Image

ധർമ്മേന്ദ്രയുടെ വിയോഗത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി; 'നഷ്ടമായിരിക്കുന്നത് തലമുറകളുടെ പ്രിയ നായകനായി ചിരപ്രതിഷ്ഠ നേടിയ പ്രതിഭ'

രഞ്ജിനി രാമചന്ദ്രൻ Published on 24 November, 2025
ധർമ്മേന്ദ്രയുടെ വിയോഗത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി; 'നഷ്ടമായിരിക്കുന്നത് തലമുറകളുടെ പ്രിയ നായകനായി ചിരപ്രതിഷ്ഠ നേടിയ പ്രതിഭ'

ബോളിവുഡ് ഇതിഹാസം ധർമ്മേന്ദ്രയുടെ വിയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം രേഖപ്പെടുത്തി. ദേശ-ഭാഷാഭേദങ്ങളില്ലാതെ തലമുറകളുടെ പ്രിയ നായകനായി ചിരപ്രതിഷ്ഠ നേടിയ അതുല്യ പ്രതിഭയെയാണ് അദ്ദേഹത്തിൻ്റെ വിയോഗത്തിലൂടെ രാജ്യത്തിന് നഷ്ടമായിരിക്കുന്നതെന്ന് മുഖ്യമന്ത്രി ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു. ഡിസംബർ 8-ന് തൊണ്ണൂറാം പിറന്നാൾ ആഘോഷിക്കാനിരിക്കെയാണ് ധർമ്മേന്ദ്രയുടെ അന്ത്യം സംഭവിച്ചത്.

ആറര പതിറ്റാണ്ട് നീണ്ട കലാജീവിതത്തിൽ വൈവിധ്യമാർന്ന വേഷപ്പകർച്ചകളിലൂടെ ആരാധകരെ ആവേശം കൊള്ളിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. 1960-ൽ ‘ദിൽ ഭി തേരാ ഹം ഭി തേരേ’ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച ധർമ്മേന്ദ്ര, ‘ഷോലെ’, ‘ധരം വീർ’, ‘ചുപ്‌കെ ചുപ്‌കെ’, ‘ഡ്രീം ഗേൾ’ തുടങ്ങിയ ക്ലാസിക്കുകളിലെ കഥാപാത്രങ്ങളിലൂടെ ഇന്ത്യക്കകത്തും സോവിയറ്റ് യൂണിയൻ പോലുള്ള വിദേശ രാജ്യങ്ങളിലും വലിയ ജനപ്രീതി നേടി. ശ്വാസതടസ്സത്തെ തുടർന്ന് ഒക്ടോബർ അവസാനം മുംബൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട അദ്ദേഹം ആശുപത്രി വിട്ട് 12 ദിവസങ്ങൾക്ക് ശേഷമാണ് അന്തരിച്ചത്.

പത്മഭൂഷൺ അടക്കമുള്ള നിരവധി ബഹുമതികൾ നേടിയ ധർമ്മേന്ദ്ര പൊതുരാഷ്ട്രീയത്തിലും സജീവമായിരുന്നു. ധർമ്മേന്ദ്രയുടെ വിയോഗം സൃഷ്ടിച്ച ദുഃഖത്തിൽ രാജ്യത്തെ ലക്ഷക്കണക്കിന് ആരാധകരോടൊപ്പം പങ്കുചേരുന്നുവെന്നും മുഖ്യമന്ത്രി അനുശോചനക്കുറിപ്പിൽ വ്യക്തമാക്കി.

English summary: 

'The genius who gained everlasting fame as the beloved hero of generations is lost'; CM condoles Dharmendra's demise

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക