Image

പ്രവാസിയുടെ നേരും നോവും - കോരസൺ വർഗീസ് (പുസ്‌തകപരിചയം : നിർമല ജോസഫ്)

Published on 26 November, 2025
പ്രവാസിയുടെ നേരും നോവും - കോരസൺ വർഗീസ് (പുസ്‌തകപരിചയം : നിർമല ജോസഫ്)

അനുവാചക മനസ്സുകളിൽ വ്യത്യസ്‌തമായ  അറിവുകളും അനുഭവങ്ങളും അടയാളപ്പെടുത്തുന്ന  24  ലേഖനങ്ങളുടെ സമാഹാരം. 
അച്ചടി ദൃശ്യ മാദ്ധ്യമങ്ങളിൽ സജീവ സാന്നിദ്ധ്യമായ ശ്രീ കോരസൺ വർഗീസിന്റെ രണ്ടാമത്തെ പുസ്തകമാണിത്.  കോരസൺ പത്തു വർഷത്തിലധികമായി വാൽക്കണ്ണാടി എന്ന പ്രോഗ്രാം ചെയ്യുന്നു. മലയാള മനോരമയിൽ വാൽക്കണ്ണാടി എന്ന പേരിൽ സ്ഥിരമായി കോളങ്ങൾ എഴുതുന്നതിനൊപ്പം നല്ലൊരു കാർട്ടുണിസ്റ്റ് കൂടിയാണ് ശ്രീ കോരസൺ.

ഈ പുസ്‌തകത്തിലെ ഓരോ  ലേഖനവും വായിച്ചുപോകുമ്പോൾ വ്യത്യസ്‌തമായ അനുഭവങ്ങളാണ്  നമുക്കുലഭിക്കുന്നത്. ചിലതൊക്കെയും നിറ കണ്ണുകളോടെയേ വായിച്ചുതീർക്കാനാകൂ. കാരണം,  താൻ നേരിട്ടറിയുന്ന, കണ്ട, പരിചയപ്പെട്ട  സാധാരണക്കാരായ മനുഷ്യരുടെ അനുഭവങ്ങളാണിത്. മറ്റു ചില  ലേഖനങ്ങളിലാകട്ടെ, ഇങ്ങനെയൊക്കെയോ! എന്ന് നമ്മെ അത്ഭുതപ്പെടുത്തുന്ന ചരിത്രത്തിൽ നിന്നും ചികഞ്ഞെടുത്ത അറിവുകളാണ്!

ഈ ലേഖനങ്ങളിൽ അമേരിക്കയുടെ സമകാലീന രാക്ഷ്ട്രീയമുണ്ട്,   നൊമ്പരപ്പെടുത്തുന്ന  ചരിത്രമുണ്ട്. വിയറ്റ്നാം യുദ്ധം, ഒക്‌ലഹോമയിലെ ടെൽസ കൂട്ടക്കൊല, ലോകമഹായുദ്ധങ്ങൾ ഉൾപ്പെടെ അമേരിക്കയുടെ  രാക് ഷ്ട്രീയ താല്പര്യങ്ങൾ വിഷയമാകുന്നുണ്ട്. 

വംശീയ രാഷ്ട്രീയ പകപോക്കലുകളിൽ  മോചനമില്ലാതെ പെട്ടുപോയവരുടെ വേദനിപ്പിക്കുന്ന കഥകളുണ്ട്. ആദ്യ ലേഖനമായ “അമീറയുടെ  പോരാട്ടങ്ങ”ളിൽ വെസ്റ്റ് ബാങ്കിൽ ജനിച്ച ഒരു സ്ത്രീയുടെ പോരാട്ടമെങ്കിൽ റോഹിംഗ്യൻ ജനതയുടെ ആട്ടിയോടിക്കലും ദുരിതപൂർണ്ണമായ അഭയാർത്ഥി ജീവിതവും അവരോട് അനുഭാവം പുലർത്തുന്ന ഒരു മലയാളിക്കുട്ടിയും വിഷയമാകുന്നു  “റോഹിങ്ക്യ കുട്ടികൾക്കൊപ്പം ഒരു മലയാളിക്കുട്ടിയും” എന്ന ലേഖനത്തിൽ. 

വെള്ളക്കാർക്കിടയിൽ മലയാളികൾക്ക് അനുഭവപ്പെടുന്ന വിവേചനവും ഒറ്റപ്പെടലും സൂക്ഷ്മമായി രേഖപ്പെടുത്തിയിട്ടുണ്ട്  പല ലേഖനങ്ങളിലും. ചിലയിടങ്ങളിൽ, അൽപ്പം ഹാസ്യത് മകമായിത്തന്നെ, നമുക്ക് നമ്മളെത്തന്നെ കാണാനാകു ന്ന മലയാളിയുടെ ഒരു നേർച്ചിത്രം    വരച്ചുകാണിക്കുന്നുണ്ട്.  “സംഭാവനയുടെ മഹത്വം, അമേരിക്കൻ മലയാളിയുടെ നിറഭേദങ്ങൾ, മാറേണ്ടതുണ്ട് അമേരിക്കൻ മലയാളികൾ” തുടങ്ങിയവ ഉദാഹരണങ്ങൾ.  ആദ്യകാല തലമുറയുടെ നിസ്സഹായവേദനകളും, ഇരട്ടത്താപ്പുസ്വഭാവവും പുതുതലമുറയുടെ നിഷേധസ്വഭാവവും ഇവയിൽ വിഷയമാകുന്നുണ്ട്.   

"വീഞ്ഞിന്റെ സുവിശേഷം ലാ ഖൈബ്, റെബേക്ക ഒരു മിന്നാമിനുങ്ങിന്റെ നക്ഷത്രത്തിളക്കം"  തുടങ്ങിയ ലേഖനങ്ങൾ പ്രവാസികളും അമേരിക്കകാരുമായുള്ള സൗഹൃദങ്ങളുടെ മനോഹരമായ കഥ പറയുമ്പോൾ, “വെളുത്ത അമേരിക്ക ദി ലാസ്റ്റ് റിസോര്ട്ട്, അമേരിക്കൻ ആശങ്കകളുടെ പെരുമഴക്കാലം, ബ്ലാക്ക് വാൾ സ്ട്രീറ്റ്, മാറി നിൽക്കൂ പുറത്ത്,   നിശബ്ദമായിരിക്കാൻ നമുക്കവകാശമില്ല” മുതലായവ സ്വദേശികളും പ്രവാസികളും നിറമുള്ളവരും തമ്മിലുള്ള അനിഷ്ട്ടവും രോഷവും വൈരാഗ്യവും  യാഥാസ്‌തിതിക തീവ്രവാദവും എടുത്തുകാണിക്കുന്നു. 

ഒരച്ഛനും മകളും തമ്മിലുള്ള രാക്ഷ്ട്രീയ അഭിപ്രായ വ്യത്യാസം സൂചിപ്പിക്കുന്ന “സ്റ്റോക്ഹോം സിൻഡ്രം”, ചെറുപ്പത്തിൽ തന്റെ അച്ഛനെ നഷ്ട്ടപ്പെട്ട കൊളംബിയൻ പെൺകുട്ടി ഇന്നും ആ സ്നേഹത്തിൽ ജീവിക്കുന്ന “ദൈവത്തിന്റെ നർമ്മം”, അമേരിക്ക തുടർന്നുപോന്ന അടിമത്വ സ്വഭാവങ്ങളെ ചിത്രീകരിക്കുന്ന “ജൂൺ റ്റീൻത്” ഒക്കെയും നല്ല വായന തരുന്നവയാണ്.
ഒരു കഥപോലെ വായിച്ചുപോകാവുന്ന, ലളിതവായന സാധ്യമാകുന്ന ഒരു പുസ്തകമാണിത്. ഇതിലെ പ്രതിപാദ്യ വിഷയങ്ങളുടെ ലാളിത്യമല്ല, മറിച്ച് ഗൗരവ വിഷയങ്ങളെ അതിന്റെ തീക്ഷ്‌ണഭാവം നഷ്ടപ്പെടാതെ ഭാഷയെ സാധാരണക്കാരന് വഴങ്ങുന്ന വിധം ലളിതമായവതരിപ്പിക്കാനുള്ള എഴുത്തുകാരന്റെ പാടവമാണതിനുകാരണം. ഈ ലേഖനങ്ങളിൽ എഴുത്തുകാരൻ പാലിക്കുന്ന ഒരു ജേർണലിസ്റ്റിന്റെ അന്വേഷണ മികവും സൂക്ഷ്‌മതയും ഈ പുസ്തകത്തെ നമ്മുടെ നെഞ്ചോട് കൂടുതൽ ചേർത്ത് നിർത്തുന്നു.  . 
സക്കറിയയും DR കെ എസ് രവികുമാറും ആശംസകൾ എഴുതിയിരിക്കുന്ന ഈ ലേഖന സമാഹാരം ഗ്രീൻ ബുക്‌സ് ആണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഒരു നല്ല വായനക്കായി തിരഞ്ഞെടുക്കാവുന്ന ഈ പുസ്‌തകം ഇവിടെ ലഭ്യമാണ്.. അതിനായി കോരസനെ സമീപിക്കുക.


ലിറ്ററെറി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക (LANA ) യുടെ ഡാലസിൽ  വച്ചുനടന്ന കൺവെൻഷനിൽ അവതരിപ്പിച്ച പുസ്‌തകപരിചയം.
പ്രവാസിയുടെ നേരും നോവും : കോരസൺ വർഗീസ്.
പുസ്‌തകപരിചയം : നിർമല ജോസഫ്
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക