
കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 30-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേള (ഐ.എഫ്.എഫ്.കെ.) 2025 ഡിസംബർ 12 മുതൽ 19 വരെ തിരുവനന്തപുരത്ത് നടക്കും. മേളയിലേക്കുള്ള ഡെലിഗേറ്റ് രജിസ്‌ട്രേഷൻ നവംബർ 25 ചൊവ്വാഴ്ച രാവിലെ 10 മണിക്ക് ആരംഭിക്കും. registration.iffk.in എന്ന ലിങ്ക് വഴി ഓൺലൈനായി രജിസ്‌ട്രേഷൻ നടത്താവുന്നതാണ്. പൊതുവിഭാഗത്തിന് ജി.എസ്.ടി ഉൾപ്പെടെ 1180 രൂപയും വിദ്യാർത്ഥികൾക്ക് ജി.എസ്.ടി ഉൾപ്പെടെ 590 രൂപയുമാണ് ഡെലിഗേറ്റ് ഫീസ് നിശ്ചയിച്ചിരിക്കുന്നത്. പൊതുവിഭാഗം, വിദ്യാർത്ഥികൾ, ഫിലിം സൊസൈറ്റി, ഫിലിം & ടി.വി. പ്രൊഫഷണൽസ് തുടങ്ങി എല്ലാ വിഭാഗക്കാർക്കും ഓൺലൈനായോ മേളയുടെ മുഖ്യവേദിയായ ടാഗോർ തിയേറ്ററിൽ സജ്ജീകരിച്ചിട്ടുള്ള ഡെലിഗേറ്റ് സെൽ വഴിയോ നേരിട്ടും രജിസ്റ്റർ ചെയ്യാം.
ഏഷ്യൻ, ആഫ്രിക്കൻ, ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽനിന്നുള്ള സിനിമകളുടെ അന്താരാഷ്ട്ര മത്സരവിഭാഗം, മുൻനിര ചലച്ചിത്രമേളകളിൽ അംഗീകാരം നേടിയ ലോകസിനിമാ വിഭാഗം, ഇന്ത്യൻ സിനിമ നൗ, മലയാളം സിനിമ റ്റുഡേ, കൺട്രി ഫോക്കസ്, ഹോമേജ് തുടങ്ങിയ പാക്കേജുകൾ 30-ാമത് ഐ.എഫ്.എഫ്.കെയിൽ ഉണ്ടാകും. സഞ്ജു സുരേന്ദ്രൻ്റെ ‘ഖിഡ്കി ഗാവ്’, ഉണ്ണികൃഷ്ണൻ ആവളയുടെ ‘ലൈഫ് ഓഫ് എ ഫാലസ്’ എന്നീ ചിത്രങ്ങൾ അന്താരാഷ്ട്ര മത്സര വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ദക്ഷിണ കൊറിയയിലെ ബുസാൻ ചലച്ചിത്രോത്സവത്തിൽ ഹൈലൈഫ് വിഷൻ അവാർഡ് സ്വന്തമാക്കിയ ചിത്രമാണ് ‘ഖിഡ്കി ഗാവ്’. കൂടാതെ, മലയാളം സിനിമ റ്റുഡേ വിഭാഗത്തിൽ ജിയോ ബേബിയുടെ 'എബ്ബ്', രാജേഷ് മാധവൻ്റെ 'പെണ്ണും പൊറാട്ടും' ഉൾപ്പെടെ 12 സിനിമകളാണ് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.
സംവിധായകരും സാങ്കേതിക പ്രവർത്തകരും ജൂറി അംഗങ്ങളുമുൾപ്പെടെ ഇരുന്നൂറോളം വിദേശ അതിഥികൾ മേളയിൽ പങ്കെടുക്കും. ഓപ്പൺ ഫോറം, മീറ്റ് ദ ഡയറക്ടർ, ഇൻ കോൺവർസേഷൻ, എക്സിബിഷൻ, കലാസാംസ്കാരിക പരിപാടികൾ തുടങ്ങിയവയും മേളയുടെ ഭാഗമായി ഉണ്ടാകും.
English summary:
30th IFFK: Delegate registration starts tomorrow; fee from Rs 590