
പാറ്റേഴ്‌സൻ, ന്യു ജേഴ്‌സി: സുവര്ണകാലത്തിലൂടെയാണ് ഫൊക്കാന കടന്നു പോകുന്നതെന്ന് ഒരിക്കൽ കൂടി വ്യക്തമാക്കി രണ്ടു ജനോപകാരപ്രദമായ പദ്ധതികൾ കൂടി ഉദ്ഘാടനം ചെയ്യപ്പെട്ടു. മെഡിക്കൽ ഇൻഷുറൻസ് ഇല്ലാത്തവർക്ക് ചികിത്സ ലഭ്യമാക്കാൻ സഹായിക്കുന്ന ഫൊക്കാന മെഡിക്കൽ ക്ലിനിക്ക്, പുരുഷന്മാർക്ക് വേണ്ടി ഫൊക്കാന മെൻസ് ക്ലബ് എന്നിവ പ്രശസ്ത ജീവകാരുണ്യ പ്രവർത്തകനും മജിഷ്യനുമായ പ്രൊഫ ഗോപിനാഥ് മുതുകാട് ഉദ്ഘാടനം ചെയ്തു.
നാട്ടിൽ നിന്നും മറ്റും വരുന്ന ബന്ധുക്കൾക്ക് മെഡിക്കൽ ഇൻഷുറൻസ് ഇല്ലാത്ത സാഹചര്യത്തിൽ അവർക്ക് പ്രയോജനപ്പെടണമെന്ന് ഉദ്ദേശത്തോടെയാണ് ഹെൽത്ത് ക്ലിനിക്ക് വിഭാവനം ചെയ്യപ്പെട്ടിട്ടുള്ളതെന്ന് ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണി പറഞ്ഞു. പക്ഷെ അത് തുടങ്ങാൻ സാങ്കേതിക സാമ്പത്തിക പ്രശ്നങ്ങൾ ഉണ്ടെന്നു പെട്ടെന്ന് തന്നെ വ്യക്തമായി. മാൽപ്രാക്ടീസ് ഇൻഷുറൻസിനു തന്നെ ഒരു മാസം 4000 ഡോളർ വേണം.
അതിനാൽ നിലവിൽ ക്ലിനിക്കുകൾ ഉള്ള മലയാളി ഡോക്ടർമാരുമായി സഹകരിച്ചാണ് ഈ പദ്ധതി നടപ്പാക്കുന്നത്. ബോസ്റ്റണിലും ന്യു ജേഴ്‌സിയിലുമാണ് ഇതിനു തുടക്കം കുറിച്ചിരിക്കുന്നത്.

വിമൻസ് ഫോറം ഫൊക്കാനയിൽ സജീവമായുണ്ട്. മെൻസ് ഫോറം കൂടുതൽ പ്രാതിനിധ്യം കൊണ്ടുവരും. പല പള്ളികളിലും മറ്റും മെൻസ് ക്ലബ് ഉണ്ട്. ആ മാതൃകയാണ് ഇവിടെ സ്വീകരിച്ചിരിക്കുന്നത്.
വെസ്റ്ചെസ്റ്ററിൽ നിന്നുള്ള ലിജോ ജോൺ ആണ് മെൻസ് ഫോറത്തിന്റെ ചെയർ.
നമ്മുടെ പ്രായം ചെന്ന മാതാപിതാക്കളെ ചേര്‍ത്തുപിടിക്കാന്‍ ഹെൽത്ത് ക്ലിനിക്കിന് സാധിക്കട്ടെ എന്ന് ആശംസിച്ചുകൊണ്ട് ഗോപിനാഥ് മുതുകാട് ക്ലിനിക്കിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. ഫൊക്കാനയുടെ പേരില്‍ ഇങ്ങനെയൊരു പരിപാടി സംഘടിപ്പിക്കുമ്പോള്‍ അതൊരു മൈല്‍ സ്‌റ്റോണായി മാറുകയാണ് ഇന്നിവിടെ ആരംഭിക്കുന്ന ഹെല്‍ത്ത് ക്ലിനിക്ക്.

ഡോക്ടര്‍ ഒരു ബ്ലഡ് ടെസ്റ്റ് ചെയ്തതിനു ശേഷം അറിഞ്ഞില്ലേ എന്ന് ഒരു ചോദ്യം ചോദിച്ചു കഴിഞ്ഞാല്‍ അതു വരെ നമ്മള്‍ സംരക്ഷിച്ചതെല്ലാം തകര്‍ന്നടിഞ്ഞു പോകുന്നു എന്നത് നമ്മള്‍ മറക്കരുത്. ജീവിതത്തിന്റെ ഏറ്റവും വലിയ ബാക്കി പത്രം എന്താണെന്നു ചോദിച്ചാല്‍ നമ്മുടെ ആരോഗ്യം തന്നെയാണ്. ആരാണ് നിങ്ങളുടെ സുഹൃത്ത് എന്നു ചോദിച്ചാല്‍ അവിടെക്കും ഇവിടേക്കുമല്ല നിങ്ങള്‍ ചൂണ്ടേണ്ടത്. നിങ്ങളുടെ ഉള്ളിലേക്കാണ്. നമ്മുടെ ഏറ്റവും വലിയ സുഹൃത്ത് നമ്മുടെ ഹൃദയം, ശ്വാസകോശം, കിഡ്‌നി, നമ്മുടെ പാന്‍ക്രിയാസ്.

നമ്മള്‍ ഉറങ്ങികിടക്കുമ്പോഴും നമ്മള്‍ അമ്മയുടെ ഉദരത്തില്‍ നിന്ന് പുറത്തു വന്നത് മുതല്‍ ശ്വസിച്ചു തുടങ്ങുന്നു. അത് മരണം വരെയും ശ്വസിച്ചു കൊണ്ടിരിക്കുന്ന ശ്വാസകോശം നമ്മളോട് ഒരു പ്രതിഫലവും ചോദിക്കുന്നില്ല. നമ്മള്‍ ഉറങ്ങുമ്പോഴും ഉണ്ണുമ്പോഴും നടക്കുമ്പോഴും കിടക്കുമ്പോഴും എല്ലാം ആ ശ്വാസകോശം നമ്മള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുകയാണ്. നമ്മളുടെ ഹൃദയം മിടിച്ചു കൊണ്ടിരിക്കുന്നു. കരള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു ഒരു പ്രതിഫലവും ആവശ്യപ്പെടുന്നില്ല. പക്ഷേ നമ്മള്‍ ആരോഗ്യത്തിനുവേണ്ടി എത്രമാത്രം ശ്രദ്ധിക്കുന്നുണ്ട്. രോഗം എന്നത് സ്വാഭാവികമായും വന്നു ചേരും. ഇതാണ് പറയുന്നത് കാലം എല്ലാം തിരിച്ചു ചോദിക്കുമെന്ന്. നിന്റെ സൗന്ദര്യവും സമ്പത്തും ആയവും വ്യയവുമെല്ലാം കാലം തിരികെ വാങ്ങും.

ഞാന്‍ പറയുന്നത് നിങ്ങളുടെ മാതാപിതാക്കള്‍ പലപ്പോഴും ഒരു സന്ദര്‍ശനത്തിന് വേണ്ടി അമേരിക്കയിലേക്ക് വരുന്ന സമയത്ത് അവരുടെ രോഗാവസ്ഥയ്ക്ക് ഈ രാജ്യം എന്തു ചെയ്യുന്നു. അവിടെയാണ് ഫൊക്കാന ഇരുകൈകളും ചേര്‍ത്ത് ഇങ്ങനെ ഒരു പ്രസ്ഥാനത്തിന് തുടക്കം കുറിക്കുന്നത്. ഒരു ഹെല്‍ത്ത് ക്ലിനിക്ക്. മനോഹരമായ ആശയമാണ്. ഇന്നോവേറ്റീവായ ആശയമാണ്. ഈ ആശയം മുന്നോട്ടു വച്ചു ഫൊക്കാനയുടെ സജിമോൻ ആന്റണി അടക്കമുള്ള ഭാരവാഹികളെ ആത്മാര്‍ത്ഥമായി അഭിനന്ദിക്കുന്നു.

ഒരു സംഘടന എങ്ങനെയായിരിക്കണം. സംഘടന എന്തിനു വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത്. ഫൊക്കാനയുടെ ഈ പ്രാവശ്യത്തെ ഏറ്റവുകൂടുതല്‍ പ്രവര്‍ത്തനം ആരോഗ്യമേഖലയുമായി ബദ്ധപ്പെട്ടതാണെന്ന് ഞാന്‍ മനസ്സിലാക്കുന്നു. അതുകൊണ്ട് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ശ്രദ്ധിക്കുന്ന ശ്രദ്ധിക്കുന്ന ഫൊക്കാനയുടെ പ്രവര്‍ത്തനങ്ങളെ ആത്മാര്‍ത്ഥമായി അഭിനന്ദിക്കുന്നു.
വിമന്‍സ് ഫോറത്തിന് പുറമെ ഇന്ന് ഇവിടെ മെന്‍സ് ഫോറം ഉണ്ടാകുന്നു. ആളുകളെ സാമൂഹ്യപ്രതിബദ്ധതയുള്ളവരാക്കുന്നതിന് വേണ്ടി ഒരു ഫോറം രൂപകൊള്ളുകയാണ്. അവരുടെ മനസിലേക്ക് മാനവികതയുടെ സന്ദേശമാണ് ചേര്‍ത്തു വയ്ക്കുന്നത്-മുതുകാട് പറഞ്ഞു. ദാഹിക്കുന്നു സഹോദരി വെള്ളം തരൂ എന്ന് ചോദിച്ചപ്പോൾ, അല്ലലാലങ്ങു ജാതി മറന്നിതോ എന്ന് ചോദിച്ച ചണ്ടാല യുവതിയോട് ജാതി ചോദിച്ചില്ല സഹോദരീ എന്ന് പറഞ്ഞുകൊണ്ട് കൈ നീട്ടി നില്‍ക്കുന്ന ആനന്ദന്റെ മാനവികതയുടെ സന്ദേശം പകർന്ന് ഒരു മെന്‍സ് ഫോറം ഉണ്ടാക്കുന്നതില്‍ സന്തോഷമുണ്ട്. ഫൊക്കാനയുടെ കീഴില്‍ വുമന്‍സ് ഫോറവും മെന്‍സ്‌ഫോറവുമെല്ലാം മുന്നേറട്ടെ.' മുതുകാട് പറഞ്ഞു.

ഫൊക്കാന ജനറൽ സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ ഏവരെയും സ്വാഗതം ചെയ്തു. ട്രഷറർ ജോയ് ചാക്കപ്പൻ , ട്രസ്റ്റീ ബോർഡ് ചെയർ ജോജി തോമസ് എന്നിവർ ആശംസകൾ നേർന്നു. വിപിൻ രാജ് നന്ദി പറഞ്ഞു. പ്രവീൺ തോമസും രേവതി പിള്ളയുമായിരുന്നു എംസിമാർ.
വിവിധ കലാപരിപാടികളും നടന്നു. ചടങ്ങിൽ തോമസ് തോമസ് ഒരു ലക്ഷം രൂപ സംഭാവനയായി മുതുകാടിനെ ഏൽപ്പിച്ചു.