Image

വയലറ്റ് നിറമുള്ള പാമ്പുകൾ - സന്ധ്യ ഇ (ഇ-മലയാളി ആഗോള ചെറുകഥാമത്സരം 2025- 8)

Published on 25 November, 2025
വയലറ്റ് നിറമുള്ള പാമ്പുകൾ - സന്ധ്യ ഇ (ഇ-മലയാളി ആഗോള ചെറുകഥാമത്സരം 2025- 8)

കൊളസ്ട്രോൾ            229
ട്രൈഗ്ലിസറയ്ഡ്സ്    338
HDL                                 40
LDL                                188
VLDL                              51
CHOL/HDL Ratio          7.0
LDL/HDL Ration           4.7


ലാബ് റിപ്പോര്ട്ട് എന്റെ മുന്നിലേക്ക് സുദര്ശൻ വലിച്ചെറിഞ്ഞു. റിസല്ട്ട് കിട്ടുംവരെ എനിക്കുണ്ടായിരുന്ന ആത്മവിശ്വാസം ശുഭപ്രതീക്ഷയും കാറ്റില് പറന്നുപൊയ്ക്കൊണ്ടിരിക്കേയാണ്,
"ഞാനെത്ര തവണ പറഞ്ഞതാണ് ഭക്ഷണം നിയന്ത്രിക്കാൻ! കേള്ക്കില്ലല്ലോ. ഇനി പോകാം, വരദൻ ഡോക്ടറുടെ അടുത്തേക്ക്. ഇത്തവണ മരുന്നു വേണ്ടാ എന്നൊന്നും അങ്ങോട്ട് കേറി പറയണ്ട.  ശരിയാവില്ല.”
കഴിഞ്ഞ രണ്ടുമാസമായി ഞാന് പകുതി നിയന്ത്രിച്ചും അല്ലാതെയും തുടര്ന്നിരുന്ന ഭക്ഷണക്രമത്തോടെനിക്കു വെറുപ്പുതോന്നി. മധുരമിടാത്ത ചായ, കാപ്പി. എത്ര മോഹം തോന്നിയിട്ടും കഴിക്കാത്ത ചോക്ലറ്റ്, പപ്പടം.  ഒരു നേരം റാഗി, രാത്രി പച്ചക്കറി സാലഡ്. വൈകീട്ട് നടത്തം. ഒന്നിനും ഫലമുണ്ടായില്ല. എല്ലാവരും എല്ലാതും എന്നെ ചതിക്കുകയായിരുന്നു.

"വയറു കണ്ടില്ലേ! ചാടി! എന്റെ വയറു നോക്കു, ദേഹത്തോടൊട്ടി!” അഭിമാനത്തോടെ സുദർശൻ പറഞ്ഞത് വേദന നിറഞ്ഞ ഒരു സുരതത്തിന് മുമ്പായിരുന്നു. പലപ്പോഴും എന്റെ ആകാരത്തെ കുറപ്പെടുത്തി സംസാരിക്കാറുണ്ടായിരുന്നുവെങ്കിലും ഞാനതൊന്നും അത്ര കാര്യമായി എടുത്തിരുന്നില്ല. വളരെ അടുപ്പമുള്ള ആളുകള്ക്കിടയിൽ എന്തും പറയാനുള്ള സ്വാതന്ത്ര്യമുണ്ടല്ലോ എന്നു കരുതി. പക്ഷേ ഞങ്ങൾക്കിടയിൽ ഇല്ലാതിരുന്നത് അതാണ് എന്ന് നൂറ് ഉദാഹരണങ്ങളുണ്ടായിട്ടും ഞാൻ വിശ്വസിച്ചിരുന്നില്ല എന്നതായിരുന്നു സത്യം. പക്ഷെ അന്നെനിയ്ക്കത് വല്ലാതെ കൊണ്ടു. ശരീരത്തിനുമുമ്പു മനസ്സ് വേദനിച്ചിരുന്നു. രാവിലെയുണ്ടായ വഴക്കുണ്ടാക്കിയ  നീറ്റല്  അവസാനിച്ചിരുന്നില്ല. ശരീരത്തിനുകൂടി അതായപ്പോൾ....

ബാത്റൂമിൽ പോയിവന്ന് സുദർശൻ പതിവുപോലെ മറുവശത്തേക്ക് തിരിഞ്ഞുകിടന്നുറങ്ങാൻ തുടങ്ങിയപ്പോൾ വേണമെന്നു വിചാരിച്ചല്ലെങ്കിലും എന്റെ വായിൽനിന്ന് വാക്കുകൾ പുറത്തേക്ക് തെറിച്ചുവീണു.
"നമ്മൾ രണ്ടുപേരും കഴിക്കുന്നത് ഒരേ ഭക്ഷണമാണ്. എന്നിട്ടും എനിക്കിങ്ങനെ വരുന്നത് എന്റെ കുറ്റം കൊണ്ടൊന്നുമല്ല.”
ലൈംഗികബന്ധത്തിനിടയിലോ ശേഷമോ സുദർശൻ ഒന്നുംതന്നെ സംസാരിക്കാനിഷ്ടപ്പെട്ടിരുന്നില്ല. അതറിഞ്ഞിട്ടും ഞാന് "എന്താണൊന്നും പറയാത്തത്?”എന്ന് അതിന്റെ തുടർച്ചയായി ചോദിച്ചതിലെ ഈർഷയോടെ ശബ്ദമുയർത്തി സുദർശൻ പറഞ്ഞു. "ഇതിപ്പോൾ സംസാരിച്ച് തീർക്കണമെന്ന് നിർബന്ധമുണ്ടോ? ഉറക്കത്തിൽനിന്നും വിളിച്ചെഴുന്നേല്പ്പിച്ച്?”
പകുതിയുറങ്ങിയ എന്നെ വിളിച്ചെണീപ്പിച്ച് ബന്ധപ്പെട്ട കാര്യം ഞാനപ്പോൾ പറഞ്ഞില്ല എങ്കിലും "തീർക്കണമെന്നല്ല, വെറുതെ എന്നെ കുറ്റപ്പെടുത്തുന്നത് ശരിയല്ല”എന്നും ഞാനും ശബ്ദമുയർത്തി. അത്തരം സാഹചര്യങ്ങളിൽ ചെയ്യാറുള്ളതുപോലെ "നാശം!”എന്നു പിറുപിറുത്ത് സുദർശൻ ഒരു തലയിണയും പുതപ്പും ചുരുട്ടിയെടുക്കുകയും ഹോളില് പോയിക്കിടക്കുകയും ചെയ്തു. രാത്രിയിലെ അഭിപ്രായവ്യത്യാസങ്ങൾ മിക്കവാറും അവസാനിക്കുക ഇങ്ങനെയാവും. മുമ്പൊക്കെ ഞാൻ സുദർശനെ അനുനയിപ്പിച്ച് കിടപ്പുമുറിയിലേക്ക് കൊണ്ടുവരാൻ ശ്രമിച്ചിരുന്നു. ഇപ്പോഴതുണ്ടാകാറില്ല. വീർത്തുകെട്ടിയ മുഖവുമായി പിറ്റേന്ന് എണീറ്റുവരുന്നതിനെ തടയാൻ എന്റെ അനുനയശ്രമങ്ങൾക്കാകുന്നില്ല എന്ന തിരിച്ചറിവുണ്ടായിട്ട് അധികമായിട്ടില്ല.

ഉറങ്ങാഞ്ഞാൽ സാധാരണ വരുന്ന തലവേദനയുമായി ഞാൻ അടുക്കളയിൽ എന്തോ ചെയ്യുമ്പോഴാണ് "ഇന്ന് പത്തുമണിക്ക് ഡോക്ടറെക്കാണാം” എന്ന് സുദർശൻ വാതിലിനടുത്തു വന്നു പറഞ്ഞതും വേഗത്തിൽത്തന്നെ തിരിച്ചുപോയി പത്രം വായിക്കാൻ തുടങ്ങിയതും. കൊളസ്ട്രോളിന് മരുന്നു കഴിക്കാൻ എനിക്കൊട്ടും താല്പര്യമുണ്ടായിരുന്നില്ല. കുറച്ചുനാൾ മുമ്പ് പരിചയപ്പെടുകയും അതിലും വേഗം വഴക്കിട്ടു പിരിയുകയും ചെയ്ത ഒരു ഡോക്ടർ സുഹൃത്തിനോട് സൗഹൃദത്തിന്റെ നല്ല നാളുകളിൽ അതേപ്പറ്റി സംസാരിച്ചപ്പോൾ "മറ്റസുഖങ്ങൾ ഒന്നുമില്ലെങ്കിൽ അല്പം കൊളസ്ട്രോൾ ഉള്ളതുകൊണ്ട് കുഴപ്പമില്ല. നല്ലതുപോലെ വ്യായാമം ചെയ്യുകയും ഭക്ഷണം അല്പം നിയന്ത്രിക്കുകയും ചെയ്താൽ മതി”യെന്നാണ്. അതു വിശ്വസിച്ചാണ് കഴിഞ്ഞ മാസങ്ങളിൽ രണ്ടും ചെയ്തത്. കുറച്ചുകൂടി ഭക്ഷണനിയന്ത്രണവും വ്യായാമവും ചെയ്തു നോക്കാം. ആജീവനാന്തം മരുന്നു കഴിക്കുക തല്ക്കാലം നടപ്പില് വരുത്തുന്നില്ല. പക്ഷേ സുദർശനോട് ഒരിക്കൽക്കൂടി ഇക്കാര്യം പറയാൻ ഞാൻ ധൈര്യപ്പെട്ടില്ല. മുമ്പത്തേതിനേക്കാൾ രൂക്ഷമായ വെറുപ്പും അവഗണനയും നിറഞ്ഞ മൗനം താങ്ങാൻ എനിക്കോ എന്റെ മനസ്സിനോ ശരീരത്തിനോ കെല്പില്ലായിരുന്നു. ഓരോ ചെറിയ അഭിപ്രായവ്യത്യാസത്തിനു പുറകിലും അതിലുമൊക്കെ എത്രയോ മടങ്ങ് കുറ്റബോധം എന്നിലുണ്ടാക്കിക്കാൻ സുദർശന്റെ ഓരോ വാക്കിനും പ്രവൃത്തിക്കും കഴിയുമായിരുന്നു. മറ്റെല്ലാവരുടെ മുമ്പിലും തികഞ്ഞ വിനയവും മര്യാദയും കാണിക്കുന്ന സുദർശന് എന്റെ മുന്നിൽ എപ്പോഴും ജയിക്കണമെന്ന് നിർബന്ധമായിരുന്നു. അബോധത്തിലെവിടെയോ പതുങ്ങിക്കിടക്കുകയും അനുകൂലസാഹചര്യം വരുമ്പോൾ നഖം നീട്ടുകയും ചെയ്തിരുന്ന അപകര്ഷതാബോധവും ആണഹന്തയുമാണതിന് പുറകിലെന്ന്  എനിക്കറിയാമായിരുന്നുവെങ്കിലും സുദർശനോട് അതു സൂചിപ്പിക്കാൻ ഞാനൊരിക്കലും ഭയംകൊണ്ട് ശ്രമിച്ചില്ല.

ഞാൻ രണ്ടു കപ്പ് ചായയുണ്ടാക്കി. സങ്കടപ്പെടുത്തിയ ലാബ് റിപ്പോർട്ടിനോടുള്ള ദേഷ്യം തീർക്കാൻ എന്റെ ചായയിൽ രണ്ടു സ്പൂൺ പഞ്ചസാരയിട്ടു. "പത്തുമണിക്ക് ഇറങ്ങണം. വന്നിട്ടെനിക്ക് ബില്ലടയ്ക്കാൻ പോകാനുള്ളതാണ്.”  മുഖം നോക്കാതെ സുദർശൻ പറഞ്ഞുതീർന്നപ്പോഴേക്കും എന്റെ മൊബൈലടിച്ചു. മകനാണ്. രാവിലെ വിളിക്കാറുള്ളതല്ല. "അമ്മ ഹെൽത്ത് വെച്ച് കളിക്കണ്ട ട്ടോ. റിപ്പോർട്ട് അച്ഛനയച്ചു. എല്ലാ വാല്യുസും കൂടുതലാ. ഇന്നുതന്നെ ഡോക്ടറെ കാണൂ. അച്ഛൻ കൊണ്ടുപോകാം എന്നു പറഞ്ഞിട്ടുണ്ടല്ലോ! ശരി. ഡോക്ടറെക്കണ്ടിട്ട് സംസാരിക്കാം.”
ഓ! അതിനിടെ എന്നോടുപോലും പറയാതെ റിപ്പോർട്ട് അവനയച്ചിരിക്കുന്നു. മകന്റെ സംഭാഷണത്തിൽ എന്നോടുള്ള പരിഗണനയേക്കാൾ അച്ഛനെ അനുസരിപ്പിക്കാനുള്ള വ്യഗ്രത നിറഞ്ഞത് എന്നെ വല്ലാതെ വിഷമിപ്പിച്ചു.
"കേട്ടില്ലേ?”സുദർശൻ ചോദിച്ചു.
"ഉവ്വ്”ഞാൻ മറുപടി പറഞ്ഞു.
പത്തുമണിയ്ക്കു മുമ്പേ ഞാൻ റെഡിയായി. അതിനിടെ ഞങ്ങൾ പരസ്പരം ഒന്നും മിണ്ടാതെ, നോക്കാതെ ഭക്ഷണം കഴിച്ചു. എനിയ്ക്ക് കണ്ണുനിറയുന്നുണ്ടായിരുന്നു. സ്നേഹമെന്ന വ്യാജ്യേനയുള്ള സ്നേഹമല്ലാത്ത ഒന്ന് എന്നെ ആസകലം കുത്തിനോവിച്ചുകൊണ്ടിരുന്നതിനാലും വേദനയിൽനിന്ന് ധൈര്യം വന്നതിനാലും ഞാൻ സുദർശനോട് പറഞ്ഞു.

"എന്തായാലും പലതും നോക്കി. ഒരു തവണകൂടി ഞാൻ ശ്രമിക്കട്ടെ. നാളെ മുതൽ ഞാൻ ജിമ്മിൽ പോകാൻ തുടങ്ങുകയാണ്. ഒരു രണ്ടുമാസം. എന്നിട്ട് ബ്ലഡ് ടെസ്റ്റ് എടുക്കാം. വ്യത്യാസമില്ലെങ്കിൽ അപ്പോൾ ഡോക്ടറെക്കാണാം.”
"ജിം! എന്താന്നുവെച്ചൽ ചെയ്യു. ഇതിന്റെയൊന്നും പിന്നാലെ നടക്കാൻ എന്നെ കിട്ടില്ല.”
ശബ്ദമുണ്ടാക്കി വാതിലടച്ച് സുദർശൻ കാറുമെടുത്ത്  പോയി. വലിയ ഒരു തെറ്റുചെയ്തു എന്ന തോന്നലിനെ നിയന്ത്രിച്ച് ഞാൻ പതുക്കെ വാതിലുപൂട്ടി പുറത്തിറങ്ങി. എവിടെയാണ് പോവുക എന്താണ് ചോദിക്കുക എന്നൊന്നും അറിയാതെയാണെങ്കിലും  ഓട്ടോയിൽ കയറി മുമ്പെന്നോ ഒരു ബോര്ഡ് കണ്ട ഓർമ്മയിൽ സ്ഥലപ്പേരു പറഞ്ഞു. അതടച്ചിട്ടിരിക്കയായിരുന്നു.
"ഇതിന്റെ അപ്പുറത്തെ റോട്ടിൽ വലിയൊരു ജിം കണ്ടിട്ടുണ്ട്.”ഓട്ടോക്കാരൻ പറഞ്ഞത് ശരിയായിരുന്നു. വലിയതു തന്നെയാണ്. മൂന്നാംനിലയിൽ ജിമ്മിലേക്ക് പ്രവേശിക്കുമ്പോൾ പരിഭ്രമവും അജ്ഞതയും എന്നെ കീഴടക്കിയിരുന്നു. പക്ഷെ അതിലും വലുതായിരുന്നു അപമാനവും വേദനയുള്ളതിനാൽ ഞാൻ ചില്ലുവാതിൽ തുറന്ന് അകത്തേക്കു കടന്നു. കൗണ്ടറിൽ സുന്ദരിയായ പെണ്കുട്ടി.
"മാഡം, ചേരാൻ വന്നതാണോ? ആദ്യമായാണോ? എങ്കിൽ ഈ ഫോം പൂരിപ്പിച്ചോളൂ.”മറ്റൊന്നും ചോദിക്കാതെയും പറയാതെയും നേരിട്ട് കാര്യത്തിലേക്ക് കടന്നത് ഒരു കണക്കിന് എനിക്കാശ്വാസമായി. വേണമോ വേണ്ടയോ  എന്ന സന്ദേഹങ്ങളൊന്നുമില്ല. ചേരുക തന്നെ. പേരും വയസ്സും അഡ്രസ്സും ഫോൺനമ്പറും എഴുതി ഫോം തിരിച്ചുകൊടുക്കുമ്പോൾ പെൺകുട്ടി "ആറുമാസത്തേക്ക് ഒന്നിച്ചെടുക്കുകയാണെങ്കിൽ അഞ്ഞൂറു രൂപ കുറവുണ്ടാവും ഒരു മാസം. പുതിയ ഓഫറാണ്.” ഞാനൊന്നാലോചിച്ചു. രണ്ടുമാസത്തേക്കല്ലേ, ഞാനുദ്ദേശിക്കുന്നുള്ളൂ! പിന്നെ നോക്കിയിട്ട് പോരേ!

"മാഡം, ഒമ്പതിനായിരം രൂപയുടെ സ്ഥാനത്ത് ആറായിരമേ വേണ്ടൂ, നല്ല ഓഫറല്ലേ, ഇന്നുകൂടിയേ ഉള്ളൂ.”കൂടുതലൊന്നുമോർക്കാതെ ഞാനതിന് സമ്മതിക്കുകയും ഗൂഗിൾപേയിൽ പണമടക്കുകയും ചെയ്തു.
"മാഡം, മുമ്പ് ജിമ്മിൽ ചേരാത്തതുകൊണ്ട് ഒരു പേഴ്സണൽ ഇൻസ്ട്രക്ടറെ വെക്കുന്നതാവും നല്ലത്. അപ്പോൾ മാഡത്തിന് ഓരോ കാര്യവും കൃത്യമായി പറഞ്ഞുതരികയും കൂടെനിന്ന് ചെയ്യിപ്പിക്കുകയും ചെയ്യും. ഒറ്റയ്ക്ക് ചെയ്യുമ്പോൾ ചിലപ്പോൾ ഇൻജ്വറി വല്ലതും പറ്റിയാലോ! ഞാനെന്റെ കാലുകളെയും നടുവിനെയും കുറിച്ചോർത്തു. ഇന്ത്യൻ ക്ലോസറ്റിൽ ഇരിക്കാനും ഇരുന്നാൽ എഴുന്നേൽക്കാനും തടസ്സമായിട്ടുള്ള കാലിന്റെ അവസ്ഥ, കുനിഞ്ഞു ജോലി ചെയ്യുമ്പോൾ വേദനിക്കുന്ന നടുവ്... ഉള്ളതൊന്നും പോവാതെ മറ്റു ചില ഇൻജ്വറികൾ കൂടി താങ്ങാനുള്ള കരുത്തില്ല. പ്രായവും അനുകൂലമല്ല. ട്രെയിനർ ഉള്ളതാവും നല്ലത്. അതിന്റെ ഫീസ് എന്താണാണോ! മുഴുവന് ചിന്തിച്ചു തീരുംമുമ്പേ പെൺകുട്ടി ഒരാളെ കൈകാട്ടി വിളിക്കുകയും "ദേ, ഇവനോട് സംസാരിക്ക്”എന്ന് പറയുകയും ചെയ്തു.
സാമാന്യത്തിലധികം ഉയരവും ഒത്ത ശരീരവുമുള്ള ഒരാൾ അതിഗൗരവത്തിൽ എന്റെയടുത്തെത്തി. വലിയ കെട്ടിടവും എ.സി.യും പ്രൊഫഷണൽ ലുക്കുമുള്ള ആ സ്ഥാപനത്തിലെ ഒട്ടും പ്രൊഫഷണൽ അല്ലാത്ത ആ പെൺകുട്ടിയുടെ "ഇവൻ”വിളി എനിക്കല്പം അലോസരമുണ്ടാക്കിയെങ്കിലും വന്നയാളുടെ മുഖഭാവം അതു പുറത്തുവരാനവസരം തന്നില്ല. 
"മാഡം, എന്നാണ് ജോയിൻ ചെയ്യുന്നത്?”ഇൻസ്ട്രക്ടർ ചോദിച്ചു.

പെൺകുട്ടി ഓർമ്മിപ്പിച്ച സ്ഥിതിക്ക് ഞാൻ അയാളോട് എന്റെ നിലവിലുള്ള പ്രശ്നങ്ങളൊന്ന് പറയാമെന്നു കരുതി. കാലും നടുവും കൊളസ്ട്രോളും ഒന്നും അയാൾക്ക് വിഷയമായിരുന്നില്ല. മുഖത്ത് ഒരു ചലനവുമില്ലാതെ അയാൾ എന്റെ ജീവിതത്തെത്തന്നെ മാറ്റി മറിച്ചുകൊണ്ടിരിക്കുന്ന പ്രശ്നങ്ങൾ കേട്ടു.

"എല്ലാം ശരിയാവും. സമയമെടുത്ത്, ശരിക്കു ചെയ്താൽ വേദനകൾ മാറും. വാല്യൂസ് എല്ലാം നോർമ്മൽ ആകും.”
ഹോ! എന്തൊരാശ്വാസം! നമുക്ക് ശ്രമിക്കാമെന്നോ മിക്കവാറും ശരിയാക്കമെന്നോ അല്ല അയാൾ പറയുന്നത്. എല്ലാ വേദനയും മാറുമെന്നാണ്. പരിധിക്കപ്പുറത്തുനിന്ന് ഭർത്താവിന്റെ അമർഷം ഏറ്റുവാങ്ങാൻ കാരണമായ എല്ലാത്തിനെയും വരുതിയിലാക്കുമെന്ന്. ചാടിയ വയർ അകത്തേക്കൊട്ടുമെന്ന്! ദൈവമേ! ഞാൻ എത്രയോ നേരത്തെ ജിമ്മിൽ വരേണ്ടവളായിരുന്നു.
വലിഞ്ഞുമുറുകിയിരുന്ന എന്റെ മുഖത്തെ പേശികൾ അയയാൻ തുടങ്ങുന്നതും പാട കെട്ടിയിരുന്ന മനസ്സ് തെളിയുന്നതും എവിടന്നോ വളരെക്കാലത്തിനുശേഷം സന്തോഷംപോലെയോ ആത്മവിശ്വാസംപോലെയോ തിരിച്ചുവരുന്നതും എനിക്കനുഭവപ്പെട്ടു. ഞാനെന്താക്കെയോ ഓർത്തുകൊണ്ടിരിക്കവേയാണ് അയാളുടെ ശബ്ദം കേട്ടത്

"അപ്പോൾ പേയ്മെന്റ് എങ്ങനെ? ഇന്നു ചെയ്യുന്നുണ്ടോ? അല്ലെങ്കിൽ നാളെയായാലും മതി. എന്റെ ഫീസ് പതിനായിരം രൂപയാണ്.”
ഞാനൊന്നു ഞെട്ടിയെന്നത് സത്യമാണ്. പതിനായിരം രൂപെയെന്നു തന്നെയാണോ അയാൾ പറഞ്ഞത്? 
"എത്രയാണ്?” ഞാനൊന്നുക്കൂടി സംശയം തീർത്തു.

"ടെൻ തൗസന്റ്” മാഡം പറഞ്ഞ ഈ അസുഖങ്ങൾക്ക് ചികിത്സിക്കണമെങ്കിൽ ഇതിലധികമാവും. സൈഡ് ഇഫക്റ്റ്സ് വേറെയും. ഇതാവുമ്പോൾ ഒരു പ്രശ്നവുമില്ല. മാത്രമല്ല കുറച്ചുനാൾ കഴിയുമ്പോൾ മാഡത്തിന് ഒറ്റയ്ക്ക് ചെയ്യാൻ പറ്റും. ഇതൊരു നഷ്ടമാവില്ല. ഉറപ്പ്”
അത്രയും പറഞ്ഞപ്പോൾ അയാളുടെ കണ്ണിലുണ്ടായിരുന്ന ആത്മവിശ്വാസത്തെ എനിക്കു കാണാതിരിക്കാനായില്ല.  ശരിയാണല്ലോ! പക്ഷെ പതിനായിരം രൂപ വലിയ തുകയാണ്. എന്റെ ചെറിയ ജോലിയിൽനിന്ന് കിട്ടുന്ന ശമ്പളം ഇരുപത്തായ്യയിരം രൂപയാണ്. അതിന്റെ വലിയൊരു ഭാഗം ജിമ്മിൽ കൊടുക്കുകയെന്നാൽ! സാരമില്ല. എനിക്കു  വേണ്ടിയല്ലേ! അസുഖം വന്നിട്ട് ചികിത്സിക്കുന്നതിനേക്കാൾ ഭേദമല്ലേ, അതു വരാതെ നോക്കുന്നത്! ഇനി അതും പോട്ടെ, സുദർശനോടും എനിക്കൊന്നു ജയിക്കണമെന്നുണ്ട്. കൊളസ്ട്രോൾ കുറച്ചും ചാടിയ വയർ മെരുക്കിയും. ഇതു രണ്ടും ശരിയായാൽ കുറച്ചു സ്നേഹം കിട്ടുമെന്ന വിചാരം കൊണ്ടൊന്നുമല്ല. വെറുതെ, വെറുതെയൊന്നു ജയിക്കാൻ വേണ്ടി മാത്രം.

പിന്നീടങ്ങോട്ട് ഓടലും ചാടലും ഡംബലുകൾ എടുക്കലും നിവർന്നുനിൽക്കലും ഭാരമെടുത്ത് കുനിയലും ഉപകരണങ്ങളിൽ നിന്നും കിടന്നും ഇരുന്നും നെഞ്ചും പുറവും കയ്യും കാലും വയറും നീട്ടലും ചുരുക്കലുമൊക്കെയായിരുന്നു. തുടക്കത്തിലുണ്ടായിരുന്ന ബലംപിടത്തും ഒന്നയഞ്ഞപ്പോൾ എനിക്ക് ജീവൻ എന്ന എന്റെ ട്രെയിനറോട് ചിലതൊക്കെ ചോദിക്കാമെന്നായി. മടിച്ചുമടിച്ചാണെങ്കിലും വയറു കുറയ്ക്കുക എന്റെ ഒരു പ്രധാനാവശ്യമാണെന്നറിയിക്കലും. പക്ഷേ അയാളതും നിസ്സാരമാക്കി തള്ളിയില്ല. "മാഡം, വയര് മാത്രമായി കുറയാനുള്ള ഒരു ടെക്നിക്കും ഞാൻ പഠിച്ചിട്ടില്ല. ഇവിടെ ചെയ്യുന്ന ഓരോ എക്സർസൈസും ചിട്ടയായി ക്രമത്തിൽ ചെയ്യുമ്പോൾ, ഭക്ഷണം നിയന്ത്രിക്കുമ്പോൾ വയർ താനേ കുറയും. മാഡം, നിങ്ങളെപ്പോലുള്ളവർ ഇങ്ങനെയൊന്നും പറയരുത്. വണ്ണം കുറക്കാനോ വയർ കുറയ്ക്കാനോ അല്ല ഒരാള് ജിമ്മിൽ വരേണ്ടത്. ഫിറ്റ് ആയിരിക്കാനാണ്. മറ്റു കാര്യങ്ങളൊക്കം മനസ്സിൽനിന്ന് വിട്ടേക്കൂ. എനിക്ക് വിട്ടേക്കൂ. മാഡത്തിനെ ഫിറ്റ് ആക്കിത്തരുന്ന കാര്യം ഞാനേറ്റു.”

ഹോ! എന്തൊരാശ്വസം! അപ്പോൾ സുദർശനും മറ്റു ചിലരും പറയുന്നതുപോലെയല്ല കാര്യങ്ങൾ. കാണുന്നതിലെ അഭംഗിയെപ്പറ്റി തൽക്കാലം ആലോചിക്കേണ്ട. ഫിറ്റ് ആകുക തന്നെയാണ് ലക്ഷ്യം. ആരോഗ്യമുള്ള ശരീരം. അതിനുവേണ്ടി ഞാനെത്ര കാലവും വരും. ജീവൻ പറയുന്നതൊക്കെ അനുസരിക്കും.

ആഴ്ചകൾ കഴിഞ്ഞുപോയി. കണ്ണാടിയിൽ നോക്കുമ്പോൾ വലിയ വ്യത്യാസമൊന്നും കണ്ടില്ല. ഭാരം കുറഞ്ഞുമില്ല. "സാരമില്ല, കുറയും. തുടങ്ങിയതല്ലേയുള്ളൂ! എത്ര വർഷങ്ങൾ കൂടി സമ്പാദിച്ച തൂക്കമാണ്! ആഴ്ചകൾകൊണ്ട് കുറയുമോ? ഞാൻ പറഞ്ഞില്ലേ, മാഡം ലുക്കിൽ ടെൻഷൻ വെക്കണ്ട. ഞാൻ പറയുന്ന ഭക്ഷണം കഴിക്കണം. ഞാൻ പറയുംപോലെ എക്സർസൈസ് ചെയ്യണം. ബാക്കിയൊക്കെ സംഭവിച്ചോളും.”

ആലോചിച്ചപ്പോൾ ശരിയാണ്. വർഷങ്ങൾ കൊണ്ടുണ്ടായ തൂക്കമാണ്. സാവകാശം കുറയട്ടെ. കാത്തിരിക്കാം. എന്നിട്ടും എന്റെ മുഖത്ത് പ്രസാദമില്ലാതിരുന്ന ഒരു ദിവസം ജീവൻ കൂടെയുള്ള ട്രെയിനർമാരെ അടുത്തുവിളിച്ചു "ദേ നോക്ക് ആൽബിനേ, ഷോബി, ജിത്തൂ, വന്നപോലെയാണോ മാഡം ഇപ്പോൾ? നല്ല ചെയിഞ്ച് ഇല്ലേ?” ആൽബിനും ഷോബിയും  യാതൊരു സംശയവുമില്ലാതെ പറഞ്ഞു. "ഉവ്വ്.”ജിത്തു കൂട്ടിച്ചേർത്തു "മാഡം ഫിറ്റ് ആയി വരുന്നുണ്ട്. ഇത്ര പെട്ടെന്നൊന്നും ഇത്ര ചേഞ്ച് ഉണ്ടാവാറില്ല”അവർ എന്റെ ശരീരത്തിലേക്ക് നോക്കുകയോ ചാടിയ വയറിനെക്കുറിച്ച് എന്തെങ്കിലും പറയുകയോ ചെയ്യുമോ എന്നു കരുതി ചൂളിപ്പിടിച്ച്, കഴിയാവുന്നത്ര വയർ അകത്തേക്കൊതുക്കി നിൽക്കുകയായിരുന്നു ഞാൻ. ആരും ഒന്നും പറഞ്ഞില്ല.  "ഫിറ്റ്”എന്ന വാക്ക് എത്ര പോസറ്റീവാണെന്ന് ആലോചിച്ചു കൊണ്ടിരിക്കയായിരുന്നു ഞാൻ. ശരിയായിരിക്കും നമുക്ക് നമ്മളെ വിലയിരുത്താൻ പറ്റുന്നതിനേക്കാൾ നന്നായി മറ്റുള്ളവർക്ക്  പറ്റുമല്ലോ. പക്ഷെ എന്റെ ചില ഡ്രെസ്സുകൾ പാകമാകാത്തത് എന്തുകൊണ്ടാണെന്ന് എനിക്കു ചോദിക്കണമെന്നുണ്ടായിരുന്നുവെങ്കിലും ചെയ്തില്ല. 
പിന്നീടുള്ള ദിവസങ്ങൾ കുറച്ചുകൂടി ലാഘവമുള്ളതായിരുന്നു. ജിമ്മിൽ പോകുന്ന ഒന്നരമണിക്കൂർ വ്യായാമം മാത്രമല്ല തമാശകൾ കൂടി നിറഞ്ഞതായി. ട്രെയിനർ ആ അവസരങ്ങളിൽ എനിക്കുവേണ്ട നിർദ്ദേശങ്ങൾ ചിരിച്ചുകൊണ്ടു തരികയും ചിലപ്പോഴൊക്കെ എന്നെ ഓരോന്നു പറഞ്ഞ് കളിയാക്കുകയും ചെയ്തു. മാത്രമല്ല തമാശകളിൽ മറ്റു ട്രെയിനർമാരെക്കൂടി ഉൾപ്പെടുത്തുകയും ചെയ്തു. ഒരു മാസംകൊണ്ട് അവരും നിർദ്ദോഷമായ ചില കളിയാക്കലുകളിൽ ഒപ്പം കൂടി. തുടക്കത്തിൽ അവർ എന്റെ ശരീരത്തെപ്പറ്റി വല്ലതുമൊക്കെ പരാമർശിക്കുകയോ അതുവഴി എനിക്ക് അപകർഷതയും സങ്കടവും ഉണ്ടാകുമോ എന്നും ഞാൻ ഭയപ്പെട്ടിരുന്നുവെങ്കിലും ഒന്നുംതന്നെ ഉണ്ടായില്ല. "ഇന്ന് മാഡത്തിന്റെ ഓട്ടോക്കാരൻ വരില്ല” അപ്പോൾ എന്തു ചെയ്യും?”എന്ന് കുട്ടികളോട് ചോദിക്കുന്നതുപോലെ ചോദിക്കുകയോ അസാധാരണമായ വിധം തിരക്കുകുറഞ്ഞ ഒരു ദിവസം അതിന്റെ കാരണമന്വേഷിച്ചപ്പോൾ "മാഡത്തിന് ഇവിടെയുള്ള എല്ലാ ഉപകരണങ്ങളിലും കസർത്ത് ചെയ്യാൻ സൗകര്യമാക്കിയിട്ടതാണ്” എന്ന് ചിരിക്കുകയോ ചെയ്തു.

അത്യധികം ആത്മവിശ്വാസത്തോടെ പോയ ഒരു വിവാഹത്തിന് കണ്ട പരിചയക്കാരിൽ പലരും "വണ്ണം വെച്ചുവല്ലോ”എന്നു കേട്ട സങ്കടത്തിലാണ് പിറ്റേന്ന് ജിമ്മിൽ പോയത്. അന്നു രാവിലെത്തന്നെയാണ് അയാൽവാസിയെ പാമ്പു കടിച്ച് ആശുപത്രിയിൽ കൊണ്ടുപോയതും. എന്റെ മുഖത്തു കണ്ട സന്തോഷമില്ലായ്മയുടെ കാരണം ജീവൻ തിരക്കിയപ്പോൾ പാമ്പിന്റെ കാര്യം പറയാനാണ് എനിക്കു തോന്നിയത്. വണ്ണം കുറയുന്നില്ല എന്നത് ഒരു പ്രശ്നമാക്കരുത് എന്ന് അയാൾ പറയാറുള്ളതാണല്ലോ. "മാഡത്തിന് പാമ്പിനെ പേടിയാണോ?”എന്ന്  ജീവനതിനെ ലഘുവാക്കി. ആണെന്നും അല്ലെന്നും അർത്ഥംവരുന്ന ഒരു ചിരിയിൽ ഞാൻ നിർത്തി. ഉടനെ "ഇവിടെ നിറയെ എലികളുണ്ട്. എലിയെ പിടിക്കാൻ ചിലപ്പോൾ പാമ്പും വരും”എന്ന് അയാൾ പഴയ ഗൗരവം പിടിച്ചു പറഞ്ഞു. സത്യത്തിൽ വണ്ണവുമായി ബന്ധപ്പെട്ട അസുഖകരമായ ഓർമ്മയിൽനിന്ന് എനിക്കൊരു വിടുതൽ ആവശ്യമായിരുന്നുവെന്നതിനാൽ ഞാനയാൾ പറഞ്ഞതിന് കണക്കിൽക്കൂടുതൽ ഗൗരവം കാണിച്ചു. "സത്യമോ?”എന്നു ചോദിച്ചപ്പോൾ ജീവൻ "പിന്നല്ലാതെ!”എന്നു പറയുകയും ജിമ്മിലെ ഇൻസുലേഷനുകൾക്കുള്ളിൽ പതുങ്ങി നടക്കുന്ന വെളുത്ത എലികളെക്കുറിച്ച് പലതും പറയുകയും ചെയ്തു. അതെനിക്ക് വിശ്വാസയോഗ്യമായി തോന്നിയില്ല എങ്കിലും വെറുതെ താല്പര്യം കാണിച്ചു "മാഡത്തിന് വിശ്വാസമായില്ലെങ്കിൽ ദേ, ഇവനോട് ചോദിക്ക് എന്നു പറയുകയും " ആല്ബിനേ, ഇങ്ങു വന്നേടാ”എന്ന് കൂട്ടുകാരനെ വിളിക്കുകയും ചെയ്തു. "ഡാ, ഇവടെ വെളുത്ത എലികളില്ലേ?”എന്ന അന്വേഷണത്തിന് "ഇഷ്ടംപോലെ”എന്ന് ഒരു സംശയവുമില്ലാതെ ആൽബിൻ ഉത്തരം പറയുകയുണ്ടായി. ഞാൻ ഓ.കെ. എന്നു പറഞ്ഞത് തൃപ്തിയാകാത്തതുകൊണ്ടാവാം കുപ്പിയിൽ പ്രോട്ടീൻ ഡ്രിങ്ക് ശ്രദ്ധാപൂർവ്വം കുലുക്കി യോജിപ്പിച്ചുകൊണ്ടിരുന്ന ജിത്തുവിനെയും വിളിച്ചുവരുത്തിയത്.  "ഉവ്വുവ്വ്, എലികൾ മാത്രമല്ല, അവറ്റെ തിന്നാൻ പാമ്പും വരും ചിലപ്പൊ”എന്ന് ജിത്തുവും അഭിപ്രായപ്പെട്ടു. അത് ഞാൻ വിശ്വസിക്കുന്നില്ല എന്നെനിക്ക് മുഖഭാവംകൊണ്ട് പറയേണ്ടിവന്നു. "മാഡം ഞങ്ങളൊന്നും പറഞ്ഞാലും വിശ്വസിക്കില്ല. ഇന്നാള് ഞങ്ങള് മാഡം ഫിറ്റായി വരുന്നു എന്നു പറഞ്ഞപ്പഴും വിശ്വാസായില്ല. എലീടെ കാര്യോ പാമ്പിന്റെ കാര്യോം വിശ്വസിച്ചില്ല. ഞാമ്പോണു. ഇനി നേരിട്ട് കണ്ടാലേ വിശ്വസിക്കൂ എന്നുണ്ടെങ്കിൽ ഒരു ദിവസം കാണിച്ചുതരാം. ഡാ, ജീവനേ, നിന്റെ ക്ലയന്റല്ലേ മാഡം, നീ കാണിച്ചൊട്ക്ക്.” പ്രോട്ടീൻ ഡ്രിങ്ക് ഒരു കവിൾ കുടിച്ച് ജിത്തു കൈവീശിപ്പോയി. അപ്പോഴേക്കും എനിക്കാ സംഭാഷണം മടുക്കുകയും ഓട്ടോക്കാരൻ വരാനുള്ള സമയമാവുകയും ചെയ്തതിനാൽ ഞാൻ സ്ഥലംവിട്ടു.

അടുത്ത ദിവസവും പിന്നത്തെ ദിവസവും എനിക്ക് ജിമ്മിൽ പോകാനായില്ല. മകൻ വന്നതിന്റെ തിരക്കായിരുന്നു. പതിവുപോലെ സ്വീകരണമുറി സ്പോർട്സ് ചാനലിലെ ശബ്ദംകൊണ്ട് മുഖരിതമാവുകയും ഞാൻ അടുക്കളയിൽത്തന്നെ മിക്കവാറും സമയം ചെലവഴിക്കുകയും ചെയ്തു. അവനിഷ്ടമുള്ള വിഭവങ്ങൾ  സമയാസമയത്ത് മേശപ്പുറത്തെത്തിക്കുകയും ചിലതൊക്കെ പാസ്മാർക്ക് നേടുകയും ചെയ്തുവെങ്കിലും മനസ്സിനെന്തോ ഒരു സന്തോഷവും തോന്നുന്നുണ്ടായില്ല. ജിമ്മിൽപ്പോയ വിശേഷങ്ങൾ തുടക്കത്തിൽ ഞാനവനെ അറിയിച്ചിരുന്നുവെങ്കിലും പിന്നീടതിൽ പറയത്തക്ക ഒന്നുമുണ്ടാകത്തതിനാൽ അതേക്കുറിച്ച് പരാമർശിക്കാതായി. ഒടുവിൽ മടങ്ങാറായപ്പോഴാണ് "അമ്മ ജിമ്മിൽ പോകാൻ തുടങ്ങിയിട്ട് ഇപ്പൊ മൂന്നുമാസമായില്ലേ? ഒരു വ്യത്യാസവുമില്ലല്ലോ! വയറൊക്കെ അങ്ങനെത്തനെ”എന്നവൻ പറഞ്ഞത്. "പോടാ എന്നു ഞാൻ ചിരിച്ചുവെങ്കിലും ഉള്ളിൽ നല്ല നിരാശതോന്നി. "അതൊക്കെ പോകുന്നുണ്ട്. എന്താ കാര്യം! തോന്നിയതൊക്കെ ഇപ്പഴും കഴിക്കും” എന്ന് സുദർശന് പ്രസ്താവിക്കാൻ കിട്ടിയ അവസരം കളഞ്ഞില്ല. "വെറുതെ ജിമ്മിൽപോയിട്ട് ഒരു കാര്യവുമില്ല അമ്മേ. ഭക്ഷണം നിയന്ത്രിക്കണം. അച്ഛനെ കണ്ടു പഠിക്കൂ”എന്ന് അഭിനന്ദനസൂചകമായി സുദർശനെ നോക്കുന്നതും സുദർശൻ പരിഹാസത്തോടെ ആ നോട്ടം എന്റെ നേർക്കു തിരിക്കുന്നതും ഞാൻ കണ്ടുവെങ്കിലും കണ്ടില്ല എന്നു നടിച്ചു.
"മാഡം, ഇന്നലെ വന്നിരുന്നെങ്കിൽ പാമ്പിനെ കാണായിരുന്നു! മാഡം വരുന്ന നേരത്താണവൻ വന്നത്. ദേ, ആ മാറ്റ് കിടക്കുന്നതിന്റെ അടുത്ത് ഒരനക്കം കണ്ടപ്പൊ നോക്കീതാ. ദേ, കെടക്കണു. പിന്നെ അതിനെ പതുക്കെ നല്ല വാക്ക് പറഞ്ഞ് ഓടിച്ചുവിട്ടു. എന്താ ഭംഗി! നല്ല വൈലറ്റ് നിറമുള്ള പാമ്പ്. കണ്ടിട്ടുണ്ടോ, അങ്ങനത്തെ പാമ്പിനെ? ഓർണമെന്റൽ പാമ്പാണ്. വിഷമില്ല.” രണ്ടുദിവസം കഴിഞ്ഞ് ജിമ്മിലെത്തിയപ്പോൾ ജീവൻ എതിരേറ്റത് ഇങ്ങനെയാണ്. വേണമെങ്കിൽ എനിക്കത് ഗൂഗിൾ ചെയ്തു നോക്കാമെങ്കിലും ഞാനത് ചെയ്തില്ല. പറഞ്ഞത് വിശ്വസിക്കണോ എന്നും തീരുമാനിച്ചില്ല. പക്ഷേ വിശ്വസിച്ചാലും കുഴപ്പമില്ല എന്നുമുണ്ടായിരുന്നു. കേൾക്കാൻ രസമുണ്ട്. വയലറ്റ് നിറമുള്ള പാമ്പ്! അയൽവക്കത്ത് പാമ്പു കടിയേറ്റയാൾ രക്ഷപ്പെട്ടിരുന്നു. അണലിയാണ് കടിച്ചതെങ്കിലും അതേക്കുറിച്ച് ജീവനോട് പറഞ്ഞുകൊണ്ടിരിക്കേയാണ് രണ്ടു സ്ത്രീകൾ കൗണ്ടറിലേക്ക് എത്തിയത്.  അറിയാതെയെങ്കിലും ഞാൻ ശ്രദ്ധിച്ചത് അവരുടെ വയറാണ്. ഉണ്ട്. ചാടിയിട്ടുണ്ട്. രണ്ടുപേർക്കും സാമാന്യത്തിലധികം വണ്ണവുമുണ്ട്. കൗണ്ടറിലെ പെൺകുട്ടി അവരോടെന്തൊക്കെയോ സംസാരിക്കുകയും ജീവൻ ഗൗരവത്തോടെ  അങ്ങോട്ട് ധൃതിയിൽ പോവുകയും ചെയ്തു. ഞാൻ വെറുതെ മാറ്റിനടുത്തേക്ക് കണ്ണുപായിച്ചു. ഉണ്ടോ, വയലറ്റ് പാമ്പ്! ഛേ! ഞാനെന്തൊരു മണ്ടിയാണ്! ഇവർ പറയുന്ന കഥകൾ മുഴുവൻ വിശ്വസിക്കാൻ!

പിറ്റേന്നു മുതൽ ആ രണ്ടു സ്ത്രീകളും ജിമ്മിൽ വരാൻ തുടങ്ങുകയും ജീവൻ അവരുടെയും കാര്യങ്ങൾ ശ്രദ്ധിക്കാൻ തുടങ്ങുകയും ചെയ്തു. സത്യത്തിൽ അവർക്ക് എന്നേക്കാൾ വണ്ണമുണ്ടെന്നത് എനിക്ക് വലിയ സന്തോഷമുണ്ടാക്കി. എന്റെ വയറിനേക്കാൾ ചാടിയ വയറും. അതേസമയം അവരെക്കുറിച്ച് ജീവൻ എന്നോടെന്തെങ്കിലും പറയുമോ എന്നു ഞാൻ കൗതുകപൂർവ്വം നിരീക്ഷിച്ചു. ഒന്നുമുണ്ടായില്ല. എനിക്കു തന്ന സമയം അയാൾ അവർക്കുകൂടി പങ്കിട്ടുവെന്നതൊന്നും എന്നെ ബാധിച്ചില്ല. എപ്പോഴോ ഒരിക്കൽ "അവർ ജോലി ചെയ്യുന്നവരാണോ?”എന്നോ മറ്റോ ജീവനോട് ചോദിച്ചെങ്കിലും "ഏതോ പ്രൈവറ്റ് സ്ഥാപനത്തിലാണു തോന്നുന്നു”എന്നൊരു ഒഴുക്കൻ മറുപടി കിട്ടി.

വാസ്തവത്തിൽ ജീവന്റെയും ജിമ്മിലുള്ള മറ്റുള്ള ട്രെയിനർമാരുടെയും സ്ത്രീകളോടുള്ള പെരുമാറ്റവും ഇടപെടലും എനിക്ക് മതിപ്പുണ്ടാക്കിയിരുന്നു. ഇക്കാലമത്രയും അവർ ഒരു വാക്കുപോലും ശരീരസംബന്ധിയായി പറഞ്ഞില്ല എന്നതും അങ്ങനെയുള്ള സൂചനകൾ പോലുമുണ്ടായിട്ടില്ല എന്നതും എനിക്ക് സന്തോഷമുണ്ടാക്കി. ഇങ്ങനെയുള്ള പുരുഷന്മാരുമുണ്ടല്ലോ കേരളത്തിൽ! ഒളിഞ്ഞുനോട്ടക്കാരുടെയും കമന്റടിക്കാരുടെയും ബോഡി ഷേമിങ്ക്കാരുടെയും മാത്രം നാടല്ല കേരളം. എല്ലാ ജിമ്മും അപ്രകാരം തന്നെയോ!
സുദർശനോട് ജിം വിശേഷം ഒന്നുംതന്നെ പറയാറില്ലെങ്കിലും ഇക്കാര്യം ഒന്നു സൂചിപ്പിക്കണമെന്ന് ഞാൻ കരുതി. ഒരുപക്ഷേ ഇനിയെങ്കിലും എന്റെ ശരീരത്തെ സംബന്ധിച്ച്, എനിക്കിഷ്ടമില്ലാത്ത കാര്യങ്ങൾ പറയുന്നത് ഒഴിവായിക്കിട്ടിയാലോ!
അതിനിടയിൽ അറിഞ്ഞോ അറിയാതെയോ എന്റെ ബോധത്തിലേക്ക് വെള്ള എലികളും വയലറ്റു പാമ്പും  പല തവണ വന്നു. ജിമ്മിൽ പലയിടത്തായി ഇട്ടിരിക്കുന്ന മാറ്റുകളിൽ ചവിട്ടുമ്പോഴോ അങ്ങുമിങ്ങുമുള്ള  ചില അനക്കങ്ങൾ  കാണുമ്പോഴോ അവയുടെ സാന്നിദ്ധ്യമെനിക്കു അനുഭവപ്പെട്ടു. മനസ്സിന്റെ ഒരു ഭാഗംകൊണ്ട് തീർത്തും ഞാനതൊക്കെ അവിശ്വസിക്കുകയും എന്നാൽ മറുഭാഗംകൊണ്ട് അതിനുള്ള സാധ്യതകൾ ആരായുകയും ചെയ്തു. ഓമനകളായി ഇക്കാലങ്ങളിൽ വളർത്തുന്ന ഇത്തരം കൊച്ചുജീവികളെക്കുറിച്ച് പലയിടത്തും വായിക്കുകയും ചിലവയെ കാണുകയും ചെയ്തതിനാൽ അങ്ങനെയുള്ളവഉണ്ടായിക്കൂടെന്നില്ല എന്നും ചിന്തിച്ചു. സത്യം പറഞ്ഞാൽ ആ വയലറ്റു പാമ്പിനെ എനിക്കു കാണണമെന്നു തോന്നുകയും കൂടി ചെയ്തു. ആലോചിക്കാൻ രസമുണ്ട്. വയലറ്റു നിറമുള്ള പൂക്കൾപോലെ പാമ്പുകൾ.

ഇടക്കിടെ എന്നെ വന്നു പൊതിയുന്ന മൗഢ്യവും വിഷാദവും എന്റെ ട്രെയിനർക്ക് പെട്ടെന്ന് മനസ്സിലാവുന്ന അവസ്ഥയിലായി. അപ്പോഴൊക്കെ എന്നെ ചിരിപ്പിക്കാൻ പകുി കളിയായോ കാര്യമായോ അയാൾ പാമ്പിനെക്കുറിച്ചു പറയാൻ തുടങ്ങി. "പാവം, ചൂടുകൊണ്ട് എലികൾ പലതും ചത്തതിൽപ്പിന്നെ  അതിന് ദാരിദ്രമാണ്. ഇപ്പോൾ ഞങ്ങൾ ടേൺ എടുത്ത് അതിന് മുട്ട കൊടുക്കലാണ്'' എന്നോ "ഇന്നലെ ചാറ്റൽ മഴ പൊടിഞ്ഞപ്പോൾ മൂപ്പർ പാരപ്പറ്റിലിറങ്ങി മഴ കൊള്ളന്നതു കണ്ടു” എന്നോ ഒക്കെ പറഞ്ഞ് അയാളെന്റെ മൂഡുമാറ്റി.

പുതിയതായി വന്ന രണ്ടുപേർ ഉഷാറായി എക്സർസൈസുകൾ ചെയ്തു. വണ്ണം അവരുടെ സ്വൈരവും കെടുത്തിക്കാണും. എന്റെ ട്രെയിനർക്കൊഴികെ മറ്റുള്ളവർക്കൊന്നും അധികം ക്ലയന്റ്സ് ഉണ്ടാകാറില്ലാത്തതിനാൽ അവർ മിക്കപ്പോഴും കൂടിയിരുന്ന് തമാശ പറയുകയോ മൊബൈൽ ഫോണിലെ ക്ലിപ്പിംഗ്സ് പരസ്പരം പങ്കുവെച്ച് രസിക്കുകയോ ചെയ്തു. ഒരിക്കലും അതൊന്നും ഞങ്ങൾക്കാർക്കും അലോസരമുണ്ടാക്കിയില്ല. എന്റെ മകനേക്കാൾ താഴെ മാത്രം പ്രായമുള്ള അവരുടെ ചെറിയ സന്തോഷങ്ങളിൽ ഒരു നോട്ടം കൊണ്ടോ ചിരികൊണ്ടോ ഞാനും പങ്കുചേർന്നു.

അന്ന് ഞാൻ നിലത്തുറപ്പിച്ച സൈക്കിൾ ചവിട്ടുകയായിരുന്നു. അതിനടുത്തുള്ള സ്ഥലത്താണ്  ആൽബിനും ഷോബിയും ജിത്തുവും  സംസാരിച്ചിരുന്നത്. ഞാനവരെയോ അവരെന്നെയോ ശ്രദ്ധിച്ചില്ല. മുപ്പത് കാലറി കുറക്കാനായിരുന്നു നിർദ്ദേശം. അതിന്റെ റീഡിംഗ് നോക്കിക്കൊണ്ടിരിക്കേ അവരിൽ ആരുടെയോ അടക്കിയ ശബ്ദം കേട്ടു. "അറിയാതെ എടുത്തതാ. ഷെയർ ചെയ്യില്ല. പണിപോവും." അടക്കിച്ചിരിച്ചുകൊണ്ട് മൂന്നുപേരും ഒരു ഫോണിലേക്കെത്തിനോക്കുന്നുണ്ടായിരുന്നു. "ഫ്രണ്ട് ഭാഗം മാത്രം അഞ്ചാറ് കിലോയുണ്ട്. ബാക്ക് പത്തുകിലോയുണ്ടാവും. ഓടുമ്പോഴുള്ള കാഴ്ചയാണേ, കാഴ്ച! ആവശ്യസമയത്ത് ഉപയോഗിക്കാനാ... ഏത്!” വീണ്ടും അമർത്തിയ ചിരി. "ഒരാളുടെ മാത്രമേയുള്ളൂ?  എടുക്കുമ്പോ രണ്ടും എടുക്കണ്ടേ? നല്ലതു നോക്കി കാണാമല്ലോ!” ഓടിക്കൊണ്ടിരുന്ന പുതിയ ക്ലയന്റ്സിനെ ആൽബിൻ പാളിനോക്കി ഈ കമന്റ് പറഞ്ഞത്. എന്റെ കണ്ണിൽപ്പെട്ടു. സംശയം തീരാഞ്ഞ് ഞാൻ ഒന്നുകൂടി ശ്രദ്ധിച്ചു. "ഹേയ്! ഇവരൊന്നും അത്തരക്കാരല്ലല്ലോ! മറ്റെന്തെങ്കിലുമാണോ ഇനി?” ഞാനെന്നെത്തന്നെ വിശ്വസിപ്പിക്കാൻ ശ്രമിച്ചു. "ജീവൻചേട്ടൻ പറഞ്ഞ ആംഗിളിൽനിന്ന്  എടുത്തപ്പഴാ സൂപ്പറായേ. ചേട്ടൻ ഇക്കാര്യത്തിൽ പുലിയാണ് ട്ടാ. ചേട്ടനയച്ചാ ഞാനിത് ഡെലീറ്റ് ചെയ്യും. അതുവരെ ഒന്നുടെ കണ്ടാ മക്കളേ, പ്രസക്തഭാഗങ്ങൾ”.  എന്റെ ശരീരത്തിൽനിന്നും പെട്ടെന്ന് നീരാവി പൊങ്ങും പോലെയും ഞാനുരുകി ഇല്ലാതാവും പോലെയും എനിക്കനുഭവപ്പെട്ടു. പത്തു കാലറിയിൽ ഞാൻ സൈക്കിൾ ചവിട്ടുനിർത്തി ഇറങ്ങി. ഇറങ്ങിയപ്പോൾ തെന്നി വീഴാൻ പോയി. അതുകണ്ട ട്രെയിനർമാർ പെട്ടെന്നു തന്നെ ഫോൺ കാണുന്നത് നിർത്തുകയും "എന്തുപറ്റി മാഡം” എന്ന് ചോദിച്ച് ഓടി വരികയും ചെയ്തു. "ഹേയ്, ഒന്നുമില്ല” എന്ന് ആരുടെയും മുഖംനോക്കാതെ പറയുകയും വശത്ത് തൂക്കിയിട്ടിരുന്ന ടവലെടുത്ത് ധൃതിയിൽ മേലിടുകയും ചെയ്തു. ശ്വാസോച്ഛ്വാസത്തിന്റെ തോത് പെട്ടെന്നുയരുകയും  എവിടെയെങ്കിലും പിടിക്കാൻ കഴിയുന്നതിനുമുമ്പ് ഞാൻ വീഴുകയും ചെയ്തു. ആരൊക്കെയോ എന്നെ താങ്ങിയിരുത്തുകയും മുഖത്ത് വെള്ളം തളിക്കുകയും ചെയ്തു.  ജീവന്റെ ശബ്ദം കേൾക്കുന്നുണ്ടായിരുന്നു. "എന്താ പറ്റിയതാവോ! വെള്ളം കുടിച്ചിട്ടുണ്ടാവില്ല വേണ്ടത്ര. പ്രോട്ടീൻ ഇൻടേക്കും കുറഞ്ഞുകാണും. പറഞ്ഞാൽ പറഞ്ഞപോലെ ചെയ്യില്ല. ഫുഡ് നിയന്ത്രിക്കാൻ എത്ര തവണ പറഞ്ഞതാ, കേൾക്കണ്ടേ?' ഞാൻ പണിപ്പെട്ട് കണ്ണുകൾ തുറന്നു. അതുകണ്ടപ്പോൾ ജീവൻ പറഞ്ഞു. "ഹൗ! ആശ്വാസമായി. ഇനി മാഡത്തിനെ ഉഷാറാക്കുന്ന കാര്യം ഞാനേറ്റു. ഡാ, ആൽബിനേ, മ്മടെ വൈലറ്റ് പാമ്പിനെ കൊണ്ടുവന്നേടാ, അതിനെ കണ്ടാൽ ഒക്കെ ശരിയാവും. അല്ലേ, മാഡം!" എനിക്കെന്തൊക്കെയോ പറയണമെന്നുണ്ടായിരുന്നുവെങ്കിലും അതിനുള്ള ശക്തി ഉണ്ടായില്ല. "നീയാ ഫോൺ  കയ്യില് കൊണ്ടുപൊക്കോട്ടോ ആൽബിനേ. ചെലപ്പോ അത് വരാൻ കൂട്ടാക്കിയില്ലെങ്കിൽ മാഡത്തിന് ഫോട്ടോ കാണിക്കാം” അവരെല്ലാവരും കൂടി ആർത്തുചിരിക്കുന്നത് എന്റെ ചെവികളിൽ പതിനായിരം മടങ്ങ് ശക്തിയോടെ പ്രതിധ്വനിച്ചു. ഓരോരുത്തരുടെയും കഴുത്തിലും കയ്യിലും ദേഹത്താകമാനവും വയലറ്റ് നിറമുള്ള പാമ്പുകൾ കെട്ടുപിണഞ്ഞു കിടക്കുന്നതും അവ ചീറ്റുന്നതും എന്നെ കൊത്താനായുന്നതും കണ്ടപ്പോൾ ഭയന്ന് ഞാനുറക്കെ  കരഞ്ഞു. ശബ്ദം പുറത്തുകേൾക്കാത്ത വണ്ണം ക്രമീകരിച്ചതെങ്കിലും ജിമ്മിന്റെ ഭിത്തികൾ കടന്ന് കരച്ചിൽ ശബ്ദം പുറത്തേക്കെത്തി. ഞാനെഴുന്നേറ്റോടാൻ വൃഥാ ശ്രമിച്ചു.

 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക