ല, ബാങ്ക് സ്റ്റേറ്റ്മെന്റ് നോക്കിയാണ് തീരുമാനിക്കുന്നത്.
അവിടെയുള്ളവർ തുറന്ന് പറയുന്ന ഒരു വേദന..“നാലു പേരുടെ ജീവിതം ഒറ്റ തുള്ളിയാൽ തന്നെ പാതാളത്തിലാകാം.”
സ്വപ്നങ്ങൾ വലിയതാണെങ്കിലും യാഥാർത്ഥ്യം ഏതുവേളയും നിന്നെ തള്ളിയിടും എന്ന ഭയം.
ഇതു വായിച്ചാലും വിമർശിക്കേണ്ട ഞാനെന്ന ഒരു പ്രവാസയാത്രയുടെ കുറിപ്പ്. വിദേശങ്ങൾ നമ്മെ സമ്പാദ്യവും സ്വാതന്ത്ര്യവും പഠിപ്പിക്കുന്നു. പക്ഷേ നമ്മിൽ നിന്ന്
ഒഴുകിപ്പോകുന്നത് ചില ചൂടുകളും ചില ബന്ധങ്ങളും ചില പിടിത്തങ്ങളുമാണ്.
ഗൾഫിന്റെ ചൂട്, യൂറോപ്പിന്റെ ശൈത്യവും, അമേരിക്കയുടെ അനിശ്ചിതത്വവും.. ഈ മൂന്നു ലോകങ്ങളുടെ മധ്യേ മലയാളി ഇപ്പോഴും തന്റെ സ്വന്തം വഴി കണ്ടെത്താൻ
ശ്രമിച്ചുകൊണ്ടിരിക്കുന്നു.