Image

"കണ്ടാൽ തോന്നൂല്ല." : രവിമേനോൻ

Published on 27 November, 2025
"കണ്ടാൽ തോന്നൂല്ല." : രവിമേനോൻ

ഓട്ടോയിൽ കയറിയിരുന്നപ്പോൾ ഡ്രൈവർ ചോദിച്ചു:

"പാട്ട് വെക്കുന്നതിൽ വിരോധമില്ലല്ലോ?"

പിന്നിലെ സ്പീക്കറുകളിൽ നിന്ന് കരകര ശബ്ദത്തിന്റെ അകമ്പടിയോടെ ഒഴുകിക്കൊണ്ടിരുന്ന പാട്ടിലേക്ക് ശ്രദ്ധ പോയത് അപ്പോഴാണ്: എം ജി ശ്രീകുമാറും സുജാതയും മത്സരിച്ചു പാടുന്നു: "കവിളിണയിൽ കുങ്കുമമോ പരിഭവ വർണ്ണ പരാഗങ്ങളോ കരിമിഴിയിൽ കവിതയുമായ് വാവാ എന്റെ ഗാഥേ...."

"ഏയ്, ഒരു വിരോധവുമില്ല. പാടിക്കോട്ടെ. കുറച്ചധികം നേരത്തെ യാത്രയുണ്ടല്ലോ... " -- എന്റെ മറുപടി.

ഓട്ടോ ഡ്രൈവർ യുവാവാണ്. തിരിഞ്ഞുനോക്കി ഒരു ചെറുപുഞ്ചിരി സമ്മാനിച്ച് അയാൾ പറഞ്ഞു: "താങ്ക്യു സാർ." പിന്നെ ഉറക്കെ ഒരു ആത്മഗതം കൂടി: "അല്ല. ചോദിക്കേണ്ടത് നമ്മുടെ മര്യാദ ആണല്ലോ. ചിലർക്ക് പാട്ട് വെക്കുന്നത് ഇഷ്ടമല്ല. ബഹളം വെച്ച് വെറുപ്പിച്ചുകളയും.."

ഓട്ടോ സ്റ്റാർട്ടാക്കിയ ശേഷം പാട്ടിന്റെ വോള്യം അൽപ്പം കൂട്ടിവെച്ചു ഡ്രൈവർ. വണ്ടി കുറച്ചു ദൂരം മുന്നിലേക്ക് നീങ്ങിയ ശേഷമാണ് ഒരു കാര്യം ശ്രദ്ധിച്ചത്. ഓട്ടോ ഓടിക്കുന്നതോടൊപ്പം പാട്ടിന്റെ വരികൾ ഉറക്കെ ഏറ്റുപാടുന്നു ഡ്രൈവർ. ഇടംകൈ കൊണ്ട് ഹാൻഡ്ൽ ബാറിൽ മുറുക്കെ പിടിച്ച്, വലംകൈയാൽ വായുവിൽ താളമിട്ടാണ് ആലാപനം. ഒപ്പം പാട്ടിന്റെ താളത്തിനനുസരിച്ച് ശരീരം ഇളക്കുന്നുമുണ്ട്. ചുമലുകളും കൈകളും കാലുകളുമെല്ലാം പങ്കുചേരുന്നു ആ ആഘോഷത്തിൽ. പാട്ട് താരസ്ഥായിയിൽ എത്തുമ്പോൾ ശരീരം ഒന്നാകെ ഇളകും. ഓട്ടോയും പിന്നിലിരിക്കുന്ന ഞാനുമെല്ലാം കുലുങ്ങും അപ്പോൾ.

ആശങ്ക തോന്നിയെന്നത് സത്യം. പാട്ടിന് കാതും റോട്ടിന് കണ്ണും കൊടുത്തുകൊണ്ടുള്ള ഡ്രൈവിംഗ് അത്ര സുഖമുള്ള ഏർപ്പാടല്ലല്ലോ. എങ്ങാനും വണ്ടിയുടെ നിയന്ത്രണം കൈവിട്ടുപോയാലോ? എങ്കിലും പരാതിപ്പെടാനൊന്നും പോയില്ല. പാട്ടിൽ അലിഞ്ഞൊഴുകുകയാണ് എന്റെ സാരഥി. യാത്രക്കാരന്റെ സാന്നിധ്യം പോലും മറന്നിരിക്കുന്നു അയാൾ. നമ്മളായിട്ട് ആ രസച്ചരട് മുറിക്കുന്നതെന്തിന് ?

പാട്ടുകൾ മാറിമാറി വന്നു; മെലഡികൾക്ക് പിറകെ ഫാസ്റ്റ് നമ്പറുകൾ. അതുകഴിഞ്ഞു നാടൻ പാട്ടുകൾ,വീണ്ടും മെലഡികൾ. ഭാഗ്യവശാൽ ദുഃഖഗാനങ്ങൾ മാത്രമില്ല. യേശുദാസും എം ജി ശ്രീകുമാറും ജാസി ഗിഫ്റ്റും പുതിയ തലമുറയിലെ ഹരിശങ്കറും സൂരജ് സന്തോഷും ഇടക്ക് ചിത്രയും ഒക്കെ വഴിക്കുവഴിയായി വന്നുപോകുന്നു. പാട്ടുകളോരോന്നും ഉറക്കെ ഏറ്റുപാടി സീറ്റിലിരുന്ന് "നൃത്തം വെക്കുന്ന" ഡ്രൈവറെ വഴിയാത്രക്കാർ കൗതുകത്തോടെ ശ്രദ്ധിക്കുന്നത് കാണാമായിരുന്നു.

ജയചന്ദ്രൻ പാടിയ "പൂവേ പൂവേ പാലപ്പൂവേ" എന്ന പാട്ടിന് പിന്നാലെ വന്നത് തമിഴിലെ ഒരു ഫാസ്റ്റ് നമ്പർ. ഫാസ്റ്റ് എന്ന് പറഞ്ഞാൽ പോരാ, സൂപ്പർ ഫാസ്റ്റ്. കുത്തുപാട്ട് ആണെന്ന് തോന്നുന്നു. പൊടുന്നനെ തിരിഞ്ഞ് ഡ്രൈവർ ചോദിച്ചു: "അല്ല സാറിന് അടിപൊളി പാട്ടിനോട് വെറുപ്പുണ്ടോ? ഉണ്ടെങ്കിൽ മാറ്റാം..."

"ഏയ്, വേണ്ട. ഒരു വെറുപ്പും ഇല്ല. കേൾക്കാലോ. അടിപൊളി പാട്ടും ഇഷ്ടമാണ്."

വോള്യം കുറച്ചുകൂടി കൂട്ടി വെച്ച ശേഷം ഡ്രൈവറുടെ ആത്മഗതം : "അത് കൊള്ളാം. സാറിനെ കണ്ടാൽ തോന്നൂല്ല."

ബ്ലോക്കിൽ പെട്ട് ഓട്ടോ കുറച്ചു നേരം നിശ്ചലമായപ്പോൾ തിരിഞ്ഞുനോക്കാതെ തന്നെ സാരഥി ചോദിച്ചു: "സാറ് സിനിമാപ്പാട്ടൊക്കെ കേൾക്കാറുണ്ടോ ?"

"അത്യാവശ്യം."-- ഞാൻ പറഞ്ഞു. " പഴയ പാട്ടുകളാണ് അധികവും കേൾക്കുക. എന്നാലും പുതിയ പാട്ടുകളും ഇഷ്ടമാണ്."

"ഹാവൂ. സമാധാനമായി. ഞാൻ വിചാരിച്ചു സാറ് ശാസ്ത്രീയത്തിൻ്റെ ആളാണെന്ന്."-- കാക്കിക്കുപ്പായത്തിന്റെ കോളർ ശരിയാക്കി ഡ്രൈവർ പറഞ്ഞു. "ഞാൻ പഴേ പാട്ടൊന്നും കേൾക്കാറില്ല. അതൊക്കെ ഭയങ്കര അർത്ഥങ്ങളുള്ള പാട്ടുകളാണ്. നമുക്ക് അത്ര വലിയ അർത്ഥങ്ങളൊന്നും വേണ്ട. ഗല്ലം ഗല്ലം, ജില്ലം ജില്ലം, ബുല്ലം ബുല്ലം.... അങ്ങനെയുള്ള അർത്ഥങ്ങൾ മതി. കേൾക്കുമ്പോൾ ഒരു സന്തോഷം തോന്നണം. സങ്കടം വേണ്ടേ വേണ്ട."

ആ വാക്കുകളിലെ നിഷ്കളങ്കത മനസ്സിനെ തൊട്ടു. നിമിഷനേരത്തെ നിശ്ശബ്ദതക്ക് ശേഷം ഡ്രൈവർ പറഞ്ഞു: "എന്തിനാ സാറേ സങ്കടപ്പാട്ട് ? ലൈഫിൽ നിറയെ സങ്കടം അല്ലേ സാറേ. ഇതാ ഇങ്ങനെ പാട്ടും കേട്ട് ഡാൻസും ചെയ്ത് നമ്മുടെ വണ്ടി ഇങ്ങനെ ഓടിച്ചു പോകുന്നതാണ് എന്റെ ഏറ്റവും വലിയ സന്തോഷം..."

ലക്ഷ്യസ്ഥാനത്ത് എന്നെ ഇറക്കി ഓട്ടോ ചാർജ് വാങ്ങി കീശയിലിട്ട് വിടപറയുമ്പോൾ യാത്രാമൊഴിയായി ഇത്രകൂടി പറഞ്ഞു ഡ്രൈവർ: "സാറേ എനിക്കും സാറിനും ഒന്നും പാട്ടിനെക്കുറിച്ചു വലിയ അറിവൊന്നും ഉണ്ടാവില്ല. എന്നാലും നല്ല പാട്ടേത് ചീത്തപ്പാട്ടേത് എന്ന് തിരിച്ചറിയാലോ. അതാണ് വലിയ കാര്യം..."

അകന്നകന്നുപോകുന്ന ഓട്ടോയെ നോക്കി നിൽക്കുമ്പോൾ അന്തരീക്ഷത്തിൽ ഇഷ്ടപ്പെട്ട ഒരു പാട്ടിന്റെ ഈരടികളുണ്ടായിരുന്നു: "എങ്ങുനിന്നെങ്ങുനിന്നീ സുഗന്ധം, എന്നെ തിരഞ്ഞെത്തുമീ സുഗന്ധം,,,"

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക