Image

ദേവസി പാലാട്ടി ഫൊക്കാന അഡീഷണല്‍ അസോസിയേറ്റ് ട്രഷറര്‍ ആയി മത്സരിക്കുന്നു

Published on 24 November, 2025
ദേവസി പാലാട്ടി ഫൊക്കാന അഡീഷണല്‍ അസോസിയേറ്റ് ട്രഷറര്‍ ആയി മത്സരിക്കുന്നു

അമേരിക്കന്‍ മലയാളികള്‍ക്ക് സുപരിചിതനും, സമ്പൂര്‍ണ്ണ കലാകാരനും, സംഘാടകനുമായ ദേവസി പാലാട്ടി 2026- 2028 കാലയളവിലെ അസോസിയേറ്റ് ട്രഷറര്‍ ആയി മത്സരിക്കുന്നു. ശ്രീമതി ലീലാ മാരേട്ട് നയിക്കുന്ന പാനലിലാണ് മത്സരിക്കുന്നത്.

ഫൊക്കാനയുടെ തുടക്കം മുതല്‍ സംഘടനയ്‌ക്കൊപ്പം സഞ്ചരിച്ച അപൂര്‍വ്വ വ്യക്തിത്വമാണ് ദേവസി പാലാട്ടി. അങ്കമാലി മഞ്ഞപ്ര സ്വദേശിയായ ഇദ്ദേഹം 1983-ലാണ് അമേരിക്കയിലെത്തിയത്. പ്രാദേശിക മലയാളി സംഘടനകളിലൂടെ പ്രവര്‍ത്തിച്ച് ഫൊക്കാനയില്‍ സജീവമാകുകയും, ഫൊക്കാനയുടെ നാല്‍പ്പത് വര്‍ഷത്തെ ചരിത്രത്തിനൊപ്പം സഞ്ചരിച്ച വ്യക്തികൂടിയാണ് ദേവസി പാലാട്ടി.

രണ്ടു തവണ ന്യൂജേഴ്‌സി കേരളാ കള്‍ച്ചറല്‍ ഫോറം പ്രസിഡന്റായും, സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. ഈ കാലയളവിലൊക്കെ നിരവധി ശ്രദ്ധേയമായ പരിപാടികളും പദ്ധതികളും നടപ്പിലാക്കിയിട്ടുണ്ട്.

വേള്‍ഡ് മലയാളി ന്യൂജേഴ്‌സി ട്രഷറര്‍ ആയും, സീറോ മലബാര്‍ സഭയുടെ ന്യൂജേഴ്‌സി ഗാര്‍ഫീല്‍ഡ് ട്രസ്റ്റി, ഫൊക്കാന ഫിലാഡല്‍ഫിയയില്‍ കണ്‍വന്‍ഷന്‍ ആര്‍.വി.പി എന്നീ സജീവ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ചിട്ടുണ്ട്. അമേരിക്കയില്‍ ഔദ്യോഗിക ജീവിതത്തിനൊപ്പം ജന്മനാ ലഭിച്ച കലാപരമായ കഴിവുകള്‍ സമൂഹത്തിനു മുന്നില്‍ എത്തിക്കാനുള്ള വേദികളും അദ്ദേഹം തുറന്നിട്ടു. കെ.പി.എ.സിയും, കൊല്ലം കാളിദാസ കലാകേന്ദ്രവും, ചാലക്കുടി സാരഥി നാടക സംഘങ്ങളും സ്വാധീനിച്ച ദേവസി പാലാട്ടി എന്ന കലാകാരന്‍ അമേരിക്കയിലെത്തിയിട്ടും കലാപ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നു. അമേരിക്കയിലുടനീളം പ്രൊഫഷണല്‍ നാടകങ്ങള്‍ ഏറ്റവും ആധുനിക സംവിധാനത്തോടെ നിരവധി വേദികളില്‍ അവതരിപ്പിച്ചു.

ഒട്ടനവധി നാടക മത്സരങ്ങളില്‍ പങ്കെടുക്കുകയും നല്ല സംവിധായകനും, നടനുമുള്ള അവാര്‍ഡുകള്‍ നേടുകയും ചെയ്തിട്ടുണ്ട്. ലോക മലയാളികളില്‍ ഇന്നും ചിരിയുണര്‍ത്തുന്ന കൈരളി ടിവിയിലെ മെഗാ സീരിയലുകളിലൊന്നായ 'അക്കരക്കാഴ്ച'കളിലെ നിറസാന്നിധ്യമായിരുന്നു ദേവസി പാലാട്ടി. ന്യൂജേഴ്‌സിയിലെ ഫാമിലി ക്ലബായ 'നാട്ടുക്കൂട്ട'ത്തിന്റെ സ്ഥാപക നേതാവുകൂടിയാണ്.

തികഞ്ഞ സ്‌പോര്‍ട്‌സ് പ്രേമികൂടിയായ അദ്ദേഹം ജിമ്മി ജോര്‍ജ് വോളിബോര്‍ ടൂര്‍ണമെന്റിന്റെ സംഘാടനകന്‍ കൂടിയാണ്. കലാലയ രാഷ്ട്രീയത്തിലൂടെ രാഷ്ട്രീയ രംഗത്തും സജീവമായിരുന്നു. കല, രാഷ്ട്രീയം, സാസ്‌കാരികം, കായികം, ജീവകാരുണ്യ പ്രവര്‍ത്തനം എന്നീ മേഖലകളില്‍ നിറസാന്നിധ്യമായ ദേവസി പാലാട്ടി എന്തുകൊണ്ടും ലീലാ മാരേട്ട് പാനലിന് ശക്തിപകരും എന്ന കാര്യത്തില്‍ സംശയമില്ല. 
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക