Image

രവി മേനോന്‍, നടന്‍ ഓര്‍മ്മദിനം.... : ആര്‍. ഗോപാലകൃഷ്ണന്‍

ആര്‍. ഗോപാലകൃഷ്ണന്‍ Published on 25 November, 2025
 രവി മേനോന്‍, നടന്‍ ഓര്‍മ്മദിനം.... : ആര്‍. ഗോപാലകൃഷ്ണന്‍

'നിര്‍മ്മല്യ'ത്തിലെ  ഉണ്ണി നമ്പൂതിരി കാവില്‍ ശാന്തിക്കാരനായി വന്നിട്ട്, പൂജ ഒരു വിധം ഒപ്പിച്ചു മാറിയിട്ട് പി.എസ്.സി. ടെസ്റ്റിന് പഠിക്കുന്നതാണ് ആദ്യത്തെ ഓര്‍മ്മയില്‍ വരുന്നത്...  1960-70 കാലട്ടത്തിലെ ഒരു മലയാളി യുവാവിന്റെ പ്രതീകം!

ആദ്യമായി അഭിനയിച്ച ഹിന്ദി സിനിമക്ക് ദേശീയ ശ്രദ്ധ നേടിയിട്ടും വലിയൊരു നടനാനുള്ള ഭാഗ്യമുണ്ടായില്ല... ആദ്യമായി മലയാളത്തില്‍ അഭിനയിച്ച സിനിമക്ക് ദേശീയ അവാര്‍ഡ് കിട്ടിയിട്ടും സംസ്ഥാനത്ത് അനുമോദനം ലഭിച്ചിട്ടും, ഈ നടന് അതിലെ ഉപകഥാപാത്രത്തെ അവതരിപ്പിച്ച നടന്‍, സുകുമാരന്‍, ഉയര്‍ന്നതിനു അടുത്തുപോലും എത്താന്‍ കഴിയാത്ത ഹതഭാഗ്യന്‍...  ജി എസ് പണിക്കര്‍ സംവിധാനം ചെയ്ത, 'ഏകാകിനി' യില്‍ നായകനായെങ്കിലും അതൊരു നായികാ പ്രാധാന്യമുള്ള സിനിമയായിരുന്നു എന്നതിനാല്‍ രവി മേനോന്‍ ശ്രദ്ധിക്കപ്പെട്ടില്ല. 'ശാലിനി എന്റെ കൂട്ടുകാരി'യിലെ കോളേജ് കാമുകന്‍ പോലും ഹൃദ്യയമായ ഒരു വിടവാങ്ങല്‍ പാട്ടിന്റെ ബലത്തിലാണ് ഇന്നും നിലനില്ക്കുന്നത്. ('നിന്‍ തുമ്പുകെട്ടിയിട്ട ചുരുള്‍ മുടിയില്‍ തുളസിതളിരില ചൂടി...')

രൂപസൗകുമാര്യവും അഭിനയശേഷിയും ഉണ്ടായിട്ടും എന്തേ ഈ നടന് ഇങ്ങനെ ഒരു അനുഭവം? സിനിമയിലെ ഭാഗ്യ - നിര്‍ഭാഗ്യങ്ങള്‍ക്ക് പലപ്പോഴും എടുത്തു പറയാന്‍ കാരണങ്ങള്‍ ഉണ്ടാകണമെന്നില്ല.

രവി മേനോന്റെ 18-ാം ചരമവാര്‍ഷിക ദിനം, ഇന്ന്.

പാലക്കാട് ജില്ലയിലെ ശ്രീകൃഷ്ണപുര ത്തിനടുത്ത് കരിമ്പുഴയില്‍, ചാലപ്പുറത്ത് കല്യാണിയമ്മയുടെയും അമ്മന്നൂര്‍ ബാലകൃഷ്ണമേനോന്റെയും മകനായി 1950-ല്‍ ജനിച്ചു.

ഒരു ജോലിയാവശ്യത്തിനായി ബോംബെ യിലെത്തിയ രവി മേനോന് സിനിമാ രംഗത്ത് താല്പര്യം തോന്നിയപ്പോള്‍ പൂനൈ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചേര്‍ന്ന് പഠിച്ചു. (പൂനെയിലെ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ഡിപ്ലോമ പൂര്‍ത്തിയാക്കിയ അദ്ദേഹം മലയാള ചലച്ചിത്രമായ 'നിര്‍മ്മല്യ'ത്തില്‍ അരങ്ങേറ്റം കുറിച്ചു എന്നാണ് പൊതു ധാരണ; ഇതു ശരിയല്ല.) അവിടെ സഹപാഠിയായ കബീര്‍ റാവുത്തറിന്റെ 'ഡിപ്ലോമ ഫിലി'മായ 'മാനിഷാദ' യിലൂടെ അഭിനയ രംഗത്ത് തുടക്കമിട്ടു. ഈ ചിത്രം കാണാനിടയായ പ്രമുഖ സംവിധായകന്‍ മണി കൗള്‍ അദ്ദേഹത്തിന്റെ 'ദുവിധ' എന്ന ഹിന്ദി ചിത്രത്തില്‍ രവി മേനോനെ നായകനാക്കി.

('മണി കൗള്‍': പൂന ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും ഋത്വിക് ഘട്ടക്കിന്റെയും മറ്റും ശിക്ഷണത്തില്‍ സിനിമാ സംവിധാനത്തില്‍ ഡിപ്ലോമ നേടിയ 'മണി കൗള്‍' അവിടെത്തന്നെ അദ്ധ്യാപകനായി ജോലി ചെയ്തിരുന്നു. അദ്ദേഹത്തിന്റെ ആദ്യ സിനിമ പ്രസിദ്ധമായ 'ഉസ്‌കി റോട്ടി' (1969- ബ്ലാക്ക് & വൈറ്റ് സിനിമ ); ഇതില്‍ മണി കൗളിന്റെ ജൂനിയറും പിന്നീട് പ്രസിദ്ധനായിത്തീര്‍ന്നതു മായ നമ്മുടെ ജോണ്‍ എബ്രഹാം സംവിധാന-സഹായിയും ഗസ്റ്റ് നടനുമായിരുന്നു... 1974-ല്‍ സംവിധാനം ചെയ്ത 'ദുവിധ'യിലൂടെ 'മണി കൗള്‍' ഏറ്റവും മികച്ച സംവിധായകനുള്ള ദേശീയ പുരസ്‌കാരം നേടി. രാജസ്ഥാനി സാഹിത്യകാരന്‍ വിജയ്ധന്‍ ദേത്തയുടെ 'ദുവിധ' എന്ന കഥയെ ആസ്പദമാക്കി - അതൊരു കാശ്മീരി (രാജസ്ഥാനി?) നാടോടിക്കഥയുടെ ആവിഷ്‌ക്കാരവു മായിരുന്നു-  അതേ പേരില്‍ മണി കൗള്‍ സംവിധാനം ചെയ്തതാണ് ഈ ചിത്രം...)

ഗോള്‍ഡ് മെഡല്‍ നേടിയാണ് രവി മേനോന്‍  ഫിലിം ഇന്‍സ്റ്റിട്യൂട്ടില്‍ നിന്നും അഭിനയത്തി നുള്ള ഡിപ്ലോമ നേടിയത്.

'ദുവിധ' എന്ന ചിത്രത്തിനോടൊപ്പം തന്നെ രവി മേനോന്‍ എന്ന നടനും ശ്രദ്ധിക്കപ്പെട്ടു. തുടര്‍ന്ന് ബോളിവുഡില്‍ത്തന്നെ 'സപ്‌നോം കി റാണി', 'ജംഗല്‍ മേം മംഗല്‍', 'ദോ കിനാരേ', 'വ്യപാര്‍' തുടങ്ങിയ ചിത്രങ്ങളിലും വേഷമിട്ടു. 'ദുവിധ'ലെ അഭിനയത്തിന് അദ്ദേഹത്തിന് ജൂറിയുടെ / രാഷ്ട്രപതിയുടെ പ്രത്യേക അഭിനന്ദനവും ലഭിക്കുകയുണ്ടായി.

എം. ടി. വാസുദേവന്‍ നായര്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച് പുറത്തിറക്കിയ 'നിര്‍മ്മാല്യ'ത്തിലാണ് രവി മേനോന്‍ ആദ്യമായി മലയാളത്തില്‍ അഭിനയിക്കുന്നത്. 'നിര്‍മ്മാല്യ'ത്തിലെ ശാന്തിക്കാരനായ ഉണ്ണി നമ്പൂതിരി ഏറെ ശ്രദ്ധിക്കപ്പെട്ടു. ഈ ചിത്രത്തിലെ അഭിനയത്തിന് രവി മേനോന് സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക ജൂറി അനുമോദനം ലഭിച്ചു.

തുടര്‍ന്ന്, ഏറെ മലയാള ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ കൈകാര്യം ചെയ്തു. 'ഏകാകിനി' (1978); 'ഭ്രഷ്ട്' (1978); 'സത്രത്തില്‍ ഒരു രാത്രി' (1978); 'രാധ എന്ന പെണ്‍കുട്ടി' (1979); 'ശാലിനി എന്റെ കൂട്ടുകാരി' (1980); 'ശ്യാമ' (1986); 'കിലുക്കം'; 'മിന്നാരം'... 2006-ല്‍ 'പതാക' (കേളപ്പന്‍ നായര്‍ എന്ന കഥാപാത്രം) ആണ് അവസാന സിനിമ എന്ന് തോന്നുന്നു.  

സിനിമാരംഗത്തിനു പുറമേ ടെലിവിഷന്‍ പരമ്പരകളിലും ടെലിഫിലിമുകളിലും സജീവമായിരുന്നു.

2007 നവംബര്‍ 24-ന്, 57-ാം വയസില്‍, പെരിന്തല്‍മണ്ണയില്‍ വച്ച് രവി മേനോന്‍ അന്തരിച്ചു. അവിവാഹിതനായിരുന്നു അദ്ദേഹം.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക