Image

ഭാഗ്യത്തെരുവ് - മേഘനാഥന്‍ (ഇ-മലയാളി ആഗോള ചെറുകഥാമത്സരം 2025- 10)

Published on 27 November, 2025
ഭാഗ്യത്തെരുവ് - മേഘനാഥന്‍ (ഇ-മലയാളി ആഗോള ചെറുകഥാമത്സരം 2025- 10)

തെരുവിലെ വീടിനു കുറച്ചു മാറി പതിവുപോലെ ലോട്ടറിക്കാരൻ പ്രത്യക്ഷപ്പെട്ടപ്പോൾ അയാളുടെ സഞ്ചിയിലെ ഉള്ളടക്കത്തെക്കുറിച്ച് പവിത്രൻ വെറുതെയെങ്കിലും ഒരു കണക്കെടുപ്പു നടത്തി. വില്പനയ്ക്കുള്ള കുറച്ചധികം ലോട്ടറി ടിക്കറ്റുകൾ, വെള്ളം നിറച്ച കുപ്പി, ഭക്ഷണപ്പൊതി ഇത്രയുമാകും അതിൽ.  നിരവധി മടക്കുകളാക്കിയ ഒരു ദിനപത്രവും അധികം ആഴമില്ലാത്ത സഞ്ചിയുടെ തുറന്ന വായിലൂടെ പുറത്തേക്ക് എത്തിനോക്കുന്നുണ്ട്.  സഞ്ചിയുടെ ചൂടിപോലെ പിരിഞ്ഞ നീണ്ട തോൾനാട ലോട്ടറിക്കാരന്റെ കുറിയ ശരീരത്തിൽ വിലങ്ങനെ ചുറ്റിപ്പിടിച്ചു കിടന്നു.  ലോട്ടറിക്കാരനെ കാണാൻ തുടങ്ങിയതു മുതൽ അയാളെ പവിത്രൻ സ്ഥിരമായി കാണാറുള്ളത് ഈ രൂപത്തിലാണ്.
           ഒരാൾ വായിക്കുന്ന പത്രം ഏതാണെന്നറിഞ്ഞാൽ അയാളുടെ രാഷ്ട്രീയം കുറച്ചെല്ലാം പിടികിട്ടും.  സഞ്ചിയിലെ പത്രം ഏതായിരിക്കുമെന്ന് പവിത്രൻ ആലോചിച്ചിട്ടുണ്ട്.  അയാളുടെ രാഷ്ട്രീയം എന്തുതന്നെ ആയാലും തനിക്കതിലെന്തു കാര്യമെന്ന് പവിത്രൻ പിന്നീടോർക്കും.  
           ലോട്ടറിക്കാരന്റെ  പ്രലോഭനത്തിൽ വീണുപോകുന്നവരാണ്  ഒരുമാതിരിപ്പെട്ടവരൊക്കെ.  അവർ പല പല കാര്യങ്ങൾക്ക് തിരക്കിട്ട് പോകുന്നതാവും.  തങ്ങൾ ഇരകളായി മാറുന്നത് അവർപോലും അറിയാതെ ആയിരിക്കും.  കേവലം ഒരു ലോട്ടറി ടിക്കറ്റിന് ഒരാളുടെ ജീവിതത്തിൽ കൊണ്ടുവരാവുന്ന സൗഭാഗ്യങ്ങളെക്കുറിച്ച് പറഞ്ഞു ഫലിപ്പിക്കാൻ സമർത്ഥനായിരുന്നു ലോട്ടറിക്കാരൻ. 
           വട്ടവിശറിയുടെ ആകൃതിയിൽ വിടർത്തിപ്പിടിച്ച ടിക്കറ്റുകൾ നീട്ടിക്കാണിച്ച് ഒരെണ്ണം വാങ്ങാൻ അയാൾ പവിത്രനെ നിർബ്ബന്ധിക്കും.  ഭാഗ്യനിർഭാഗ്യങ്ങളിൽ വിശ്വാസമില്ലാത്ത പവിത്രൻ ലോട്ടറിക്കാരന്റെ ചപ്പടാച്ചിയിലൊന്നും വീഴില്ല.  എങ്കിലും, തിടുക്കപ്പെട്ട് പോകുമ്പോൾ തടഞ്ഞുനിർത്തി ലോട്ടറി ടിക്കറ്റ് നീട്ടുന്ന അയാളൊരു ശല്യംതന്നെ.    
           വീട്ടുടസ്ഥനോട് പരാതിപ്പെട്ട് അയാളെ ആ പരിസരത്തിൽനിന്ന് തുരത്താൻ പവിത്രൻ ആലോചിച്ചതാണ്.  ആ പാവത്തിന് ഭാര്യയും കുട്ടികളും കൂടാതെ ആശ്രിതരായ മാതാപിതാക്കളും ഉണ്ടാകാം.  അവർ രോഗികളാണെങ്കിൽ ചികിത്സക്ക് പണം കണ്ടെത്തേണ്ടതും   അയാളുടെമാത്രം  ഉത്തരവാദിത്വമാകാൻ മതി.  ഇങ്ങനെയുള്ള ചിന്തകൾ കടന്നുവന്നപ്പോൾ അയാളെ ദ്രോഹിക്കുന്നത് ശരിയല്ലെന്ന് തോന്നി പവിത്രൻ ആ ശ്രമം വേണ്ടെന്ന് വയ്ക്കുകയായിരുന്നു. 
           മുടക്കു ദിവസങ്ങളിൽ പത്രം വായനയും പ്രാതലും അത്യാവശ്യം ടിവിയിലെ വാർത്ത കേൾക്കലും കഴിഞ്ഞാൽ വീടിന്റെ വരാന്തയിലേക്ക് കസേര നീക്കിയിട്ടിട്ട് പവിത്രൻ തെരുവിലെ കാഴ്ചകൾ നോക്കിക്കൊണ്ടിരിക്കും.  ലോട്ടറിക്കാരന്റെ ചെയ്തികളെല്ലാം അന്നേരം കണ്ണിൽപ്പെടും. 
           സഞ്ചിയിൽ നിന്ന് അയാൾ ഇടയ്ക്കിടെ പത്രം എടുത്ത് മടക്കുകൾ നിവർത്തി ശരീരം വീശി തണുപ്പിച്ചുകൊണ്ടിരിക്കും.  ഒരുപക്ഷേ, വീശാൻ മാത്രമായി അയാൾ കൊണ്ടുനടക്കുന്ന ഏതെങ്കിലും പഴയ പത്രമായിരിക്കാം അത്.  ഏതായാലും ദേഹം നല്ലവണ്ണം ഉഷ്ണിക്കുന്ന പ്രകൃതക്കാരൻതന്നെയാണയാൾ. 
           നെറ്റിയിലേക്ക് കൂടക്കൂടെ പാറിവീഴുന്ന ഇത്തിരി വെള്ളിനാരുകൾ നര ബാധിക്കാത്ത മുടിക്കിടയിൽ ഒളിപ്പിക്കാൻ ബദ്ധപ്പെടുന്ന ആ മദ്ധ്യവയസ്കന്  സൗന്ദര്യബോധമില്ലെന്ന് പറയാനാവില്ല.  കറുത്ത നിറത്തോടുകൂടിയ ഒരു കണ്ണടയുള്ളത് സ്ഥിരമായി അയാൾ മുഖത്ത് ഉറപ്പിച്ചു നിർത്താറില്ല.  കണ്ണട ഷർട്ടിൽ ഇടയ്ക്കിടെ തുടച്ച് ഏതൊക്കെയോ കടലാസുകൾ കുത്തിനിറച്ച വലിയ കീശയിൽ തിരുകുകയും വൈകാതെ അതെടുത്ത് വീണ്ടും മൂക്കിന്മേൽ കയറ്റി വയ്ക്കുന്നതും ആയിരുന്നു അയാളുടെ ശീലം. 
           തുടക്കത്തിൽ ആ തെരുവിൽ ലോട്ടറി ടിക്കറ്റുകൾ വിറ്റിരുന്നത് അയാൾ മാത്രമാണ്.  പിന്നീട് ഒരു യുവസുന്ദരി കൂടി അവിടെ വന്ന് ടിക്കറ്റ് വില്പന തുടങ്ങി.
           ലോട്ടറിക്കാരി നല്ല പ്രസരിപ്പും ചുറുചുറുക്കും ഉള്ളവൾ.  ചുരിദാറും ടോപ്പും ആയിരിക്കും മിക്കപ്പോഴും വേഷം. അപൂർവ്വമായേ സാരിയിൽ കാണുകയുള്ളു.  ഇളം നിറമുള്ള കോട്ടൺ സാരി അവൾക്ക് നന്നേ ഇണങ്ങും. വസ്ത്രത്തിന് യോജിച്ച നിറത്തിൽ ഒട്ടിച്ചു വച്ച ഒരു വട്ടപ്പൊട്ടുണ്ടാവും നെറ്റിയിൽ.   
           ടിക്കറ്റുകളുമായി  ആദ്യമെത്താറുള്ളത് മധ്യവയസ്കൻ ആണ്.  പിന്നീട് അവൾ വന്ന് സ്വസ്ഥാനത്ത് നിലയുറപ്പിക്കും.   
           നെഞ്ചിടിപ്പ് കൂട്ടുന്ന കാഴ്ചകളാണ് തെരുവിലേത്.   ആംബുലൻസിന്റെ വേഗത്തിൽ ഭ്രാന്ത് പിടിച്ചതുപോലെ പായുന്ന  ഓട്ടോ റിക്ഷകൾ.  പ്രായമുള്ളവരെന്നോ കുട്ടികളെന്നോ ഭേദമില്ലാതെ യാത്രക്കാരെ ഇടിച്ചു വീഴ്ത്തിക്കൊണ്ട് അവ മരണപ്പാച്ചിൽ നടത്തിക്കൊണ്ടിരിക്കും. 
           തെരുവിൽ ചായ വില്ക്കാനെത്തുന്ന ഒരു കൗമാരക്കാരനുണ്ട്–ശെൽവൻ.  അലുമിനിയത്തിന്റെ കെറ്റിൽ തൂക്കിപ്പിടിച്ച് ഉച്ചഭക്ഷണത്തിന് വളരെ മുൻപാണ് അവൻ വരുക.  ഔൺസ് ഗ്ലാസ് പോലുള്ള കടലാസ് കപ്പിൽ ചായ അവൻ നിറച്ചും കൊടുക്കുകയില്ല.  ലോട്ടറിക്കാരനടക്കം എല്ലാവരും പരാതിയില്ലാതെ അത് മേടിച്ച് മൊത്തുകയേ ഉള്ളു. തെരുവിലെ പഴം–പച്ചക്കറി കച്ചവടക്കാരും ആദായ വിലയ്ക്ക് റെഡിമെയ്ഡ് വസ്ത്രങ്ങൾ വില്ക്കുന്നവരും ശെൽവന്റെ സ്ഥിരം ഇടപാടുകാരാണ്.  വല്ലപ്പോഴും പവിത്രനും വാങ്ങാറുണ്ട് അവന്റെ ചായ.          .
          അതാ, ലോട്ടറിക്കാരി എത്തിക്കഴിഞ്ഞു.  ഇന്ന് അവളല്പം വൈകി എന്നു തോന്നുന്നു.    അനുസാരികളുമായി അവൾ തെരുവോരത്ത് നില്പുറപ്പിച്ചു. അവൾക്കും പല പല പ്രശ്നങ്ങൾ ഉണ്ടായിരിക്കാം.     
           നല്ല വിദ്യാഭ്യാസം നേടി ജോലിക്ക് ശ്രമിച്ചിട്ട് കിട്ടാതായപ്പോൾ തിരഞ്ഞെടുത്തതാവാം ഈ തൊഴിൽ.       
           മദ്ധ്യവയസ്കനായ ലോട്ടറിക്കാരന്റെ വാചാലത ഒരുമാതിരിപ്പെട്ടവരെയെല്ലാം  ചെടിപ്പിച്ചിക്കുന്നതാണ്.  അയാൾ വിറ്റ ടിക്കറ്റുകൾക്കാകട്ടെ പേരിനെങ്കിലും ഒരു സമ്മാനം ഇതുവരെ അടിച്ചിട്ടുമില്ല.  
           ലോട്ടറിക്കാരിയുടെ മുഖത്ത് എപ്പോഴും ഉണ്ടാകും ഒരു മൃദുമന്ദഹാസം.  ഒരുവിധത്തിലുള്ള  വായ്ത്താരികളുമില്ല.  എന്നിട്ടും അവളുടെ കൈയിലെ ടിക്കറ്റ് വാങ്ങാനായിരുന്നു ആളുകൾക്ക് താല്പര്യം.    
              .                                    അങ്ങനെയിരിക്കെയാണ് സന്തോഷിക്കാൻ അവൾക്ക് ഒരവസരം വീണുകിട്ടിയത്.  സംഗതി വേറൊന്നുമല്ല.  അവൾ വിറ്റ ടിക്കറ്റിന് അത്ര വലുതല്ലാത്ത തുകയുടെ സമ്മാനമടിച്ചു.  അത് മദ്ധ്യവയസ്കനായ ലോട്ടറിക്കാരനേറ്റ വലിയൊരടിയായി. 
          ആപത്ത് കൂട്ടത്തോടെ വരുന്നതു പോലെയാണ് ഭാഗ്യവും.  അവൾ വിറ്റ ടിക്കറ്റുകൾക്ക് വീണ്ടും കിട്ടി സമ്മാനങ്ങൾ.  ഇത്തവണ തുക കുറച്ച് കൂടുതൽ ഉണ്ടായിരുന്നു.  ആദ്യമായി ആ പ്രദേശത്ത് ഭാഗ്യം കൊണ്ടുവന്ന ലോട്ടറിക്കാരി അവിടത്തുകാരുടെ  ഭാഗ്യദേവതയായി.  അവളുടെ കൈയിൽനിന്ന് ടിക്കറ്റ് വാങ്ങിയാൽ സമ്മാനം കിട്ടാൻ സാദ്ധ്യതയുണ്ടെന്ന് ചിലരെല്ലാം വിശ്വസിച്ചു.  
           ഒരു നവോത്ഥാന നായകന്റെ പേരിട്ടിരുന്ന തെരുവിനെ ക്രമേണ  'ലക്കി സ്ട്രീറ്റ്' എന്നും ഭാഗ്യത്തെരുവ് എന്നുമൊക്കെ ആളുകൾ വിളിക്കാൻ തുടങ്ങി.    
           ലോട്ടറിക്കാരി  ആരോടെങ്കിലും കിന്നരിക്കുകയോ  കൊഞ്ചിക്കുഴയുകയോ ചെയ്യാറില്ല.   ടിക്കറ്റ് വാങ്ങിക്കഴിഞ്ഞും ചില ഇടപാടുകാർ അവളെ ചുറ്റിപ്പറ്റി നടക്കുന്നത് പവിത്രൻ കണ്ടിട്ടുണ്ട്.  അത്തരക്കാരിൽനിന്നെല്ലാം  അവൾ അകന്നുനിന്നു. 
           ലോട്ടറിക്കാരിയോട് പവിത്രന് ഒരു പ്രത്യേക ഇഷ്ടം തോന്നിത്തുടങ്ങി. ആ ഇഷ്ടത്തെ പ്രേമമെന്ന് വിളിക്കാമെങ്കിൽ ഒരു കണക്കിൽ അത് പ്രേമംതന്നെ ആയിരുന്നു.
           എങ്ങനെ അവളോട് അടുക്കാമെന്നായി പവിത്രന്റെ  ആലോചന.  ഭാഗ്യനിർഭാഗ്യങ്ങളിൽ വിശ്വസിക്കാത്ത പവിത്രൻ ജീവിതത്തിലാദ്യമായി അവളുടെ കൈയിൽനിന്ന് ഒരു ടിക്കറ്റ് വാങ്ങി.  ഇടപാടുകാർ സാധാരണ ചെയ്യുക അവർക്ക് വേണ്ട ടിക്കറ്റ് കൂട്ടത്തിൽനിന്ന് വലിച്ചെടുക്കുകയാണ്.  അതിനു വിപരീതമായി അവൾതന്നെ ഒരു ടിക്കറ്റ് തിരഞ്ഞെടുത്ത് പവിത്രന് നീട്ടി.  ആ ടിക്കറ്റ് ഭാഗ്യം കൊണ്ടുവരുമെന്ന് അവൾ മന്ത്രിച്ചതുപോലെ പവിത്രന് തോന്നുകയുണ്ടായി.
           അവളുടെ കഴുത്തിൽ കിടന്ന മാലയിലേക്ക് ആകാംക്ഷയോടെ പവിത്രൻ നോക്കി.  അതിൽ താലിയോ മിന്നോ കണ്ടില്ല. അവൾ വിവാഹിതയല്ല എന്ന നിഗമനത്തിലെത്താൻ അതുമാത്രം മതിയായിരുന്നു.  ഭാവിജീവിത സങ്കല്പങ്ങളുടെ നിറമുള്ള ഒരു ലോകത്തിലേക്ക് പവിത്രനെ അത് കൊണ്ടുപോയി. 
           പവിത്രനെത്തന്നെ  നിരീക്ഷിച്ചുകൊണ്ട് നില്ക്കുകയായിരുന്നു മദ്ധ്യവയസ്കനായ ലോട്ടറിക്കാരൻ.  തനിക്ക് അശേഷം ഇഷ്ടം തോന്നാത്ത, ഭാഗ്യഹീനത മാത്രം സ്വന്തമായുള്ള ആ ലോട്ടറിക്കാരന്റെ നോട്ടത്തെ പവിത്രൻ ഗൗനിച്ചതേയില്ല. പാഡിൽനിന്ന് അവൾ എടുത്തു കൊടുത്ത ടിക്കറ്റ് കൂടാതെ ഒരെണ്ണം പവിത്രൻ സ്വയം വലിച്ചെടുക്കുകയും ചെയ്തു. 
           ലോട്ടറിക്കാരൻ പ്രത്യേക മട്ടിൽ പവിത്രനെ നോക്കി. പവിത്രന്റെ പ്രായം കടന്നുപോയ  അയാൾ മനസ്സിൽ എന്തെല്ലാമോ   കുത്തിക്കുറിക്കുകയാണെന്ന തോന്നി. 
          ശെൽവൻ ചായയുമായി വന്നു.  ലോട്ടറിക്കാരിയോട് അവൻ നല്ല അടുപ്പത്തിലാണ്.  ചായ കൊടുത്ത് അവളെ ചുറ്റിപ്പറ്റി നിന്ന് അവൻ കുറെ നേരം വർത്തമാനം പറയും.  പവിത്രൻ നയത്തിൽ ചോദിച്ചു:  
          "ശെൽവന് ആ ലോട്ടറിക്കാരിയുടെ പേരറിയാമോ?" 
          "എന്തിനാ സാറേ? മുന വച്ച് ശെൽവൻ തിരിച്ചൊരു ചോദ്യം.
          "ഒന്നിനുമല്ല. വെറുതെ അറിഞ്ഞിരിക്കാൻ." പവിത്രൻ പറഞ്ഞു.
          "ഭാഗ്യലക്ഷ്മി." ശെൽവൻ പറഞ്ഞു. അവന്റെ മുഖത്ത് അർത്ഥം വച്ചുള്ള ഒരു ചിരിയുണ്ടായിരുന്നു.     
           ഭാഗ്യലക്ഷ്മി!
           ആ പേര് പവിത്രൻ പലവട്ടം ഉള്ളിൽ പറഞ്ഞു.  അവളെപ്പറ്റി എങ്ങനെ കൂടുതലറിയും?
           ഭാഗ്യലക്ഷ്മിയുടെ കുടുംബത്തിന്റെ വ്യക്തമായ ഒരു ചിത്രം കിട്ടണം. അവളോടുതന്നെ ചോദിക്കാൻ തീരുമാനിച്ചു.  ഇറങ്ങിത്തിരിച്ചപ്പോഴെല്ലാം, പക്ഷേ, കൂടപ്പിറപ്പായ ലജ്ജ പവിത്രനെ പുറകോട്ട് വലിച്ചു.  കൂടാതെ ആ ലോട്ടറിക്കാരന്റെ കണ്ണാണെങ്കിൽ പവിത്രന്റെ ഒരോ ചലനത്തിലും  ആയിരുന്നു.  
          "കല്ല്യാണത്തെപ്പറ്റി നീ എന്തു തീരുമാനിച്ചു?" 
          ദൂരങ്ങൾക്കപ്പുറത്തു നിന്ന് അമ്മ കൂടക്കൂടെ ചോദിക്കാറുള്ള ചോദ്യം ഇപ്പോൾ പവിത്രൻ ഓർമ്മിച്ചു. 
          അമ്മയ്ക്ക് കൊടുക്കാൻ പവിത്രന്റെ മറുപടി ബാക്കിയാണ്. 
          "വൈകാതെ ഒരു തീരുമാനമെടുക്കണം. കാലം  കാത്തുനിൽക്കില്ല." അമ്മ ഓർമ്മപ്പെടുത്തും. 
          അച്ഛൻ മരിച്ചതിനു ശേഷം വീട്ടിൽ അമ്മയും സഹായിയായി വേലക്കാരിയും മാത്രം.  അമ്മയ്ക്ക് ഇനി ഏതാനും കൊല്ലത്തെ സർവ്വീസ് കൂടി ഉണ്ട്.  അതു കഴിഞ്ഞാൽ മകനോടൊപ്പം താമസമാക്കണമെന്ന ചിന്തയാണ്.        
           ശെൽവനെ സോപ്പിട്ട്  ഭാഗ്യലക്ഷ്മിയുടെ മൊബൈൽ നമ്പർ വാങ്ങി പവിത്രൻ വിളിച്ചു. പരിചയമില്ലാത്ത നമ്പർ ആയതിനാലാവാം അവൾ ഫോൺ എടുത്തില്ല.   
           നമ്പർ വാട്സാപ്പ് ഉള്ളതായിരുന്നു. ഹായ് എന്ന് മെസ്സേജ് ഇട്ട് പവിത്രൻ അവൾക്ക് സ്വയം പരിചയപ്പെടുത്തി. മറുപടിയായി കൈ തൊഴുന്ന ചിത്രം വന്നു.  ഒപ്പം ഒരു പൂവും. 
           അതിൽപ്പിന്നെ പവിത്രൻ ഭാഗ്യലക്ഷ്മിയെ ഇടയ്ക്കെല്ലാം പോയി കാണാൻ തുടങ്ങി. തങ്ങളുടെ പ്രണയം ലോട്ടറിക്കാരൻ അറിയാതിരിക്കാൻ ഇരുവരും കണ്ണുകൾകൊണ്ടു മാത്രം സംസാരിച്ചു. 
           ലോട്ടറിക്കാരൻ അസൂയ കലർന്ന കലിപ്പോടെ ഭാഗ്യലക്ഷ്മിയുടെ ശൂന്യമാകുന്ന ടിക്കറ്റ് പാഡിലേക്ക് നോട്ടമെറിഞ്ഞും സഞ്ചിയിൽ കൊണ്ടുവരാറുള്ള പൊതിയഴിച്ച് ഭക്ഷണം വാരിക്കഴിച്ചും കുപ്പിയിലെ വെള്ളം കുടിച്ച് ദാഹം ശമിപ്പിച്ചും ദേഹം വീശി വീശി തണുപ്പിച്ചും കഴിഞ്ഞു. 
           ഒരു ദിവസം ശെൽവൻ ചായ കൊണ്ടുവന്നപ്പോൾ അവന്റെ മുഖത്ത് കറുത്ത ഒരു കണ്ണടയുണ്ട്.  നെറ്റിയിലേക്ക് കണ്ണട ഉയർത്തി വച്ചിട്ട് അവൻ ഗമയിൽ പറഞ്ഞു:
           "പുരുഷുവങ്കിളിന്റെ കണ്ണട ഞാൻ കാശുകൊടുത്ത് മേടിച്ചു."
           "പുരുഷു അങ്കിളോ? അതാരാ?"
           "സാറിനറിയില്ലേ? ലോട്ടറിക്കാരൻ അങ്കിൾ."
           അവൻ പറഞ്ഞാണ്  അയാളുടെ പേര് പവിത്രൻ അറിയുന്നത്. 
          അടുത്തിടെ ശെൽവന്റെ  ഉടുപ്പിലും നടപ്പിലും ചില മാറ്റങ്ങൾ വന്നിരുന്നു.  ആ കറുത്ത കണ്ണട എപ്പോഴും അവന്റെ മുഖത്തുണ്ടാകും.  പതിവായി ധരിക്കാറുള്ള ലുങ്കിക്കും ബനിയനും പകരം പാന്റ്സും ഷർട്ടുമാണ് ഈയിടെയായി വേഷം.  മേൽച്ചുണ്ടിനു മീതെ ആയിടെ കിളിർത്തു തുടങ്ങിയ രോമങ്ങൾക്ക് കറുപ്പ് കൂട്ടാൻ നടത്തിയ ശ്രമം അറിയാനുണ്ടായിരുന്നു.         
           ഒരിക്കൽ അവൻ പുരുഷുവിനോട് വഴക്കിട്ടു. അതിന്റെ കാരണം ചോദിച്ചപ്പോൾ ശെൽവൻ പറഞ്ഞു:         
           "അയാൾക്ക് ഭാഗ്യലക്ഷ്മിയെ കല്യാണം കഴിക്കണത്രെ. ഞാനിടപെട്ട് അത് നടത്തിക്കൊടുക്കണമെന്നു പറഞ്ഞ് എപ്പോഴും അയാളെന്നെ ശല്യപ്പെടുത്തുകയാ.  പിന്നെ അയാൾ ഭാഗ്യലക്ഷ്മിയെപ്പറ്റി വേണ്ടാത്തതും പറഞ്ഞു." 
         "അപ്പോൾ അയാൾ കല്യാണം കഴിച്ചതല്ലേ?" 
          "ആ കുള്ളനെ ഏത് പെണ്ണ് ഇഷ്ടപ്പെടും സർ?"
          പാന്റ്സിന്റെ പോക്കറ്റിൽ കൈകടത്തി അവൻ ഒരു മടക്കു കത്തി പുറത്തെടുത്ത് പവിത്രനെ കാണിച്ചു.
          "ഇതെന്തിനാ?" പവിത്രൻ ചോദിച്ചു. 
           "ഭാഗ്യലക്ഷ്മിയെപ്പറ്റി ഇനി അയാൾ വേണ്ടാത്തത് പറഞ്ഞാൽ കുത്തി മലർത്താൻ."  അവൻ പറഞ്ഞു: "പുരുഷു അങ്കിളല്ല, ആര് അനാവശ്യം പറഞ്ഞാലും പറഞ്ഞവനെ ഞാൻ തട്ടും."
           ഭാഗ്യലക്ഷ്മിയുടെ സംരക്ഷണം ഏറ്റെടുത്ത മട്ടിലായിരുന്നു ശെൽവന്റെ സംസാരം. 
            "ഈ കത്തിയും നീ പുരുഷു അങ്കിളിന്റെ കൈയിൽ നിന്ന് വാങ്ങിയതാണോ?" അവൻ കണ്ണട വാങ്ങിയ കാര്യം ഓർത്ത് പവിത്രൻ തമാശയ്ക്ക് ചോദിച്ചു.
          "അയാളുടെ കൈയിൽ ഒറ്റക്കുത്തിന് ആളെ കൊല്ലാൻ പറ്റിയ ഒരു മടക്കു കത്തിയുണ്ട്. അതയാൾ ആരേയും കാണിച്ചിട്ടില്ല. ഒരിക്കലയാൾ അതെടുത്ത് നഖം വെട്ടുന്നത് കണ്ടു. അത് വിലയ്ക്ക് തര്വോ എന്ന് ഞാൻ ചോദിച്ചു, ഒരു തമാശയ്ക്ക്.  എന്റെ കൈയിൽ കത്തിയുള്ളപ്പോൾ എനിക്കെന്തിനാ വേറെ കത്തി?" 
           അവന്റെ ആവേശം കണ്ട് പവിത്രൻ ചെറുതായിട്ടൊന്ന് ഭയന്നു.
           ഓഫീസില്ലാത്ത ഒരു ദിവസം പവിത്രനെ തേടി അമ്മ താമസസ്ഥലത്ത് എത്തി.  മുന്നറിയിപ്പൊന്നും കൂടാതെയുള്ള വരവാണ്.  ട്രെയിനിൽ മൂന്നുമൂന്നര മണിക്കൂർ യാത്ര ചെയ്താണ് അമ്മ മകനെ കാണാൻ വന്നിരിക്കുന്നത്. 
          "ജോലിസ്ഥലത്ത് ഏതെങ്കിലും പെണ്ണുമായി നിനക്ക് അടുപ്പമുണ്ടോ?"  അമ്മയുടെ പ്രതീക്ഷിക്കാതെയുള്ള ചോദ്യം. 
           ഭാഗ്യലക്ഷ്മിയുടെ കാര്യം അവതരിപ്പിച്ചാൽ അമ്മ എതിര്  പറയില്ലെന്നറിയാം.  അവളുടെ സാമ്പത്തിക സ്ഥിതിയോ തൊഴിലോ ജാതിയോ ജാതകമോ ഒന്നും അമ്മ പ്രശ്നമാക്കില്ല.  മകൻ എങ്ങനേയും വിവാഹം ചെയ്തു കാണണം.  ആ ഒരു വിചാരമേ എന്നും പുരോഗമനം ആഗ്രഹിക്കുന്ന അമ്മയ്ക്ക് ഉള്ളു.
          "ഞാനൊരു പെണ്ണിനെ കണ്ടുവെച്ചിട്ടുണ്ട്.  ആരോരുമില്ലാത്ത ഒരുവൾ. അമ്മക്കിഷ്ടപ്പെടാതെ വരില്ല.  സൗന്ദര്യം മാത്രമാണ് ഏക സമ്പത്ത്.  അമ്മ എന്തു പറയുന്നു?" 
           "നിന്റെ ആഗ്രഹത്തിന്  ഞാനെതിര് നിൽക്കില്ലെന്നറിഞ്ഞൂടെ, പവിത്രാ?" 
           "എങ്കിൽ അമ്മ എന്റെ കൂടെ ഒരിടംവരെ വരണം."
           അമ്മ സമ്മതിച്ചപ്പോൾ പവിത്രൻ ഭാഗ്യലക്ഷ്മിയെ വിളിച്ചറിയിച്ചു: 
           "ഞാൻ അമ്മയെ കൂട്ടി ഭാഗ്യലക്ഷ്മിയുടെ വീട്ടിലേക്ക് വരുന്നു." 
          വിശ്വാസം വരാഞ്ഞിട്ടാകാം  ഭാഗ്യലക്ഷ്മി പെട്ടെന്ന് പ്രതികരിച്ചില്ല.  നിമിഷങ്ങൾ കഴിയേണ്ടി വന്നു മറുപടിക്ക്: 
           "ശെൽവന് എന്റെ വീടറിയാം. അവനെ കൂട്ടി ഒരു ഓട്ടോ പിടിച്ച് വരൂ."
           ശെൽവന് ആകപ്പാടെ ഒരിഷ്ടക്കേട്.  ഏതോ ഒഴികഴിവ് പറഞ്ഞ് അവൻ മുനിഞ്ഞ് നിന്നു. അമ്മകൂടി കുറെയധികം നിർബ്ബന്ധിച്ചപ്പോഴാണ് അവൻ കൂടെവരാൻ കൂട്ടാക്കിയത്.  
           ഭാഗ്യലക്ഷ്മിയുടെ തോളിൽ കൈവച്ച് അമ്മ പറഞ്ഞു: 
           "എനിക്കിഷ്ടമായി നിന്നെ."
           അമ്മ കാര്യങ്ങൾ അവതരിപ്പിച്ചുകൊണ്ടിരിക്കേ  അതിനെല്ലാം മറുപടിയായി ഭാഗ്യലക്ഷ്മി കളങ്കമില്ലാതെ ചിരിക്കുക മാത്രം ചെയ്തു. അതുമാത്രമേ അവൾക്ക് തന്റെ  ഭാഗത്തുനിന്ന് ചെയ്യാനുള്ളു എന്നു തോന്നി. 
           കാത്തു കിടന്ന  റിക്ഷയ്ക്കടുത്തേക്ക് കനം തൂങ്ങിയ മുഖത്തോടെ ശെൽവൻ പെട്ടെന്ന് ഇറങ്ങി നടന്നു. മിണ്ടാട്ടമില്ലാതെ അവൻ റിക്ഷയിൽ കയറി.    
           ഓട്ടോയിൽ നിന്ന് ഇറങ്ങി ശെൽവൻ നേരെ പോയത് പുരുഷുവിന്റെ അടുത്തേക്കാണ്.
           പോകാൻ അമ്മ തിരക്കു കൂട്ടിക്കൊണ്ടിരുന്നു.  അമ്മയുടെ മുഖത്ത് അതുവരെ ഇല്ലാതിരുന്ന സന്തോഷം പവിത്രൻ കണ്ടു. 
           "എല്ലാം നമുക്ക് വൈകാതെ തീരുമാനിക്കാം പവിത്രാ."  പോകാനിറങ്ങുമ്പോൾ അമ്മ പറഞ്ഞു. 
           പവിത്രൻ വരാന്തയിലേക്ക് കസേര വലിച്ചിട്ടിരുന്ന്  തെരുവിലേക്ക് കണ്ണ് തുറന്നു. 
           ഭാഗ്യലക്ഷ്മി എത്തി ടിക്കറ്റ് വില്പന തുടങ്ങിയിരിക്കുന്നു.  പുരുഷുവും ശെൽവനും  എന്തെല്ലാമോ സംസാരിച്ചുകൊണ്ട്  കുറച്ചകലെ നില്പുണ്ട്.  കുറെക്കഴിഞ്ഞ് ശെൽവൻ പതിവുപോലെ കെറ്റിലിൽ ചായയുമായി ഇറങ്ങി. 
           "ശെൽവാ, ഒരു ചായ എനിക്കും."  പവിത്രൻ പറഞ്ഞു.  
           ശെൽവൻ മുഖം വെട്ടിച്ച് നടന്നു പോയി.  ഉച്ച കഴിഞ്ഞുള്ള ചായ സമയത്തും പവിത്രന് മുഖം കൊടുക്കാതെ ശെൽവൻ കെറ്റിലും തൂക്കിപ്പിടിച്ച് തെരുവിലൂടെ പോയി.
           ആലോചനകളിൽ മുഴുകി രാത്രി പവിത്രൻ ഉറങ്ങാൻ  വൈകി.            
           പ്രഭാതത്തിലെ വിളറിയ വെളിച്ചം തെരുവിൽ വീണ് പിന്നേയും കഴിഞ്ഞാണ് പവിത്രൻ എണീറ്റത്.  മഴക്കാറ് മൂടിയ ആകാശത്തിനു ചുവട്ടിൽ ഉറക്കം വിട്ട് ഭാഗ്യത്തെരുവ് ഉണർന്നു തുടങ്ങിയിരുന്നു.  പേസ്റ്റ് പുരട്ടിയ ബ്രഷ് പല്ലുകളിൽ ഉരസിക്കൊണ്ട് പവിത്രൻ പുറത്തേക്കു നോക്കി.   
           തെരുവിൽ പതിവില്ലാതെ   കണ്ട ആൾക്കൂട്ടത്തിലേക്ക് പവിത്രന്റെ ശ്രദ്ധ തിരിഞ്ഞു.  ഗൗരവമുള്ള എന്തോ സംസാരമാണ് അവർക്കിടയിൽ നടക്കുന്നതെന്ന് തോന്നി പവിത്രന്.  ആളുകൾ കൂടിനില്ക്കുന്നിടത്തേക്ക് അയാൾ ചെന്നു. ഒരു കൊലപാതകമാണ് സംസാര  വിഷയം. കൊല നടന്നിരിക്കുന്നത് കഴിഞ്ഞ രാത്രിയിലാണ്.    
           "ആരായിരിക്കും? വല്ല ഊഹവും...?" 
            "ചോര പുരണ്ട ഒരു മടക്കു കത്തി മൃതദേഹത്തിനടുത്തു നിന്ന് കണ്ടുകിട്ടിയിട്ടുണ്ട്.  ആരുടേതാണതെന്ന് പൊലീസ് തെളിയിക്കും."           
           "ആർക്കാണ് കൊല്ലാൻ തോന്നിയത് അവളെ?  ഈ തെരുവിലേക്ക് ഭാഗ്യം കൊണ്ടുവന്നവൾ! എന്തു സുന്ദരിയായിരുന്നു അവൾ!" 
           പവിത്രൻ എല്ലാം കേട്ടു. നീറിപ്പിടിക്കുന്ന വേദനയോടെ വന്ന് കസേരയിൽ അയാൾ തളർന്നു കിടന്നു.  വിശപ്പും ദാഹവും ഇല്ല.  വേദനമാത്രം. 
           "സാറിന് ചായ വേണ്ടേ?" 
           പവിത്രൻ കണ്ണു തുറന്നു.  കടലാസു കപ്പിലേക്ക് ചായ പകരാൻ കെറ്റിൽ ചെരിക്കുകയാണ് ശെൽവൻ!  പവിത്രൻ അലറിക്കൊണ്ട്  ചോദിച്ചു:
           "ആരാണ്,  ആരാണ് അവളെ കൊന്നത്?"
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക