
ചുമരിൽ തൂക്കിയിട്ടിരിക്കുന്ന നാഴികമണിയുടെ ഹൃദയസ്പന്ദനം കൂടി വരുന്നതു പോലെ. ഈ ഇടെയായി അതിന്റെ ടിക് ടിക് ശബ്ദത്തിന് കൂടുതൽ ഭാരം തോന്നുന്നു.
അയാൾ നെഞ്ചിൽ കൈ വച്ച് നോക്കി. തന്റെ ഹൃദയ സ്പന്ദനത്തിന്റെ ശബ്ദവും കൂടി കൂടി വരുന്നു.
കിടക്കയിൽ കിടന്നുകൊണ്ടുതന്നെ കാണത്തക്ക രീതിയിൽ പടിഞ്ഞാറേ ചുമരിൽ തൂക്കിയിട്ടിരിക്കുന്ന ക്‌ളോക്കിലേക്ക് ടോർച് മിന്നിച്ചു നോക്കി. അതിന്റെ സൂചികളുടെ സ്ഥാനം ഏത് അക്കത്തിൽ എന്ന് വ്യക്തമല്ല. പാമ്പുകളിക്കാരെന്റെ കുഴൽ വിളിക്കു താളം വെച്ചുകൊണ്ട് ഫണം വിടർത്തി നൃത്തം വയ്ക്കുന്ന സർപ്പം പോലെ നാഴികമണിയുടെ തിളങ്ങുന്ന പെൻഡുലം ആടുന്നത് ഞെക്കുവിളക്കിന്റെ പ്രകാശത്തിൽ പ്രതിഫലിച്ചു കണ്ടു.
പാതിരാ കോഴിയുടെ കൂവൽ കേട്ടിട്ട് ക്ലോക്കിലേക്കു വീണ്ടും ടോർച്ചിന്റെ വട്ടത്തിലുള്ള പ്രകാശത്തെ അയച്ചു. ശരിയാ പാതിരാ കഴിഞ്ഞതേയുള്ളൂ. വൈകിട്ട് ഒൻപത് മുതൽ രാവിലെ അഞ്ചു വരെ സമയത്തെ വിളിച്ചറിയിക്കരുതെന്നാണ് ക്ലോക്കിന് കൊടുത്തിരിക്കുന്ന നിർദേശം. അഞ്ചുമണി മുതൽ ഓരോ മണിക്കൂറിലും ക്ലോക്ക് അടിച്ചു തുടങ്ങും.
മണി അഞ്ചടിക്കുമ്പോൾ ഇരുട്ടിന്റെ പാരതന്ത്രത്തിൽ നിന്നും പ്രകാശത്തിന്റെ സ്വാതന്ത്രത്തിലേക്ക് തനിക്കും മോചനം കിട്ടും.
ജാനമ്മ കൊണ്ടുവരുന്ന ഒരുകപ്പ് ചൂടുള്ള ചക്കരക്കാപ്പി ഊതിക്കുടിച്ചു ഉന്മേഷവാനായി എഴുന്നേൽക്കാം.
ഉമ്മറത്ത് കിടക്കുന്ന പാദപീഠമുള്ള (foot rest) ചാരുകസ്സേരയിൽ കാലും കയറ്റിവച്ചു വടക്കോട്ടു നോക്കികിടന്നാൽ - ആദ്യം കാണുന്നത് ഫയർഎഞ്ചിൻ പോലെ മണിയടിച്ചു വന്ന് ഉമ്മറത്തേക്ക് പത്രം എറിഞ്ഞിട്ട് വായൂ വേഗത്തിൽ പാഞ്ഞുപോകുന്ന പത്രക്കാരൻ പയ്യനെയാണ്.
പത്രം കൈയിലെടുത്താൽ പതിവുപോലെ മുൻപേജിൽ വെണ്ടക്കാ അക്ഷരത്തിൽ എഴുതിപിടിപ്പിച്ചിരിക്കുന്നത് വർഗീയ ലഹളയിലോ, അല്ലെങ്കിൽ തീവ്രവാദി ആക്രമണത്തിലോ, അതുമല്ലങ്കിൽ തീവണ്ടി അപകടത്തിലോ, വിമാനം തകർന്നു വീണോ ഇഹലോകവാസം വെടിഞ്ഞവരുടെ പെരുത്ത സംഖ്യയെക്കുറിച്ചായിരിക്കും.
അതിനു തൊട്ടു താഴെ അല്പം കൂടി ചെറിയ അക്ഷരത്തിലെ തലക്കെട്ടോടുകൂടി കേന്ദ്ര - സംസ്ഥാന നേതാക്കളുടെ അഴിമതിയെക്കുറിച്ചും, ഏതവസരത്തിലും നിലം പൊത്താൻ സാധ്യതയുള്ള സർക്കാരുകളെക്കുറിച്ചും വായിച്ചു്, ഉൾപേജുകളിലെ ജില്ല തിരിച്ചും, വാർഡ് തിരിച്ചും നടത്തുന്ന ‘ചുമ്മാ ധർണ്ണ’ കളെക്കുറിച്ചും, അതുമൂലമുണ്ടാകുന്ന ആളപായങ്ങളും, കോടിക്കണക്കിനു രൂപയുടെ നാശനഷ്ടങ്ങളും വായിച്ചു്, അതിനടുത്ത പേജിലെ ഒറ്റക്കും കൂട്ടായും നടത്തുന്ന ആത്മഹത്യകളും, മറിച്ചു് സാധാരണ ചരമകോളത്തിന്റെ പേജിലേക്ക് കടക്കുമ്പോഴേക്കും മുറ്റവും തൊടിയും സൂര്യപ്രകാശം കീഴടക്കിയിരിക്കും.
പറമ്പിന്റെ വടക്കേ അരുകിലൂടെയുള്ള ഇടവഴിയിൽ കൂടി കടത്തു കടന്നു വരുന്നവരുടെയും, പുഴയിലേക്ക് കടത്തു കടക്കുവാനും, കുളിക്കുവാനും പോകുന്നവരുടെ കലപില ശബ്‌ദവും കേട്ടു തുടങ്ങുമ്പോഴേക്കും പത്രത്തിന്റെ അവസാന പേജും കഴിഞ്ഞിരിക്കും.
നാഴികമണിയുടെ വലിയ അക്കങ്ങളിലേക്ക് ടോർച്ചിന്റെ കട്ടപിടിച്ച മഞ്ഞപ്രകാശത്തെ പല തവണ ഞെക്കിവിട്ടു നോക്കി. രാത്രിയിൽ മണിക്കൂറുകൾക്ക് എണ്ണം കൂടിയിരിക്കുന്നത് പോലെ. അഞ്ചുമണിയാകാൻ ഇനിയും മണിക്കൂറുകൾ അവശേഷിക്കുന്നു.
ജനൽ അൽപ്പം തുറന്ന് അയാൾ തെക്കുവശത്തെ മുറ്റത്തേക്ക് നോക്കി. മുറ്റത്തെങ്ങും കട്ടപിടിച്ച കറുപ്പ്. ചീവിടുകളുടെ കാതടപ്പിക്കുന്ന കരച്ചിൽ കേൾക്കാം.
പശുത്തൊഴുത്തിനു പതിവായി തെളിച്ചിടാറുള്ള ലൈറ്റ് അണഞ്ഞു കിടക്കുന്നു. തൊഴുത്തിൽ നിന്നും പശുവിന്റെ കരച്ചിൽ കേൾക്കാം. കിടാവിനെ തിരക്കുന്ന കരച്ചിൽ. എന്തോ അപകടത്തിന്റെ ധ്വനിയും ആ കരച്ചിലിൽ ഉണ്ട്. ശക്തിയായ ഇടിമിന്നൽ മുറിക്കകത്തേക്ക് തുളച്ചു കയറിയപ്പോൾ ജനൽ അടച്ചിട്ട് ഭാനുമതിയെ പല പ്രാവശ്യം വിളിച്ചു.
ഭാനുമതി അടുത്ത മുറിയിൽ പാതി ഉറക്കത്തിലായിരുന്നു. അച്ഛൻ വിളിച്ചത് ഭാനുമതി കേട്ടിട്ടും കെട്ടില്ലായെന്നു നടിച്ചു. അവർക്കറിയാം വലിയ കാര്യമൊന്നും ഉണ്ടായിട്ടു വിളിക്കുന്നതല്ലായെന്ന്. ഉറക്കമില്ലാതെ കിടക്കുമ്പോൾ ആരെയെങ്കിലുമൊക്കെ വിളിച്ചുകൊണ്ടിരിക്കുന്നത് അയാളുടെ പതിവായിരുന്നു.
ജാനമ്മയെ വിളിക്കുവാൻ നാവിന്റെ തുമ്പ് വളച്ചപ്പോഴേക്കും അയാൾ ഓർത്തു ജാനു രണ്ടു ദിവസത്തെ അവധിക്കു അവളുടെ വീട്ടിൽ പോയിരിക്കുന്ന കാര്യം.
പ്രകൃതി ഉറഞ്ഞു തുള്ളി ആരോടൊക്കെയോ പക തീർക്കാനെന്നപോലെ. പുറത്തു കനത്ത മഴ പെയ്യുന്നുണ്ടെന്ന് ഇറയിൽ നിന്നും കുത്തിച്ചാടുന്ന വെള്ളത്തിന്റെ ശബ്ദം കേട്ടാലറിയാം.
അയാളിലെ പഴയ ഓർമ്മകൾ എവിടെയൊക്കെയോ പരതി നടന്നു.
സരോജനിയമ്മ ഉണ്ടായിരുന്നപ്പോൾ ‘സരോ’ എന്ന് തികച്ചു വിളിക്കേണ്ട താമസം വിളക്ക് തെളിയിച്ചു രാത്രി മുഴുവനും കട്ടിലിൽ വന്നു തന്റെ അടുത്ത് ഇരിക്കുമായിരുന്നു.
നല്ല കിളിവാലൻ വെറ്റിലയെടുത്തു അതിന്റെ ഞെട്ടും വാലും നുള്ളിക്കളഞ്ഞു പുറത്തെ ഞരമ്പ് കൈ നഖം കൊണ്ട് ഇളക്കി മാറ്റി ‘നൂറ്റുക്കുടത്തിൽ’ നിന്നും നൂറെടുത്തു വെറ്റിലയുടെ പുറത്തുവച്ചു നാടുവിരൽകൊണ്ടു തേച്ചു പിടിപ്പിച്ചത്, ഇടിച്ചു പാകപ്പെടുത്തി വച്ചിരിക്കുന്ന പാക്ക് കൂടി പാകത്തിന് വച്ച് പലതായി മടക്കി വായിലേക്ക് വച്ചുതരുമ്പോൾ വായ തുറക്കുന്ന ജോലി മാത്രമെ തനിക്കുണ്ടായിരുന്നുള്ളു.
പുകയില മുറിച്ചു തരുമ്പോൾ തനിക്ക് അതു ചൊരുക്കുന്നതു കൊണ്ട് വേണ്ടായെന്ന് പറയും .അപ്പോൾ അതവരുടെ വായിലേക്കുതന്നെയെറിഞ്ഞു പല്ലിന്റെ ഇടയിൽ ഒളിപ്പിച്ചു വയ്ക്കും.
മുറുക്കാൻ ചവച്ചു നീര് തുപ്പാറാവുമ്പോഴേക്കും സരോ കോളാമ്പി എടുത്തു നീട്ടിയിരിക്കും.
മോന്തയിലെ വെള്ളമെടുത്തു വായ കഴുകി വെടുപ്പാക്കിയിട്ടു വളരെ നേരം വർത്തമാനം പറഞ്ഞിരിക്കും.
ഭൂതവും, ഭാവിയും, വർത്തമാനവുമെല്ലാം അവരുടെ ഇടയിലേക്ക് കടന്നു വരുന്നത് അപ്പോഴാണ്. ചിലപ്പോൾ സംഭാഷണത്തിനിടെ നിസ്സാര കാരണത്തിന് പിണങ്ങി ലൈറ്റ് അണച്ചിട്ടു സരോജിനിയമ്മ പോയി കിടക്കും. ഇനി നിങ്ങളോടൊത്തു എനിക്ക് കഴിയുവാൻ പ്രയാസമാണ് എന്ന മട്ടിലാണ് ആ പോക്ക്. അല്പം നേരം രണ്ടു പേരും മിണ്ടാതെ കിടക്കും. വീണ്ടും ‘സരോ’ എന്ന് വിളിക്കുമ്പോഴേക്കും സരോജിനിയമ്മ ഓടിയെത്തും.
“ഭാനു, ഭാനു നീ ഒറക്കണോ?”
അയാൾ വീണ്ടും വിളിച്ചു.
“എന്താച്ചാ ?”
ഭാനുമതി അസ്സ്വസ്ഥതയോടെ വിളി കേട്ടു.
“കെഴക്കു നന്നായി പെയ്യണോണ്ടന്ന് തോന്നണൂ. നാളെ പൊഴക്കു നന്നായി വെള്ളം വരും”.
കിഴക്ക് നന്നായി പെയ്താൽ പുഴയിൽ വെള്ളം പൊങ്ങും. ചിലപ്പോൾ പാടത്തും, പറമ്പിലും വീടിനകത്തു വരേയും വെള്ളം കയറും. പുഴതീരത്തു താമസിക്കുന്നവർ പല മുൻകരുതലും എടുക്കേണ്ടി വരും.
“അത്രക്കൊന്നും ഇല്ലച്ഛാ. കൊറെയൊക്കെ അച്ഛന്റെ പേടികൊണ്ടു തോന്നുന്നതാ”
ഭാനുമതി അച്ഛനെ സമാധാനിപ്പിക്കാൻ നോക്കി.
‘ജാനമ്മ പോയതിൽ പിന്നെ ഒരു പോള കണ്ണടക്കുവാൻ സാധിച്ചിട്ടില്ല. ഗൃഹഭരണവും അച്ഛന്റെ ശിശ്രുഷയുമായി മടുത്തു’. ഭാനുമതി എന്തൊക്കെയോ പിറുപിറുത്തു.
അശ്വതിയെ വിളിച്ചുണർത്തി മുത്തച്ഛൻ പറയുന്നത് ശരിയോ എന്ന് നിജപ്പെടുത്തുവാനും അവർ തുനിഞ്ഞില്ല. അവൾ വർഷാവസാന പരീക്ഷ കഴിഞ്ഞു എത്തിയതേയുള്ളു. തളർന്നു കിടന്നു നല്ല ഉറക്കത്തിലായിരിക്കും.
അയാൾ ടോർച്ചെടുത്തു വീണ്ടും ക്ലോക്കിലേക്കു ഉന്നം വെച്ചു. അക്കങ്ങൾ വ്യക്തമല്ല. കണ്ണിൽ ഇരുട്ടു കയറിയതുപോലെ. അയാൾ കണ്ണടച്ച് ഇടതു വശത്തേക്ക് ചരിഞ്ഞു കിടന്നു.