
ബോളിവുഡ് മുൻ നടി സെലീന ജയ്റ്റ്ലിയും ഓസ്ട്രിയൻ പൗരനായ ഭർത്താവ് പീറ്റർ ഹാഗും തമ്മിലുള്ള ബന്ധം വേർപിരിഞ്ഞതായി വെളിപ്പെടുത്തൽ. ബന്ധം വേർപെടുത്തിയ വിവരം സോഷ്യൽ മീഡിയയിലൂടെ അറിയിച്ച സെലീന, ഭർത്താവിനെതിരെ ഗാർഹികപീഡന പരാതി നൽകുകയും ചെയ്തു. ശാരീരികമായും മാനസികമായും ഉപദ്രവിച്ച പീറ്ററിനെ ‘നാർസിസ്റ്റ്’ (Narcissist) എന്നാണ് സെലീന അഭിസംബോധന ചെയ്തിരിക്കുന്നത്.
മുംബൈയിലെ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് സെലീന പരാതി നൽകിയിരിക്കുന്നത്. 2010-ൽ വിവാഹിതരായ ഇവർ ഓസ്ട്രിയയിൽ സ്ഥിരതാമസമാക്കിയിരുന്നു. പീഡനം സഹിക്ക വയ്യാതെയാണ് താൻ തിരികെ ഇന്ത്യയിലെത്തിയതെന്നും നടി പറയുന്നു.
സെലീനയുടെ പരാതിയിൽ ഭർത്താവ് പീറ്റർ ഹാഗിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്,
തന്നോടോ മൂന്ന് കുട്ടികളോടോ യാതൊരുവിധ സഹാനുഭൂതിയും ഇല്ലാത്തയാളാണ് പീറ്ററെന്ന് സെലീന പറയുന്നു. അയാൾ മുൻകോപിയും മദ്യപാനിയുമാണെന്നും ആരോപിക്കുന്നു. “വിവാഹ ശേഷം ജോലിക്ക് പോകാൻ അയാൾ സമ്മതിച്ചില്ല. പീഡനം സഹിക്ക വയ്യാതെയാണ് തിരികെ ഇന്ത്യയിലെത്തിയത്,” എന്നും സെലീന പരാതിയിൽ പറയുന്നു.
ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് അനുസരിച്ച്, സെലീനയുടെ പരാതിയിലെ പ്രധാന ആവശ്യങ്ങൾ ഇവയാണ്,
ഓസ്ട്രിയയിലുള്ള തങ്ങളുടെ മൂന്ന് കുട്ടികളുടെ സംരക്ഷണം തനിക്ക് വിട്ടുനൽകണം. ഒറ്റത്തവണ ജീവനാംശമായി 50 കോടി രൂപയും പ്രതിമാസം 10 ലക്ഷം രൂപയും പീറ്റർ നൽകണമെന്നും സെലീന ആവശ്യപ്പെടുന്നു.
സെലീനയുടെ പരാതിക്ക് പിന്നാലെ കോടതി പീറ്ററിന് നോട്ടീസ് അയച്ചിട്ടുണ്ട്. കേസ് അടുത്തമാസം 12-ന് പരിഗണിക്കും.
ഓസ്ട്രിയയിലെ ബിസിനസുകാരനും ഹോട്ടൽ ഉടമയുമാണ് പീറ്റർ ഹാഗ്. ഇരുവരും തമ്മിലുള്ള ബന്ധം തകർന്നതിൻ്റെ സൂചന നേരത്തെ ഉണ്ടായിരുന്നു. ഇക്കഴിഞ്ഞ ഓഗസ്റ്റിൽ സെലീനയുമായി ബന്ധം വേർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഓസ്ട്രിയയിലെ കോടതിയിൽ പീറ്റർ ഹർജി നൽകിയിരുന്നു.