
ഒരുകാലഘട്ടത്തിന്റെ കവിയായിരുന്നു ബിച്ചുതിരുമല. എൺപതുകളിലും
തൊണ്ണൂറുകളിലും മലയാളികൾ പാടിനടന്ന ഗാനങ്ങളിൽ
മിക്കതും ജന്മമെടുത്തത് ബിച്ചുവിന്റെ തൂലികത്തുമ്പിൽനിന്നായിരുന്നു.
പാട്ടെഴുത്തിന്റെ പാലാഴിയിൽനിന്ന് കടഞ്ഞെടുത്തവയായിരുന്നു അദ്ദേഹത്തിന്റെ ഗാനങ്ങൾ.
പ്രണയവും വിരഹവും ഭക്തിയും ആഘോഷവും ഹാസ്യവും ദേശ സ്നേഹവുമെല്ലാം
സന്ദർഭോചിതമായി സന്നിവേശിപ്പിച്ച ഗാനരചയിതാവ്.
പാട്ടുകേൾക്കുമ്പോൾ തന്നെ എഴുതിയത് 'ബിച്ചുതിരുമല"യെന്ന്പറയാൻ മലയാളികൾക്ക്
അനായാസം കഴിഞ്ഞിരുന്നു.. തേനുംവയമ്പും നാവിൽ തൂവുന്ന വാനമ്പാടിയും,
നീലജലാശയത്തിലും രാകേന്ദു കിരണങ്ങളും എവിടെയോ കളഞ്ഞുപോയ കൗമാരവുമൊക്കെ
സംഗീതപ്രേമികളെ വല്ലാത്തൊരു ആസ്വാദന തലത്തിലാണെത്തിച്ചത്.
ശാസ്ത്രീയ സംഗീതത്തിന്റെ പിൻബലമുള്ള 'നക്ഷത്രദീപങ്ങൾ തിളങ്ങി"യും,
ഹാസ്യത്തിന്റെ മേമ്പൊടി ചാലിച്ച 'പാവാട വേണം മേലാട വേണവുമൊക്കെ
എല്ലാത്തരം ഗാനാസ്വാദകരും കൈയിലൊതുക്കി.
നാവായിൽ 'മാമാങ്കംപലകുറി കൊണ്ടാടിച്ചും,
'ശങ്കര ധ്യാനപ്രകാരം ജപിച്ച് അമ്പലം ചുറ്റിയും ഗാനശാഖയുടെ വേറിട്ട വഴിയിലൂടെയും അദ്ദേഹം സഞ്ചരിച്ചു.
കാവ്യരചനയിലെ ഒരു പകർന്നാട്ടമാണ് കഴിഞ്ഞ അരനൂണ്ടോളം മലയാള ഗാനലോകത്ത്
ബിച്ചുതിരുമല നടത്തിവച്ചത്.
1972ൽ ഭജഗോവിന്ദം എന്ന ചിത്രത്തിലൂടെ ചലച്ചിത്ര ഗാനരംഗത്തേക്കുവന്ന
ബിച്ചുവിന്റെ എത്രയെത്ര ഹിറ്റുകൾക്കാണ് പിന്നീട് കാലം സാക്ഷിയായത്.
“ഹൃദയം ദേവാലയം...”(തെരുവുഗീതം) "നക്ഷത്രദീപങ്ങൾതിളങ്ങീ...." (നിറകുടം)
"വാകപ്പൂമരംചൂടും..." (അനുഭവം) , നീയും നിന്റെ കിളിക്കൊഞ്ചലും…" (കടൽക്കാറ്റ്)
"ഒരുമയിൽപ്പീലിയായ് ഞാൻ ജനിച്ചുവെങ്കിൽ..." ( അണിയാത്ത വളകൾ )
"വെള്ളിച്ചില്ലും വിതറി...." (ഇണ) "മൈനാകം കടലിൽനിന്നുതിരുന്നുവോ....." (തൃഷ്ണ)
"ശ്രുതിയിൽ നിന്നുയരും..." (തൃഷ്ണ) "തേനുംവയമ്പും നാവിൽ.. (തേനുംവയമ്പും)
"ആലിപ്പഴംപെറുക്കാൻ...." (മൈഡിയർ കുട്ടിച്ചാത്തൻ) "പൂങ്കാറ്റിനോടുംകിളികളോടും...."
(പൂമുഖപ്പടിയിൽ നിന്നെയും കാത്ത്) "ഓലത്തുമ്പത്തിരുന്നൂയലാടും ....." (പപ്പയുടെ സ്വന്തം അപ്പൂസ്)
"പാൽനിലാവിനും ഒരുനൊമ്പരം...." (കാബൂളിവാല) "കണ്ണുംകണ്ണും തമ്മിൽ തമ്മിൽ...."
(അങ്ങാടി), "നീലജലാശയത്തിൽ...." (അംഗീകാരം) "രാഗേന്ദുകിരണങ്ങൾ...." (അവളുടെരാവുകൾ)
"മാമാങ്കം പലകുറികൊണ്ടാടി....." തുടങ്ങി എത്രയെത്ര ഹിറ്റുകൾ.
മലയാളമെന്നും ബിച്ചുവിന്റെ പാട്ടുകൾ പാടിക്കൊണ്ടിരിക്കും.
മലയാളികളുടെ മനസ്സിന്റെ ഓർമ്മച്ചെപ്പിൽ ബിച്ചുതിരുമല എന്നെന്നും ജീവിച്ചിരിക്കും.