
ആരെയാണ് ഒരിക്കലും മറക്കാതിരിക്കുക? ഒരു കൂട്ടത്തിലേക്കു ഒരു അധ്യാപകൻ ചോദ്യം എറിഞ്ഞു നിശ്ശബ്ദനായിരുന്നു. കുട്ടികൾ അവരുടെ ഉത്തരങ്ങൾ കണ്ടുപിടിച്ചുകാണും എന്നുകരുതി അദ്ദേഹം ഓരോരുത്തരോടായി ചോദിച്ചുതുടങ്ങി. ഗാന്ധി, എബ്രഹാം ലിങ്കൺ, ഹിറ്റ്ലർ, ദൈവം, എന്നുതുടങ്ങി നിരവധി ഉത്തരങ്ങൾ നിരത്തി, അതിലൊന്നും ആ അധ്യാപകൻ തൃപ്തനായില്ല. ചോദ്യം ജനറിക് ആയതിനാൽ കുട്ടികൾ പരുങ്ങി.
കടം വാങ്ങിയിട്ട് മുങ്ങിനടക്കുന്നവൻ, അറിയുന്നവരുടെ മുന്നിൽവച്ചു അപമാനിച്ചവൻ, ഈ കൂട്ടരെ നിങ്ങൾ മറക്കുമോ? ഒരിക്കലും മറക്കില്ല. ശരിയാണ് ഈക്കൂട്ടരെ മറക്കാനാവില്ല.
നന്ദിയുടെ മടിക്കുത്തഴിച്ചു നോക്കുമ്പോൾ ഓരോ പാളികളിലും ഒതുക്കിവച്ചവരെ ഓർത്തെടുക്കാൻ അൽപ്പം സമയം വേണം, എന്നാൽ മുൻപ് പറഞ്ഞ വിഭാഗത്തിലുള്ളവരാണ് ഇപ്പോഴും ഓർമ്മയിൽ നിൽക്കുക. നമ്മുടെ ഓർമ്മയിൽ കയറികൂടുകൂട്ടന്നവരാണ് നമ്മുടെ സുഹൃത്തുക്കൾ എന്നുനാം അറിയാതെ തെറ്റിദ്ധരിച്ചുപോയി.
അന്വേഷണങ്ങളുടെ ആധിക്യമാണ് ഒരു ജീവിതത്തിനു വില നിശ്ചയിക്കുന്നത് എന്നും പരക്കെ പറയാറുണ്ട്. എത്രപേർ നിങ്ങളെ അന്വേഷിച്ചു, അന്വേഷിച്ചുകൊണ്ടിരിക്കുന്നു എന്നത് ഒരു അളവുകോൽ ആകാം എങ്കിലും ചില അന്വേഷണങ്ങളുടെ പിന്നലെ യാഥാർഥ്യം ഉൾകൊള്ളുമ്പോൾ പലതും മാറ്റിചിന്തിക്കേണ്ടിവരാം.
പൊതുവെ നിഷ്ക്കളങ്കരായ മലയാളികൾക്ക് നന്ദി പറയാൻ ലേശം ഉളുപ്പ് ഉള്ളതിനാൽ, ഒക്കെ ഒരു ചിരിയിൽ ഒതുക്കാറുണ്ട്. എന്നാൽ ചിരിയുടെ നാനാർഥങ്ങൾ തിരയുമ്പോൾ കാലം കുറെ കഴിഞ്ഞിരിക്കും.
നന്ദി വേണോ പണം വേണോ എന്നൊരു ചോദ്യം നമ്മളിൽ പലരും കേട്ടിട്ടുണ്ട്. അതിന്റെ പിന്നിൽ അൽപ്പം അശ്ളീലം ഉണ്ടെങ്കിലും, നന്ദി അങ്ങനെയെങ്കിലും നമ്മുടെ സമൂഹത്തിൽ അടയാളപ്പെടുത്തിയിട്ടുണ്ട്.
പൊതുസമ്മേളങ്ങളിലെ നന്ദിപ്രകടനമാണ് ഏറ്റവും വിചിത്രം. സാംസ്കാരികമായി ഒട്ടും ചേരാത്ത ഒരു പ്രവർത്തി എന്ന് തോന്നിക്കുന്ന വളരെ അരസികമായ ഈ അഭ്യാസത്തിനു തിരഞ്ഞെടുക്കുന്നവരെ ഓർത്താൽ കാര്യം പിടികിട്ടും. ഈ നന്ദിപ്രകടനം മിക്കവാറും ആളൊഴിഞ്ഞ കസേരകൾക്കു മുന്നിലായതിനാൽ ചില മിടുക്കന്മാർ നന്ദി പ്രകാശനം യോഗത്തിന്റെ ഇടയ്ക്കു അടിച്ചുകയറ്റാറുണ്ട്. അല്ലെങ്കിൽത്തന്നെ സ്വാഗതപ്രസംഗകൻ സ്വാഗതത്തോടൊപ്പം നിരവധിതവണ നന്ദി രേഖപ്പെടുത്തി കഴിഞ്ഞിരിക്കും. അപ്പോൾ ആർക്കുവേണം ഈ നന്ദി എന്ന് കേൾക്കുന്നവർതന്നെ തീരുമാനിക്കും.
ജീവിതത്തിലെ എല്ലാ തീവ്രവും അല്ലാത്തതുമായ അനുഭവങ്ങൾക്കും ചരാചരങ്ങൾക്കും എല്ലാത്തിനും ദൈവത്തോട് നന്ദിപറഞ്ഞിരിക്കണം എന്നൊരു ശീലം നമുക്ക് കൈവന്നിട്ടുണ്ട്. അങ്ങനെ സമ്പത്തിലും സങ്കടങ്ങളിലും നാം ദൈവത്തിനു നന്ദിപറയുന്നു. അപകടത്തിൽപ്പെട്ടു അകാല നിര്യാണം പ്രാപിച്ച ചെറുപ്പക്കാരന്റെ സംസ്കാരത്തിനും മഴകൊണ്ട് അലമ്പുണ്ടാക്കാതെ കാത്ത ദൈവത്തിനു നന്ദി. ദുഃഖാർത്ഥരായ വീട്ടുകാരെ ആശ്വസിപ്പിക്കാൻ എത്തിയ പിതാവ് മോസ്റ്റ് റെവേറെന്റ് തിരുമേനിക്കും നന്ദി. ആ നന്ദി വെറും ഫ്രീ അല്ല അൽപ്പം കടുപ്പമുള്ള കവർ കൂടിയേ മതിയാവുകയുള്ളൂ.
ആത്മാർത്ഥമായ നന്ദി പറയുന്നതിന്റെ അടിസ്ഥാന ലക്ഷ്യങ്ങൾ അതു ബന്ധത്തെ ശക്തിപ്പെടുത്തുകയും, ആശയവിനിമയം അവിസ്മരണീയമാക്കുകയും, പോസിറ്റീവ് വികാരങ്ങൾ വളർത്തുകയും ചെയ്യും. അത് ബന്ധങ്ങളെ ശക്തിപ്പെടുത്തുന്നു, അവരുടെ പരിശ്രമത്തെയും വ്യക്തിത്വത്തെയും അംഗീകരിക്കുന്നു, കൂടാതെ ക്ഷേമബോധം വളർത്തുന്നതിലൂടെയും സമ്മർദ്ദം കുറയ്ക്കുന്നതിലൂടെയും നിങ്ങളുടെ സ്വന്തം ആരോഗ്യത്തിനും സന്തോഷത്തിനും ഗുണം ചെയ്യുന്നു. കൃതജ്ഞത പ്രകടിപ്പിക്കുന്നത് ഒരു പോസിറ്റീവ് ഇഫക്റ്റിനെ പ്രോത്സാഹിപ്പിക്കുകയും മറ്റുള്ളവരെ കൂടുതൽ നന്ദിയുള്ളവരും സഹകരണമുള്ളവരുമായിരിക്കാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നു, കൂടാതെ സാമൂഹിക ബന്ധങ്ങൾ നിലനിർത്താനും വിശ്വാസം വളർത്തിയെടുക്കാനും സഹായിക്കുന്നു.
കൃതജ്ഞതയുടെ മികച്ച 7 ആരോഗ്യ ഗുണങ്ങൾ; അവ രക്തസമ്മർദ്ദം കുറയ്ക്കുന്നു, വിഷാദരോഗ സാധ്യത കുറയ്ക്കുന്നു, മികച്ച ഉറക്കം, സമ്മർദ്ദം കുറയ്ക്കുന്നു, ഊർജ്ജം വർദ്ധിപ്പിക്കുന്നു, മെച്ചപ്പെട്ട സ്വയം പരിചരണം, മാനസിക ശക്തി വർദ്ധിപ്പിക്കുന്നു.
നിങ്ങളുടെ ദിവസം മികച്ചതാക്കുന്ന ചെറിയ കാര്യങ്ങൾ ശ്രദ്ധിക്കുന്ന ശീലം വളർത്തിയെടുക്കാൻ കൃതജ്ഞത നിങ്ങളെ സഹായിക്കുന്നു. ഒരുപക്ഷേ അത് ഒരു അപരിചിതന്റെ ദയയോ, നിങ്ങൾക്ക് ലഭിച്ച ഒരു അഭിനന്ദനമോ, അല്ലെങ്കിൽ നിങ്ങൾക്ക് വേണ്ടിയുള്ള ഒരു നിശബ്ദ നിമിഷമോ ആകാം.
ഒരു ആലിംഗനം നൽകുക, അല്ലെങ്കിൽ പൂക്കൾ സമ്മാനമായി നൽകുക. മറ്റൊരു സന്ദർഭത്തിൽ, ലളിതമായ ഒരു നന്ദി - പ്രത്യേകിച്ച് അത് ആത്മാർത്ഥവും കൃത്രിമത്വമില്ലാത്തതുമാണെങ്കിൽ - കാര്യങ്ങൾ കൂടുതൽ എളുപ്പമാക്കും. എന്തായാലും, നമ്മുടെ ചുറ്റുമുള്ളവരുടെ നന്മയെ നാം അംഗീകരിച്ചാൽ സാമൂഹിക ബന്ധം വർദ്ധിപ്പിക്കുന്നതിന് നമുക്ക് കൂടുതൽ ചെയ്യാൻ കഴിയുമെന്ന് വ്യക്തമാണ്.
ഒരിക്കൽക്കൂടി ഒരു 'നന്ദികൊടുക്കൽ ദിനം' നമുക്ക് അടിപൊളിക്കാം.