Image

ടി.വി. കൊച്ചു ബാവ വിട പറഞ്ഞിട്ട് കാൽ നൂറ്റാണ്ടു പിന്നിട്ടു ; ശ്രദ്ധാഞ്ജലികൾ! : ആർ. ഗോപാലകൃഷ്ണൻ

Published on 25 November, 2025
ടി.വി. കൊച്ചു ബാവ  വിട പറഞ്ഞിട്ട് കാൽ നൂറ്റാണ്ടു പിന്നിട്ടു ; ശ്രദ്ധാഞ്ജലികൾ! : ആർ. ഗോപാലകൃഷ്ണൻ

‘ഓരോരുത്തരുടെയും വിധി’ എന്ന ടി. വി. കൊച്ചുബാവയുടെ ഒരു കഥയുണ്ട്: "ജീവിതത്തെ സംബന്ധിക്കുന്നതെല്ലാം തീരുകയാണ്. നനുനനുത്ത സ്വപ്നങ്ങള്‍, സ്നേഹ വചനങ്ങള്‍, കിളികളുടെ ചിലപ്പ് എല്ലാം എല്ലാം...."

മലയാളത്തിന്റെ പ്രിയപ്പെട്ട കഥാകാരന്‍ ടി. വി. കൊച്ചുബാവ വെറും 44-ാം വയസ്സിൽ വിട പറഞ്ഞിട്ട് ഇന്നേക്ക് 26 വര്‍ഷം തികയുന്നു. മൂന്നു ദിവസം കഴിഞ്ഞാൽ (നവംബർ 28-ന് ) അദ്ദേഹത്തിൻ്റെ 70-ാം ജന്മവാർഷികമാണ്.

കഥാകൃത്തായ ടി. പത്മനാഭന്‍ കൊച്ചുബാവയെ "വലിയ ബാവ" എന്നാണ്‌ വിശേഷിപ്പിച്ചത്‌. ആ വിശേഷം അര്‍ഹിക്കുന്ന പ്രതിഭാശാലിയായിരുന്നു കഥാകൃത്തും, നോവലിസ്സും ആയ കൊച്ചുബാവ.

1955-ല്‍ നവംബർ 28-ന്, തൃശൂര്‍ ജില്ലയിലെ കാട്ടൂരിലാണ് ടി. വി. കൊച്ചു ബാവ ജനിച്ചത്. അച്ഛൻ വീരാവു. അമ്മ ബീവാത്തു. വീരാവുവിന്‌ തൊഴില്‍ ചകിരി, കയര്‍ കച്ചവടം ആയിരുന്നു. കൊച്ചുബാവയുടെ കുടുംബം സാമ്പത്തികമായി ഒട്ടും മെച്ചപ്പെട്ട നിലയില്‍ ആയിരുന്നില്ല. കൊച്ചുബാവയുടെ കുട്ടിക്കാലത്ത്‌ അവര്‍ക്ക്‌ പണിക്കെട്ടിപ്പറമ്പില്‍ ഉണ്ടായിരുന്ന വീട് കത്തിപ്പോയി. പിന്നീട് ഇല്ലിക്കാട്ടുള്ള വീട്ടിലായിരുന്നു താമസം. കാട്ടൂര്‍ കാരാഞ്ചിറ സെൻ്റ് ജോർജ് കോണ്‍വെൻ്റ് സ്‌ക്കൂളില്‍ ആയിരുന്നു കൊച്ചുബാവയുടെ പ്രാഥമിക വിദ്യാഭ്യാസം. പിന്നീട് കാട്ടൂര്‍ പോംപെ സെൻ്റ് മേരീസ്‌ ഹൈസ്ക്കൂളില്‍ ചേര്‍ന്ന്‌ പത്താം ക്ലാസ്‌ ജയിച്ചു. തുടര്‍ന്ന്‌ നാട്ടിക എസ്‌. എൻ. കോളേജില്‍ പഠിച്ചു.

പതിനെട്ടു വര്‍ഷക്കാലം ഗള്‍ഫില്‍ ഒരു സ്ഥാപനത്തില്‍ ഉദ്യോഗസ്ഥനായിരുന്നു. തിരികെ നാട്ടില്‍ വന്നശേഷം, 'ഗള്‍ഫ്‌ വോയ്‌സ്‌' മാസികയുടെ എഡിറ്റര്‍ ആയി പ്രവർത്തിക്കുകയും കോഴിക്കോട്ട് താമസമാക്കുകയും ചെയ്തു.

ഒന്‍പതാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ആണ്‌ കൊച്ചുബാവയുടെ ആദ്യരചന ബഹുജന്രശദ്ധ ആകര്‍ഷിച്ചത്‌. ആ വര്‍ഷം 'മാതൃഭൂമി' ആഴ്ചപ്പതിപ്പ്‌ വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ കഥാമത്സരത്തില്‍ ഹൈസ്ക്കൂള്‍ വിഭാഗത്തിൽ കൊച്ചുബാവക്കാണ്‌ ഒന്നാംസ്ഥാനം കിട്ടിയത്‌. തൻ്റെ നാട്ടുകാരാണ് കൂടിയായ കുഞ്ഞുണ്ണി മാസ്റ്ററുടെ വാത്സല്യത്തില്‍ കുതിര്‍ന്ന പ്രോത്സാഹനം, ആ പ്രായത്തിൽ കുഞ്ഞുബാവയിലെ എഴുത്തുകാരന്‌ തണലായി.

നോവല്‍, കഥാസമാഹാരങ്ങല്‍, വിവര്‍ത്തനം എന്നീ വിഭാഗങ്ങളില്‍ നിരവധി കൃതികള്‍ പ്രസിദ്ധപ്പെടുത്തി. എഴുത്തില്‍ തന്റെ രീതികളെ ശക്തമായി അവതരിപ്പിച്ച അദ്ദേഹം 44 വര്‍ഷം നീണ്ട ജീവിതത്തില്‍ പ്രസിദ്ധപ്പെടുത്തിയത് 23 കൃതികളാണ്. നോവലുകളും കഥാസമാഹാരങ്ങളും വിവര്‍ത്തനങ്ങളും എല്ലാം തനിക്ക് വഴങ്ങുമെന്നും അദ്ദേഹം ഈ ചുരുങ്ങിയ കാലയളവില്‍ തെളിയിച്ചു.

ടി.വി. കൊച്ചുബാവ കഥയും തിരക്കഥയും സംഭാഷണവുമെഴുതിയ സിനിമയാണ് 'ബലൂൺ'(1982)- 1981-ല്‍ 'നാന തിരക്കഥാ മത്സര'ത്തിൽ കൊച്ചുബാവയുടെ 'ബലൂൺ' തിരക്കഥ ഒന്നാംസ്ഥാനം നേടി. (ഒ. മാധവന്റെ പുത്രൻ മുകേഷിന്റെയും കൊട്ടാരക്കരയുടെ മകൾ ശോഭ മോഹന്റെയും ആദ്യ സിനിമയാണ് 'ബലൂൺ'.) കൊച്ചുബാവ എഴുതി ടി.എം. ഏബ്രഹാം സംവിധാനം ചെയ്ത —'പെരുന്തച്ചൻ' — നാടകത്തിന് സംസ്ഥാന അവാർഡ് കിട്ടിയിരുന്നു. പ്രസിദ്ധ നടൻ ബാബു നമ്പൂതിരിയായിരുന്നു, പെരുന്തച്ചൻ; രവീന്ദ്രൻ വലപ്പാട് മകൻ തച്ചനും..

കൊച്ചുബാബയുടെ ‘വൃദ്ധസദനം’ എന്ന നോവൽ കൃതിക്ക് 1995-ലെ ചെറുകാട് അവാര്‍ഡും, 1996-ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡും ലഭിച്ചു. 'അങ്കണം' അവാര്‍ഡ്; പ്രഥമ എസ്ബിടി അവാര്‍ഡ്; തോപ്പില്‍ രവി പുരസ്കാരം തുടങ്ങിയ അംഗീകാരങ്ങളും അദ്ദേഹത്തിന് ലഭിച്ചു.

1999 നവംബർ 25-ന്, തന്റെ 44-ാം ജന്മദിനത്തിന് മൂന്നു ദിവസം മുമ്പ്, കൊച്ചുബാവ അന്തരിച്ചു.

കൊച്ചുബാവയുടെ ഭാര്യ സീനത്ത്; (അവർ 2016 ഒക്ടോബർ 20-ന് ഒരു വാഹനാപകട ത്തിൽ മരണമടഞ്ഞു.) മക്കൾ: നബീൽ സൂനിമ.

......................

പ്രധാന കൃതികൾ: 'ഒന്നങ്ങനെ ഒന്നിങ്ങനെ'; 'വീടിപ്പോൾ നിശ്ശബ്ദമാണ്'; 'ഭൂമിശാസ്ത്രം; പ്രച്ഛന്നം'; 'അവതാരിക ഭൂപടങ്ങൾക്ക്'; 'വില്ലന്മാർ സംസാരിക്കുമ്പോൾ'; 'പ്രാർത്ഥനകളോടെ നില്ക്കുന്നു'; 'കഥയും ജീവിതവും ഒന്നായിത്തീരുന്നതിനെപ്പറ്റി'; 'വൃദ്ധസദനം'; 'പെരുങ്കളിയാട്ടം'; 'വിരുന്നുമേശയിലേക്ക് നിലവിളികളോടെ'; 'സൂചിക്കുഴയിലൂടെ ഒരു യാക്കോബ്'

............................

അനുബന്ധം-1:

പുന്നയൂര്‍ക്കുളം സെയ്‌നുദ്ദീൻ ( Punnayurkulam Zainudheen ) എഴുതുന്നു:

"കൊച്ചു ബാവയുടെ കഥാ ലോകം വളരെ വേറിട്ട ഒന്നാണ്. വളരെ വ്യത്യസ്ഥമായ സമീപനമായിരുന്നു അദ്ദേഹം ഓരോ രചനകള്‍ നടത്തുമ്പോഴും പുലര്‍ത്തിപ്പോന്നത്. ഓരോ രചനകള്‍ക്കും വേണ്ടി അദ്ദേഹം പുതിയ മേച്ചില്‍ പുറങ്ങള്‍ തിരഞ്ഞു. അങ്ങനെ പുതുമകള്‍ സൃഷ്ടിച്ചു കൊണ്ടു വന്ന കഥകളാണ് പലതും. ‘കാള’ എന്ന കഥ ഒരു ഉദാഹരണം. എയിഡ്‌സ് പോലുള്ള മാരക രോഗങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ തുടങ്ങിയ കാലഘട്ടത്തിലാണ് അദ്ദേഹം ‘കാള’ എഴുതുന്നത്. ഈ വിഷയത്തെ ആസ്പദമാക്കിയുള്ള ഒരു കഥ മലയാളത്തില്‍ ആദ്യമായി വന്നത് കൊച്ചു ബാവയുടേതായിരുന്നു. രചനകള്‍ നടത്തുമ്പോള്‍ അദ്ദേഹം തന്റെ കഥാപാത്രങ്ങളുമായി നേരിട്ട് സംവദിച്ചിരുന്നു.

‘പെരുങ്കളിയാട്ടം’ എന്ന നോവല്‍ എഴുതുന്ന കാലത്ത് കൊച്ചുബാവ ആദിവാസികളോ ടൊപ്പം ഒരാഴ്ച താമസിക്കുകയുണ്ടായി. മറ്റു പല കഥാ കൃത്തുക്കളും തന്റെ പ്രധാന കഥാപാത്രത്തെ പേര് പറഞ്ഞു സംബോധന ചെയ്യുകയോ ‘അയാള്‍’ എന്ന് പ്രയോഗിക്കു കയോ ചെയ്തപ്പോള്‍ കൊച്ചു ബാവയുടെ പല കഥകളിലും പ്രധാന കഥാപാത്രം ‘ഞാന്‍' അഹത്തിന്റെ പല കഥകളിലും കാണാന്‍ കഴിയും.

വിഷയം തിരഞ്ഞെടുക്കുന്നതിലുള്ള പുതുമയും ശൈലിയുടെ ശക്തിയും കഥകള്‍ക്ക് കരുത്തു പകര്‍ന്നു. മറ്റു പലരും പൂക്കളെയും പൂമ്പാറ്റകളെയും കുറിച്ചും, മഞ്ഞിനെയും നദികളെയും കുറിച്ചുമൊക്കെ എഴുതിയപ്പോള്‍ കൊച്ചു ബാവയുടെ ശൈലി പരുക്കനും കടുത്ത ജീവിത യാഥാര്‍ത്ഥ്യങ്ങള്‍ പേറുന്നവയുമായിരുന്നു. കടും ചായങ്ങള്‍ നിറഞ്ഞതാണ് കൊച്ചു ബാവയുടെ കഥകള്‍ എന്ന് നിരൂപകര്‍ പറഞ്ഞു.

അതിനു അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെയായി രുന്നു: "കേള്‍ക്കുന്നുണ്ട്, ജീവിതത്തെ ഏങ്കോണിച്ചു കാണുന്നു എന്നൊക്കെ കുറ്റപ്പെടുത്തുന്നുണ്ട്. കുറ്റം ശിരസാ വഹി ക്കുന്നു. സുന്ദരമായ തൊലിപ്പുറത്തെ എല്ലും വൈകൃതവും എന്നെ നോക്കി കോക്രി കാണിക്കുന്നല്ലോ എപ്പോഴും. ഇക്കണ്ടു കാണായ ഭൂമിയിലെ സൗമ്യ മധുരമായ കാറ്റിനെക്കുറിച്ചും കിളികളെ കുറിച്ചു മൊക്കെ എഴുതാനാഗ്രഹ മില്ലാഞ്ഞല്ല; കിളികള്‍ക്കും പൂക്കള്‍ക്കും എന്നു പറഞ്ഞു കൊണ്ട് കപ്പയില കാടുകളുടെ തണുപ്പിലൂടെ മനസ്സിനെ മേയാന്‍ വിടാന്‍ തന്നെയാണ് താല്പര്യവും. ഈ സൌഖ്യത്തിലിരുന്നു ആഴത്തിലേക്ക് നോക്കുമ്പോഴോ, അല്ലെങ്കില്‍ എഴുതാ നിരിക്കുമ്പോഴോ കുപ്പത്തൊട്ടിക്കു മേലെ പിടഞ്ഞുണരുന്ന കുഞ്ഞിക്കണ്ണുകളും ആരാന്റെ കുന്തമുനയിലുയര്‍ന്ന് ആകാശം കാണുന്ന ആമിനയുടെ കെട്ടിയോനും റെയില്‍വേ ട്രാക്കില്‍ ജാര സന്തതിയെ ഉപേക്ഷിച്ചോടുന്ന അമ്മയും ഇരുമ്പു ചക്രങ്ങള്‍ക്കിടയില്‍ കുഞ്ഞിക്കരച്ചിലുമൊക്കെയായി പരുപരുത്തു പോകുന്നു, അതൊക്കെ….."

............................

അനുബന്ധം-2:

കഥാകാരി കെ. കെ. രേഖ, 2016-ൽ (നവംബർ 20) ഫേസ്ബുക്കിൽ

കൊച്ചുബാബയുടെ ഭാര്യയെക്കുറിച്ച് എഴുതിയ കുറിപ്പ്: (Copy from Rekha K K Rekha 's FB Timeline)

കൊച്ചുബാവ മരിച്ചിട്ട് 17 വർഷമാകുന്നു.... ഭാര്യ സീനത്ത് കുറച്ചു ദിവസങ്ങൾക്കു മുൻപ് സ്കൂട്ടർ അപകടത്തിൽ മരിച്ചു. കഴിഞ്ഞവർഷം കാട്ടൂരിൽ കൊച്ചുബാവയുടെ ചരമവാർഷികത്തിന് നാട്ടുകാർ ഒരു യോഗം സംഘടിപ്പിച്ചു. അന്ന് സീനത്ത് ചേച്ചി എന്റെ കൈപിടിച്ച് പറഞ്ഞു: രേഖ വരുന്നുണ്ടെന്ന സന്തോഷം കൊണ്ടു കൂടിയാണ് ഞാൻ വന്നത്. കൊച്ചുബാവ മരിക്കുമ്പോൾ കൈക്കുഞ്ഞായിരുന്ന, അപ്പോൾ നാലാം സെമസ്റ്റർ എൻജിനീയറിങ്ങിനു പഠിക്കുന്ന മകന് ക്യാംപസ് റിക്രൂട്ട്മെന്റിൽ ഇൻഫോസിസിൽ ജോലി കിട്ടിയിരിക്കുന്നു. വീണ്ടും തളിർക്കുന്ന ചില്ലകൾ.... സന്തോഷം തോന്നി.

വർഷങ്ങൾക്കു മുൻപ് –പ്രതിസന്ധിയിൽ തളരാതെ– എന്ന പംക്തിക്കായി സീനത്ത് ചേച്ചിയെ വനിത പത്രാധിപസമിതിയിൽ നിന്ന് ആരോ വിളിച്ചു. അകാലത്തിൽ ഗൃഹനാഥൻ അണഞ്ഞുപോകുന്ന വീടുകളിൽ, ജീവിതം ഒരു കരയിലേക്ക് എത്തിക്കുന്ന തുഴച്ചിലുകാരായ വീട്ടമ്മമാരായിരുന്നു ആ പംക്തിയിൽ പതിവായി വന്നു കൊണ്ടിരുന്നത്. എന്തുകൊണ്ടോ സീനത്ത് ചേച്ചി അനുഭവം പങ്കുവയ്ക്കാൻ വിസമ്മതിച്ചു. കോർഡിനേറ്റിങ് എഡിറ്റർ ഒന്നു ചോദിക്കാമോ എന്ന് അന്വേഷിച്ചപ്പോൾ ഞാൻ വിളിച്ചു: "രേഖ പറഞ്ഞിട്ടും ഞാൻ സമ്മതിക്കുന്നില്ലെന്നു വരുമ്പോൾ ആലോചിക്കാമല്ലോ –എന്തുകൊണ്ടാകുമെന്ന്. ഞാൻ പ്രതിസന്ധികൾ കടന്നുപോന്നിട്ടില്ല."

ഫോണിനും പറയാനാകാത്തൊരു വിമ്മിട്ടം വാക്കുകൾക്കിടയിൽ ഞെരുങ്ങുന്നത് ഞാനറിഞ്ഞു.

ഈ രണ്ടു സന്ദർഭങ്ങളും ചേർത്തു വയ്ക്കുമ്പോൾ ഞാനാലോചിക്കാറുണ്ട്–സീനത്ത് ചേച്ചിയുമായി വലിയൊരടുപ്പം എനിക്കൊരിക്കലും ഉണ്ടായിട്ടില്ല. അതിനുള്ള സാഹചര്യങ്ങളുമില്ല. എന്നിട്ടും എന്താകാം അവർ അത്രയും സ്നേഹത്തോടെ രണ്ടുതവണയും ഇങ്ങനെയൊക്കെ പറഞ്ഞത്!? ഞാനവർക്ക് ആരോ ആകുന്നത് ജന്മാന്തര ബന്ധങ്ങളുടെ ഇഴയടുപ്പമാകുമോ?

ചോദിക്കാൻ ഇനി അവരില്ല. മകൻ ജോലിയിൽ പ്രവേശിക്കുന്നതിനു രണ്ടു ദിവസം മുൻപായിരുന്നു ആ മരണം. മകന്റെ സ്കൂട്ടറിനു പുറകിലിരുന്നു, ഗ്യാസടുപ്പ് ശരിയാക്കാൻ പോകുമ്പോൾ. വെറും പൂഴിമണ്ണിലായിരുന്നു വീണത്. പക്ഷേ, 'ലക്ഷ്യബോധത്തോടെ' നിന്ന ഒരു കല്ല് മരണം വിധിച്ചു.

നബീലിന്റെയും സൂനിമയുടെയും ലോകത്ത് ഇനി അച്ഛനോ അമ്മയോ ഇല്ല. അവർ ജീവിതക്കടലിനു നടുവിൽ ചുഴികൾ കടന്ന് ഒറ്റയ്ക്കു നീന്തിക്കയറേണ്ടവരാകുന്നിടത്ത്.... ദൈവം നീതിമാനല്ല എന്ന സങ്കടം

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക