Image

'ഇപ്പോഴാണ് ആ കഥാപാത്രം ലഭിച്ചതെങ്കിൽ കുറച്ചുകൂടെ മെച്ചപ്പെടുത്തി അഭിനയിക്കാമായിരുന്നു' ; മഞ്ജു വാര്യർ

രഞ്ജിനി രാമചന്ദ്രൻ Published on 25 November, 2025
'ഇപ്പോഴാണ് ആ കഥാപാത്രം ലഭിച്ചതെങ്കിൽ കുറച്ചുകൂടെ മെച്ചപ്പെടുത്തി അഭിനയിക്കാമായിരുന്നു' ; മഞ്ജു വാര്യർ

സിബി മലയിൽ സംവിധാനം ചെയ്ത 'സമ്മർ ഇൻ ബത്‌ലഹേം' എന്ന ചിത്രത്തിലെ തൻ്റെ കഥാപാത്രമായ ആമി (അഭിരാമി)യെക്കുറിച്ച് മനസ്സ് തുറന്ന് നടി മഞ്ജു വാര്യർ. ഇരുപത്തിയേഴ് വർഷങ്ങൾക്ക് ശേഷം ചിത്രം റീ-റിലീസായി തിയറ്ററുകളിലേക്ക് എത്താനിരിക്കെ, കോക്കേഴ്സ് എന്റർടെയ്ൻമെന്റിന് നൽകിയ അഭിമുഖത്തിലാണ് മഞ്ജു തൻ്റെ കാഴ്ചപ്പാടുകൾ പങ്കുവെച്ചത്.

ചിത്രം ചെയ്യുന്ന സമയത്ത് അഭിരാമി എന്ന കഥാപാത്രത്തെ താൻ വേണ്ട രീതിയിൽ മനസ്സിലാക്കിയിരുന്നില്ലെന്നാണ് മഞ്ജു വാര്യർ പറയുന്നത്. "അഭിരാമി അനുഭവിച്ച ആത്മസംഘർഷങ്ങളും കടന്നുപോയ മാനസികാവസ്ഥയും ഉള്ളിലൊതുക്കിയാണല്ലോ മറ്റുള്ളവർക്ക് മുന്നിൽ കളിച്ചു ചിരിച്ച് നിന്നത് എന്ന് ആലോചിക്കുമ്പോൾ അത്ഭുതവും ഭയവും തോന്നാറുണ്ട്." മാനസികാരോഗ്യത്തെക്കുറിച്ച് കൂടുതൽ ചർച്ചകൾ നടക്കുന്ന ഇന്നത്തെ കാലഘട്ടത്തിലിരുന്ന് ആലോചിക്കുമ്പോൾ, ഡിപ്രഷനിലേക്ക് വീണുപോകാതെ അഭിരാമി നടത്തിയ മാനസിക യാത്രയെക്കുറിച്ച് അത്ഭുതം തോന്നാറുണ്ടെന്നും മഞ്ജു കൂട്ടിച്ചേർത്തു.

"ഇപ്പോഴാണ് ആ കഥാപാത്രമായി ഞാൻ അഭിനയിക്കുന്നത് എങ്കിൽ കുറച്ചുകൂടെ മെച്ചപ്പെടുത്തി അഭിനയിക്കാമായിരുന്നു എന്ന് തോന്നിയിട്ടുണ്ട്," എന്നും മഞ്ജു വാര്യർ പറഞ്ഞു. മഞ്ജു വാര്യർ, സുരേഷ് ഗോപി, ജയറാം, കലാഭവൻ മണി എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയ ചിത്രത്തിൽ മോഹൻലാൽ അതിഥിവേഷത്തിലും എത്തിയിരുന്നു.

 

 

English summary:

'If I had got that character now, I would have acted better'; Manju Warrier
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക