Image

സ്വരഗംഗ: ബോംബെജയശ്രീ : വിനോദ് കട്ടച്ചിറ

Published on 24 November, 2025
സ്വരഗംഗ:   ബോംബെജയശ്രീ : വിനോദ് കട്ടച്ചിറ

"പ്രണയസന്ധ്യയൊരു വെൺസൂര്യന്റെ വിരഹമറിയുന്നുവോ....."

ഒരേകടൽ എന്ന ചിത്രത്തിലെ മനോഹരമായൊരു മെലഡി.

ഭാവാർദ്രമായ ഈ ഗാനം ആലപിച്ചിരിക്കുന്നത് ഗായിക ബോംബെ ജയശ്രീയാണ്.

മലയാളത്തിൽ വളരെക്കുറച്ച് ഗാനങ്ങൾമാത്രമേ പാടിയിട്ടുള്ളുവെങ്കിലും

ഇതരഭാഷകളിലായി പാടിയ ഗാനങ്ങളൊക്കെ ഹിറ്റുകളാക്കിയ ഗായികയാണ് ജയശ്രീ.

ജയശ്രീ ജനിച്ചത് കേരളത്തിലാണെങ്കിലും വളർന്നതും പഠിച്ചതുമൊക്കെ

ബോംബെയിലായിരുന്നു. വല്ലപ്പോഴുമൊക്കെയായിരുന്നു അമ്മ സീതാലക്ഷ്മിയുടെ കൈയും പിടിച്ച്

ജയശ്രീ മുത്തച്ഛന്റെ കോഴിക്കോടുള്ള തറവാട്ടുവീട്ടിൽ എത്തിയിരുന്നത്.

മുത്തച്ഛൻ വിശ്വനാഥൻ ഭാഗവതർ (ജയശ്രീയുടെ അമ്മയുടെ അച്ഛൻ)

അറിയപ്പെടുന്ന സംഗീതജ്ഞനും, കോഴിക്കോട്ടുകാരുടെ പ്രിയപ്പെട്ട ബോൾബാഡ്മിന്റൺ കളിക്കാരനുമായിരുന്നു. ബോൾബാഡ്മിന്റണും കർണ്ണാടകസംഗീതവും ഒരുപോലെ ഹരമായികൊണ്ടുനടന്നു അദ്ദേഹം. കോഴിക്കോടൻ സംഗീതപ്രേമികളുടെയും കളിക്കമ്പക്കാരുടെയും പഴയതലമുറക്ക് ബാഡ്മിന്റൺ കളിക്കാരനായ വിശ്വനാഥഭാഗവതരെന്ന

വിച്ചയെ അറിയാതെവരില്ല. അച്ഛന്റെ ജോലി സ്ഥലമായ കൊൽക്കത്തയിലായിരുന്നു ജയശ്രീയുടെബാല്യം. കുട്ടിക്കാലം മുതലേ സംഗീതം പഠിച്ചുതുടങ്ങിയിരുന്നു ജയശ്രീ.

അച്ഛൻ എൻ.എൻ.സുബ്രഹ്മണ്യവും അമ്മ സീതാലക്ഷ്മിയും സംഗീതാദ്ധ്യാപകരായിരുന്നു.

അവരിൽ നിന്നു തന്നെയായിരുന്നു സംഗീതത്തിന്റെ ബാലപാഠങ്ങൾ അഭ്യസിച്ചത്.

1982ൽ വിജയദശമി ദിനത്തിൽ കോഴിക്കോടു വച്ചായിരുന്നു ജയശ്രീയുടെ അരങ്ങേറ്റം.

അന്ന് ജയശ്രീയെ ആരും അറിഞ്ഞിരുന്നില്ല. ബോംബെയിലെ ടി.ആർ. ബാലമണിയമ്മാളിന്റെ കീഴിൽനിന്നും കർണ്ണാടകസംഗീതമഭ്യസിച്ചശേഷം 1989ൽ സംഗീതപ്രതിഭ ലാൽഗുഡി.ജി.ജയറാമിന്റെ ശിഷ്യയായിചേർന്നു.

പിന്നീട് അനേകം വേദികളിലൂടെ ജയശ്രീയുടെ സംഗീതക്കച്ചേരികൾ ലോകം കേട്ടു.

ദൂരദർശനിലേയും റേഡിയോയിലേയും നിത്യ സാന്നിദ്ധ്യമായ ബോംബെ ജയശ്രീ

പഠനത്തിലും അതിസമർത്ഥയായിരുന്നു. ബോംബെ സർ‌വ്വകലാശാലയിൽനിന്നും

വാണിജ്യ ശാസ്ത്രത്തിൽ ബിരുദമെടുത്ത ജയശ്രീ പഠനകാലത്ത്തന്നെ മികവുറ്റ കലാകാരിയെന്ന നിലക്ക് ധാരാളം പുരസ്കാരങ്ങൾ നേടുകയുണ്ടായി.

1992ൽ കുടുംബസമേതം എന്ന ചിത്രത്തിലൂടെയാണ് ബോംബെ ജയശ്രീ

മലയാളത്തിലെത്തുന്നത്. യേശുദാസിനോടൊപ്പം പാടിയ "കമലാംബികെ പാഹിമാം..."

എന്ന ഗാനം ഹിറ്റായി. ജോൺസൻ മാസ്റ്ററായിരുന്നു സംഗീതം.

പിന്നീട് പൈതൃകം എന്ന ചിത്രത്തിൽ പാടിയ "നീലാഞ്ജനപൂവിൻ താലാട്ടൂഞ്ഞാലിൽ...."

എന്ന ഗാനം സൂപ്പർ ഹിറ്റായി. പിന്നീട് ഇന്ത്യൻറുപ്പി, കോളാമ്പി,

തുടങ്ങി പുതിയ ചിത്രമായ മാമാങ്കം വരെയെത്തി നിൽക്കുകയാണ് ജയശ്രീയുടെ ഗാനസാമ്രാജ്യം.

തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി ഭാഷകളിലാണ് ജയശ്രീ കൂടുതൽ ഗാനങ്ങൾ പാടിയിട്ടുള്ളത്.

മിന്നലെ എന്നചിത്രത്തിലെ ''വസീഗര..' ഗജിനിയിലെ 'സുട്ടും വിഴിച്ചുടെരെ...' ,

വേട്ടയാടു വിളയാടിലെ 'പാർത്ഥമുതൽ നാളീ...'

ഹിന്ദിയിലെ 'രെഹ്‌നാഹെ തെരെ ദിൽമേം' എന്നചിത്രത്തിലെ 'സരാ സരാ..'

തുടങ്ങിയ എത്രയെത്ര ഹിറ്റുകൾ.

ജയശ്രീ ഇന്നും സംഗീതലോകത്തെ നിറ സാന്നിദ്ധ്യമാണ്.

സംഗീതക്കച്ചേരികളിലൂടെ ആ സംഗീതകല്ലോലിനി ഒഴുകിക്കൊണ്ടിരിക്കുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക